സ്ലംഡോഗ് മില്യനെയര്‍ (റിവ്യൂ)

പ്രധാനമായും രണ്ടു മനോഭാവങ്ങളോടെയേ പ്രേക്ഷകനെന്ന നിലയില്‍ ഈ ചിത്രത്തെ സമീപിക്കാന്‍ പറ്റൂ. ഒന്ന്, ഓസ്കറിനടുത്തു നില്‍ക്കുന്ന അപാരചിത്രം ! രണ്ട്, ഇന്ത്യക്കാരെ കരിവാരി തേയ്ക്കാന്‍ സായിപ്പുണ്ടാക്കിയ ദുരൂഹചിത്രം !

ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനിക്കുകയും അതേസമയം, സായിപ്പന്‍മാരുടെ പ്രവൃത്തികളെല്ലാം വെറുക്കപ്പെടേണ്ടതാണെന്നു വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരനെന്ന നിലയില്‍ പറയട്ടെ, സ്ലംഡോഗ് മില്യനെയര്‍ സാമാന്യം നല്ല ഒരു സിനിമയാണ്. പതിവു ബോളിവുഡ് സിനിമകളെ വച്ചുനോക്കുമ്പോള്‍ അപാരമെന്നും മലയാളം സിനിമകളെ വച്ചു നോക്കുമ്പോള്‍ അത്യപാരമെന്നും പറയാം. എന്നാല്‍, ലോകസിനിമയിലെ അപാരചിത്രങ്ങളോട് തട്ടിച്ചുനോക്കുമ്പോള്‍ കനം കുറഞ്ഞ ഒരു ചിത്രമാണ്. പ്രേക്ഷകനെ ചലച്ചിത്രാനുഭവത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെങ്ങുമെത്തിക്കുന്നില്ലെങ്കിലും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്ലംഡോഗ് മില്യനെയര്‍.

എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മുംബൈയിലെ ചേരിനിവാസിയായ ജമാല്‍ മാലിക് എന്ന കൌമാരക്കാരന്‍ കോന്‍ ബനേഗ ക്രോര്‍പതി ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്ത് രണ്ടുകോടി രൂപ നേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്രോര്‍പതി ആങ്കര്‍ അവസാനറൌണ്ടില്‍ ജമാലിനെ സഹായിക്കാനെന്ന മട്ടില്‍ തെറ്റായ ഉത്തരം നല്‍കി അവനെ പുറത്താക്കാന്‍ ശ്രമിച്ചിട്ടും ശരിയായ ഉത്തരം പറഞ്ഞ് ജമാല്‍ കോടീശ്വരനാകുന്നതോടെ അവതാരകനുള്‍പ്പെടെ ജമാല്‍ എന്തോ തട്ടിപ്പുനടത്തുന്നുണ്ട് എന്ന സംശയമാകുന്നു.

സിനിമ തുടങ്ങുമ്പോള്‍ ടിവി ഷോയില്‍ ജമാല്‍ അഭിമുഖീകരിച്ച ഓരോ ചോദ്യവും അതിനു ജമാല്‍ നല്‍കിയ ഉത്തരവും പരിശോധിച്ച് എങ്ങനെ ജമാലിന് കൃത്യമായ ഉത്തരം നല്‍കാനായി എന്നന്വേഷിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍. ടിവി ഷോയില്‍ നിര്‍ണായകമായിത്തീര്‍ന്ന ഓരോ ശരിയുത്തരങ്ങളും ജമാലിന്റെ ജീവിതത്തില്‍ തീവ്രമായി പതിഞ്ഞ അനുഭവങ്ങളായതെങ്ങനെ എന്നതാണ് സിനിമയുടെ ഇതിവൃത്തം. ചുരുക്കത്തില്‍ ടിവി ഷോയുടെ ഓരോ ചോദ്യവും അതിന്റെ ഉത്തരവും ജമാലിന്റെ ജീവിതത്തിലെ കടങ്കഥകള്‍ക്കുള്ള ഉത്തരം കൂടിയാവുന്നു.

പുതിയൊരു പ്രമേയമോ ആശയമോ ചിന്തയോ തന്തശാസ്ത്രമോ ഒന്നും മുന്നോട്ടു വയ്ക്കുന്ന ചിത്രമല്ല ഇത്. മുംബൈയിലെ ചേരികളുടെ കഥയോ അവിടുത്തെ ദുരിതങ്ങളോ ചേരിസമൂഹത്തിന്റെ രാഷ്ട്രീയമോ പോലും ചര്‍ച്ചചെയ്യുന്നില്ല. എങ്കിലും ഒരു തെരുവുബാലന്റെ കാഴ്ചപ്പാടിലൂടെയുള്ള കഥകഥനശൈലി സിനിമയെ നിഷ്കളങ്കമാക്കുന്നു, അതേ സമയം തീവ്രവും.

ഇതു റഹ്മാന്റെ സംഗീതമാണല്ലോ എന്ന തോന്നലുണ്ടാക്കാതെ സിനിമയുമായി വല്ലാതലിഞ്ഞു കിടക്കുകയാണ് പശ്ചാത്തലസംഗീതം. ജയ് ഹോ എന്ന ഗാനം മാത്രം സിനിമയോടു ചേരാതെ അവസാനം ഏച്ചുകെട്ടി വച്ചിരിക്കുന്നു. സിനിമ അവസാനിച്ച ശേഷം അവസാന സീനും കഴിഞ്ഞ റയില്‍വേസ്റ്റേഷനിലേക്ക് പൊടുന്നനെ വലിയൊരു നൃത്തസംഘം എത്തി നായകനും നായികയ്ക്കുമൊക്കം മുടിഞ്ഞ ഡാന്‍സ് കളിക്കുമ്പോള്‍ അത്രനേരം പടം കണ്ടിരുന്നവര്‍ അമ്പരക്കും. നൃത്തരംഗം സിനിമയ്ക്ക് ആവശ്യമില്ലാത്തതാണെങ്കിലും റഹ്മാന്റെ മനോഹരഗാനം ആസ്വദിക്കാനുള്ള അവസരം കൈവിട്ടുകളായാതെ സിനിമ കഴിഞ്ഞു എന്നു കരുതി സീറ്റുവിട്ടെണീറ്റവര്‍ പോലും മടങ്ങി വന്നിരിക്കുന്ന കാഴ്ചയാണ് തിയറ്ററില്‍. കുറെയേറെ സായിപ്പന്‍മാരുടെ പേരുകള്‍ക്കൊപ്പം എ.ആര്‍.റഹ്മാന്റെയും റസൂല്‍ പൂക്കുട്ടിയുടെയും പേരുകള്‍ ടൈറ്റിലില്‍ കാണുമ്പോള്‍ ഉയരുന്ന കയ്യടിപോലും സിനിമയെ പ്രേക്ഷകര്‍ ഒരു ദേശീയവികാരമായി ഏറ്റെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയാണ്.

ഈ സിനിമ കാണുന്ന വിദേശിക്ക് ഇന്ത്യക്കുറിച്ച് വളരെ മോശം അഭിപ്രായം ഉണ്ടാവും എന്ന വാദം ശരിയാണ്- ആ വിദേശി ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ച് ഈ സിനിമയിലൂടെയാണ് ആദ്യമായി കേള്‍ക്കുന്നതെങ്കില്‍ മാത്രം. ഇന്ത്യ എന്നൊരു രാജ്യം ലോകത്തുണ്ടെന്ന് അറിയാത്ത ആരെങ്കിലും ഈ സിനിമ കാണാന്‍ വരുമെന്നു ഞാന്‍ കരുതുന്നില്ല. ചിത്രത്തിന് സ്ലംഡോഗ് മില്യനെയര്‍ എന്നു പേരിട്ടതിലൂടെ ചേരിനിവാസികളെ മുഴുവന്‍ സായിപ്പ് പട്ടികള്‍ എന്നു വിശേഷിപ്പിച്ചിരിക്കുകയാണെന്ന പേരില്‍ കേസു കൊടുക്കുന്ന മനോരോഗം തന്നെയാണ് സിനിമയെ ഇന്ത്യാവിരുദ്ധമെന്നു വിശേഷിപ്പിക്കുന്നതിന്റെ പിന്നിലും. സലാം ബോംബെയെക്കു ശേഷം ഇത്ര ഹൃദ്യമായി ചേരിജീവിതം അവതരിപ്പിച്ച മറ്റൊരു ചിത്രമുണ്ടായിട്ടില്ല എന്നു തന്നെ പറയാം. പക്ഷെ, അത് സൃഷ്ടിച്ചത് സായിപ്പായതുകൊണ്ട് കണ്ണുമടച്ച് അതിനെ എതിര്‍ക്കുകയും സായിപ്പ് സൃഷ്ടിക്കുന്ന എതിര്‍ക്കപ്പെടേണ്ട മ്ലേച്ഛതകളെ കണ്ണുംപൂട്ടി വിഴുങ്ങുകയും ചെയ്യും.

മുംബൈയിലെ ചേരി പോലെ തന്നെ രാജ്യത്തിന്റെ മുഴുവന്‍ വികാരമായി മാറിയ കോന്‍ ബനേഗാ ക്രോര്‍പതി ടിവി ഷോയെ അതേപടി സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നു. അതേ സെറ്റ്, അതേ ഗ്രാഫിക്സ്, അതേ സംഗീതം. അവതാരകാനായ അമിതാഭ് ബച്ചനു പകരം അനില്‍ കപൂര്‍ ആണെന്നു മാത്രം. അനില്‍ കപൂറിന്റെ മികച്ച പ്രകടനം ചിത്രത്തിനു മുതല്‍ക്കൂട്ടായി. പ്രേം കുമാര്‍ എന്നാണ് അവതാരകന്റെ പേര്. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യേഗസ്ഥനായി ഇന്‍ഫാന്‍ ഖാനും ജമാല്‍ മാലിക് എന്ന കൌമാരക്കാരന്‍ നായകനായി ദേവ് പട്ടേലും അഭിനയിക്കുന്നു. ലതിക എന്ന നായികാ കഥാപാത്രമായി ഏറെക്കുറെ പുതുമുഖമായ ഫ്രെയ്ഡ പിന്റോയും ജമാലിന്റെ ക്രൂരനും ചിലപ്പോള്‍ നല്ലവനുമായ സഹോദരന്‍ സലിം മാലിക് ആയി മാധുര്‍ മിത്തലും വേഷമിടുന്നു.

വികാസ് സ്വരൂപ് എഴുതിയ ക്യു ആന്‍ഡ് എ (ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍) എന്ന കൃതിയെ അടിസ്ഥാനമാക്കി സിമോണ്‍ ബ്യുഫോയ് എഴുതിയ ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് സിനിമയിലെ താരം. പഴുതുകളില്ലാത്ത തിരക്കഥയില്‍ ഡാനി ബോയ്ന്‍ ഒരുക്കിയ ഈ വിസ്മയചിത്രം ഇതിനോടകം നാലു ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും പത്ത് ഓസ്കര്‍ നോമിനേഷനുകളും നേടിക്കഴിഞ്ഞു. കഷ്ടിച്ച് ഒരുമാസത്തിനപ്പുറം ലോസാഞ്ചലസിലെ ഒരു സന്ധ്യയില്‍ ലോകം ഈ സിനിമയെ ചരിത്രത്തില്‍ ചാലിക്കുമോ എന്നതേ ഇനി അറിയാനുള്ളൂ.

Related Posts with Thumbnails
blog comments powered by Disqus