അപ്രിയദര്‍ശനും ചില ഓസ്കര്‍ ഗൂഢാലോചനകളും

സ്ലംഡോഗ് മില്ല്യനെയര്‍ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. സിനിമയുടെ പ്രമേയവും കുന്തവുമൊന്നുമല്ല ഇപ്പോള്‍ വിഷയം. നോമിനേഷനുകളുടെ പെരുക്കത്തിനു പുറമേ ഡാനി ബോയ്ല്‍ മികച്ച സംവിധായകനുള്ള ഡയറക്ടേഴ്സ് ഗില്‍ഡ് പുരസ്കാരം കൂടി നേടിയതോടെ ഓസ്കര്‍ പുരസ്കാരത്തിനടുത്തെത്തി നില്‍ക്കുന്ന ഈ സിനിമയ്ക്കെതിരെ വിവിധ തലങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ആസൂത്രിതമായ എതിര്‍പ്പുകളും ഗൂഡാലോചനകളുമാണ് പാശ്ചാത്യലോകത്ത് ചര്‍ച്ചാവിഷയം. മുന്നില്‍ സ്ലംഡോഗിന്റെ ഓസ്കര്‍ തട്ടിത്തെറിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം.

ഓസ്കറിലെ സ്ലംഡോഗിന്റെ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മുംബൈയിലെ ചേരിയെ ദുരുപയോഗിച്ചു എന്നാണെങ്കില്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി എന്ന മട്ടിലാണ് ഇന്ത്യന്‍ ബുദ്ധിജീവികളുടെ പരാമര്‍ശം. സ്ലംഡോഗിനെതിരെ പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ട ബിഗ്ബി പരാമര്‍ശം പിന്‍വലിച്ച് ഡീസന്റായപ്പോള്‍ മുംബൈയില്‍ നിന്ന് വളരെ ആസ്ൂത്രിതമായെന്നോണം ചിത്രത്തിനെതിരെ ചില നീക്കങ്ങള്‍ കരുത്താര്‍ജ്ജിച്ചു വരുന്നു.

ഇക്കാര്യത്തില്‍ വിവരമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍, ഹോളിവുഡ് സിനിമകള്‍ മോഷ്ടിച്ചു മലയാളത്തിലും മലയാളം പടങ്ങള്‍ മോഷ്ടിച്ചു ബോളിവുഡിലും നിര്‍മിച്ചുമാത്രം പരിചയമുള്ള പച്ചമലയാളിയായ പ്രിയദര്‍ശന്‍ ഈ ലോകസിനിമയ്ക്കെതിരെ പൊട്ടിത്തെറിച്ചത് ഏതു ഗൂഢാലോചനയുടെ ഭാഗമാണെന്നതു മനസ്സിലാവുന്നില്ല. സ്ലംഡോഗ് മില്ല്യനെയര്‍ എന്ന സിനിമയെ എഴുപതുകളിലെ ബോളിവുഡ് സിനിമകളുടെ ചീപ് ട്രാഷി മെഡികോര്‍ വേര്‍ഷന്‍ എന്നാണ് പ്രിയദര്‍ശന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാള്‍ ഇത്രയും കാലം പടച്ചുവിട്ടതാണ് ലോകോത്തര സിനിമ എന്നത് സ്ലംഡോഗ് സംവിധായകന്‍ ഡാനി അറിയുന്നുണ്ടോ ?

പ്രിയദര്‍ശന്‍ ചുമ്മാ അഭിപ്രായപ്പെടുകയല്ല രോഷം കൊണ്ട് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരമുള്ള ആളുകള്‍ 70കളില്‍ എടുത്ത ബോളിവുഡ് സിനിമകളുടെ വൃത്തികെട്ട അനുകരണമാണത്രേ സ്ലംഡോഗ് മില്യനെയര്‍. ഈ സിനിമ കണ്ട കോടിക്കണക്കിനാളുകള്‍ വെറും തെണ്ടികളാണെന്നു പ്രിയന്‍ പറഞ്ഞില്ലെങ്കിലും സിനിമയ്ക്കു ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനിച്ച വിധികര്‍ത്താക്കള്‍ക്കു ലോകസിനിമയെക്കുറിച്ച് അറിവില്ലെന്നു പറഞ്ഞു നമ്മുടെ പ്രിയപ്പെട്ടവന്‍.

ഇതു സംവിധാനം ചെയ്യേണ്ടിയിരുന്നത് ഡാനി ബോയ്ല്‍ എന്നയാളായിരുന്നില്ല മറിച്ച് മണിരത്നമായിരുന്നെന്നും എങ്കില്‍ കണ്ടേനെ പടം എന്നുമാണ് പ്രിയന്‍ പറഞ്ഞിരിക്കുന്നത് (എ.ആര്‍.റഹ്മാനു പകരം ബേണി-ഇഗ്നേഷ്യസ് ചെയ്യേണ്ടിയിരുന്നു സംഗീതം എങ്കില്‍ കിടുങ്ങിയേനെ എന്നു ഭാഗ്യത്തിനു പറഞ്ഞില്ല). ഇങ്ങനൊരു ചെക്കന്‍ പെട്ടെന്നു വളര്‍ന്ന് ഒരു ദേശീയനായനാകുന്നതും അവനെ പൊലീസുകാര്‍ പിടിച്ചോണ്ടു പോകുന്നതും ഇന്നത്തെ കാലത്ത് നടപ്പുള്ള കാര്യമാണോ എന്നു ചോദിക്കുന്ന പ്രിയന്‍ ഇത്തരമൊരു സിനിമ എടുക്കുന്നത് നമ്മുടെ സിനിമക്കാരാണെങ്കില്‍ അവനെ ഇന്‍ഡസ്ട്രിയില്‍ നിന്ന് അടിച്ചു പുറത്താക്കിയേനെ എന്നും കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ അഭിപ്രായപ്രകടനത്തിലുടനീളം പ്രിയന്‍ ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട്. ബോളിവുഡിന്റെ ആസ്ഥാനമായ മുംബൈപോലൊരു മനോഹരനഗരത്തില്‍ നിന്ന് കാണിക്കാന്‍ ചേരികളല്ലാതെ നല്ലൊരു സ്ഥലവും അതിന്റെ സംവിധായകനു കിട്ടിയില്ലേ എന്നു ചോദിക്കുന്ന പ്രിയന്‍ മനോഹരമായ മറൈന്‍ ഡ്രൈവില്‍ വച്ച് ഡാനി ഒരു ഷോട്ട് പോലും എടുക്കാത്തതെന്തേ എന്നും അതിശയിക്കുന്നു. ഇതിനു ചിലപ്പോള്‍ ഓസ്കര്‍ കിട്ടിപ്പോയാലും ഇ സിനിമയെ ഞങ്ങള്‍ അംഗീകരിക്കില്ല എന്നാണ് പ്രിയന്‍ പറയുന്നത്. വര്‍ണശബളമായ മുംബൈ മാത്രം കണ്ടിട്ടുള്ള പ്രിയനെ ഒരു സായിപ്പ് അതിന്റെ മറ്റേ മുഖം കാട്ടിക്കൊടുത്തപ്പോള്‍ അംഗീകരിക്കാനുള്ള മടിയാണ് പ്രിയന്റെ ഭാഷയിലുള്ളത്. ഒപ്പം ചെളിയും വിസ്സര്‍ജ്യങ്ങളും നിറഞ്ഞ പട്ടിണിയോടും പരാധീനതകളോടുമുള്ള വെറുപ്പും.

പ്രിയദര്‍ശന്റെ അഭിപ്രായങ്ങളെല്ലാം കേട്ട് ഡാനി- കഷ്ടം ! എന്നു പറഞ്ഞാല്‍ ഭാഗ്യം. മൈന്‍ഡ് ചെയ്യാതിരുന്നാല്‍ നന്നായി. സിനിമയ്ക്ക് രാജ്യമോ മതമോ വര്‍ണമോ ഭാഷയോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പ്രിയദര്‍ശന്റെ അഭിപ്രായങ്ങളെ അപരിഷ്കൃതനായ ഒരു മസാലപടം പിടുത്തക്കാരന്റെ അസൂയ മൂത്ത ജല്‍പനങ്ങളായേ കാണാന്‍ പറ്റൂ (ടൊറന്‍ഡോ ഫെസ്റ്റിവലില്‍ സ്ലംഡോഗും പ്രിയന്റെ കാഞ്ചീവരവും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. അന്നു തുടങ്ങിയതാവാം രോഗം). എന്തായലും ഒരു ചലച്ചിത്ര പ്രേക്ഷകനെന്ന നിലയില്‍, പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയിട്ടുള്ള സിനിമകള്‍ സ്ലംഡോഗ് മില്യനെയറിനെക്കാള്‍ ലോകോത്തരമാണെന്ന് സമ്മതിക്കാന്‍ വയ്യ.

ഡാനി എടുത്തിട്ടുള്ളതിനെക്കാള്‍ നല്ല ഷോട്ടുകള്‍ പ്രിയന്‍ എടുക്കുമായിരിക്കും. ഈ സിനിമ മണിരത്നം ചെയ്തിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്നൊക്കെ പറയുന്നത് വിവരക്കേടാണ്. മണിരത്നം ചെയ്യുമ്പോള്‍ ഇത് മറ്റൊരുസിനിമയാവുകയാണ് ചെയ്യുന്നത്. പ്രിയദര്‍ശന്റെ പരാമര്‍ശത്തില്‍ ഒരു മലയാളി എന്ന നിലയില്‍, ഒരു പ്രേക്ഷകനെന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. 13ന് ബില്ലു ബാര്‍ബര്‍ ഒന്നിറങ്ങിക്കോട്ടെ, അപ്പോള്‍ പറയാം ബാക്കി.

യുകെ പത്രങ്ങള്‍ ആഘോഷിക്കുന്നത് സിനിമക്കാര്‍ മുംബൈ ചേരിയെ ചൂഷണം ചെയ്തുവെന്നും കുട്ടികളെക്കൊണ്ട് അധികജോലിയെടുപ്പിച്ചുവെന്നും അവര്‍ക്കു വേണ്ടത്ര പ്രതിഫലം നല്‍കിയില്ല എന്നുമൊക്കെയുള്ള ആരോപണങ്ങളാണ്. സിനിമയിലൂടെ വില്‍ക്കാന്‍ ശ്രമിക്കുന്നത് ദാരിദ്യ്രരതി (പട്ടിണിക്കാരന്റെ ദുരിതങ്ങള്‍ കാണുമ്പോള്‍ പണക്കാരനുണ്ടാവുന്ന ഒരു തരം ആനന്ദം) ആണെന്നും ആരോപണമുണ്ട്.

സിനിമയിലൂടെ അത് വില്‍ക്കുന്നില്ലെങ്കില്‍ അത് പ്രത്യേകം അങ്ങിനെ തന്നെ വില്‍ക്കാനുള്ള പദ്ധതി അപ്പുറത്ത് ഒരുങ്ങിക്കഴിഞ്ഞു. സിനിമയുടെ നിര്‍മാതാക്കള്‍ തന്നെ ബ്രിട്ടണില്‍ നിര്‍മിക്കുന്ന ടിവി ചാനല്‍ റിയാലിറ്റി ഷോയാണ് സംഭവം. സീക്രട്ട് സ്ലംഡോഗ് മില്യണെയര്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന ബ്രിട്ടണിലെ കോടീശ്വരന്മാര്‍ക്ക് മുംബൈയിലെ ചേരികളിലെത്തി പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കാം, സഹായിക്കാം. സീക്രട്ട് മില്യനെയര്‍ എന്ന മറ്റൊരു റിയാലിറ്റി ഷോയുടെ ഫോര്‍മാറ്റിലാണ് പരിപാടി. രംഗം മുംബൈ ആയിരിക്കുമെന്നു മാത്രം. സിനിമയുടെ അതിപ്രശസ്തി മുതലാക്കുക എന്നതു തന്നെയാണ് ലക്ഷ്യം. മുംബൈയിലെ ദാരിദ്യ്രത്തെ വിറ്റുകാശാക്കാനാണ് ഈ പരിപാടി എന്നാ ആരോപണം ഉയര്‍ന്നു കഴിഞ്ഞെങ്കിലും ഇതുവഴി എത്രയോ കുംടുംബങ്ങള്‍ രക്ഷപെടും എന്നാലോചിക്കാനാണ് ഷോയുടെ പിന്നണിക്കാര്‍ പറയുന്നത്.

Related Posts with Thumbnails
blog comments powered by Disqus