ആഡ്സെന്‍സില്‍ നിന്ന് പണമുണ്ടാക്കാനുള്ള എളുപ്പവഴി

ആഡ്സെന്‍സില്‍ നിന്ന് അങ്ങനെ ഇങ്ങനെയൊന്നും പണ കിട്ടില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, മാസം രണ്ടും മൂന്നും ലക്ഷം രൂപ ഉണ്ടാക്കുന്ന വിരുതന്‍മാരെക്കുറിച്ച് നമ്മള്‍ പറഞ്ഞുകേള്‍ക്കുകയും അത്തരക്കാര്‍ വേണമെങ്കില്‍ അവരുടെ ആഡ്സെന്‍സ് റിപ്പോര്‍ട്ട് നമ്മളെ കാണിച്ചുതരികയും ചെയ്യും. അപ്പോള്‍ ബ്ലോഗില്‍ ഈ പരസ്യമെല്ലാം വാരിയിട്ട് കുത്തിയിരിക്കുന്ന മണ്ടന്‍മാരായ നമ്മള്‍ സോറി, നിങ്ങളാരായി ? അപ്പോള്‍ എനിക്കു ചെക്ക് കിട്ടുന്നുണ്ടോ എന്നു നിങ്ങള്‍ വിസ്മയിച്ചേക്കാം.
ഹഹഹഹഹഹഹ !

അഹങ്കാരം കൊണ്ടു പറയുകയല്ല, ഇതുവരെ ആഡ്സെന്‍സില്‍ നിന്നുള്ള എന്റെ ആകെ വരുമാനം 1872.44 ഡോളര്‍ കഴിഞ്ഞു. രൂപയല്ല, ഡോളര്‍ എന്നു തന്നെയാണുദ്ദേശിച്ചത്. മൈ ഗോഡ് ! എന്നു പറയാതത്തവര്‍ പെട്ടെന്ന് പറയുക. കാരണം, അത് ഏകദേശം 85,000 രൂപ വരും. ഇതൊന്നും ആര്‍ക്കും അങ്ങനെ പെട്ടെന്നു വിശ്വസിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല എന്നെനിക്കറിയാം. ഐ നോസ്. സ്വന്തം അക്കൌണ്ട് റിപ്പോര്‍ട്ട് ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്നതൊക്കെ വളരെ ചീപ്പാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ, അവിശ്വാസികളും എന്നോടു ബഹുമാനമില്ലാത്തവരുമായ നിങ്ങള്‍ക്കു വേണ്ടി ഞാനിതാ അത് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നു.

ചിത്രത്തില്‍ കാണുന്നത് ദാ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് പ്രിന്റ് സ്ക്രീന്‍ കൊടുത്തെടുത്ത എന്റെ അക്കൌണ്ട് റിപ്പോര്‍ട്ടാണ്. ഇതില്‍ കാണുന്നതുപോലെ എന്റെ ആകെ വരുമാനം 1872 ഡോളറാണ്. ഇന്നത്തെ മാത്രം വരുമാനം 784 ഡോളറും.

ഇത് നിങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആളാവാനാണ് ഈ പോസ്റ്റ് എന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ഞാന്‍ ആ ടൈപ്പല്ലയ എനിക്കൊരു സൌഭാഗ്യം വന്നാല്‍ അതു നിങ്ങള്‍ക്കു കൂടി നല്‍കണമെന്നതാണ് എന്റെ ആഗ്രഹം. ഇത്രയും നല്ല മനസ്സുള്ള ഒരു ബ്ലോഗര്‍ മലയാളത്തിലെന്നല്ല മറാഠിയിലോ ഭോജ്പുരിയിലോ പോലും കാണില്ല. എന്നു കരുതി എനിക്കു കിട്ടുന്ന ചെക്കിലെ തുക മലയാളത്തിലുള്ള കാക്കത്തൊള്ളായിരം ബ്ലോഗര്‍മാര്‍ക്കായി ഞാന്‍ പങ്കുവച്ചു തരുമെന്നൊന്നും കരുതരുത്. ഞാന്‍ ആ ടൈപ്പുമല്ല.

എന്നാല്‍, എന്നെ കോടീശ്വരനാക്കാന്‍ പോകുന്ന, മിനിമം ലക്ഷപ്രഭുവെങ്കിലും ആക്കാന്‍ പോകുന്ന ആ വഴി നിങ്ങള്‍ക്കു മുന്നില്‍ തുറന്നിടാന്‍ എനിക്കൊരു മടിയുമില്ല. എനിക്കു കിട്ടിയതുപോലെ അല്ലെങ്കില്‍ അതിലുമധികമായി നിങ്ങള്‍ക്കും പണം കിട്ടട്ടെ എന്നതു മാത്രമാണ് എന്റെ ആഗ്രഹം.

നമ്മള്‍ ബ്ലോഗില്‍ പരസ്യം സ്ഥാപിക്കുന്നതോ സ്ഥാപിക്കാതിരിക്കുന്നതോ ഈ മാര്‍ഗത്തില്‍ പ്രസക്തമല്ല. ദാ ഈ കാണുന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക എന്നതാണ് ഇതിനായി നിങ്ങള്‍ ആദ്യമായി ചെയ്യേണ്ടത്. ഇതില്‍ ലോഗിന്‍ ചെയ്യാതെ നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് അതില്‍ കാണിച്ചിരിക്കുന്ന രണ്ട് കോളങ്ങളിലും ആഡ്സെന്‍സില്‍ നിന്ന് നിങ്ങള്‍ സമ്പാദിക്കാനാഗ്രഹിക്കുന്ന തുക എത്രയാണെന്നു വച്ചാല്‍ അത്രയും എന്റര്‍ ചെയ്യുക. ഇക്കാര്യത്തില്‍ ഒരു ലജ്ജയും വേണ്ട. ആദ്യത്തെ കോളത്തില്‍ നിങ്ങള്‍ക്ക് ഇന്ന് വേണ്ട തുകയും താഴത്തെ കോളത്തില്‍ ആകെ വേണ്ട തുകയും എന്റര്‍ ചെയ്യുക. പ്രത്യേക ശ്രദ്ധയ്ക്ക്, എല്ലാം ഡോളര്‍ അടിസ്ഥാനത്തിലാണ് എന്നത് മറക്കരുത്. ഇത്രയുമായിക്കഴിഞ്ഞാല്‍ ജനറേറ്റ് എന്ന ബട്ടണ്‍ അമര്‍ത്തുക.

ഓം..ഹ്രീം..ക്ലീം..ശ്രീം..ഫ്രീം..ക്രീം..ഫൂം !!

ഇപ്പോള്‍ മറ്റൊരു പേജ് ലോഡ് ആയി വന്നിട്ടുണ്ടാവും. അതില്‍ നിങ്ങളാഗ്രഹിച്ചതുപോലെയുള്ള വരുമാനം രേഖപ്പെടുത്തിയ അക്കൌണ്ട് ബാലന്‍സ് റിപ്പോര്‍ട്ടുമുണ്ടാവും. ഈ പേജിന്റെ പ്രിന്റ് സ്ക്രീന്‍ എടുത്ത ശേഷേ അതേപടിയോ ാന്‍ ചെയ്ത പോലെ ഫോട്ടോഷോപ്പില്‍ കയറ്റി എഡിറ്റ് ചെയ്ത് നല്ല കുട്ടപ്പനാക്കിയോ സുഹൃത്തുക്കള്‍ക്കും സഹബ്ലോഗര്‍മാര്‍ക്കും അയച്ചുകൊടുക്കുകയോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യാവുന്നതാണ്. ഗൂഗിളിന്റെ ഈ സേവനം തികച്ചും സൌജന്യമാണ്. ഇതൊക്കെ ഒരു മടിയും കൂടാതെ നിങ്ങളെ കാണിച്ചു തന്ന എന്നെ എന്തു ചെയ്യണം ? അല്ല നിങ്ങള്‍ തന്നെ പറ !

Related Posts with Thumbnails
blog comments powered by Disqus