തീവ്രവാദികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
ഇതു കേരളാ പൊലീസിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കുന്ന കുറിപ്പാണ്. കേരളാ പൊലീസിനു വേണ്ടി മാത്രമാണോ എന്നു ചോദിച്ചാല്‍ അല്ല. തീവ്രവാദികള്‍ക്കു വേണ്ടി കൂടിയാണ്. സ്വാതന്ത്യ്രദിനം , റിപ്പബ്ളിക് ദിനം തുടങ്ങിയ ദിനങ്ങള്‍ക്കു പുറമേ വിശേഷദിവസങ്ങളിലും ഹൈവേകളിലും മറ്റും തീവ്രവാദിഭീഷണി കണക്കിലെടുത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ ഇതുവരെ ബോംബുമായി വന്ന തീവ്രവാദികള്‍ പിടിക്കപ്പെട്ടതായി കേട്ടിട്ടില്ല.
ഇനി മുതല്‍ അതു പാടില്ല. ഇവിടേക്കു കടന്നുവരുന്ന എല്ലാ തീവ്രവാദികളും പിടിക്കപ്പെടണം. അതിനായി തീവ്രവാദികള്‍ക്കു വേണ്ടി പുറത്തിറക്കിയിരിക്കുന്ന നുഴഞ്ഞുകയറ്റ പെരുമാറ്റച്ചട്ടമാണിത്. കേരളാ പൊലീസിന്റെ ഇപ്പോഴത്തെ പരിശോധനാസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ പറഞ്ഞിരിക്കുന്ന രീതികളില്‍ മാത്രമേ തീവ്രവാദികള്‍ കടന്നുവരാന്‍ പാടുള്ളൂ, ഇല്ലെങ്കില്‍ നിങ്ങള്‍ തലകുത്തിമറിഞ്ഞാലും ഞങ്ങടെ പൊലീസ് നിങ്ങളെ മൈന്‍ഡ് ചെയ്യില്ല.
01. കേരളത്തിലേക്കു കടക്കുന്ന തീവ്രവാദികള്‍ പ്രധാനമായും താഴെ പറയുന്ന ലക്ഷണങ്ങളോടു കൂടിവരായിരിക്കണം. കാലാവസ്ഥയ്ക്കു ചേരാത്ത വേഷം ധരിക്കുന്ന ഇവര്‍ കൈകള്‍ പോക്കറ്റിനുള്ളില്‍ തിരുകിയിരിക്കണം. ഒരിക്കലും ഒറ്റയ്ക്കു നില്‍ക്കാതെ എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ചേരാനുള്ള പ്രവണത പ്രകടമാക്കണം. പറ്റുമെങ്കില്‍ എല്ലാവരും താടി നീട്ടുകയും തലയില്‍ കമ്പിളിത്തൊപ്പി ധരിക്കുകയും വേണം. നീണ്ട കുപ്പായങ്ങളാണ് അഭികാമ്യം. മാന്യന്‍മാരെപ്പോലെ വേഷം ധരിച്ച് ഇറങ്ങുകയേ വേണ്ട.
02. നിങ്ങള്‍ യാത്രയ്ക്കുപയോഗിക്കുന്ന വാഹനം ഒരിക്കലും ബസോ, ലോറിയോ ഒന്നുമാകരുത്. മാരുതി കാറുകളിലാണ് ഞങ്ങള്‍ നിങ്ങളെ പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ വരുന്ന കാറുകളുടെ ചില്ലുകള്‍ (പറ്റുമെങ്കില്‍ മുന്‍പിലത്തെ ചില്ലുകള്‍ കൂടി) കറുത്ത ഫിലിം ഒട്ടിച്ചു ഭദ്രമാക്കിയിരിക്കണം. സംശയം ജനിപ്പിക്കുമാറാകുന്ന തരത്തില്‍ എല്ലാ ഗ്ലാസ്സുകളും ഉയര്‍ത്തി വയ്ക്കുകയും വേണം.
03. റോഡില്‍ വാഹനപരിശോധനയ്ക്ക് ഞങ്ങള്‍ നില്‍ക്കുന്നതു കാണുമ്പോഴേ നിങ്ങള്‍ ആദ്യം തന്നെ കാറിന്റെ വേഗം കുറച്ച് പരുങ്ങി ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കണം. ലൈറ്റുകള്‍ പലതവണ കെടുത്തുകയും ഓഫാക്കുകയും ചെയ്ത് ഞങ്ങളില്‍ സംശയം ജനിപ്പിക്കണം. എന്‍ജിന്‍ ഓഫ് ചെയ്ത് ഒന്നോ രണ്ടോ മിനിട്ട് അടുത്ത നീക്കം എന്തെന്ന് ആലോചിക്കുന്ന ഭാവത്തില്‍ റോഡ് സൈഡില്‍ വണ്ടി ഒതുക്കിയിടണം. ഇത്രയുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സംശയിച്ചോളാം.
04. ഞങ്ങളില്‍ വേണ്ടത്ര സംശയം ഉണര്‍ന്നു കഴിഞ്ഞു എന്നു മനസ്സിലായാല്‍ വീണ്ടും കാര്‍ സ്റ്റാര്‍ട്ട് ചെയ്യുക. ഞങ്ങള്‍ നില്‍ക്കുന്ന ഭാഗം ലക്ഷ്യമാക്കി വേഗം കുറച്ച് ഓടിച്ചു വരിക. പേടി കൊണ്ടെന്ന പോലെ കാര്‍ റോഡില്‍ ഇടത്തുനിന്നു വലത്തേക്കും വലത്തു നിന്ന് ഇടത്തേക്കും വെട്ടിച്ചുകൊണ്ടിരുന്നാല്‍ നന്നായി. നിങ്ങള്‍ അടുത്തെത്തി കഴിയുമ്പോള്‍ ഞങ്ങള്‍ ഒരു സംഘം പൊലീസുകാര്‍ ചാടി വീഴും. അപ്പോള്‍ വണ്ടി നിര്‍ത്തണം.
05. വണ്ടി നിര്‍ത്തിക്കഴിഞ്ഞാല്‍ അപ്പോഴേ, ഒന്നും സംഭവിക്കാത്തതുപോലെ ചുമ്മാ ഇറങ്ങി വരരുത്. കാറിന്റെ ഗ്ലാസ് താഴ്ത്താതെ, അനക്കം പോലുമില്ലാതെ നിങ്ങള്‍ അതിനുള്ളില്‍ തന്നെയിരിക്കണം. ഞങ്ങള്‍ അകത്തേക്കു ടോര്‍ച്ചടിച്ചു നോക്കുമ്പോള്‍ മുഖം തരാതെ നിങ്ങള്‍ കുനിഞ്ഞിരിക്കണം. അപ്പോള്‍ ഞങ്ങള്‍ നാലു ഗ്ലാസ്സിലും ലാത്തികൊണ്ട് മുട്ടിവിളിക്കും. ആദ്യമൊന്നും തുറക്കരുത്. കുറെ നേരം മുട്ടിക്കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ഗ്ലാസ് ഒരല്‍പം ( ഒന്നോ രണ്ടോ ഇഞ്ച് ) തുറക്കുക. അതിലൂടെ ഞങ്ങള്‍ നോക്കുമ്പോള്‍ കാണുന്നയാള്‍ മുഖം മറച്ചിരിക്കണം. തുടര്‍ന്ന് ഞങ്ങള്‍ ശക്തിയായി ഭീഷണിപ്പെടുത്തുമ്പോള്‍ ഗ്ലാസ്സുകള്‍ താഴ്ത്താം.
06. ഗ്ലാസ്സുകള്‍ താഴ്ത്തിക്കഴിയുമ്പോള്‍ ഞങ്ങളെല്ലാവരും കൂടി നിങ്ങളെ നോക്കും. ആശങ്കയോടെ നിങ്ങള്‍ പരസ്പരം നോക്കണം. എല്ലാവരും മുഖം മറച്ചാല്‍ അത്രയും നല്ലത്. കാറിനുള്ളില്‍ ഒസാമ ബിന്‍ലാദന്റെയും ജോര്‍ജ് ബുഷിന്റെയും ഓരോ ചിത്രങ്ങള്‍ ഉണ്ടാവണം. ഡാഷ്ബോര്‍ഡില്‍ ഞങ്ങള്‍ക്കു കാണാവുന്നതുപോലെ കേരളത്തിന്റെ മാപ്പും അതില്‍ ഒരു വടക്കുനോക്കിയന്ത്രവും വച്ചിരിക്കണം. മാപ്പ് ഞങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തിയിരിക്കണം. മതി, നിങ്ങളെ കാറില്‍ നിന്നിറക്കാനുള്ള കാരണമായി.
07. ആദ്യം പറഞ്ഞതുപോലെ ബൈബിള്‍ സിനിമയിലെപ്പോലെ നീളന്‍ കുപ്പായങ്ങള്‍ ധരിച്ച എല്ലാവരും നീണ്ടതാടിയുള്ളവരായിരിക്കണം. ഞങ്ങളെ നോക്കിയ ശേഷം നിങ്ങളെല്ലാവരും എന്തെങ്കിലും സന്ദേശം കൈമാറുന്ന മാതിരി പരസ്പരം നോക്കിക്കൊണ്ടിരിക്കണം. മലയാളത്തില്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ തന്നെ നിങ്ങള്‍ പരസ്പരം അറബിയിലോ ഉറുദുവിലോ എന്തെങ്കിലും സംസാരിക്കണം. ആരെങ്കിലുമൊരാള്‍ അല്‍ ജസീറ പത്രമൊരെണ്ണം മടക്കി കക്ഷത്തില്‍ വച്ചിരുന്നാല്‍ നന്ന്. കാറില്‍ എഫ്എം റേഡിയോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കു കേള്‍ക്കാന്‍ പാകത്തില്‍ അല്‍ ജസീറ റേഡിയോ ട്യൂണ്‍ ചെയ്തു വയ്ക്കുകയും ഞങ്ങളത് ശ്രദ്ധിക്കുന്നു എന്നു കാണുമ്പോള്‍ പേടിയോടെ പരസ്പരം അതോഫ് ചെയ്യെടാ അതോഫ ചെയ്യെടാ എന്നാംഗ്യം കാണിക്കുകയും വേണം.
08. ഞങ്ങള്‍ പേരും മറ്റും ചോദിക്കുമ്പോള്‍ എല്ലാവരും ആലോചിച്ച ശേഷമേ പേരുകള്‍ പറയാവൂ. ആദ്യം പറഞ്ഞ പേര് ഉടനെ തന്നെ മാറ്റിപ്പറയുകയും തിരുത്തുകയുമൊക്കെയാവാം. വിലാസം പറയുമ്പോള്‍ ഞങ്ങള്‍ക്കൊരു സൂചനയായി അതില്‍ ലഷ്കര്‍ ഇ ത്വയ്ബയെന്നോ മറ്റോ ഉണ്ടെങ്കില്‍ നന്നായി. നിങ്ങളെ പരിശോധിക്കുമ്പോള്‍ ആരുടെയെങ്കിലും പോക്കറ്റില്‍ ചുവപ്പ്, പച്ച വയറുകളോടു കൂടിയ എന്തെങ്കിലും ഉണ്ടകള്‍ ഇട്ടാന്‍ നന്നായിരുന്നു.
09. വാഹനപരിശോധനയാണ് ഞങ്ങളുടെ അടുത്ത ഇനം. കാറിനുള്ളില്‍ ദുരൂഹമായി പായ്ക്ക് ചെയ്ത അനേകം പൊതികളുണ്ടാവണം. എല്ലാം ഒളിപ്പിക്കാനുള്ള ശ്രമം നടത്തിയതായി ഞങ്ങള്‍ക്കു തോന്നണം. കുറച്ചുകൂടി ഉറപ്പിനു വേണ്ടി അവയുടെ മുകളില്‍ മണം കൊണ്ട് ഞങ്ങള്‍ക്കു തിരിച്ചറിയാനായി അല്‍പം വെടിമരുന്ന് വിതറിയാല്‍ നന്നായി. ഏതെങ്കിലും ഒരു പായ്ക്കറ്റിന്റെ മുകളില്‍ ജലാറ്റിന്‍ സ്റ്റിക് എന്നോ ആര്‍ഡിഎക്സ് എന്നോ എഴുതിവച്ചാല്‍ തെറ്റില്ല.
10. ഇതെല്ലാം ഞങ്ങളുടെ കൂര്‍മബുദ്ധി ഉപയോഗിച്ച് കണ്ടു മനസ്സിലാക്കി ഞങ്ങള്‍ അവസാനം നിങ്ങള്‍ തീവ്രവാദികളല്ലേ എന്ന നിര്‍ണായക ചോദ്യം ചോദിക്കുമ്പോള്‍ ഭീതിയോടെ കൈകള്‍ കൂപ്പി അതെ, സര്‍ ഞങ്ങള്‍ കേരളത്തില്‍ ബോംബു വയ്ക്കാന്‍ വന്ന തീവ്രവാദികളാണ് എന്നു വെളിപ്പെടുത്തി ഞങ്ങളെ അറസ്റ്റ് ചെയ്യൂ സര്‍ എന്നു പറഞ്ഞ് കൈകള്‍ നീട്ടിത്തരേണ്ടതാണ്. അല്ലാതെ, അവിടം വരെ കൊണ്ടെത്തിച്ചിട്ട് തീവ്രവാദികളല്ല എന്നും പറഞ്ഞ് രക്ഷപെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍.. കേരളാ പൊലീസ് ആരാണെന്നു നിങ്ങളറിയും, അത്ര തന്നെ !!










