ചിന്നക്കട ചന്ദ്രപ്പന്‍, ധാരാവി രാജപ്പന്‍ (സംവിധാനം പ്രിയദര്‍ശന്‍)

സ്ലംഡോഗ് മില്ല്യനെയര്‍ എന്ന ചിത്രം ആരെടുത്താലാണ് കൂടുതല്‍ നന്നാവുക എന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പമുള്ള സാഹചര്യത്തില്‍ മുന്തിയ ചില സംവിധായകരെ വച്ച് ഈ സിനിമ മലയാളത്തിലെടുക്കാന്‍ മാക്ട തീരുമാനിക്കുന്നു. അമ്മയ്ക്കു സിനിമ നിര്‍മിക്കാമെങ്കില്‍ എന്താ മാക്ടയ്ക്കായിക്കൂടെ. എല്ലാ താരങ്ങളെയും അമ്മ ഒരു സിനിമയിലഭിനയിപ്പിച്ചതുപോലെ എല്ലാ സംവിധായകര്‍ക്കും കൂടി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് മാക്ട വിവിധ സംവിധായകരെക്കൊണ്ട് ഈ സിനിമ മാറ്റി മാറ്റി ചെയ്യിക്കുകയാണ്.

പ്രിയദര്‍ശന്‍, വിനയന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എ.ടി ജോയ് (ഷക്കീല പിക്ചേഴ്സ്) എന്നിവരാണ് സിനിമ സംവിധാനങ്ങള്‍ ചെയ്യുന്നത്. ഇതില്‍ ഏതാണ് മികച്ചതെന്നു പ്രേക്ഷകര്‍ തീരുമാനിക്കുക. ഇതു കഴിഞ്ഞിട്ട് പിന്നെ മണാകുണാ വര്‍ത്തമാനം പറഞ്ഞേക്കരുത്. ഓരോ സംവിധായകനും അനുയോജ്യമായ രീതിയില്‍ പേരിലും കഥയിലും ഒക്കെ മാറ്റം വരുത്താനുള്ള അവകാശമുണ്ട്. മൂലകഥ മാറരുത് എന്നു മാത്രം. ഇത് സ്ലംഡോഗ് മില്ല്യനെയറിനെ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ സിനിമാ റിയാലിറ്റി ഷോയാണ്. ഇനി എന്തൊക്കെ കിടക്കുന്നു കാണാന്‍ ! നമുക്ക് റീമേക്കുകളിലേക്കു കടക്കാം.

സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ സ്ലംഡോഗ് മില്ല്യനെയറിന്റെ മലയാളം വേര്‍ഷന് നല്‍കുന്ന പേരാണ് ചിന്നക്കട ചന്ദ്രപ്പന്‍, ധാരാവി രാജപ്പന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നു പറയുമ്പോള്‍ സംഗതി ഗംഭീര്‍ ആന്‍ഡ് ഭയങ്കര്‍ ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. വളരെ വ്യത്യസ്തമായ ഈ പ്ലോട്ടിലൂടെ കോമഡിയാണ് പ്രിയന്‍ പറയുന്നത്.

ചിത്രത്തിന്റെ കാസ്റ്റ് ആന്‍ഡ് ക്രൂ ഇപ്രകാരമാണ്-

ജമാല്‍ – മോഹന്‍ലാല്‍
സലീം- മുകേഷ്
ചന്ദ്രപ്പന്‍- ശ്രീനിവാസന്‍
ചാനല്‍ മുതലാളി- നെടുമുടി വേണു
ഷോ നടത്തുന്ന മെഗാസ്റ്റാര്‍- സുനില്‍ ഷഡ്ഡി
ലകിത സോറി ലതിക – ബോളിവുഡ് പുതുമുഖം
മറ്റു വേഷങ്ങളില്‍- ഇന്നസെന്റ്, ജഗദീഷ്.
സംഗീതം- ബേണി ഇഗ്നേഷ്യസ്
ആര്‍ട് ഡയറക്ഷന്‍- സാബു സിറിള്‍
സംവിധാനം- പ്രിയദര്‍ശന്‍

ഗദ ഇങ്ങനെ:-

ജമാല്‍ (മോഹന്‍ലാല്‍) എന്ന ആറുവയസുകാരന്‍ പയ്യനും ചേട്ടന്‍ എട്ടുവയസ്സുകാരന്‍ സലീമും (മുകേഷ) കൊല്ലത്തെ ചിന്നക്കടയിലെ താമസക്കാരാണ്. വീട്ടില്‍ പട്ടിണിയും പരിവട്ടവുമൊക്കെയാണെങ്കിലും ബീച്ചിലും പാര്‍ക്കിലുമൊക്കെ കടലവില്‍പനയും ചില്ലറമോഷണങ്ങളുമാണ് ഇവന്‍മാരുടെ പരിപാടി. അങ്ങനെയിരിക്കുമ്പോഴാണ് സൂനാമിയുടെ വരവ്. സൂനാമിയില്‍പെട്ട് പിള്ളേരുടെ അപ്പച്ചനും അമ്മച്ചിയും വീടും ഒഴുകിപ്പോയി. അങ്ങനെ തനിച്ചായ കുട്ടികള്‍ അവിടെ നിന്ന് നമ്പര്‍ 20 മദ്രാസ് മെയിലില്‍ കയറി ബോംബെയ്ക്ക് പോകുന്നു.

അവിടെ ടൈറ്റില്‍സ്. ട്രെയിനില്‍ വച്ചുള്ള പിള്ളേരുടെ നമ്പരുകളും കോമഡികളുമായി ടൈറ്റില്‍സ് അങ്ങനെ കഴിയുന്നു. ടൈറ്റില്‍സിന്റെ അവസാനം മുംബൈ റയില്‍വേ സ്റ്റേഷന്‍. 10 വര്‍ഷങ്ങള്‍ക്കു ശേഷം എന്ന് എഴുതിക്കാണിക്കുന്നു. റയില്‍വേ സ്റ്റേഷനില്‍ കൂലിയായി ജീവിക്കുന്ന ജമാലും റയില്‍വേ ഗുണ്ടയായി ജീവിക്കുന്ന സലീമും വളര്‍ന്നിരിക്കുന്നു. പലവിധ ഫ്രോഡ് പരിപാടികള്‍ക്കിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി അവര്‍ ലതിക (ബോളിവുഡ് പുതുമുഖം) എന്ന കോടീശ്വരിയെ പരിചയപ്പെടുന്നു.

ഇവന്‍മാര്‍ പട്ടിണിക്കാരാണെങ്കിലും ഫുള്‍ടൈം മറൈന്‍ ഡ്രൈവിലും അതുപോലുള്ള അതിമനോഹരമായ സ്ഥലങ്ങളിലുമായിരിക്കും. ജമാലിനെ ഒഴിവാക്കിയിട്ട് കേരളത്തിലെ വലിയ ഒരണ്ടിക്കച്ചവടക്കാരന്റെ മകനായ അയ്യപ്പന്‍പിള്ള എന്ന പേരില്‍ ലതികയുടെ മുന്നിലവതരിക്കുന്ന സലീം അവളുമായി പെട്ടെന്നു പ്രണയത്തിലാകുന്നു. ഒരു ടിവിചാനല്‍ മുതലാളിയുടെ മകളായ ലതിക അയ്യപ്പന്‍പിള്ള എന്ന സലീമിനെ അച്ഛനു(നെടുമുടി വേണു) പരിചയപ്പെടുത്തുന്നു. ചേട്ടന്റെ തട്ടിപ്പുകളിെല്‍ പങ്കുചേരാതെ പാവം ജമാല്‍ ജെഎന്‍യു കാന്റീനില്‍ ചായ അടിക്കാരനായി കയറുന്നു.

അങ്ങനെയിരിക്കെ ലതികയുടെ അച്ഛന്‍ ചാനല്‍ മുതലാളി ചാനലിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ സ്റ്റേജ് ഷോയില്‍ (ഇവിടെ പത്തുപന്ത്രണ്ടു പെണ്ണുങ്ങളുടെ ഐറ്റം ഡാന്‍സ്) വച്ച് തന്റെ ഭാവി മരുമകനും കമ്പനിയുടെ പുതിയ ഡയറക്ടറുമായി അയ്യപ്പന്‍പിള്ള(സലീം)യെ പ്രഖ്യാപിക്കുന്നു. അതോടെ ലതികയെ കല്യാണം കഴിക്കാമെന്നു കരുതി നടന്നിരുന്ന അവളുടെ മുറച്ചെറുക്കനും ജെഎന്‍യു ലക്ചററുമായ ചന്ദ്രപ്പന്‍ (ശ്രീനിവാസന്‍) ലതികയെ സ്വന്തമാക്കുന്നതിനുള്ള കുതന്ത്രങ്ങളാലോചിക്കുന്നു.

കാന്റീനിലെ ചായ അടിക്കാരനായ ജമാലിനെ ഇറക്കി പ്രതികാരം ചെയ്യാന്‍ ചന്ദ്രപ്പന്‍ തീരുമാനിക്കുന്നു. ചാനല്‍ രാജാപ് മര്‍ഡോക്കിന്റെ അളിയന്‍ രാജപ്പനായി വേഷം കെട്ടിച്ച് ലതികയുടെ അഛ്ഛന്റെ ചാനലിനു വില പറയാനെന്ന വ്യാജേന ചന്ദ്രപ്പന്‍ ജമാലിനെ രംഗത്തിറക്കുന്നു. ചാനലിന്റെ ഷെയര്‍ഹോള്‍ഡേഴ്സ് 51 ശതമാനവും തന്നോടൊപ്പമാണെന്നു തട്ടിവിടുന്ന രാജപ്പന്‍ (ജമാല്‍) എത്രയും വേഗം ചാനല്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ രാജപ്പനായെത്തിയിരിക്കുന്നത് ജമാലാണെന്നു മനസ്സിലാവുന്ന ചന്ദ്രപ്പന്റെ വേഷം കെട്ടിയ സലീം അവനെ തുരത്തുന്നതിനായി പല പാരകളും പണിയുന്നു. ഇവിടെ കംപ്ലീറ്റ് കോമഡിയായിരിക്കും ജനം ചിരിച്ചു ചിരിച്ചു മരിക്കും.

ലതികയുടെ അച്ഛന്‍ ചാനല്‍ തന്റെ കയ്യില്‍ നിന്നു നഷ്ടപ്പെടാതിരിക്കുന്നതിനുള്ള വഴികളാലോചിക്കുന്നു. ഷെയര്‍ഹോള്‍ഡര്‍മാരെ തിരിച്ചു സ്വാധീനിക്കുന്നതിനെക്കാള്‍ എളുപ്പം രാജപ്പനെ (ജമാല്‍) കുപ്പിയിലാക്കുന്നതാണെന്നു മനസ്സിലായ അച്ഛന്‍ രാജപ്പനെ പ്രേമിക്കാന്‍ ലതികയോട് ആവശ്യപ്പെടുന്നു. ചാനല്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി ലതിക രാജപ്പനെ(ജമാല്‍) പ്രേമിക്കുന്നതായി ഭാവിക്കുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ലതിക ജമാല്‍ രാജപ്പനുമായി ഭയങ്കര പ്രണയത്തിലാകുന്നു. ലതികയുമായി അടുപ്പത്തിലായതുപോലെ അഭിനയിക്കുകമാത്രമേ ചെയ്യാവൂ എന്നു മുറച്ചെറുക്കന്‍ ചന്ദ്രപ്പന്‍ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും ജമാല്‍ രാജപ്പന്‍ അതെല്ലാം മറന്ന് അവളെ പ്രേമിക്കുന്നു.

ലതികയ്ക്ക് ജമാല്‍ രാജപ്പനോട് ഇഷ്ടം കൂടിയിട്ടുണ്ടെന്നു തോന്നുന്ന അയ്യപ്പന്‍പിള്ള സലീമും ചന്ദ്രപ്പനും ഒന്നിക്കുന്നു. തങ്ങള്‍ക്കു രണ്ടാള്‍ക്കും അവളെ നഷ്ടപ്പെടുന്നതിനെക്കാള്‍ നല്ലത് ജമാല്‍ രാജപ്പന് നഷ്ടപ്പെടുന്നതാണ് എന്നവര്‍ തീരുമാനിക്കുന്നു. സംഗതി ക്ലൈമാക്സിനോടടുക്കുന്നു. അണ്ടിക്കച്ചവടക്കാരനെക്കാള്‍ മര്‍ഡോക്കിന്റെ അളിയനാണ് നല്ലത് എന്നറിയാവുന്ന ലതികയുടെ അച്ഛന്‍ ചാനല്‍ കൈവിട്ടുപോകാതിരിക്കുന്നതിനും മര്‍ഡോക്കിന്റെ സാമ്രാജ്യത്തില്‍ ചെറിയൊരു ഷെയര്‍ സ്വന്തമാക്കുന്നതിനും വേണ്ടി ജമാല്‍ രാജപ്പനും ലതികയുമായുള്ള വിവാഹം നടത്താന്‍ തീരുമാനിക്കുന്നു.

അയ്യപ്പന്‍പിള്ള സലീമിനും ചന്ദ്രപ്പനും ഇത് വലിയ തിരിച്ചടിയാകുന്നെങ്കിലും ചന്ദ്രപ്പനും അയ്യപ്പന്‍പിള്ള സലീമും ഒന്നിച്ചുടക്കുന്നതോടെ ലതികയുടെ അച്ഛന് കണ്‍ഫ്യൂഷനാകുന്നു. അപ്പോള്‍ പുള്ളി ഒരു നമ്പരിടുന്നു. പുള്ളിയുടെ ചാനലില്‍ നടക്കുന്ന ആര്‍ക്കടിക്കും രണ്ടുകോടി എന്ന റിയാലിറ്റി ഷോയില്‍ മൂന്ന് പേരും പങ്കെടുക്കുക. ആരാണോ ജയിക്കുന്നത് അവന് പെണ്ണിനെ കെട്ടിച്ചു കൊടുക്കും.

മെഗാസ്റ്റാര്‍ (സുനില്‍ ഷഡ്ഡി) നടത്തുന്ന റിയാലിറ്റി ഷോയില്‍ മൂവരും പങ്കെടുക്കുന്നു. ജമാല്‍ രാജപ്പനോടു താല്‍പര്യമുള്ള ലതികയുടെ അച്ഛന്‍ അവന്റെ മുറിയിലെ കണ്ണാടിയില്‍ ഹാഹാ എന്നു വച്ച് നീരാവിയുണ്ടാക്കിയിട്ട് ഉത്തരങ്ങള്‍ എഴുതിയിടുകയും അതുപറഞ്ഞ് ജമാല്‍ അടുത്ത റൌണ്ടിലേക്കു കടക്കുകയും മറ്റവന്‍മാര്‍ രണ്ടുപേരും പുറത്താക്കപ്പെടുകയും ചെയ്യുന്നു. ജമാല്‍ പുല്ലുപോലെ വിജയിച്ചു കയറുമ്പോള്‍ മറ്റവന്‍മാര്‍ പോയി സാക്ഷാല്‍ മര്‍ഡോക്കിന്റെ യതാര്‍ത്ഥ അളിയനെ പിടിച്ചോണ്ടു വരുന്നു. ജമാല്‍ ശരിക്കും ആരാണെന്നറിയുന്നതോടെ ലതികയുടെ അച്ഛന്‍ പിന്നെയങ്ങോട്ട് തെറ്റായ ഉത്തരങ്ങള്‍ മാത്രം ഹാഹാ എന്നു വച്ച് നീരാവിയുണ്ടാക്കി എഴുതിയിടുന്നു.

എന്നാല്‍ ജമാലിനെ നഷ്ടപ്പെടാനാഗ്രഹിക്കാത്ത ലതിക അവസാനത്തെ നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയലയുമ്പോള്‍ ആ സ്നേഹം കണ്ട് തരളിതനായ സാക്ഷാല്‍ മര്‍ഡോക്കിന്റെ യഥാര്‍ത്ഥ അളിയന്‍ ശരിയുത്തരം പറഞ്ഞുകൊടുക്കുകയും അത് ജമാലിനു ചോര്‍ത്തിക്കൊടുത്ത് അവനെ കോടിപതിയാക്കുകയും ചെയ്യുന്നു. ജമാല്‍ ശരിക്കും ആരാണെന്ന് തനിക്കാദ്യമേ അറിയാമായിരുന്നു എന്നു ലതിക പറയുമ്പോള്‍ ആ സ്നേഹത്തിനു മുന്നില്‍ എല്ലാവരും തല കുനിക്കുകയും സലീമും ചന്ദ്രപ്പനും മറ്റും ജമാലിനോടു സോറി പറയുകയും ചെയ്യുന്നു (ശുംഭം).

ഇനി നാളെ: ജമാലിന്റെ നിക്കറും ലതികയുടെ പാവാടയും (സംവിധാനം വിനയന്‍ )

Related Posts with Thumbnails
blog comments powered by Disqus