കളേഴ്സ് (റിവ്യൂ)

ഞെട്ടല്‍ മാറിയിട്ടില്ല ഇതുവരെ. ഇത്തരം സിനിമകളെടുക്കാന്‍ ആളുകള്‍ ഇപ്പോഴും ധൈര്യപ്പെടുന്നു എന്നതിന്റെ ഞെട്ടല്‍, സുനിത പ്രൊഡക്ഷന്‍സ് പോലൊരു ബാനറും അരോമ മണിയെപ്പോലൊരു നിര്‍മാതാവും പണം എന്നു പറയുന്ന സംഗതിയെ ഇങ്ങനെ തൃണമായി കാണുന്നതിനെക്കുറിച്ചുള്ള ഞെട്ടല്‍, തിയറ്ററില്‍ പണം മുടക്കി കയറിയിരിക്കുന്ന സാധാരണക്കാരായ ആളുകളുടെ ശാപമേല്‍ക്കുമെന്നറിഞ്ഞിട്ടും ഇതിലൊക്കെ അഭിനയിക്കാന്‍ തയ്യാറാവുന്ന താരങ്ങളുടെ അവസ്ഥ ആലോചിക്കുമ്പോഴുള്ള ഞെട്ടല്‍.

ഇതൊക്കെ വച്ചു നോക്കിയാല്‍ ലോലിപോപ് ഒക്കെ മഹത്തായ ചിത്രമാണ്. ഈ സിനിമയോട് കിടപിടിക്കത്തക്കവിയാണ്. പേടിക്കേണ്ട, ആ സിനിമ കണ്ട കേരളത്തിലെ വിരലിലെണ്ണാവുന്ന ആളുകളിലൊരാളാണ് ഞാനും.

കങ്കാരു എന്ന സിനിമയില്‍ നിന്ന് വല്ലതുമൊക്കെ പഠിച്ചശേഷമായിരിക്കും രാജ്ബാബു ഈ ചിത്രം സംവിധാനം ചെയ്യാനിറങ്ങിയത് എന്നു കരുതിയ ഞാന്‍ വെറും ഫൂള്‍. എന്നെപ്പോലെ റിലീസിങ് ഷോ കാണാന്‍ തിയറ്ററില്‍ ക്യൂ നിന്നു ടിക്കറ്റ് വാങ്ങിയ മറ്റുള്ളവര്‍ ബ്ലഡി ഫൂള്‍സ്. വി.സി.അശോകിന്റെ തിരക്കഥ ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കു നല്‍കേണ്ടതാണ്. ഒരു സിനിമ എങ്ങനെയായിരിക്കരുത് എന്നതിന്റെ മാതൃകയായി ഇതതിന്റെ തിരക്കഥ അവര്‍ക്കു പഠനവിധേയമാക്കാം.

എന്നാലും ഒരു സിനിമയാകുമ്പോള്‍ എന്തെങ്കിലും നല്ലതുണ്ടാവില്ലേ എന്നു തോന്നാം. ഞാന്‍ വളരെ ആത്മാര്‍ത്ഥമായി ശ്രമിച്ചു. ഏതു സിനിമയെയും അല്‍പം പോസിറ്റീവായി സമീപിക്കുന്നതാണ് എന്റെ രീതി. കാരണം, ബ്ലോഗ് എഴുതുന്നതുപോലെയല്ല സിനിമ എടുക്കുന്നത്. അതൊരു കലയും വ്യവസായവുമാണ്. ഒരുപാടാളുകളുടെ അധ്വാനവും സ്വപ്നവുമാണ് ഒരു സിനിമ. അതിനെ വെറുതെ താറടിക്കുന്നതിനോട് എനികക്കു യോജിപ്പില്ല. ഈ റിവ്യൂ പോലും എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മറ്റു പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ ഇതിഷ്ടപ്പെട്ടേക്കാം.

കഥ എന്നു പറയുന്ന സംഗതി പലതവണ വ്യഭിചരിക്കപ്പെട്ട ഒരു പ്ലോട്ട് മാത്രമാണ്. മലയാളസിനിമ വിജയകരമായി ഈ പ്ലോട്ട് ഉപയോഗിച്ചിരുന്ന കാലത്തു പോലും ജനം കൂവിയിറക്കിയ സീനുകള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സിനിമയില്‍ ചിത്രീകരിച്ചു വച്ചിരിക്കുന്നത്. ഇത്രയും നിലവാരമില്ലാത്ത ഗാനങ്ങള്‍ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല. വരികളും സംഗീതവും ഓര്‍ക്കസ്ട്രേഷനും 90കളിലെ ദൂരദര്‍ശന്‍ സീരിയലുകളുടെ ടൈറ്റില്‍ ഗാനത്തെ അനുസ്മരിപ്പിക്കുന്നു.

പിന്നെ പ്രതീക്ഷിക്കാനുള്ളത് കോമഡിയാണ്. ആക്ഷന്‍ കോമഡിക്കു വേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം വള്‍ഗറായി കലാശിച്ചു. ഇടക്കിടെ ചിരിയുണര്‍ത്തുന്നത് ചില ഡയലോഗുകളും സിറ്റ്വേഷന്‍ കോമഡികളും മാത്രം.

കഥ നടക്കുന്നത് കേരളത്തിലാണോ തമിഴ്നാട്ടിലാണോ എന്നൊന്നും പറയുന്നില്ലെങ്കിലും സിനിമയുടെ ഷൂട്ടിങ് നടന്നത് ഊട്ടിയിലായതിനാല്‍ കഥയും അവിടെയാണ് നടക്കുന്നതെന്ന് ഊഹിക്കാം. മിലിട്ടറി ഡോക്ടറായ ശരണ്യയുടെ മക്കളായ ഭാമയുടെയും റോമയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലവതരിപ്പിക്കുന്നത്. സ്കൂള്‍ അധ്യാപികയായ ഭാമയുടെ കഥാപാത്രവും എംടിവി ബക്രയെ അനുസ്മരിപ്പിക്കുന്ന കളേഴ്സ് എന്ന ടിവി ഷോയുടെ അവതാരകയായ റോമയുടെ പിങ്കി എന്ന കേന്ദ്രകഥാപാത്രവും ആദ്യപകുതിയിലുടനീളം കനത്ത ബോറടി സമ്മാനിക്കുന്നു.

കണ്ടു കണ്ടു മടുത്ത റോമയുടെ ഓവര്‍സ്മാര്‍ട്ട് പെണ്‍കുട്ടിയുടെ കഥാപാത്രത്തെ അറുബോറായ അഭിനയത്തിലൂടെ റോമ ഒരു വഴിക്കാക്കിയിട്ടുണ്ട്. വിനു മോഹനും ഭാമയും ചിത്രത്തില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രങ്ങളല്ല. നായകന്‍ ദിലീപ് ആണെന്നാണ് സങ്കല്‍പമെങ്കിലും ഇന്റര്‍വെല്ലിനു മാത്രമാണ് സഹോദരന് ഒരു എന്‍ട്രി ലഭിക്കുന്നത്. എയര്‍ഫോഴ്സ് ആണ് മിലിട്ടറി ആണ് എന്നൊക്കെ പറഞ്ഞ് തെക്കുവടക്കു നടക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല.

തന്റെ തുടക്കകാലത്ത് ദിലീപ് ചെയ്തുകൊണ്ടിരുന്ന ചില കഥാപാത്രങ്ങള്‍ പോലെ ദുര്‍ബലം. രണ്ടാം പകുതിയില്‍ ഈ കൊച്ചിന്റെ അച്ഛനല്ല മറ്റേ കൊച്ചിന്റെ അച്ഛന്‍ എന്ന മട്ടിലുള്ള ഭയങ്കരമായ ട്വിസ്റ്റുകളും ഹൃദയഭേദകമായ ഡയലോഗുകളും മറ്റും ഉണ്ടെങ്കിലും നല്ല സിനിമയെ തിരിച്ചറിയാന്‍ കഴിവില്ലാത്ത പത്തത്തെഴുനൂറോളം ആളുകള്‍ കൂവിക്കൊണ്ടിരുന്നതു കാരണം കാര്യമായൊന്നും മനസ്സില്‍ പതിഞ്ഞില്ല. ഇടയ്ക്ക് ഓരോ ഡയലോഗുകള്‍ കാതില്‍ പതിച്ചപ്പോഴൊക്കെ അറിയാതെ ഞാനും കൂവിപ്പോയി.

ചിത്രത്തെക്കുറിച്ച് കൂടുതലൊരു വിവരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലാത്തതിനാല്‍ മലയാള സിനിമയ്ക്ക് ഇത്ര മഹത്തായ സംഭാവന നല്‍കിയ തിരക്കഥാകൃത്ത് വി.സി അശോകിനും അതു പകര്‍ത്തി മീറ്റര്‍ കണക്കിന് ഫിലിം വേസ്റ്റാക്കിയതിന് സംവിധായകന്‍ രാജ്ബാബുവിനും ഓരോ ഷേക്ഹാന്‍ഡ് !! ഇനിയും ഇത്തരം സിനിമകള്‍ മാത്രമേ എടുക്കാവൂ.

(ഒരു പ്രേക്ഷകന്‍ എന്ന നിലയിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ഇതിനെ സിനിമയെ സംബന്ധിച്ച ആധികാരികമായ ഒരു റിവ്യൂ ആയി കാണേണ്ടതില്ല. തിയറ്ററില്‍ റിലീസ് ചെയ്തിട്ടുള്ള സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ വിലയിരുത്തല്‍ നടത്തുന്നതാണ് നല്ലത്).

image courtsey: nowrunning

Related Posts with Thumbnails
blog comments powered by Disqus