നോ കമന്റ്സ് പ്ലീസ് !

കഴിഞ്ഞ പോസ്റ്റിനു വരെ ഉണ്ടായിരുന്ന എന്റെ ബ്ലോഗിലെ കമന്റ് ഓപ്ഷന്‍ ഇനി മുതല്‍ ഇല്ല. ബ്ലോഗര്‍ എന്ന നിലയില്‍ വളരെ നിര്‍ണായകമായ ഒരു തീരുമാനമാണ് ഇത് എന്നു ഞാന്‍ വിശ്വസിക്കുന്നു. കമന്റില്ലാത്ത ബ്ലോഗിനെ ബ്ലോഗ് എന്നു വിളിക്കാമോ എന്ന കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ച നടക്കുകയും ആരും പ്രത്യേകിച്ചൊരു തീരുമാനത്തിലും എത്താതിരിക്കുകയും ചെയ്യുന്നതിനാലും ബ്ലോഗ് സര്‍വീസ് നല്‍കുന്ന കമ്പനികള്‍ പോലും കമന്റ് ഓപ്ഷന്‍ ഒഴിവാക്കുന്ന ബ്ലോഗര്‍മാരൊന്നും ബ്ലോഗര്‍മാരല്ല എന്നു പറയാത്തതിനാലും കമന്റില്ലാതെയും ഈ ബ്ലോഗിനെ ബ്ലോഗ് എന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

എന്തുകൊണ്ട് കമന്റ് ഒഴിവാക്കി എന്ന ചോദ്യത്തിന് അടുത്ത കാലത്തായി എനികക്കു കിട്ടിയ ചില കമന്റുകളെ പരാമര്‍ശിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അവ ഇപ്പോള്‍ ഈ ബ്ലോഗിലില്ല. ആ കമന്റുകളെഴുതിയവര്‍ക്ക് ഞാനിനിയൊരു പരാമര്‍ശം നടത്തിയാല്‍ അതിനു മറുപടി പറയാനുള്ള സംവിധാനം ഈ ബ്ലോഗിലില്ല. ഒരു ചര്‍ച്ചയ്ക്കുള്ള സാഹചര്യം അടച്ചുകൊണ്ട് അതിനുള്ള അന്തരീക്ഷമൊരുക്കി ഒറ്റയ്ക്ക് വാചകക്കസര്‍ത്തു നടത്തി ആളാവാന്‍ മാത്രം വലിയ ചെറ്റയല്ല ഞാന്‍.

ബ്ലോഗിനെയും കമന്റുകളെയും സംബന്ധിച്ചുള്ള എന്റെ നിലപാടുകള്‍ പലതവണ വ്യക്തമാക്കി കഴിഞ്ഞതാണ്. ബ്ലോഗില്‍ നിന്നു കമന്റ് ഒഴിവാക്കിയതിനെ ഭീരുത്വമെന്നോ അഹങ്കാരമെന്നോ ഒക്കെ വിശേഷിപ്പിക്കാം. 2005 നവംബറിലാണെന്നു തോന്നുന്നു ഈ ബ്ലോഗ് തുടങ്ങിയത്. അന്നും ഇന്നും എന്റെ നിലപാടുകളില്‍ മാറ്റമില്ല. ഇതാദ്യമല്ല ഈ ബ്ലോഗില്‍ കമന്റുകള്‍ ഇല്ലാതാവുന്നത്. മുമ്പ് കുറെക്കാലത്തോളം സഹബ്ലോഗര്‍മാരുടെ തെറിഭയന്ന് കമന്റുകള്‍ വേണ്ടെന്നു വച്ചിരുന്നു. ഇപ്പോള്‍, പെട്ടെന്ന് എന്തെങ്കിലും കാരണത്താലാണ് കമന്റ് ഓപ്ഷന്‍ വേണ്ടെന്നു വയ്ക്കുന്നത് എന്നു കരുതേണ്ടതില്ല.

എന്നെ സംബന്ധിച്ച് കമന്റ് വേണ്ടെന്നു വയ്ക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഒന്ന്, ഈ ബ്ലോഗിലെ കണ്ടന്റ് വായനക്കാരുമായുള്ള ചര്‍ച്ചകളിലൂടെ മറ്റേതെങ്കിലും തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഒന്നല്ല. അത്തരം കാര്യമാത്രപ്രസക്തമായ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ ഈ ബ്ലോഗില്‍ സാധ്യതയില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുന്ന ബ്ലോഗുകളില്‍ കമന്റുകള്‍ കൂടിയേ തീരു എന്നതില്‍ സംശയമില്ല. ഇതില്‍ കൈകാര്യം ചെയ്യുന്നത് നിലവാരം കുറഞ്ഞ വളിപ്പുകളാണ്. വായിച്ചങ്ങു പോവുന്നതു തന്നെ വലിയ പാപമാണെന്നിരിക്കെ കമന്റ് ഓപ്ഷന്‍ ഉള്ളതല്ലേന്നു കരുതി കമന്റിടാന്‍ തുനിയുന്ന പാവങ്ങളുടെ ഊര്‍ജം പാഴാക്കാന്‍ ഈ ബ്ലോഗൊരു കാരണമാവാതിരിക്കട്ടെ എന്നു മാത്രം, നല്ല ഉദ്ദേശങ്ങളാണ് !

മറ്റൊരു കാര്യം, ഇതില്‍ വരുന്ന കമന്റുകള്‍ക്ക് രണ്ടു തലങ്ങളേയുള്ളൂ. ഒന്നുകില്‍ നന്നായി, അല്ലെങ്കില്‍ നന്നായില്ല. അത് കമന്റിടുന്നവരുടെ കുഴപ്പമല്ല, ഇതിലെ കണ്ടന്റിന്റെ സ്വഭാവം അങ്ങിനെയായതുകൊണ്ടാണ്. ഏതു രചനയായാലും അത് ചിലര്‍ക്കിഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല, സ്വാഭാവികം. പക്ഷെ, പിന്നീട് വായിക്കാനെത്തുന്നവര്‍ക്ക് ഈ കമന്റുകള്‍ ബോറടിയായോ ഭാരമായോ ഒക്കെ മാറാമെന്നതിനാല്‍ ഈ ബ്ലോഗില്‍ അതില്ലാതിരിക്കുന്നതു തന്നെയാണ് നല്ലത്.

ഓരോ പോസ്റ്റിനും എത്ര കമന്റ് വീഴുന്നു എന്നു നോക്കിയിരിക്കുന്നതില്‍ എനിക്കു താല്‍പര്യമില്ലാത്തത്ുകൊണ്ടും കമന്റുകള്‍ എന്റെ പോസ്റ്റുകളെ സംബന്ധിച്ച് സമൂഹത്തിനോ എനിക്കോ മലയാളം യൂണികോഡിനോ പ്രത്യേകിച്ചൊരു സംഭാവനയും നല്‍കാത്തതിനാലും എല്ലാറ്റിനും പുറമേ, ഇതില്‍ ആകെ കമന്റിടുന്ന ആളുകള്‍ അന്‍പതില്‍ താഴെ മാത്രമേയുള്ളൂ എന്നതിനാലും കമന്റിടാതെ വായിച്ചുപോകുന്ന എന്റെ മറ്റു സുഹൃത്തുക്കളോടുള്ള ആദരവായി ഞാന്‍ എന്റെ കമന്റ് ഓപ്ഷന്‍ നിഷ്ക്രിയമാക്കുന്നു.

ഞാനൊരു വൃത്തികെട്ടവനും അഹങ്കാരിയും ഭൂലോക ചെറ്റയും ആണെന്നതിനു പുറമേ ഈ ബ്ലോഗ് വെറും കൂതറയായതിനാല്‍ ഇതില്‍ കമന്റ്- മറുപടി പ്രസ്ഥാനം അനേകം വായനക്കാരെ അസ്വസ്ഥതപ്പെടുത്തുന്ന നെഗറ്റീവ് എനര്‍ജിയുടെ കേന്ദ്രമായിത്തീരുന്നതിനാലും ഞാന്‍ ഈ ബ്ലോഗിലെ കമന്റ് ഓപ്ഷന്‍ വേണ്ടെന്നു വയ്ക്കുന്നു.

വളരെ ആത്മാര്‍ത്ഥമായി തന്നെ പറയട്ടെ, ബ്ലോഗ് എന്ന നിലയില്‍ ഏതെങ്കിലും ആശയപ്രചരണമോ സാമൂഹികചര്‍ച്ചയോ നയിക്കാനുള്ള ശേഷിയില്ലാതെ നാലാംകിട കഥകളും മൂന്നാംകിട സാഹിത്യവും എഴുതി ബൂലോഗത്തെ മലീമസമാക്കുന്ന പ്രക്രിയ മാത്രം നടക്കുന്ന ഈ ബ്ലോഗില്‍ നിന്ന് കമന്റുകള്‍ ഒഴിവാക്കുന്നതോടെ സാംസ്കാരികമലിനീകരണത്തിനുള്ള ഒരു മാര്‍ഗം അടയ്ക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എല്ലാ വായനക്കാര്‍ക്കും നന്ദി. സൌകര്യപ്പെട്ടാല്‍ തുടര്‍ന്നും വായിക്കുക.

Related Posts with Thumbnails
blog comments powered by Disqus