ഗജിനി (മലയാളം)
തമിഴിലും ഹിന്ദിയിലും സൂപ്പര്‍ മെഗാ ഹിറ്റായി മാറിയ ഗജിനി മലയാളത്തിലും നിര്‍മിക്കാന്‍ ഗീത ആര്‍ട്സ് തീരുമാനിച്ചു. മലയാളത്തിലുള്ള താരങ്ങളെ വച്ച് പടം സംവിധാനം ചെയ്യാന്‍ ധൈര്യം പോരെന്ന് തമിഴിലും ഹിന്ദിയിലും സംവിധാനം ചെയ്ത എ.ആര്‍.മുരുകദോസ് പറഞ്ഞിനെ തുടര്‍ന്ന് ഗജിനിയുടെ മലയാളം വേര്‍ഷന്‍ ജോണി ആന്റണി സംവിധാനം ചെയ്യുമെന്നാണറിയുന്നത്. മലയാളത്തിലെ ജനപ്രിയനായകന്‍ ദിലീപ് നായകനാകുന്ന സിനിമയില്‍ നായികയായി കാവ്യയെ പരിഗണിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നുവെങ്കിലും ഗജിനിയുടെ തമിഴ്, ഹിന്ദി വേര്‍ഷനുകളില്‍ നായികയായ അസിന്‍ തന്നെ ഇതിന്റെ മലയാളം വേര്‍ഷനിലും നായികയായേക്കുമെന്നാണ് സൂചന. ഓള്‍റെഡി ഇതിനൊരു കഥയുണ്ടെങ്കിലും ഉദയകൃഷ്ണ- സിബി കെ.തോമസ് ടീമിന്റെ സഹായത്തോടെ ദിലീപ് അതില്‍ ഇടപെടലുകളും മാറ്റങ്ങളും വരുത്തുമെന്നാണ് സൂചന.
ഷോര്‍ട്ട് മെമ്മറി ലോസ് എന്നു വിശേഷിപ്പിക്കുന്ന ആന്റെറോഗ്രേഡ് അംനീഷ്യ ബാധിച്ച സഞ്ജയ് എന്ന നായകവേഷം നന്നാക്കുന്നതിനുവേണ്ടി ദിലീപ് സിക്സ് പായ്ക്ക് മസിലുകള്‍ ഉണ്ടാക്കുമെന്നു ആദ്യം കേട്ടിരുന്നെങ്കിലും അത്തരമൊരു നീക്കം മസില്‍ ബില്‍ഡിങ്ങിനു വേണ്ടി ജിംനേഷ്യത്തില്‍ പോകുന്ന മുഴുവന്‍ ആളുകളുടെയും വീര്യം കെടുത്തുമെന്നതിനാല്‍ ഓള്‍ കേരളാ ബോഡി ബില്‍ഡിങ് അസോസിയേഷനും ജിംനേഷ്യം ഓണേഴ്സ് ഫെഡറേഷനും പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യമം വേണ്ടെന്നു വച്ചിട്ടുണ്ട്.
വയലന്‍സ് പരമാവധി കുറച്ചുകൊണ്ട് കോമഡി പരമാവധി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ട്രീറ്റ്മെന്റായിരിക്കും സ്വീകരിക്കുക എന്ന് തിരക്കഥാകൃത്തുക്കള്‍ സൂചിപ്പിക്കുന്നു. ദിലീപ് നായകനാകുന്ന മലയാളം ഗജിനിയില്‍ മസില്‍ എന്ന ഘടകം ഒഴിവാക്കി അതിനു പകരം മിമിക്രി ഉള്‍പ്പെടുത്താനാണ് തീരുമാനം. ഗജിനിയില്‍ ആമിര്‍ ഖാന്‍ മസില്‍ കാണിക്കുന്ന സീനുകളിലൊക്കെ ദിലീപ് മിമിക്രി കാണിക്കും. കഥയില്‍ കാതലായ മാറ്റങ്ങളില്ലെങ്കിലും കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലമനുസരിച്ചുള്ള മാറ്റങ്ങളുണ്ടാവും.
അസിന്‍, റിയാസ് ഖാന്‍ എന്നിവരെ ഈ സിനിമയിലും നിലനിര്‍ത്തും. ഗജിനി എന്ന പ്രധാനവില്ലനായി ശരത് സക്സേനയോ ആശിഷ് വിദ്യാര്‍ഥിയോ അഭിനയിക്കും. മൂന്നു ഗാനങ്ങളാണ് സിനിമയിലുണ്ടാവുക. അതില്‍ ഒന്ന് നിര്‍ഡബന്ധമായും ഉദിത് നാരായണ്‍ ആലപിക്കും.
ഒറിജിനല്‍ ഗജിനിയില്‍ നയന്‍താര അവതരിപ്പിക്കുന്ന സുനിത എന്ന കഥാപാത്രം കരുത്തനും ഓര്‍മനശിച്ചവനുമായ സഞ്ജയിനെ പഠിക്കാനിറങ്ങിത്തിരിക്കുകയാണെങ്കില്‍ ഇതില്‍ സുനിതയുടെ വേഷം അഭിനയിക്കുന്ന ഭാവന ഓര്‍മ നശിച്ച് ഫുള്‍ടൈം മിമിക്രിക്കാരനായ സഞ്ജയിലേക്കാണ് ഇറങ്ങിത്തിരിക്കുന്നത്. ഒറിജിനല്‍ ഗജിനിയില്‍ സഞ്ജയ് നടത്തുന്ന കൊലപാതകങ്ങളാണ് പ്രധാനമെങ്കില്‍ ഇതില്‍ എല്ലാ കൊലപാതകങ്ങളും വില്ലന്‍മാര്‍ തന്നെയാണ് ചെയ്യുന്നത്. എല്ലാറ്റിന്റെയും പിന്നില്‍ സഞ്ജയ് ആണെന്നു തെറ്റിദ്ധരിക്കപ്പെടുന്നു എന്നു മാത്രം.
മലയാളം ഗജിനിയില്‍ അസിന്‍ അവതരിപ്പിക്കുന്ന കല്‍പന എന്ന കഥാപാത്രം കൊല്ലപ്പെടുന്നില്ല. കല്‍പന കൊല്ലപ്പെട്ടു എന്നു കരുതി ശത്രുക്കളെ കൊന്നൊടുക്കുന്ന സഞ്ജയിയെ മലയാളം ഗജിനിയില്‍ നിങ്ങള്‍ കാണില്ല. ഇതില്‍ എല്ലാവരും മണ്ടന്‍മാരാണ്. വില്ലന്‍ ആനമണ്ടന്‍. സഞ്ജയിന്റെ വലംകൈയ്യും പോക്കറ്റടിക്കാരനുമായി വേഷമിടുന്ന ഹരിശ്രീ അശോകന്റെ കഥാപാത്രം പോലും പ്രേക്ഷകരെ മണ്ടന്‍മാരാക്കുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തും.
മലയാളം ഗജിനിയുടെ കഥാസാരം ഇങ്ങനെ-
ഓര്‍മ നശിച്ച് 70കളില്‍ ജീവിക്കുന്ന സഞ്ജയ് (ദിലീപ്) എന്ന കോടീശ്വരനായ ചെറുപ്പക്കാരനെക്കുറിച്ചു പഠിക്കാന്‍ എംജി യൂണിവേഴ്സിറ്റി സോഷ്യോളജി വിദ്യാര്‍ത്ഥിനി സുനിത (ഭാവന) ഇറങ്ങിത്തിരിക്കുന്നു. എഴുപതുകളിലെ എല്ലാ താരങ്ങളെയും അനുകരിക്കുന്ന സഞ്ജയ്ക്ക് പക്ഷെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ പരിചയമില്ല. അവരുടെയൊക്കെ പേര് ദേഹത്തെഴുതി വച്ചാണ് സ്വന്തമായി ഒരു മിമിക്രി ട്രൂപ്പ് കൂടി നടത്തുന്ന സഞ്ജയ് അവരുടെ ശബ്ദം അനുകരിക്കാന്‍ പഠിച്ചത്. മോഹന്‍ലാലിന്റെ ശബ്ദം സ്റ്റേജില്‍ അനുകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മ നഷ്ടപ്പെടുന്ന സഞ്ജയ് പെട്ടെന്നു പ്രേം നസീറിന്റെ ശബ്ദം അനുകരിക്കുന്നതും കൂട്ടുകാരനായ ഹരിശ്രീ അശോകന്‍ ഓഡിയന്‍സിനിടയില്‍ നിന്ന് മോഹന്‍ലാലിന്റെ ഫോട്ടോ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അത് കണ്ട് തിരിച്ചറിഞ്ഞ് വീണ്ടും ലാലിനെത്തന്നെ അനുകരിക്കുന്നതും ആരുടെയും കരളലിയിക്കുന്ന രംഗമാണ്.
മിമിക്രി ട്രൂപ്പുമായി നോര്‍മലായി നടന്നിരുന്ന കാലത്ത് പരിചയപ്പെട്ട കല്‍പന (അസിന്‍) യുമായി സഞ്ജയ് പ്രണയത്തിലാകുന്നതും ചില മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ രഹസ്യങ്ങള്‍ പൊലീസിനു ചോര്‍ത്തിക്കൊടുത്തതിനെത്തുടര്‍ന്ന് കല്‍പനയെ കാണാതാവുന്നതും തലയ്ക്കടി കിട്ടുന്ന സഞ്ജയിന്റെ ചാനല്‍ പോകുന്നതുമാണ് ഫ്ലാഷ് ബാക്കിലെ കഥ.
സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ സുനിത സഞ്ജയുമായി പ്രണയത്തിലാകുന്നതോടെ ഒരു ത്രികോണപ്രണയവും അതിന്റെ കോമഡികളും കൂടി സാധ്യമാകുന്നു. എന്നാല്‍, ഇടക്കിടെ നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ സഞ്ജയിനെ സംശയിച്ച് ഇന്‍സ്പെകക്ടര്‍ ഫവാസ് (റിയാസ് ഖാന്‍) രംഗത്തെത്തുന്നതോടു കൂടി പിരിമുറുക്കം കൂടുന്നു.
രണ്ടാം പകുതിയില്‍ കൊല്ലപ്പെട്ടു എന്നു കരുതിയ കല്‍പന തിരിച്ചെത്തുന്നിടത്താണ് ത്രികോണപ്രണയം തുടങ്ങുന്നത്. സഞ്ജയ് ഗജിനിയെ കൊല്ലും എന്നു പോക്കറ്റടിക്കാരന്‍ കൂട്ടുകാരന്‍ പറയുന്നത് കേട്ട് സഞ്ജയ് ജയിലില്‍ പോയാല്‍ തന്റെ ലൈഫ് കോഞ്ഞാട്ടയാകുമല്ലോ എന്നോര്‍ത്ത് സുനിത ഗജിനിയെ കണ്ട് സൂക്ഷിക്കണം കണ്ടകശനിയാണ് എന്നൊക്കെ പറയുന്നെങ്കിലും ഗജിനി സഞ്ജയിനെ കൊല്ലാനിറങ്ങുകയാണ്.
എന്നാല്‍ ക്ളൈമാക്സില്‍ എല്ലാ രോഗങ്ങളിലും നിന്ന് മുക്തനായി സടകുടഞ്ഞെണീക്കുന്ന സഞ്ജയല് ഗജിനിയെയും കിങ്കരന്‍മാരെയും ഇടിച്ച് സൂപ്പാക്കി ഒറ്റക്കയറില്‍ കെട്ടിവരിഞ്ഞ് ഫവാസിന്റെ ജീപ്പിലിട്ടു കൊടുക്കുകയാണ്. സഞ്ജയ്ക്ക് ശരിക്കും ഓര്‍മപ്പിശകൊന്നും ഉണ്ടായിരുന്നില്ലെന്നും മിലിട്ടറി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായ സഞ്ജയ് തന്റെ പ്രത്യേകദൌത്യത്തിന്റെ ഭാഗമായി മറവി അഭിനയിക്കുകയായിരുന്നെന്നും ഹരിശ്രീ അശോകന്‍ സഞ്ജയിന്റെ കോണ്‍സ്റ്റബിളാണെന്നും ക്ലൈമാക്സില്‍ അറിയുമ്പോള്‍ നമ്മള്‍ പ്രേക്ഷകര്‍ രോമാഞ്ചകഞ്ചുകമണിയും.
എല്ലാം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് സഞ്ജയിനെ ജീവനു തുല്യം സ്നേഹിക്കുന്ന രണ്ടു നായികമാരാണ്. അവസാനരംഗത്തില്‍ ആദ്യം കല്‍പന സഞ്ജയിനെ സുനിതയ്ക്കു വിട്ടുകൊടുക്കും. സഞ്ജയും സുനിതയും കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ കല്‍പനയുടെ ദുഖം കണ്ട് സഹിക്കാനാവാതെ സുനിത സഞ്ജയിനെ കല്‍പനയ്ക്കു വിട്ടുകൊടുക്കും. അവളെയും സഞ്ജയ് കെട്ടിപ്പിടിക്കും. അതു കാണുമ്പോള്‍ സുനിതയ്ക്കു സഹിക്കില്ല. അപ്പോള്‍ വീണ്ടും കല്‍പന സഞ്ജയിനെ സുനിതയ്ക്കു വിട്ടുകൊടുക്കും.
അങ്ങനെ നാലഞ്ചു തവണ കൊടുക്കല്‍വാങ്ങല്‍ നടത്തി പ്രേക്ഷകരെ വികാരവിക്ഷുബ്ധരാക്കിയ ശേഷം ഏതെങ്കിലുമൊരുത്തിയുടെ തലയില്‍ കെട്ടി വച്ച് സംഗതി അവസാനിപ്പിക്കും. ബട്ട് വണ്‍ തിങ്, അവസാനടൈറ്റിലില്‍ ഉദിത് നാരായണ്‍ പാടിയ ഗാനം വീണ്ടും കേള്‍പ്പിക്കും.










