ലോകത്തെ വിറപ്പിച്ച് ഗൂഗിള്‍

ഗൂഗിളില്ലെങ്കില്‍ ഇവിടെ എന്തൊക്കെ സംഭവിക്കും എന്നതിന് ഇതില്‍ കൂടുതല്‍ ഒരു തെളിവ് ആവശ്യമില്ല. ഇന്നലെ വൈകുന്നേരം എട്ടുമണി മുതല്‍ (ഇന്ത്യന്‍ സമയം) ഒരു മണിക്കൂറോളം ശ്വാസം കിട്ടാഞ്ഞിട്ടടെന്നപോലെ ലോകം പിടഞ്ഞു.

ഗൂഗിള്‍ തകര്‍ന്നു എന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ഓസ്ട്രേലിയന്‍ വെബ്സൈറ്റ് ആയ ഐടിവയര്‍ ആണെന്നു തോന്നുന്നു. എട്ടരയ്ക്കു ഗൂഗിളില്‍ മസാല്‍ദസയായ കിം കര്‍ദാഷിയന്റെ മാദകചിത്രങ്ങള്‍ തിരയുമ്പോഴാണ് (ചുമ്മാ കണ്ടു രസിക്കാന്‍) ഓള്‍ടെ ചിത്രങ്ങളുള്ള സൈറ്റുകളെല്ലാം ഹാം യുവര്‍ കംപ്യൂട്ടര്‍ എന്ന സന്ദേശം കണ്ടത്. ഗൂഗിള്‍ സേര്‍ച്ചിന്റെ അഡള്‍ട്ട് ഫില്‍ട്ടറൊക്കെ മാറ്റി നോക്കി. ഒരു രക്ഷയുമില്ല, അങ്ങനെ സേര്‍ച്ച് ചെയ്ത് സേര്‍ച്ച് ചെയ്ത് പരിപാവനമായ വിക്കിപ്പീഡിയയില്‍ എത്തിയപ്പോള്‍ അതാ കാണിക്കുന്നു- വിക്കിപ്പീയയും ഹാം യുവര്‍ കംപ്യൂട്ടര്‍.

ഗൂഗിള്‍ രക്ഷിച്ചു എന്നു കരുതി ചുമ്മാ ഗൂഗിള്‍ എന്നു സേര്‍ച്ച് ചെയ്തപ്പോള്‍ ദൈവമേ, ഗൂഗിള്‍ ഹാം യുവര്‍ കംപ്യൂട്ടര്‍ എന്ന് ഗൂഗിള്‍ തന്നെ പറയുന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. ബെര്‍ളിച്ചായന്‍ ചെറ്റയും തെണ്ടിയും ആണെന്ന് ബെര്‍ളിച്ചായന്‍ തന്നെ പറയുന്നതുപോലെ ഒരു ഫീല്‍. ഒരു നിമിഷം ഞാന്‍ തന്നെയാണ് ഗൂഗിള്‍ എന്നെനിക്കു തോന്നി. ദാ, അത്തരമൊരു കാഴ്ച ഇനി കാണാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ചരിത്രത്തില്‍ സൂക്ഷിക്കാവുന്ന ആ പ്രിന്റ് സ്ക്രീന്‍ ഇതാ, ലിവിടെ കിടഗ്ഗുന്നു-

അധികം താമസിയാതെ വിദൂരദേശങ്ങളില്‍ നിന്ന് എന്റെ വിവരങ്ങള്‍ സേര്‍ച്ച് ചെയ്തിട്ട് കാണാതെ ഒരുപറ്റം സുന്ദരിമാര്‍ എന്നെ വിളിച്ചു. ഞാനവളുമാരുടെയൊക്കെ സംഗതികള്‍ ഹാം ചെയ്യുമെന്ന് പറഞ്ഞ ഗൂഗിളിനെ തേജോവധം ചെയ്യാമെന്നു വിചാരിച്ചിരിക്കുമ്പോള്‍ ചുമ്മാ തോന്നി ഗൂഗിള്‍ ന്യൂസില്‍ സേര്‍ച്ച് ചെയ്യാന്‍. അപ്പോള്‍ ദാ പൊങ്ങി വരുന്നു ഐടിവയറിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. വിറച്ചു. ഗൂഗിള്‍ തകരുക എന്നു പറഞ്ഞാല്‍ അതു ബ്ലോഗറിന്റെ കൂടി തകര്‍ച്ചയാണല്ലോ. ബ്ലോഗറിന്റെ തകര്‍ച്ച എന്നു പറഞ്ഞാല്‍.. ഈശ്വരാ ! അതു പറയാനെനിക്കു വാക്കുകള്‍ കിട്ടുന്നില്ല !! മൈ, മൈ.. അല്ലെങ്കില്‍ വേണ്ട മൈ ഗാാാാാഡ് !!

സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഇനി ഞാന്‍ പറഞ്ഞു നിങ്ങളറിയേണ്ട കാര്യയമില്ല. ഗൂഗിള്‍ സേര്‍ച്ച് ഇന്നലെ ഒരു മണിക്കൂറോളം തകരാറിലായി എന്നതു തന്നെയാണ് സംഭവം. ലോകത്തെ ഏറ്റവും ട്രസ്റ്റഡ് വെബ്സൈറ്റും ട്രസ്റ്റഡ് സേര്‍ച്ച് എന്‍ജിനുമായ ഗൂഗിളിനും ഒരബദ്ധം പറ്റിക്കൂടെ എന്നു തോന്നാം. പറ്റാം, പറ്റാവുന്നതേയുള്ളൂ, പക്ഷെ, പറ്റിക്കൂടാ. പറ്റിയാല്‍ മൊത്തം ഇ-ലോകത്തിന്റെയും പരിപ്പിളകും. ഗൂഗിളാണ് ലോകത്തിന്റെ സേര്‍ച്ച് എന്‍ജിന്‍ യാഹൂവും കൂഹൂവുമൊക്കെ പിന്നെ (അല്ലെങ്കിലും നമ്മള്‍ ബ്ലോഗര്‍മാര്‍ യാഹൂവിനെതിരാണല്ലോ).

ഗൂഗിളിന്റെ ദൂരന്തം എന്താണെന്ന് അറിയാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി വാര്‍ത്താശകലം കടമെടുത്തു പ്രസിദ്ധീകരിക്കുന്നു-

“ഗൂഗിള്‍ കുറച്ചുനേരം പണിമുടക്കി;
ഇന്റര്‍നെറ്റ് ലോകം നടുങ്ങി

വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിനു സംഭവിച്ച തകരാറില്‍ ലോകം പരിഭ്രിന്തിയിലായി. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി എട്ടുമണി മുതല്‍ ഒരുമണിക്കൂറോളമായിരുന്നു തകരാര്‍. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള എല്ലാ വെബ്സൈറ്റുകളും തുറക്കുന്നത് നിങ്ങളുടെ കംപ്യൂട്ടറിനു ഹാനികരമാണെന്ന സന്ദേശത്തോടെയായിരുന്നു തുടക്കം. ഗൂഗിള്‍ ഉപയോഗിച്ചു സെര്‍ച്ച് ചെയ്തു ലഭിച്ച വെബ്സൈറ്റുകളിലേക്കു കടക്കുന്നതും തടയപ്പെട്ടു. ഒരുമണിക്കൂറോളം കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഇരുട്ടിലാഴ്ത്തിയ പ്രശ്നം പിന്നീട് പരിഹരിച്ചു.

പ്രശ്നകാരണം എന്തെന്നു വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും ഗൂഗിള്‍ അധികൃതര്‍ പറയുന്നു. വിശദമായ പ്രസ്താവന പിന്നീടുണ്ടാവുമെന്നാണു സൂചന. തകാരാര്‍മൂലം ഇന്റര്‍നെറ്റ് വഴിയുള്ള വാണിജ്യവും വാര്‍ത്താവിനിമയവും തടസ്സപ്പെട്ടെക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനു പുറമേ മറ്റു സര്‍വീസുകളെയും പ്രശ്നം ബാധിച്ചിരുന്നു. ഗൂഗിളിന്റെ ഇ-മെയിലായ ജി-മെയിലില്‍ വന്ന സാധാരണ മെയിലുകള്‍ പോലും സ്പാം ഫോള്‍ഡറിലേക്കു മാറ്റപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇൌ പ്രശ്നം രാത്രി വൈകിയും പരിഹരിച്ചിട്ടില്ല.

ഗൂഗിളിന്റെ സ്ക്രിപ്റ്റിങ്ങില്‍ സംഭവിച്ച ആഭ്യന്തര തകരാറാവാം പ്രശ്നകാരണമെന്നു കരുതുന്നതായി ഐടി വിദഗ്ധര്‍ സൂചിപ്പിച്ചു. എന്നാല്‍, പുറത്തുനിന്നു വെബ്സൈറ്റ് ഹാക്ക് ചെയ്യാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. രണ്ടുദിവസം മുന്‍പും കുറച്ചുനേരത്തേക്കു ഗൂഗിളിന്റെ സേവനങ്ങള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 1995 മേയ് ഏഴിനാണ് ഇതിനു മുന്‍പ് ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതു വലിയ വാര്‍ത്തയായത്. ഗൂഗിള്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാകാത്തതായിരുന്നു അന്നത്തെ പ്രശ്നം.”

വാര്‍ത്താശകലം വന്നു ശകലം കഴിഞ്ഞപ്പോള്‍ ഗൂഗിളിന്റെ ബ്ലോഗില്‍ അവരുടെ ഔദ്യോഗിക വിശദീകരണം വന്നു. ഏതാനും മണിക്കൂറുകളായി ലോകം മുഴുവന്‍ ആ സംഗതി നോക്കി നോക്കിയിരിക്കുകയായിരുന്നു. ഗൂഗിളിന്റെ സേര്‍ച്ച് പ്രോഡക്സ് ആന്‍ഡ് യൂസര്‍ എക്സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് മെരീസ മേയര്‍ (അവരൊരു മേയറാണ്, നമ്മുടെ കൊച്ചിയിലെയോ കോഴിക്കോട്ടെയോ തിരുവനന്തപുരത്തെയോ മേയര്‍ക്ക് കംപ്യൂട്ടര്‍ ഓണ്‍ചെയ്യാനെങ്കിലും അറിയാമോ, ഹല്ല പിന്നെ !) ആണ് പോസ്റ്റിട്ടു കളഞ്ഞത്. ലാ പോസ്റ്റ് വായിക്കാന്‍ ലിതില്‍ ഞെക്കി ഞെക്കി പോവുക.

ആയമ്മയുടെ പോസ്റ്റ് വളരെ സിംപിളാണ്. അതായത് തെറ്റു സംഭവിച്ചു പൊറുക്കണം, ഇതൊരിക്കലും മറ്റൊരു തരത്തിലുമുള്ള തകരാറല്ല, പൂര്‍ണമായും ഹ്യൂമന്‍ എറര്‍ ആണ്. എന്തായിരുന്നു ആ ഹ്യൂമന്‍ എറര്‍ എന്നത് തിരക്കഥ സഹിതം അതില്‍ വിശദീകരിക്കുന്നുണ്ട്. അത് സത്യമാണോ നുണയാണോ എന്നെനിക്കറിയില്ല. പക്ഷെ, അതില്‍ ഭയങ്കരമായ ഒരു രാഷ്ട്രീയമുണ്ട് ( ഹും! ഗൂഗിള്‍ ബ്ലോഗറില്‍ തന്നെയിരുന്നു വേണമെടാ, ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ !). അതു വളരെ ഗുരുതരമാണെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.

ഇത് ഒരു സാങ്കേതികത്തകരാറോ ഒരു ഹാക്കിങ് ശ്രമമോ ആണെന്നു സമ്മതിച്ചാല്‍ ഗൂഗിള്‍ എന്ന പ്രസ്ഥാനത്തിന്റെ ഏതാനും ആണികള്‍ ഇളകി വീഴും. തിങ്കളാഴ്ച നാസ്ഡാക്കില്‍ ഗൂഗിള്‍ ഓഹരികള്‍ താഴെവീഴും. ഹ്യൂമന്‍ എറര്‍ എന്നു പറയുന്നതിന്റെ സുഖവും അതാണ്. ഒരാള്‍ക്കു സംഭവിച്ച കയ്യബദ്ധം. ഞങ്ങളുടെ സാങ്കേതികവിദ്യയോ, സുരക്ഷാസംവിധാനമോ വെല്ലുവിളിക്കപ്പെട്ടിട്ടില്ല എന്നുള്ള പ്രഖ്യാപനമാണ് ഈ വിശദീകരിക്കുന്ന ഹ്യൂമന്‍ എറര്‍. നന്മയുള്ള ഒരു പ്രസ്ഥാനമാണ് ഗൂഗിള്‍, അതിനു തകരാറൊന്നും ഉണ്ടാവാതിരിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. എങ്കിലും ഈ ഹ്യൂമന്‍ എററിനു പിന്നില്‍ ദുരൂഹമായ എന്തോ ഉണ്ടോ എന്നൊരാശങ്കയും ബാക്കി നില്‍ക്കുന്നു.

ഗൂഗിള്‍ പുതുതായി ആരംഭിച്ച മാല്‍വെയര്‍ തടയുന്നതിനുള്ള സ്റ്റോപ്പ്ബാഡ്വെയര്‍ ഡോട് ഓര്‍ഗുമായി സഹകരിച്ചുള്ള പദ്ധതിയിലെ പിഴവുകളാണ് എല്ലാ സൈറ്റുകളെയും കരിമ്പട്ടികയില്‍ പെടുത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഗൂഗിള്‍ സേര്‍ച്ചിനെ സ്തംഭിപ്പിച്ച തകരാറിന്റെ സ്വഭാവം എന്താണെന്നു മനസ്സിലായിട്ടില്ലെന്നും തങ്ങള്‍ പ്രാഥമിക അന്വേഷണം നടത്തി വരികയാണെന്നും ഗൂഗിള്‍ പ്രതിനിധി പ്രതികരിച്ചാതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.തകരാറിലായ സമയത്ത് ഗൂഗിള്‍ നല്‍കിയ സപ്പോര്‍ട്ട് പേജില്‍ നിന്ന സ്റ്റോപ്പ്ബാഡ്വെയര്‍ ഡോട് ഓര്‍ഡഗിലെത്തിയ കോടിക്കണക്കിനാളുകളുടെ തള്ളലില്‍ ആ സൈറ്റും തകരാറിലായി. സൈറ്റ് പുനസ്ഥാപിച്ച ശേഷം ഈ ഗൂഗിളിനിതെന്തു പറ്റി എന്നു ചോദിച്ച് തങ്ങളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റ് ഇട്ട് ഗൂഗിളിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണ്, സ്റ്റോപ്പ്ബാഡ്വെയര്‍ ഡോട് ഓര്‍ഗ് ചെയ്തത്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ലോകത്തെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികള്‍ സ്റ്റോപ്പ്ബാഡ്വെയറിന്റെ പദ്ധതിയില്‍ പങ്കാളികളാണ്.

അതുകൊണ്ട് ഇന്നു മുതല്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ബെര്‍ളിച്ചായനെ കാത്തോളണേ, ഇന്നും ബെര്‍ളിച്ചായനെ സ്വപ്നം കാണണേ, എന്നെങ്കിലുമൊരിക്കല്‍ ബെര്‍ളിച്ചായനെ കാണാന്‍ സാധിക്കണേ, ബെര്‍ളിച്ചായന്‍ എന്നെങ്കിലും ഞങ്ങടെ ഭവനം സന്ദരിശിക്കുമാറാകേണമെ തുടങ്ങിയ പ്രാര്‍ത്ഥനകളോടൊപ്പം ഗൂഗിളിനെയും അനുബന്ധ പ്രസ്ഥാനങ്ങളെയും കാത്തുരക്ഷിക്കേണമേ എന്നു കൂടി പ്രാര്‍ത്ഥിക്കുക.

ആരും ഒന്നും പേടിക്കേണ്ട. അഥവാ ഗൂഗിളിനെന്തെങ്കിലും സംഭവിച്ചാലും ബെര്‍ളി സേര്‍ച്ച് എന്ന പേരില്‍ പുതിയൊരു സേര്‍ച്ച് എന്‍ജിന്‍ ഈ അച്ചായന്‍ തുടങ്ങുന്നതായിരിക്കും. പക്ഷെ, ഒരു കാര്യം ബ്ലോഗ് എന്നു സേര്‍ച്ച് ചെയ്താല്‍ എന്റെ ബ്ലോഗ് മാത്രമേ കാണിക്കൂ, കേരളം എന്നും മലയാളം എന്നും സേര്‍ച്ച് ചെയ്താല്‍ എന്റെ പടങ്ങള്‍, വിക്കിപപ്പീഡിയയില്‍ എന്റെ പ്രൊഫൈല്‍ മാത്രം, ദാറ്റ്സ് ഓള്‍ !!

Related Posts with Thumbnails
blog comments powered by Disqus