ജമാലിന്റെ നിക്കറും ലതികയുടെ പാവാടയും (സംവിധാനം വിനയന്‍)

മലയാളത്തില്‍ ഹൃദയഭേദകമായ എത്രയോ സിനിമകള്‍ സംവിധാനം ചെയ്ത വിനയന്‍ ഇല്ലെങ്കില്‍ പിന്നെ മാക്ട ഈ പദ്ധതി ആവിഷ്കരിക്കേണ്ടതില്ലല്ലോ. സ്ലംഡോഗ് മില്ല്യനെയര്‍ എന്ന സിനിമ വിനയന്‍ മലയാളത്തില്‍ മാറ്റി ചെയ്യുന്നു പേര്- ജമാലിന്റെ നിക്കറും ലതികയുടെ പാവാടയും.

കാസ്റ്റ് ആന്‍ഡ് ക്രൂ-

ജമാല്‍- കലാഭവന്‍ മണി
സലീം- സുരേഷ് കൃഷ്ണ
ലതിക- പ്രവീണ
ചാനല്‍ മുലാളി- സായികുമാര്‍
റിയാലിറ്റി ഷോ മെഗാസ്റ്റാര്‍ – മാള അരവിന്ദന്‍

ദക്ഷിണകേരളത്തിലെ ഒരു പാവപ്പെട്ട ഗ്രാമത്തിലെ ചേരിയില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ആ ചേരിയിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ് ജമാല്‍ (കലാഭവന്‍ മണി). രണ്ടു കൈകളും രണ്ടു കാലുകളും നഷ്ടപ്പെട്ട ഊമയായ ജമാലിന് രണ്ടു കണ്ണിനും കാഴ്ചയില്ല. പക്ഷെ, ജമാല്‍ നന്നായി പാടും, ചിത്രം വരയ്ക്കും, നാടകമെഴുതും. കഥാപ്രസംഗം, മിമിക്രി എന്നിവയും വശമാണ്. തബല, ചെണ്ട തുടങ്ങിയ സാധനങ്ങള്‍ വായിക്കും. ചേരിനിവാസികളുടെ കണ്ണിലുണ്ണിയാണ് ജമാല്‍. എല്ലാ ദിവസവും രാത്രി ജമാലിന്റെ പാട്ടുകേട്ടാണ് അവര്‍ ഉറങ്ങാറ്. തന്റെ വേദനകള്‍ ഉള്ളിലൊതുക്കി ജമാല്‍ പാടുമ്പോള്‍ പ്രകൃതിപോലും നിശ്ചലമായി നില്‍ക്കും.

ജമാലിന് ഒരേയൊരു സഹോദരനേയുള്ളൂ സലീം (സുരേഷ് കൃഷ്ണ). ചേരിയിലെ മിക്കാവാറും പെണ്ണുങ്ങളെയും റേപ്പ് ചെയ്തിട്ടുള്ള സലീമിന് റേപ്പും കഞ്ചാവും ഒരു ഹോബിയാണ്. നാട്ടില്‍ എവിടെയെങ്കിലും സുന്ദരിമാരായ പെണ്ണുങ്ങളുണ്ടെന്നറിഞ്ഞാല്‍ സലീം പോയി റേപ്പ് ചെയ്യും. എന്നാല്‍ ചേരിയിലെ സൌന്ദര്യധാമമായ ലതികയെ സലീം തൊട്ടിട്ടില്ല. ലതികയെ തൊടാനുള്ള ധൈര്യം സലീമിനില്ല. ഐശ്വര്യ റായി പോലും തോല്‍ക്കുന്ന സൌന്ദര്യമാണ് ലതികയ്ക്ക.് നാട്ടിലെ മില്യനെയര്‍മാര്‍ ആ സ്ലമ്മിനു മുന്നിലൂടെ ഡോഗിനെപ്പോലെ നടന്നിട്ടു തിരിഞ്ഞു നോക്കിയിട്ടില്ല ലതിക. പിന്നെയാണ് കൂതറ സലീം.

സലീം ലതികയെ തൊട്ടുകളിക്കാത്തതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഭൂലോകസുന്ദരിയായ ലതികയ്ക്ക് സലീമിന്റെ സഹോദരനും വികലാംഗനുമായ ജമാലിനോട് പ്രണയമാണ്. ജമാല്‍ യേശുദാസിന്റെ ശബ്ദത്തില്‍ പാടുമ്പോള്‍ ലതിക എവിടെയായാലും ഓടിയെത്തും.

ലതികയെ സിനിമയില്‍ അവതരിപ്പിക്കുന്നത് ഒരു കുളിസീനിലൂടെയാണ്. ചേരിയുടെ നടുവിലുള്ള ആമ്പല്‍ കുളത്തില്‍ ലതികയും വേറെ ആറു പെണ്ണുങ്ങളും തുടിച്ചുകുളിക്കുന്നു. ലതിക നടുക്ക് പെണ്ണുങ്ങള്‍ ചുറ്റും. അപ്പോള്‍ സലീം അതുവഴി വരികയും ലതികയെ നോക്കി വെള്ളമിറക്കുകയും ചെയ്യുന്നതാണ് സീന്‍. നനഞ്ഞൊട്ടിയ ലതിക കയറിപ്പോവുമ്പോള്‍ സലീം അവളുടെ വഴി തടയുകയും അപ്പോള്‍ ചാടി വീഴുന്ന ജമാല്‍ സലീമിനെ അടിച്ചോടിക്കുകയും ചെയ്യുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം, ലതികയെ കണ്ടുമോഹിച്ച കോടീശ്വരനായ ഒരു ചാനല്‍ മുതലാളി (സായികുമാര്‍) അവളുമായി നേരമ്പോക്കു തരപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു. ചേരി വഴി കറങ്ങി നടക്കുന്ന മുതലാളി ചേരിയില്‍ സാമൂഹികസേവനത്തിനു വന്നതാണെന്നു പറഞ്ഞ് ലതികയുമായി അടുക്കാനനും സംസാരിക്കാനും ശ്രമിക്കുന്നു. എന്നാല്‍, തീര്‍ത്തും കന്യകയും അങ്ങേയറ്റം പരിശുദ്ധയുമായ ലതികയ്ക്ക് തന്റെ എല്ലാമെല്ലാമായ ജമാലിനെ വിട്ടൊരു പരിപാടിയില്ല.

മുതലാളിയുടെ ഉദ്ദേശം മറ്റേതാണെന്നു മനസ്സിലാകാത്ത പാവം ലതിക തന്റെ ജമാലിനെ ചികില്‍സിച്ചു കല്യാണം കഴിക്കാവുന്ന പരുവത്തിലാക്കുന്നതിനെപ്പറ്റി മുതലാളിയോട് ചര്‍ച്ച ചെയ്യുന്നുണ്ട്. ലതികയിലേക്കുള്ള വഴി ജമാലിലൂടെയാണെന്നു മനസ്സിലാവുന്ന മുതലാളി പിന്നെ എല്ലാ ദിവസവും ജമാലിന്റെ കാര്യം ശരിയാക്കുന്ന കാര്യം പറഞ്ഞ് ചേരിയിലെത്തുന്നു. ജമാലിന്റെ കാര്യമായതുകൊണ്ട് ചേരിയിലുള്ളവരും മുതലാളിയുടെ വരവില്‍ എതിര്‍പ്പൊന്നും കാണിക്കുന്നില്ല.

ചേരിയിലെ പല പെണ്ണുങ്ങളോടും താല്‍പര്യം തോന്നുന്ന മുതലാളി സലീമിനെ പാട്ടിലാക്കി ചേരിയിലെ പല പെണ്ണുങ്ങളെയും നശിപ്പിക്കുന്നു. ലതികയുടെ അടുത്ത കൂട്ടൂകാരിയെ മുതലാളിയും ആറു കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുന്ന സീന്‍ ആരുടെയും കരളലിയിക്കുന്നതായിരിക്കും. കൂട്ടബലാല്‍സംഗത്തിനിരയായിട്ടും മുതലാളി ജമാലിനെ ചികില്‍സിക്കുമല്ലോ എന്നോര്‍ത്ത് വിവരം ലതികയെ അറിയിക്കാതെ അവള്‍ പോയി ആദ്യം ലതികയുടെ കുളിസീന്‍ കാണിച്ച കുളത്തില്‍ മുങ്ങിച്ചാവുന്നു.

മെല്ലെ മെല്ലെ മുതലാളി സലീമിനോട് ലതികയാണ് തന്റെ ഉന്നം എന്ന സത്യം തുറന്നു പറയുന്നു. അവള്‍ വളയില്ലെന്നു സലീം പറയുന്നതോടെ അവളെ വളഞ്ഞുപിടിക്കാനുള്ള വഴികള്‍ മുതലാളി ആലോചിക്കുന്നു. സമ്പൂര്‍ണവികലാംഗനായ ജമാലിനെ ഓപ്പറേഷന്‍ ചെയ്ത് നോര്‍മലാക്കണമെങ്കില്‍ എല്ലാ ഓപ്പറേഷനും കൂടി ഏകദേശം രണ്ടുകോടി രൂപ ചിലവാകുമെന്നു പറയുന്ന മുതലാളി രണ്ടു കോടി രൂപ സമ്മാനമുള്ള തന്റെ ചാനലിലെ റിയാലിറ്റി ഷോയില്‍ ജമാലിനെ പങ്കെടുപ്പിക്കാമെന്നും സമ്മാനം കിട്ടിയാല്‍ ആ തുകയ്ക്ക് ഓപ്പറേഷന്‍ ചെയ്യാമെന്നും പറയുന്നു.

ഇതിനായി പ്രതീക്ഷയോടെ ജമാലും ലതികയും മുതലാളിയോടൊപ്പം ചാനല്‍ സ്റ്റുഡിയോയിലേക്കു പോകുന്നു. റിയാലിറ്റി ഷോയ്ക്കു വേണ്ടി അവര്‍ അവിടെ താമസിക്കുന്ന ദിവസങ്ങളില്‍ കാര്യം സാധിക്കുക എന്നതാണ് മുതലാളിയുടെ ലക്ഷ്യം. എന്നാല്‍ ഷോ തുടങ്ങുന്നതോടെ മെഗാസ്റ്റാര്‍ (മാള അരവിന്ദന്‍) ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കി ജമാല്‍ പടിപടിയായി മുന്നേറുന്നു. ഈ മെഗാസ്റ്റാര്‍ പണ്ട് ചേരിയില്‍ താമസിച്ചിരുന്ന ആളായിരുന്നെന്നും ആ വഴി ജമാലിനോടുള്ള കടപ്പാട് തീര്‍ക്കുന്നതിനു വേണ്ടി അവനെ ജയിപ്പിച്ചു വിടുന്നതാണെന്ന വിവരം പ്രേക്ഷകര്‍ മാത്രമേ അറിയുന്നുള്ളൂ.

അവസാനം ജമാല്‍ ഒരു കോടി രൂപയുടെ സമ്മാനം വാങ്ങിയ ദിവസം റിയാലിറ്റി ഷോ ലൈവ് നടക്കുമ്പോള്‍ റൂമില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ലതികയെ മുതലാളി അതിക്രൂരമായി… കരളലിയിക്കുന്ന ആ ബലാല്‍സംഗരംഗവും വളരെ വിശദമായി കാണിക്കും. ഒരു കോടി രൂപയുമായി റൂമിലേക്കെത്തുന്ന ജമാല്‍ കാണുന്നത് അഴിഞ്ഞുലഞ്ഞു കിടക്കുന്ന ലതികയെയാണ്. അവിടെയും കരളലിയിക്കുന്ന ചില രംഗങ്ങള്‍.

അവസാനദിവസം രണ്ടുകോടി രൂപയ്ക്കുള്ള അവസാനത്തെ ചോദ്യത്തിനുത്തരം കാത്തിരിക്കുന്ന ജമാല്‍. ഇത്തരം മുട്ടുമ്പോള്‍ ലൈഫ്ലൈന്‍ ഓപ്ട് ചെയ്ത് ജമാല്‍ ലതികയുടെ നമ്പരില്‍ വിളിക്കുന്നു. പക്ഷെ ആരും ഫോണെടുക്കുന്നില്ല. അപ്പോള്‍ റൂമില്‍ ലൈവ് നടക്കുന്ന ടിവിയുടെ മുന്നില്‍ തൂങ്ങിമരിച്ചുകിടക്കുന്ന ലതികയെ കാണിക്കും. എന്നാല്‍, കണ്ണുമടച്ച് ശരിയുത്തരം പറയുന്ന ജമാല്‍ കോടീശ്വരനായിത്തീരുന്നു. രണ്ടു കോടി രൂപ സമ്മാനം നല്‍കി ചാനല്‍ മുതലാളി ജമാലിന്റെ തോളത്തു കയ്യിട്ടു നില്‍ക്കുമ്പോള്‍ മുതലാളിയുടെ തോളത്തെ പിടി മുറുക്കുന്ന ജമാല്‍ തികച്ചും ലൈവായി അയാളെ കഴുത്തു ഞെരിച്ചു കൊല്ലുന്നു. (ഇതും ശുംഭം).

Related Posts with Thumbnails
blog comments powered by Disqus