പ്രിയ ബ്ലോഗര്‍ ജോ, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ചങ്കുറപ്പുണ്ടോ ?
മര്യാദയ്ക്ക് വല്ലതുമെഴുതി ഒരു മൂലയ്ക്ക് ജീവിച്ചു പോകാമെന്നു വച്ചാല്‍ ചിലര്‍ സമ്മതിക്കില്ല. നമ്മള്‍ അങ്ങോട്ടു വഴക്കിനു പോയില്ലെങ്കിലും ചിലര്‍ ഇങ്ങോട്ടു വന്നു കയറും. കുറെയൊക്കെ നമുക്ക് ക്ഷമിക്കാം, കുട്ടികളല്ലേ എന്നു കരുതി പോട്ടെന്നു വയ്ക്കാം. എന്നു കരുതി നമ്മുടെ വ്യക്തിത്വവും മറ്റും ചുമ്മാ കയറി വല്ലവനും ചോദ്യം ചെയ്യുമ്പോള്‍ ക്ഷമാശീലം പുലര്‍ത്തുന്നത് ഭൂഷണമല്ല.
ഞാന്‍ വീണ്ടും പറയുന്നു. മലയാളം ബ്ലോഗര്‍മാരുമായി വാഗ്വാദത്തിലേര്‍പ്പെടാന്‍ എനിക്കു താല്‍പര്യമില്ല. (ങൂം.. നിനക്കു വാഗ്വാദം നടത്താന്‍ ഇംഗീഷില്‍ നിന്നു മീനാക്ഷി റെഡ്ഡി മാധവനെ കൊണ്ടുവരാം- എന്നു പറഞ്ഞു കൊതിപ്പിക്കരുത്.) പക്ഷെ, ജോ എന്ന എന്ന സുഹൃത്തിനോട് നാലു വര്‍ത്താനം പറയാതെ എനിക്കുറക്കം കിട്ടില്ല. നല്ലവരായ എന്റെ എല്ലാ വായനക്കാരും ക്ഷമിക്കുക.
ജോ എന്ന സുഹൃത്തേ,
നമ്മള്‍ തമ്മിലുള്ള സംവാദങ്ങള്‍ പൂര്‍ണമായും ബ്ലോഗിലൂടെ ആയതുകൊണ്ട് നിങ്ങള്‍ പറഞ്ഞ, പിന്നെയും ആവര്‍ത്തിച്ച എല്ലാ വിവരക്കേടുകള്‍ക്കും ബ്ലോഗിലൂടെ തന്നെ മറുപടി പറയുന്നു. ആദ്യം മുതല്‍ പറയാം. കളേഴ്സ് എന്ന സിനിമയെ ഞാന്‍ റിവ്യൂ ചെയ്തതു മുതലാണ് നിങ്ങള്‍ അസ്വസ്ഥനായത്.
ഇതായിരുന്നു നിങ്ങളുടെ അഭിപ്രായം-
“പ്രിയ ബെര്‍ളീ… കഥ എന്തായാലും ഒരുപാടുപേരുടെ അധ്വാനവും ജീവിതവും ആ സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതുന്ന ഒരുപാടു മാധ്യമങ്ങള്‍ മലയാളത്തിലുണ്ട്. പക്ഷെ അവയെല്ലാം ചിത്രം റിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞേ ഈ വക വസ്തുതകള്‍ പ്രസിദ്ധീകരിക്കാരുള്ളൂ. കാരണം മേല്‍പ്പറഞ്ഞ “അന്ന “ത്തിന്‍റെ കാര്യങ്ങള്‍ തന്നെ. ഒരമ്പത് രൂപയും (സിനിമ ടിക്കറ്റിന്റെ ) പിന്നെ ഒരു ബ്രോഡ് ബാന്‍ഡ് കണക്ഷനും ഉപയോഗിച്ചു താങ്കള്‍ ചെയ്യുന്ന ഇത്തരം “റിവ്യൂ” കള്‍ മഹനീയം എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. താങ്കള്‍ക്കു മുന്നില്‍ ഒരു ദിലീപോ , രാജ് ബാബുവോ മാത്രം ഉണ്ടാവുകയുള്ളൂ. എന്നാല്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന എത്ര ആളുകള്‍ ക്ക് ആ സിനിമാ നിര്‍മ്മാതാവ് സഹായകമായി എന്നറിയാമോ?
നിരൂപണങ്ങള്‍ ആവാം….പക്ഷെ ഒരുപാടു പാവങ്ങളുടെ ശാപം പേറിക്കൊണ്ടു വേണ്ട.”
അതിനു ഞാന്‍ സഹോദരന് ഇങ്ങനെയൊരു മറുപടിയും തന്നു-
“ജോ, നിങ്ങള്‍ വലിയൊരു തമാശക്കാരനാണ്. ഒരുപാടു പാവങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സിനിമ കാണാന്‍ കുറെ കോടീശ്വരന്‍മാര്‍ പോകുന്നു. എന്നിട്ട് ആ കോടീശ്വരന്‍മാര്‍ സിനിമയെ വിമര്‍ശിക്കുന്നു. അല്ലേ ? വിവരക്കേട് പറയാം. പക്ഷെ അതില്‍ ഡിഗ്രിയെടുത്തിട്ടെന്ന പോലെ ഇങ്ങനെ ബാലിശമായ തിയറികള്‍ ചമയ്‍ക്കരുത്.
ജോയോട് രണ്ടു ചോദ്യങ്ങള്‍.
1. നിങ്ങളീ പറയുന്ന പാവങ്ങള്‍ അധ്വാനിച്ച ശേഷം അവര്‍ക്കു പ്രതിഫലം കിട്ടിയിട്ടില്ലേ ? അതായത് ഈ സിനി ഓടിയിട്ടു വേണോ അവര്‍ക്കു കഞ്ഞി കുടിക്കാന്‍ ? എന്‍റെ അറിവില്‍ സിനിമ ഓടിയാല്‍ കിട്ടുന്ന പണം തിയറ്ററുകാരും വിതരണക്കാരനും പ്രൊഡ്യൂസറും കൂടിയാണ് എടുക്കുന്നത്. അപ്പോള്‍ നിങ്ങള്‍ പറഞ്ഞ പാവങ്ങളും സിനിമ ഓടുന്നതും തമ്മിലുള്ള ബന്ധമെന്താണ് ?
2. പിന്നെ ഇത് ചലച്ചിത്ര റിയാലിറ്റി ഷോ ഒന്നുമല്ലല്ലോ, ചുമ്മാ നഷ്ടം സഹിച്ചു പ്രോല്‍സാഹിപ്പിക്കാന്‍. 50 വേണ്ട, 45 രൂപ മുടക്കി സിനിമയ്‍ക്കു പോയിട്ട് നിരാശപ്പെടുന്ന പ്രേക്ഷകന്‍ പിന്നെന്തു ചെയ്യണം ? എന്‍റെ വിധി എന്നു സമാധാനിക്കണോ ? മറുപടി പ്രതീക്ഷിക്കുന്നു. സത്യം പറ നിങ്ങളാണോ പ്രൊഡ്യൂസര്‍ ?”
അതുകഴിഞ്ഞ് കുറെ മണിക്കൂറുകളായി ഞാന്‍ നല്ല തിരക്കിലായിരുന്നു. ഫുള്‍ടൈം ബ്ലോഗില്‍ തൂങ്ങിക്കിടക്കുയല്ലാത്തതുകൊണ്ട് താങ്കളുടെയും മറ്റു സഹോദരന്‍മാരുടെയും കമന്റുകള്‍ ഇപ്പോഴാണ് കണ്ടത്. താങ്കളുടെ ശരിക്കുള്ള പ്രശ്നം എന്താണെന്ന് എനിക്കു മനസ്സിലാവുന്നില്ല. പറയൂ, തുറന്നു പറയൂ, പരിഹരിക്കാന്‍ പറ്റുന്നതാണെങ്കില്‍ നമുക്ക് ശ്രമിക്കാം.
താങ്കളുടെ മറുപടിയില്‍ തന്നെ പല തകരാറുകളുമുണ്ട്. ദുരന്തങ്ങളെ തമാശകൊണ്ട് നേരിട്ട വ്യക്തിയാണ് ഞാന്‍ – എന്നാണു താങ്കള്‍ അവകാശപ്പെടുന്നത്. ആ ദുരന്തങ്ങളുടെ അവസ്ഥയെന്തായിക്കാണും എന്നെനിക്കാശങ്കയുണ്ട്. ഇവിടെ താങ്ങള്‍ വെറുമൊരു തമാശയായി കാണേണ്ട കാര്യത്തെ നേരിട്ടു നേരിട്ട് ഒരു ദുരന്തമാക്കി മാറ്റുന്ന മട്ടുണ്ട്.
താങ്കള്‍ പറയുന്നു –
“ദീപക് രാജ് എഴുതുന്ന തമാശ കണ്ടു അത് പോലൊന്ന് എഴുതിനോക്കാംഎന്നു കരുതി ഒരു പോസ്റ്റ് ഇട്ടു. എന്‍റെ മറ്റു പോസ്റ്റുകളെ അപേക്ഷിച്ച് തീരെ നിലവാര മില്ല എന്ന് പറഞ്ഞു പ്രശാന്ത് ചെമ്മാട് ഒരു കമന്‍റ് ഇട്ടതോടുകൂടി എന്‍റെ തമാശയുടെ അര്‍ഥം എനിക്ക് മനസ്സിലായി.
“ഒരുപാടു പാവങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സിനിമ കാണാന്‍ കുറെ കോടീശ്വരന്‍ മാര്‍ പോകുന്നു എന്നിട്ട് അത് കണ്ടു വിവരക്കേട് പറയുന്നു” എന്ന താങ്കളുടെ പ്രസ്താവന എന്‍റെ കമന്റില്‍ ഇല്ല. താങ്കള്‍ അത് ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ എല്ലാവര്‍ക്കും അത് മുകളില്‍ വായിക്കാം. താങ്കള്‍ ഒരു കോടീശ്വരന്‍ ആണെങ്കില്‍ അതിങ്ങനെ നാട്ടുകാരെ കേള്‍പ്പിക്കണം എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.”
താങ്കളുടെ പ്രസ്താവനയില്‍ അങ്ങനെയുണ്ടെന്ന് ഞാനും പറഞ്ഞിട്ടില്ല. പിന്നെ താങ്കളെഴുതിയ ഏതോ പോസ്റ്റിനു നിലവാരമില്ല എന്നാരോ പറഞ്ഞതിന്റെ പരിഭവം ഈ വിഷയവുമായി കൂട്ടിക്കെട്ടുന്നതു ശരിയല്ല. പിന്നെ, ഞാന്‍ കോടീശ്വരന്‍ ആണെന്നത് ഇനി നിങ്ങള്‍ മാത്രമേ അറിയാത്തതുള്ളൂ. കഴിഞ്ഞ വര്‍ഷം ടാക്സ് ആയി മാത്രം 73 കോടി രൂപയാണ് ഞാനടച്ചത്. ആ ടാക്സ് മന്ത്രി എന്റെ എസ്റ്റേറ്റ് ബംഗാവില്‍ വന്നു വാങ്ങുന്ന വാര്‍ത്തയും പടവും എല്ലാ പത്രങ്ങളിലുമുണ്ടായിരുന്നല്ലോ. കണ്ടില്ലേ ?
താങ്കള്‍ പറയുന്നു-
“ബ്ലോഗെഴുതുന്ന എല്ലാവരും ഒരു ഡിഗ്രീ എടുത്തിരിക്കണം എന്ന് ബ്ലോഗ് അക്കാദമി പോയിട്ട്, “ബ്ലോഗ്ഗര്‍ ” പോലും പറയുന്നില്ല. താങ്കള്‍ പോലും സാമ്പത്തിക ശാസ്ത്രത്തിലാണ് ആണ് ബിരുദം കൊണ്ടിരിക്കുന്നത്, എഴുതിയിട്ടുള്ള വിഷയങ്ങളില്‍ ഒന്നുമല്ല.”
പോടാ, പോയി ഡിഗ്രിയെടുത്തിട്ടു വാ, എന്നിട്ടു വന്ന് ബ്ലോഗെഴുത് ! – എന്നോ എന്നര്‍ത്ഥം വരുന്ന ഭാഷയിലോ എപ്പോഴാണ് ഞാന്‍ താങ്കളോട് ആശയവിനിമയം നടത്തിയത് എന്നുകൂടി വ്യക്തമാക്കണം. താങ്കള്‍ വെറുതെ കുറെ കാര്യങ്ങള്‍ ഉത്തരമെന്ന മട്ടില്‍ പറഞ്ഞുകൊണ്ട് അതിനുള്ള ചോദ്യങ്ങളൊക്കെ ഞാന്‍ ചോദിച്ചു എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കരുത്.
നമ്മുടെ ചര്‍ച്ച സിനിമയെപ്പറ്റിയായിരുന്നു. സിനിമ റിവ്യൂ എത്ര ദിവസം കഴിഞ്ഞാവാം. അന്നു തന്നെ പാടില്ല, ഒരാഴ്ച കഴിയുന്നതുവരെ ആരും മിണ്ടരുത് എന്നാണ് നിങ്ങളുടെ അഭിപ്രായം. ശരി. എനിക്കു രണ്ടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
ഒന്ന്, അതൊരു നല്ല സിനിമയാണെങ്കില്‍ മാധ്യമങ്ങള്‍ മൌനം പാലിക്കുന്നതു വഴി ആ രണ്ടാഴ്ചക്കാലം സിനിമയെ ജനങ്ങളിലേക്കെത്തിക്കാതിരിക്കുന്നത് കൊണ്ട് എന്തു പ്രയോജനം. അതുകൊണ്ട് ആര്‍ക്കാണ് ലാഭം ? എന്റെ പരിമിതമായ അറിവു വച്ച് അതാണു സാഹചര്യമെങ്കില്‍ നിര്‍മാതാവിന്റെ അടപ്പൂരും. കാരണം, രണ്ടാഴ്ചക്കു ശേഷം സിനിമയുടെ തിയറ്റര്‍ ഷെയര്‍ റേഷ്യോ മാറും. തിയറ്ററുകാരുടെ ഓഹരി വര്‍ധിക്കുകയും നിര്‍മാതാവിന്റേത് കുറയുകയും ചെയ്യും. അപ്പോള്‍ നിര്‍മാതാവിനും പാവപ്പെട്ട തൊഴിലാളികള്‍ക്കപം വേണ്ടി സംംസാരിച്ച ജോ ഇപ്പോള്‍ തിയറ്ററുകാരുടെ പക്ഷത്താവുന്നു.
എന്റെ രണ്ടാമത്തെ ചോദ്യം, അതൊരു മോശം സിനിമയാണെങ്കില്‍ പ്രതീക്ഷയോടെ സിനിമ കാണാന്‍ പോകുന്ന ജനക്കൂട്ടം കാശുപോയിക്കഴിഞ്ഞ് നിര്‍മാതാവിന്റെയും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും തന്തയ്ക്കു വിളിക്കുന്നതു വഴി എത്രയോ ആളുകളുടെ ഊര്‍ജം പാഴാവുന്നു, എത്രയോ പാവം തന്തമാര്‍ വെറുതെ ക്രൂശിലേറ്റപ്പെടുന്നു. എങ്കിലും അതു സംഭവിക്കണം എന്നാണു താങ്കളുടെ നിലപാടെങ്കില്‍ സാധാരണക്കാരായ ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നവരുടെ പക്ഷത്താണു താങ്കള്‍.
ഇതൊക്കെ പോട്ടെന്നു വയ്ക്കുമ്പോഴും വളരെ ഗുരുതരമായ ഒരാരോപണം നിങ്ങള്‍ ഉന്നയിക്കുന്നു-
“സിനിമ ഓടാതിരിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ ബ്ലോഗിലൂടെ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയല്ലേ.”
അങ്ങനെയൊരു പരിശ്രമം ഉണ്ടെങ്കില്‍ അതു മലയാള സിനിമയ്ക്കു ദേഷമാണ്. അത് എതിര്‍ക്കപ്പെടണം. അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കളേഴ്സ് എന്ന സിനിമയുടെ റിവ്യൂ എഴുതുന്നതിലൂടെ ഞാന്‍ അത്തരമൊരു പരിശ്രമം നടത്തി എന്നു നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ മുന്നോട്ടു പോവുക, എന്റെ എല്ലാ സഹകരണങ്ങളും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം തൊട്ടു മുമ്പിലത്തെ ഖണ്ഡികയില്‍ നിങ്ങള്‍ ഉറച്ചു പറഞ്ഞ കാര്യം (‘അനുഭവം കൊണ്ടോ, വിദ്യാഭ്യാസം കൊണ്ടോ ഒരു പക്ഷെ താങ്കളേക്കാള്‍ പിന്നിലായിരിക്കാം ഞാന്‍. എന്ന് കരുതി എനിക്ക് പറയാനുള്ളത് നിര്‍ഭയം പറയാതിരിക്കുകയോന്നും ഞാന്‍ ചെയ്യില്ല.’) നിങ്ങളൊഴികെ മറ്റുള്ളവര്‍ക്കൊക്കെ നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമാക്കുകയും വേണം.
നിര്‍മാതാവ് മാര്‍വാഡിയില്‍ നിന്നു പലിശയ്ക്കു പണമെടുത്തു വേണം സിനിമ നിര്‍മിക്കാന്‍ എന്നു ലോകത്താരും പറഞ്ഞിട്ടില്ല. പ്രത്യേകിച്ച് കേരളത്തിലെ പ്രേക്ഷകര്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ആ കടം തീര്‍ക്കാനുള്ള ബാധ്യത ഈ പ്രേക്ഷകരുടെ മേല്‍ ആരോപിക്കണമെങ്കില്‍ നിങ്ങള്‍ അപാര പുള്ളിയാണ്.
സിനിമ മോശമായതിന്റെ പേരില്‍ നിര്‍മാതാക്കള്‍ ആത്മഹത്യ ചെയ്തേക്കുമോ എന്ന ആശങ്കയാണ് നിങ്ങള്‍ക്ക്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്ന ലക്ഷക്കണക്കിനാളുകളെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയില്ല. നിങ്ങള്‍ ഏതു പക്ഷത്താണെന്നത്, ആരുടെ വക്താവാണെന്നത് വ്യക്തമാണു സുഹൃത്തേ.
എന്റെ റിവ്യൂ നെറ്റില്‍ വന്നതിന്റെ പേരില്‍ പടംം പൊളിയുമെന്നാണ് നിങ്ങള്‍ പറയുന്നത്. സുഹൃത്തേ, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും വായിക്കുന്ന ബ്ലോഗല്ല എന്റേത്. ബ്ലോഗ് പോസ്റ്റ് എഴുതിയിട്ട് ഇമെയില്‍ വഴി ഞാന്‍ ആര്‍ക്കും അയച്ചുകൊടുക്കാറുമില്ല. ഒരു ദിവസം ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമേ എന്റെ ബ്ലോഗ് വായിക്കാറുള്ളൂ. അവരില്‍ 60 ശതമാനത്തിന്റെയും പരിധിയില്‍ മലയാളം സിനിമ ഓടുന്ന തിയറ്ററുകളില്ല. പിന്നെത്ര പേര്‍ ? അതൊക്കെ പോട്ടെ, ഇത് സിനിമയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് പച്ച മലയാളത്തില്‍ താഴെ എഴുതിവച്ചത് നിങ്ങള്‍ക്കു സുഖിച്ചില്ല.
സുഹൃത്തേ, മലയാളം സിനിമ ഓടണമെന്നു തന്നെ കരുതുന്ന ഒരാളാണു ഞാന്‍. കൂതറ പടങ്ങള്‍ നല്ലതാണെന്നും തരക്കേടില്ല എന്നുമൊക്കെ റിവ്യൂ എഴുതി എന്ന പേരില്‍ ഇവിടെ ഏറ്റവും കൂടുതല്‍ തെറി കേട്ടിട്ടുള്ളവനാണ് ഞാന്‍. സഹിക്കാവുന്ന സിനിമകളെയൊക്കെ ഞാന്‍ നല്ല സിനിമകളെന്നു വിളിക്കും. എങ്ങനെയെങ്കിലും ഓടിപ്പോകട്ടെ എന്നാണു വിചാരിക്കുന്നത്. അത് നിര്‍മാതാവിന്റെ അണ്ടര്‍വെയര്‍ കീറാതിരിക്കട്ടെ എന്നു കരുതിയിട്ടൊന്നുമല്ല. സിനിമകള്‍ ഓടിയില്ലെങ്കില്‍ ഇവിടെ ഇന്‍ഡസ്ട്രി ഉണ്ടാവില്ല. എന്നു കരുതി പണം മുക്കി സിനിമയ്ക്കു പോകുന്ന എന്നെപ്പോലുള്ള മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനെനിക്കാവില്ല.കോടീശ്വരനാണെങ്കിലും 45 രൂപയുടെ വില എനിക്കറിയാം. 45 രൂപയ്ക്ക് എത്ര നേരം ചോറുണ്ണാമെന്നും എത്ര ദിവസം ചായ കുടിക്കാമെന്നും ഒരു പക്ഷേ നിങ്ങളെക്കാള്‍ കൃത്യമായി എനിക്കറിയാം.
ഇത്രയുമായ സ്ഥിതിക്ക് ഒന്നു ചോദിച്ചോട്ടെ. കളേഴ്സ് എന്ന സിനിമ നിങ്ങള്‍ കണ്ടോ ? നിങ്ങളുടെ കമന്റുകള്‍ കണ്ടിട്ട് കണ്ട ലക്ഷണമില്ല. പോട്ടെ, അടുത്ത കാലത്തിറങ്ങിയ ഏതൊക്കെ സിനിമകള്‍ നിങ്ങള്‍ തിയറ്ററില്‍ പോയി കണ്ടിട്ടുണ്ട് ? അതൊക്കെ വ്യാജ സിഡി ഇറങ്ങിയിട്ടു ഞാന്‍ കണ്ടോളാം എന്നു കൂടി പറഞ്ഞുകളയരുതേ.
റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും പറ്റിയാല്‍ ആദ്യദിവസം തന്നെ തിയറ്ററില്‍ പോയി കാണുന്നവനാണ് ഞാന്‍. നല്ല സിനിമയാണെങ്കില്‍ കയ്യടിക്കുകയും കൂതറയാണെങ്കില്‍ കൂവുകയും സംവിധായകന്റെയും എഴുത്തുകാരന്റെയും തന്തയ്ക്കു വിളിക്കുകയും അടുത്ത ഷോയ്ക്ക് ടിക്കറ്റെടുക്കാന്‍ നില്‍ക്കുന്നവരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രേക്ഷകനാണ് ഞാന്‍. ചുമ്മാ, മുതലക്കണ്ണീരൊഴുക്കുന്ന കള്ളന്മാരെക്കാള്‍ സിനിമയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം ഒരിക്കലും നിഷേധിക്കപ്പെടില്ല സുഹൃത്തേ. ക്രേസി ഗോപാലനും ലവ് ഇന്‍ സിംഗപ്പൂരും ഞാന്‍ കണ്ടില്ല. അതുകൊണ്ട് അവയെക്കുറിച്ച് ഒന്നും പറയാനുമില്ല.
നിങ്ങള്‍ ചോദിക്കുന്നു-
“”50 വേണ്ട, 45 രൂപ മുടക്കി സിനിമയ്‍ക്കു പോയിട്ട് നിരാശപ്പെടുന്ന പ്രേക്ഷകന്‍ പിന്നെന്തു ചെയ്യണം ? ” എന്ന് താങ്കള്‍ ചോദിക്കുന്നു. അപ്പോള്‍ കോടികള്‍ കടമെടുക്കുന്ന നിര്‍മ്മാതാവ് പിന്നെ എന്ത് ചെയ്യും – എന്ന് അന്വേഷിക്കാനുള്ള മാനസികാവസ്ഥ താങ്കള്‍ക്കുണ്ടോ? “
ഈ ചോദ്യം കളേഴേസ് എന്ന സിനിമ ഓടുന്ന ഏതെങ്കിലും തിയറ്ററിനു മുന്നില്‍ ചെന്നു നിന്നു സിനിമ കണ്ടിറങ്ങി വരുന്ന പ്രേക്ഷകരോടു ചോദിക്കാന്‍ ധൈര്യമുണ്ടോ ? അവരു തരും നിങ്ങള്‍ക്കുള്ള മറുപടി. ആംബുലന്‍സ് നേരത്തെ പറഞ്ഞു വയ്ക്കുന്നതാണ് നല്ലത്.
സിനിമ പറഞ്ഞു കഴിഞ്ഞ് താങ്കള്‍ എന്നെ മൊത്തത്തോടെ നന്നാക്കിക്കളയാനിറങ്ങിയതെന്തിനാണെന്നു മനസ്സിലായില്ല. ഡി. പ്രദീപ്കുമാറിനെ ഞാന്‍ പോസ്റ്റിട്ടു തേജോവധം ചെയ്തു എന്നതാണു നിങ്ങളുടെ പ്രശ്നം. തേജോവധം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണന്നറിയാമോ നിങ്ങള്‍ക്ക് ? ഇനിയിപ്പോള്‍ പ്രദീപ്കുമാറിന് അങ്ങനെയൊരു പരാതി ഉണ്ടെങ്കില്‍ അത് അദ്ദേഹം വേണ്ടതുപോലെ കൈകാര്യം ചെയ്തുകൊള്ളും. അദ്ദേഹം നിങ്ങളെ ആ ജോലി ഏല്‍പിച്ചിട്ടുണ്ടെങ്കില്‍ അതു വ്യക്തമാക്കണം.
ആ പോസ്റ്റിട്ടതിലൂടെ എന്റെ മനോനില എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി എന്നു നിങ്ങള്‍ പറയുന്നു. സത്യം പറഞ്ഞാല്‍ എനിക്കതത്ര മനസ്സിലായിട്ടില്ല. എല്ലാവര്‍ക്കും മനസ്സിലായ നിലയ്ക്ക് അതൊരു രഹസ്യമല്ലല്ലോ, പ്ലീസ് പറയൂ, എന്താണ് ആ മനോനില. അതറിയാത്ത ചിലരെങ്കിലും കാണും, അവരെക്കൂടി അറിയിക്കൂ.
പിന്നെ, ഒരാള്‍ക്ക് ഇമെയില്‍ അയക്കണോ പോസ്റ്റിടണോ എന്നൊക്കെ ഞാന്‍ തീരുമാനിച്ചോളാം. എനിക്കു ഫില്‍ട്ടര്‍ ഉപയോഗിക്കാന്‍ അറിയാമോ ഇല്ലയോ എന്നൊന്നും നിങ്ങള്‍ അന്വേഷിക്കേണ്ട. എനിക്കു പലതും ഉപയോഗിക്കാനറിയാം. പ്രദീപ്കുമാറിന്റെ കാര്യത്തില്‍ ഇ മെയില്‍ പോരായിരുന്നോ എന്ന് പലരും ചോദിച്ചു. പോരാ എന്നു തോന്നിയതുകൊണ്ട്, അതൊരു പൊതുശല്യമായി മാറിയതുകൊണ്ടാണ് പോസ്റ്റിട്ടത്. അപ്പോഴും നിങ്ങള്‍ ഒരു പക്ഷത്താണ്. രണ്ടാഴ്ച അതില്‍ നിന്നുള്ള മെയില്‍ കാരണം കഷ്ടപ്പെട്ട ഇത്രയുമാളുകളെക്കുറിച്ചല്ല, ഞാന്‍ പോസ്റ്റിട്ടപ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട പ്രദീപ്കുമാറിനെക്കുറിച്ചാണ് നിങ്ങളുടെ വേദന.
ഇതൊന്നും പോരാഞ്ഞ് താങ്കള്‍ നടത്തിയ പരാമര്‍ശം എന്നെ സത്യത്തില്‍ ഞെട്ടിച്ചു കളഞ്ഞു. തമാശയെ ദുരന്തമായി നേരിടുന്നതെങ്ങനെ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്. ഇതാണ് താങ്കളുടെ കമന്റ്-
“ഞാന്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു എന്നതിനുള്ള ഒരു പരസ്യം ,ഒരു പോസ്റ്റ് ആയിത്തന്നെ ഇട്ടു. ” ബെര്‍ളിച്ചായന്റെ ചാര്‍ളിയും സു വിന്‍റെ സംഗീതയും ” എന്നതായിരുന്നു തലക്കെട്ട്. ചാര്‍ളി – സംഗീത എന്ന കഥാപാത്രങ്ങളുടെ വിശകലനം ആയിരുന്നു ആ പോസ്റ്റില്‍ . അതിന് താങ്കള്‍ വളരെ രോഷാകുലനായി ചെയ്ത കമന്‍റ് ഇപ്പോഴും അവിടെയുണ്ട്. “സംഗതി അറിയാതെ എടുത്തു ചാടി ഇത്തരം വെല്ലുവിളി നടത്തുന്നത് താങ്കളെപ്പോലുള്ള ബഹുമാന്യര്‍ക്ക് അഭിലക്ഷനനീയം തന്നെയോ സുഹൃത്തേ. പോസ്റ്റ് ഇപ്പോഴും എന്‍റെ ഡ്രാഫ്റ്റില്‍ ഉണ്ട് . ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യും. അല്ലാതെ “ചുണ ” ഇല്ലാഞ്ഞിട്ടോന്നുമല്ല.”
സുഹൃത്തേ, നിങ്ങളുടെ പോസ്റ്റും അതിലെ എന്റെ കമന്റും ഇങ്ങനെയാണ്.
ഇതിനെ ഒരു രോഷപ്രകടനമായാണ്, അല്ലെങ്കില്‍ സംഗതി എന്താണെന്നറിയാതെ എടുത്തുചാടി നടത്തിയ വെല്ലുവിളിയായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ പ്രിയ സുഹൃത്തേ ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളെയോര്‍ത്ത് വേദനിക്കുന്നു. ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ കാര്യങ്ങളെ വിലയിരുത്തുന്നതെങ്കില്‍ നിങ്ങളുടെ ജീവിതം എത്ര സംഘര്‍ഷഭരിതമായിരിക്കുമെന്നു ഞാന്‍ ആശങ്കപ്പെടുന്നു. കഷ്ടം !
ഈ ബ്ലോഗിലെ മറ്റുള്ളവരുടെ കമന്റിനെക്കുറിച്ചും ആയിരക്കണക്കിനാളുകള്‍ ഇടാതെ പോയ കമന്റുകളെക്കുറിച്ചും നിങ്ങള്‍ എന്തിനു വ്യാകുലപ്പെടുന്നു ? നമ്മള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ അവര്‍ക്കിടമില്ലല്ലോ.
താങ്കള്‍ക്കുള്ള മറുപടിയായി ഒരു പോസ്റ്റ് തന്നെ വേണമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നതെനിക്കു മനസ്സിലാവും. പക്ഷെ, താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അതു പ്രയോജനപ്പെടും എന്നു തോന്നുന്നില്ല.
ബഹുമാന്യനായ സുഹൃത്തേ എന്നു വിളിച്ച ശേഷം ഉടന്‍ തന്നെ – എന്നൊരു കമന്റിട്ടത് രസകരമായി. പക്ഷെ, നിങ്ങള്‍ അറിയുക, അത്തരം വാക്കുകള്‍ ഒന്നും പോരാതെ വരുന്ന നാലാംകിട രചന എന്ന അര്‍ത്ഥത്തില്‍ മൂന്നു വര്‍ഷം മുമ്പ് ഒരു സുഹൃത്ത് ഇട്ട പേരാണിത്. എന്ന വാക്കുകളോടൊപ്പം ചേര്‍ത്ത് ആ വാക്കുകളുടെ വില കളയരുത്, പ്ലീസ്.
ഓര്‍കുട്ട് റിക്വസ്റ്റ് പരിഗണിക്കണമെന്നില്ല എന്നൊക്കെ പറയാന്‍ മാത്രം ഇവിടെന്തു സംഭവിച്ചു സുഹൃത്തേ. ബ്ലോഗും സൌഹൃദവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ദുരന്തങ്ങളെ തമാശ കൊണ്ട് നേരിടുന്ന നിങ്ങളുടെ ശൈലി ഒന്നുകൂടി വ്യക്തമായി.
അതൊക്കെ പോട്ടെ, നിങ്ങളുടെ അവസാനത്തെ രണ്ടു കമന്റുകള്‍ എനിക്കു മനസ്സിലായില്ല. ഡിഗ്രിയൊക്കെ ഉണ്ടെങ്കിലും ഇംഗീഷില്‍ ഞാന്‍ ഭയങ്കര വീക്കാണ്, സത്യമായിട്ടും. എന്റെ പ്രൊഫൈലില്‍ ആകെ രണ്ട് ഇംഗീഷ് വാക്യമുള്ളതില്‍ മൂന്നു തെറ്റുണ്ടായിരുന്നത് വായനക്കാരാണ് കണ്ടുപിടിച്ചു തിരുത്തിയത്, ത്രീ ഇയേഴ്സ് ബാക്ക് !
നിങ്ങളുടെ കമന്റില്‍ നിന്നെനിക്കു മനസ്സിലായത്. അനോണിമസായി കമന്റിട്ടതൊക്കെ ഞാനാണെന്നും മറ്റുമാണ്. മൊഡമെന്നും റൂട്ടറെന്നും പറഞ്ഞത് മനസ്സിലായില്ല. നിങ്ങളോട് പ്രതികരിക്കാത്തത്. കഴിഞ്ഞ കുറെ മണിക്കൂറുകളായി കട്ടപ്പണിയായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ സമയം, പുലര്‍ച്ചെ 3.10 നിങ്ങളോടു പ്രതികരിക്കുകയാണ്. ഐ‘പി അഡ്രസ് ട്രാക്ക് ചെയ്ത് നിങ്ങള്‍ എന്തു കണ്ടുപിടിച്ചൂന്നാ പറഞ്ഞത് ? അനോണി കമന്റുകള്‍ ഇട്ടത് ഞാനാണെന്നോ ? എങ്കില്‍ ഞാന്‍ നിങ്ങവെ വെല്ലുവിളിക്കുന്നു, അനോണിമസായി ഈ ബ്ലോഗിലെന്നല്ല, ലോകത്ത് ഏതെങ്കിലും ബ്ലോഗില്‍ ഞാനൊരു കമന്റിട്ടിട്ടുണ്ടെങ്കില്‍ തെളിയിക്കൂ, ചുണയുണ്ടെങ്കില്‍..
എനിക്കു നിങ്ങളെപ്പോലെ ട്രാക്കിങ്ങും രഹസ്യ ഇടപാടുകളും ഒന്നും അറിയില്ല സുഹൃത്തേ, ബ്ലോഗര്‍മാരല്ലാത്ത എന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിട്ടാണ് അനോണി ഓപ്ഷന്‍ തുറന്നത്. അല്ല, എന്റെ ബ്ലോഗില്‍ വരുന്നവരുടെ ഐപി ട്രാക്ക് ചെയ്യാന്‍ ഇയാളാര് ? പ്രൈവസി പോളിസി എന്നൊരു സാധനത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ട്രാക്ക് ചെയ്തു എന്നു പറഞ്ഞത് നിങ്ങള്‍ക്കെതിരെയുള്ള തെളിവായി മാറാതിരിക്കട്ടെ. പിന്നെ, സ്വന്തം വീട്ടില്‍ ഓടുപൊളിച്ചു കയറേണ്ട ഗതികേട് എനിക്കില്ല. നിങ്ങളുടെ അവസ്ഥയും ശീലങ്ങളും എനിക്കറിയുകയുമില്ല.
പക്ഷെ, എന്റെ വെല്ലുവിളി ഞാനാവര്‍ത്തിക്കുന്നു. അനോണി കമന്റുകള്‍ എന്റേതാണെന്ന് നിങ്ങള്‍ ട്രാക്ക് ചെയ്ത സ്ഥിതിക്ക് അത് ബ്ലോഗില്‍ പ്രഖ്യാപിച്ച നിലയ്ക്ക് അത് തെളിയിക്കൂ, ഉടന്‍ തന്നെ. ഇതിനുള്ള മറുപടിയും തെളിവുകളുമാണ് ഇനി ബൂലോഗത്തിനു വേണ്ടത്. അല്ലാതെ മണകുണാഞ്ചന്‍ വാദങ്ങളുന്നയിച്ചു തലയൂരാന്‍ നോക്കരുത് എന്നു കൂടി അപേക്ഷിക്കുന്നു. (ശുഭം)










