വായനക്കാരുടെ ശ്രദ്ധയ്ക്ക്

കുറെ ദിവസമായി പറയണം പറയണം എന്നു കരുതിയിട്ട് വേണ്ടെന്നു വച്ച ചില കാര്യങ്ങള്‍ പറയിപ്പിച്ചേ അടങ്ങൂ എന്ന നിലയ്ക്ക് ചില വായനക്കാര്‍ ഇടപെടുന്നതുകൊണ്ടാണീ പോസ്റ്റ്. ഈ ബ്ലോഗ് ഞാനായിട്ടു തുടങ്ങി, ഇതിലുള്ള സംഗതികള്‍ ഞാനായിട്ട് എഴുതിയുണ്ടാക്കി, കയ്യില്‍ നിന്നു കാശുമുടക്കി ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്ത് കൊണ്ടു നടക്കുന്നതും ഞാന്‍ തന്നെ. ഈ ബ്ലോഗ് വായിക്കുന്നത് ആരാണെന്നോ എന്താണെന്നോ എനിക്കൊരു പിടിയുമില്ല. എങ്കിലും എല്ലാ വായനക്കാരോടും ഇത് വായിക്കുന്നു എന്നതിന്റെ പേരില്‍ എനിക്കു നന്ദിയും കടപ്പാടും ഉണ്ട്. അത് അവിടം വരെ മതി.

ഈ ബ്ലോഗ് വായിക്കുന്ന ഒരാളുടെ കയ്യില്‍ നിന്നും ഞാന്‍ വരിസംഖ്യ പിരിക്കുന്നില്ല. ഈ ബ്ലോഗിലെത്തുന്ന ഒരാളോടും ഇതില്‍ കാണുന്ന പരസ്യങ്ങളില്‍ ക്ളിക്ക് ചെയ്ത് എനിക്കു വരുമാനമുണ്ടാക്കിത്തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ല (അബദ്ധത്തില്‍ പോലും അതിലൊന്നും ക്ളിക്കു വീഴാതെ ശ്രദ്ധിക്കുന്നവരാണ് എന്റെ വായനക്കാര്‍). അതിലൊക്കെ പ്രധാനമായി ഈ ബ്ലോഗോ ഇതെഴുതുന്ന ഞാനോ മലയാളം ബ്ലോഗിലെ എന്തെങ്കിലുമാണെന്ന് ഞാന്‍ അവകാശപ്പെട്ടിട്ടില്ല.

പിന്നെന്തിനാണ് ചില സുഹൃത്തുക്കള്‍ ഏതോ കൂലിയെഴുത്തുകാരനോടെന്ന പോലെ എന്നോടു സംസാരിക്കുന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഓരോ പോസ്റ്റ് ഇട്ട ശേഷം അത് നിങ്ങളുടെ മെയിലിലേക്ക് അയച്ചു തന്ന് വായിച്ചു നോക്കി അഭിപ്രായം പറയണേ, ഇതൊന്നു വായിക്കണേ എന്നു ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല, പറയാറുമില്ല. എന്റെ പോസ്റ്റുകള്‍ക്ക് ആരും കമന്റിടുന്നില്ല എന്നു ഞാന്‍ പരിതപിച്ചിട്ടില്ല.

പക്ഷെ, ചില സുഹൃത്തുക്കളുടെ പ്രതികരണത്തില്‍ നിന്നും മനസ്സിലാവുന്ന, എനിക്കു മനസ്സിലാവാത്ത ചില നിലപാടുകള്‍ ഇവയാണ്.

01. എന്തിനാണ് ഇത്തരം ചവറു പോസ്റ്റുകള്‍ എഴുതുന്നത് ? ദിവസവും പോസ്റ്റിടുന്നതെന്തിന് ? വല്ലപ്പോഴും മാത്രം പോസ്റ്റിട്ടാല്‍ മതി. അതും നല്ല നിലവാരമുള്ള പോസ്റ്റുകള്‍ മാത്രം.

ഈ ഒരഭിപ്രായപ്രകടനം നടത്തിയിട്ടുള്ളവര്‍ ധാരാളമാണ്. പറയുന്നത് ശരിയോ തെറ്റോ എന്നുള്ളതല്ല എന്റെ വിഷയം. എന്റെ ബ്ലോഗില്‍ ഞാന്‍ എപ്പോള്‍ പോസ്റ്റിടണമെന്നത് ഞാന്‍ തീരുമാനിക്കും. ദയവുചെയ്ത് അക്കാര്യത്തില്‍ എനിക്കു നിര്‍ദേശം നല്‍കാന്‍ ആരും വരണമെന്നില്ല. എന്റെ പോസ്റ്റുകള്‍ വായിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രമാണല്ലോ നിങ്ങള്‍ക്കുള്ളത്. അതുപയോഗിക്കുക, അല്ലാതെ എന്റെ സ്വാതന്ത്യ്രത്തില്‍ കൈകടത്താനും എന്നെ ബ്ലോഗിങ് പഠിപ്പിക്കാനും വരരുത്, പ്ലീസ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ അല്ല ഇനി അസുഖം കൂടിയാല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടോ ഒക്കെ ഞാന്‍ പോസ്റ്റിടും, ദാറ്റ്സ് നണ്‍ ഓഫ് യുവര്‍ ബിസിനസ് !

02. കഷ്ടം, മലയാളത്തിലെ ഏറ്റവും കൂതറ ബ്ലോഗ് ഇതാണ്, ഇതു മാത്രമാണ്. നല്ല നല്ല പോസ്റ്റുകള്‍ വായിക്കാന്‍ വരുന്ന ഞങ്ങപ്പാെേലെയുള്ളവര്‍ വഞ്ചിക്കപ്പെട്ടു. ഈ തറപ്പണി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ മിസ്റ്റര്‍ ?

ഇതൊരു നിലവാരമുള്ള ബ്ലോഗാണോ അതോ കൂതറ ബ്ലോഗാണോ, മാന്യന്‍മാര്‍ക്കും ഡീസന്റായി ജീവിക്കുന്ന അനോണികള്‍ക്കും വായിക്കാന്‍ കൊള്ളാവുന്നതാണോ എന്നൊരു ചര്‍ച്ചയോ ആശയക്കുഴപ്പമോ ഇവിടെയില്ല. ഇത് നിലവാരമുള്ള ബ്ലോഗാണെന്നും ഇവിടെ ചമയ്ക്കപ്പെടുന്നതാണ് വിശ്വസാഹിത്യം എന്നും ഞാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലേ അത് അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ വേണ്ടി വിയര്‍ക്കുന്നതില്‍ കാര്യമുള്ളു. എനിക്ക് അത്തരം അവകാശവാദങ്ങളൊന്നുമില്ല. എല്ലാ നിലവാരത്തകര്‍ച്ചയുടെയും താഴെ എന്ന അര്‍ത്ഥമാണ് ബെര്‍ളിത്തരങ്ങള്‍ എന്ന വാക്കിനുള്ളത്.

എന്നു കരുതി ഇതു വായിക്കുന്ന എല്ലാവരും തറകളാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇതിന്റെ വായനക്കാരെല്ലാം എന്നെക്കാള്‍ നിലവാരമുള്ളവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ, അത് എന്നില്‍ പ്രത്യേകിച്ച് എന്തെങ്കിലും ഭാരമോ ബാധ്യതയോ എടുത്തു വയ്ക്കുന്നില്ല എന്നു വ്യക്തമാക്കട്ടെ. മാന്യന്‍മാരായ ഞങ്ങളൊക്കെ വായിക്കുന്ന ഈ ബ്ലോഗ് ഒന്നു മാന്യമാക്കിക്കൂടെ എന്നാണു ചോദ്യമെങ്കില്‍ ഒറ്റ ഉത്തരമേയുള്ളൂ- എനിക്കിപ്പോള്‍ സൌകര്യമില്ല ! അത്തരം ഒരു കരാറും എനിക്കു മാന്യന്‍മാരായിട്ട് ഇല്ല. ഉണ്ടാക്കാന്‍ താല്‍പര്യവും ഇല്ല.

03. ഒരേ പോലെ എഴുതുന്നത് നിര്‍ത്തൂ, ഇനി റൂട്ട് മാറ്റിപ്പിടിക്കൂ, ഇനി സിനിമ വേണ്ട, നാളെ മുതല്‍ ചാര്‍ളി വരട്ടെ..

മനസ്സിലായില്ല. നിങ്ങള്‍ കൃത്യമായും ഒരു തുക പിരിവെടുത്ത് മാസാമാസം എനിക്കയച്ചു തന്ന ശേഷമാണെങ്കില്‍ ഇങ്ങനെയൊക്കെ നിര്‍ദേശിക്കാം. ഞാന്‍ അതനുസരിച്ചൊക്കെ എഴുതാന്‍ ബാധ്യസ്ഥനുമാണ്. ഇതിപ്പോള്‍ ഏതാണ് ലൈന്‍ എന്നു മനസ്സിലാവുന്നില്ല. അഭിനന്ദനങ്ങളും, സൂപ്പര്‍ അച്ചായാ, കിടു, തകര്‍ത്തു.. തുടങ്ങിയ കമന്റുകളും വായിച്ച് ഏതോ ബ്ലോഗ്രതിയില്‍ മുഴുകിയിരിക്കുന്ന എനിക്ക് വിമര്‍ശനാത്മക കമന്റുകള്‍ കാണുമ്പോള്‍ ചൊറിയുന്നതാണ് എന്നു തോന്നാം. സത്യമാണ്, വിമര്‍ശനങ്ങള്‍ എനിക്ക് ഇഷ്ടമല്ല, അതിനു യോഗ്യതയും അര്‍ഹതയുമില്ലാത്തവര്‍ അത് ആധികാരികമായി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.

04. പോസ്റ്റ് പോര, ഒരു ഗുമ്മായില്ല, വെറുതെ എഴുതാന്‍ വേണ്ടി എഴുതിയതുപോലെയായി, കഷ്ടം !
മലയാളം ബ്ലോഗിങ് ഒരു പ്രത്യേകപ്രതിഭാസമായതുകൊണ്ട് അതെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കൊരു സംഗതി എഴുതിയിടണം എന്നു തോന്നിയാല്‍ അത് എഴുതി പ്രസിദ്ധീകരിക്കുന്നതിന്റെ സന്തോഷമാണ് ബ്ലോഗിങ്. ഇതിട്ടാല്‍ വായനക്കാര്‍ എന്തു വിചാരിക്കും, അവര്‍ എന്നെ വിട്ടുപോകുമോ, അവര്‍ എന്നെ തറയായി കാണുമോ ?.. ഈ വക ആശങ്കകളൊന്നുമെനിക്കില്ല. മുമ്പ് ഒരു കമന്റില്‍ പറഞ്ഞിട്ടുള്ളത് ഞാനാവര്‍ത്തിക്കുന്നു. വായനക്കാരന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ആശങ്ക കാരണം ഏതെങ്കിലും പോസ്്റ്റ് ഇടാന്‍ ധൈര്യമില്ലാതാവുന്ന ദിവസം ഞാന്‍ ബ്ലോഗിങ് അവസാനിപ്പിച്ചിരിക്കും. കാരണം, പിന്നെ ഇതിനെ ഒരു ബ്ലോഗെന്നു വിളിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഇവിടെ പലരും ഒരു പോസ്റ്റെഴുതി, അത് നാല്‍പതു പേര്‍ക്ക് അയച്ചുകൊടുത്ത് ഗുമ്മുണ്ടാക്കി, എയിമുണ്ടാക്കി (ഇതൊക്കെ എന്താണെന്നു പറയുന്നവര്‍ക്കേ അറിയൂ, ഞാനീ അക്കാദമിയിലൊന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട്.. ) നൂറുവട്ടം തിരുത്തി പബ്ളിഷ് ചെയ്തിട്ട് നാട്ടുകാര്‍ക്കെല്ലാം ഇ മെയിലില്‍ അയച്ചുകൊടുത്ത് കാത്തിരിക്കും 100 കമന്റാവാന്‍. ഇതിന്റെ പേരും ബ്ലോഗിങ് എന്നു തന്നെയാണ് മലയാളത്തില്‍.

അതുകൊണ്ട് പ്രിയപ്പെട്ട വായനക്കാരെ, ഈ ബ്ലോഗിനെ സംബന്ധിച്ച് നിങ്ങള്‍ ഒരു വിശ്വാസവും പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ട. എപ്പോള്‍ ഏതു തരം പോസ്റ്റ് വരുമെന്ന് പറയാന്‍ പറ്റില്ല. കൊള്ളാവുന്ന ബ്ലോഗെന്നു പറഞ്ഞ് അബദ്ധത്തില്‍ ആര്‍ക്കെങ്കിലും പരിചയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ തിരുത്തിക്കോളൂ. എന്നെ സംബന്ധിച്ച് എന്റെ ബ്ലോഗില്‍ ഞാന്‍ ചെയ്യുന്നതെന്തോ അതാണ് ബ്ലോഗിങ് ! താല്‍പര്യമുള്ളവര്‍ മാത്രം വായിക്കുക, ഗുഡ് ബൈ !!!

Related Posts with Thumbnails
  • thahir
    അബദ്ധത്തില്‍ പോലും അതിലൊന്നും ക്ളിക്കു വീഴാതെ ശ്രദ്ധിക്കുന്നവരാണ് എന്റെ വായനക്കാര്‍ athu kalakki......
blog comments powered by Disqus