ഡി. പ്രദീപ്കുമാറിന് ഒരു തുറന്ന കത്ത്

ഇതൊരു ബോറന്‍ ടൈറ്റിലാണ്. പക്ഷെ, ആദരണീയനായ ഡി.പ്രദീപ്കുമാര്‍ വായിക്കുന്നതിനു വേണ്ടി മാത്രമാണ് പോസ്റ്റിന് ഈ ടൈറ്റിലിടുന്നത്. ബ്ലോഗിലെ ധാര്‍മികപ്രശ്നങ്ങള്‍ സംബന്ധിച്ചും ബ്ലോഗര്‍മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും ബ്ലോഗിലൂടെ ധര്‍മപ്രഭാഷണവും ധാര്‍മികരോഷപ്രകടനവും നടത്തുന്ന ഡി.പ്രദീപ്കുമാറിന്റെ ബ്ലോഗില്‍ നിന്നുള്ള ഉപദ്രവം കാരണം കഷ്ടപ്പെടുന്ന ഒരു മൂന്നാംകിട ബ്ലോഗറാണ് ഞാന്‍. നിലവാരവും, സംസ്കാരവും കുറവാണ്. എന്നു കരുതി എന്നോടെങ്ങനെയും പെരുമാറാമെന്ന് ആരാധ്യനായ ഡി.പ്രദീപ്കുമാര്‍ കരുതരുത് എന്നപേക്ഷിക്കുന്നു.

എന്താണ് ഡി.പ്രദീപ്കുമാര്‍ എന്നോടു ചെയ്ത അക്രമം ?

അദ്ദേഹം അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ നേരേ എന്റെ ഇന്‍ബോക്സിലേക്കു പോരുന്നു. എനിക്കദ്ദേഹത്തിന്റെ ബ്ലോഗിലോ അതിലുള്ള കമന്റുകളിലോ ഒരു താല്‍പര്യവുമില്ല. ആ നിലയ്ക്ക് അതില്‍ നിന്നുള്ള കമന്റുകള്‍ എന്റെ ഇന്‍ബോക്സിലേക്കു വരുന്നത് എന്നെ സംബന്ധിച്ച് വലിയൊരു ശല്യമാണ്. ഞാനദ്ദേഹത്തിന്റെ ബ്ലോഗ് സന്ദര്‍ശിക്കുകയോ അതിലെ കമന്റുകള്‍ സബ്സ്്ക്രൈബ് ചെയ്യുകയോ ചെയ്തിട്ടില്ല. ആ നിലയ്ക്ക് കമന്റുകള്‍ തള്ളിവിടുന്നതു വഴി എനിക്കു ഭയങ്കരമായ ബുദ്ധിമുട്ടായിട്ടുണ്ട്. ചിത്രകാരനെതിരേ ആരോ കേസു കൊടുത്തു എന്നു പറഞ്ഞുള്ള ഡി.പ്രദീപ്കുമാറിന്റെ പോസ്റ്റ് മുതലാണ് കമന്റുകള്‍ എനിക്ക് മെയിലില്‍ കിട്ടിത്തുടങ്ങിയത്. അതിലെ കമന്റുകള്‍ ഞാന്‍ വായിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഞാനാണ്, വേറെ ഒരുത്തനും അല്ല. അഥവാ, ങ്ങനെ കമന്റുകള്‍ കൊണ്ട് ഒരുത്തനെ ഉപദ്രവിക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവനു രക്ഷപെടാന്‍ പാകത്തില്‍ ആ ദുരിതത്തില്‍ നിന്ന് അണ്‍സബ്സ്ക്രൈബ് ചെയ്യാനുള്ള ഒരു ഓപ്ഷന്‍ കൂടി അതില്‍ കൊടുക്കാനുള്ള മര്യാദ കാണിക്കേണ്ടിയിരുന്നു. അതുണ്ടായില്ല. ഇതാണ് ഡി.പ്രദീപ്കുമാര്‍ എന്നോടു ചെയ്ത അക്രമം.

ഈ അക്രമം നല്ലവനായ പ്രദീപ്കുമാറിനെ അറിയിക്കാമായിരുന്നില്ലേ ?

ചിത്രകാരന്‍ പ്രശ്നത്തില്‍ അദദ്ദേഹത്തിന്റെ ബ്ലോഗില്‍ എത്ര കമന്റു വന്നു എന്നു ഞാനെണ്ണിയിട്ടില്ല. പക്ഷെ വല്ലപ്പോഴും മെയില്‍ പരിശോധിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നുള്ള കമന്റുകള്‍ ഒന്നിച്ചു ഡീലീറ്റ് ചെയ്യുക എന്നതായിരുന്നു എന്റെ ജോലി. അദ്ദേഹവുമായി നേരിട്ടു ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ചിത്രകാരന്‍ പ്രശ്നത്തില്‍ എന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് ഇട്ട പോസ്റ്റില്‍ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത് അദ്ദേഹം വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. ഈ പോസ്റ്റും അദ്ദേഹത്തിന്റെ മെയിലില്‍ അയച്ചു കൊടുത്താല്‍ മാത്രമേ വായിക്കുകയുള്ളോ എന്നുമെനിക്കറിയില്ല. ആ പോസ്റ്റില്‍ ഈ പ്രശ്നം സംബന്ധിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. തീയതി 21-01-2009

“നിങ്ങള്‍ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല, അറിയാന്‍ താല്‍പര്യവുമില്ല. നിങ്ങളെഴുതുന്നതു വല്ലതും വായിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അത് ഞാന്‍ നിങ്ങളുടെ ബ്ലോഗില്‍ വന്നു വായിച്ചുകൊള്ളാം. മേലില്‍ നിങ്ങളുടെ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ എന്റെ ഇ മെയിലിലേക്ക് അയച്ചുതന്നാല്‍ നിങ്ങള്‍ക്കെതിരെ ഞാന്‍ സൈബര്‍ കേസ് കൊടുക്കേണ്ടി വരുമെന്ന് അറിയിക്കട്ടെ.”

പിന്നെന്തു സംഭവിച്ചു ?

ഒരു ചുക്കും സംഭവിച്ചില്ല. എന്റെ ഇന്‍ബോക്സ് ഏറെക്കുറെ ഡി.പ്രദീപ്കുമാറിന്റെ ഇന്‍ബോക്സ് പോലെ ദൃഷ്ടിദോഷത്തില്‍ നിന്നുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞു. അതെന്റെ ഇന്‍ബോക്സ് ആണെന്നുറപ്പുള്ളതു കൊണ്ട് ഞാനതെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹം മാന്യത കാണിക്കുമെന്നു കരുതി കാത്തിരുന്നു കുറെ ദിവസം. ബ്ലോഗര്‍മാര്‍ക്കെതിരെ ആഗോളതലത്തില്‍ നടക്കുന്ന അനീതികളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാവാം സ്വന്തം ബ്ലോഗില്‍ നിന്ന് നാട്ടുകാരോടു ചെയ്തു വന്ന അനീതിക്ക് അദ്ദേഹം പുല്ലുവില കല്‍പിച്ചില്ല. നാട്ടുകാരോട് എന്നു പറഞ്ഞതൃും സീരിയസ്സായാണ്. ബ്ലോഗില്ലാത്ത, അത്ര ഓണ്‍ലൈനല്ലാത്ത ഒരു സുഹൃത്ത് എന്നോടു ഈ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നോടു പരാതിപ്പെടാന്‍ ഞാനാര് ? ഞാന്‍ ആരുമായിട്ടല്ല. പരാതിക്കാരന് ഞാനൊരു ബ്ലോഗറാണെന്നല്ലാതെ എന്റെ ബ്ലോഗ് അദ്ദേഹം വായിച്ചിട്ടുപോലുമില്ല. ഇമെയിലില്‍ വരുന്ന ശല്യം ബ്ലോഗാണെന്നു മനസ്സിലായതുകൊണ്ട് അദ്ദേഹം എന്നോടു പറഞ്ഞു എന്നു മാത്രം.

ചിത്രകാരന്‍ പ്രശ്നം കഴിഞ്ഞ് ഡി.പ്രദീപ്കുമാര്‍ അടുത്ത പോസ്റ്റിട്ടപ്പോള്‍ അതില്‍ നിന്നുള്ള കമന്റുകളും ദാ വരുന്നു മെയിലിലേക്ക്. ശല്യമെന്നത് ഒരു ശാപമായി മാറുമ്പോള്‍ നമുക്ക് പൊറുതിമുട്ടും. അപ്പോള്‍ നമ്മള്‍ പ്രതികരിക്കും. ഇമെയില്‍ എന്നത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ നമുക്കാവില്ലല്ലോ. ഇതിനെ ചെറുക്കാന്‍ സാങ്കേതികമായി എനിക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലാത്തിനാലാണ് ഡി.പ്രദീപ്കുമാറിന്റെ ബ്ലോഗിലെ അവസാനത്തെ പോസ്റ്റില്‍ ഈ പ്രശ്നം ഒരു കമന്റായി എഴുതിയിട്ടത്.

എന്നിട്ട് ആ കമന്റ് എവിടെ ?

മഹാനായ ഡി.പ്രദീപ്കുമാര്‍ അത് ഡിലീറ്റ് ചെയ്തു. എന്നിട്ട് അദ്ദേഹം ദാ ഇങ്ങനെയൊരു കമന്റ് പ്രസിദ്ധീകരിച്ചുകളഞ്ഞു.

“ബര്‍ളിതോമസിന്റെ വിഷയവുമായി ബ്ന്ധമില്ലാത്ത ഒരു കമന്റ് നീക്കം ചെയ്തിട്ടുണ്ടു.അദ്ദേഹത്തിന്റെ പേര്‍ എന്റെ കമന്റ് നോട്ടിഫിക്കേഷന്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടിയെടുക്കുമത്രേ.
കാലം അത്ര നന്നല്ല.ബ്ലോഗ്ഗെഴുത്തുകാരെ ഗോതമ്പുണ്ട തീറ്റിക്കുന്നവരുടെ നാളുകളാണു.ആയതിനാല്‍ ‍മേല്‍ചൊന്ന കൈയബദ്ധത്തിനു പരസ്യമായി മാപ്പുചോദിക്കുന്നു.പൊറുക്കുമാറാകണം, ബര്‍ളി!”

മഹാന്‍ തന്നെ. പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകളെക്കുറിച്ച് ഡി.പ്രദീപ്കുമാറും മറ്റു സാമൂഹിക-ബുദ്ധിജീവികളും വീടിന്റെ ടെറസിലിരുന്ന് രാത്രി മുഴുവന്‍ ഉച്ചത്തില്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ആ ബഹളം കാരണം ഉറങ്ങാന്‍ കഴിയാത്ത അയല്‍വാസി വന്ന് പരാതിപ്പെട്ടാല്‍ വിഷയവുമായി ബന്ധപ്പെമില്ലാത്ത കാര്യം പറയുന്നോടാ കഴുവേര്‍ട മോനെ എന്നു ചോദിച്ച് അവനെ തൊഴിച്ച് താഴെയിടണം. അതാണ് ബ്ലോഗര്‍മാരുടെ ശക്തി !!

ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിലിട്ട കമന്റ് ഡിലീറ്റ് ചെയ്ത ശേഷം അദ്ദേഹം അടുത്ത കമന്റില്‍ നാട്ടുകാര്‍ക്ക് അത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിചച്ചുകൊടുത്തതെന്തിനാണെന്ന് മനസ്സിലായില്ല. അദ്ദേഹത്തിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കും എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അപ്പോള്‍ ഡി.പ്രദീപ്കുമാര്‍ അങ്ങനെയൊരു പ്രയോഗം നടത്തിയതിന്റെ പിന്നില്‍ ദുരൂഹതയുണ്ട്. അദ്ദേഹത്തെ ഉണ്ട തീറ്റിക്കും എന്നും ഞാന്‍ പറഞ്ഞില്ല. അപ്പോള്‍ എന്റെ കമന്റിനെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഡി.പ്രദീപ്കുമാര്‍ ആ കമന്റ് ഡിലീറ്റ് ചെയ്തത് എന്നു ഞാന്‍ വിശ്വസിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്ത കമന്റ് ഡിലീറ്റ് ചെയ്തു എന്നു പറഞ്ഞ പ്രദീപ്കുമാര്‍ പിന്നെന്തിന് വിഷയവുമായി ബന്ധമില്ലാത്ത കമന്റിനെപ്പറ്റി കമന്റിടുന്നു. അതിനെങ്ങനെ വിഷയവുമായി ബന്ധമുണ്ടാവും ? അത് അതിലേറെ ദുരൂഹമാണ്. ഇത് വളരെ ഗുരുതരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, താങ്കളുടെ രസകരമായ ക്ഷമാപണത്തില്‍ പോലും ഇത് ഏതെങ്കിലും തരത്തില്‍ ഗൌരവമുള്ള വിഷയമായി താങ്കള്‍ പരിഗണിക്കുന്നു എന്ന തോന്നലില്ല ആരാധ്യനായ ഡി.പ്രദീപ്കുമാര്‍.

നല്ലവരായ ചില ബ്ലോഗര്‍മാര്‍ക്കെതിരെ ഇതാ വേറെ ചില മഹാപാപികളായ ബ്ലോഗര്‍മാര്‍ വാളെടുക്കുന്നു എന്ന നിലയ്ക്ക് സംസാരിക്കരുത്. വൃത്തികേട് ആരു കാണിച്ചാലും വൃത്തികേട് തന്നെയാണ്. താങ്കള്‍ നടത്തിയതുപോലൊരു പരസ്യക്ഷമാപണപ്രകടനം എനിക്കാവശ്യവുമില്ല. അല്‍പമെങ്കിലും ആത്മാര്‍ത്ഥ ഉണ്ടായിരുന്നെങ്കില്‍ ആദ്യം എന്നെ താങ്കളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്യേണ്ടത്. അതു ചെയ്യാതെ ഒരു കമന്റിട്ട ശേഷം ആ കമന്റ് കൂടി എനിക്കു മെയിലിലയച്ചുതരാന്‍ ധൈര്യപ്പെട്ടുകളഞ്ഞു താങ്കള്‍.

ബ്ലോഗര്‍മാര്‍ക്ക് ഇവിടെ എന്തുമാവാം, ആരുണ്ടിവിടെ ചോദിക്കാന്‍ എന്നതാണോ താങ്കളുടെ പോളിസി എന്നെനിക്കറിയില്ല. അതെന്തായാലും അല്‍പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ ക്ഷമാപണം പോലുള്ള നമ്പരുകള്‍ ഒഴിവാക്കി എന്നെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, എനിക്കത്രയും മാത്രം മതി. ബൂലോഗഭീകരന്‍ എന്നൊക്കെ വിശേഷിപ്പിച്ച് എനിക്കെതിരെ ജനകീയപ്രക്ഷോഭമൊന്നും സംഘടിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു. അങ്ങോട്ട് ഒരു ശല്യത്തിനും വരില്ല, ഇങ്ങോട്ട് ശല്യം ചെയ്യാതിരുന്നാല്‍ മാത്രം മതി.

ഒരു പാവം കൂതറബ്ലോഗര്‍ !

Related Posts with Thumbnails
blog comments powered by Disqus