മൈക്രോസോഫ്ടിലെ കാമുകി

എന്റെ സജ്ജുവിന്,

ഹൃദയം തകര്‍ന്നിരിക്കുകയാണ്. എനിക്കെന്റെ പ്രോജക്ടില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. എന്റെ ജാവ സ്ക്രിപ്റ്റുകള്‍ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു. ഡോട് നെറ്റും പിഎച്ച്പിയും തമ്മില്‍ തിരിച്ചരിയാന്‍ കഴിയാത്ത വണ്ണം എന്റെ സെന്‍സറുകള്‍ മരവിച്ചു പോയിരിക്കുന്നു. മതി, എനിക്കു തൃപ്തിയായി. എല്ലാവരും ഉപേക്ഷിച്ചുപോയ ഏതെങ്കിലും പ്രോജക്ടിലേക്ക് എന്നെ മാറ്റൂ. അവിടെ എത്ര ഫിക്സ് ചെയ്താലും തീരാത്ത ബഗ്ഗുകള്‍ക്കിടയില്‍ എന്റെ ആത്മാവ് ഊര്‍ധ്വന്‍ വലിക്കട്ടെ.

ദയവു ചെയ്ത് ആഗോളസാമ്പത്തികമാന്ദ്യത്തെക്കുറിച്ച് എന്നെ ബോധവല്‍ക്കരിക്കാന്‍ വരരുത്. പ്രോജക്ടിന്റെ കാലാവധിയെക്കുറിച്ച് ഓര്‍മിപ്പിക്കണമെന്നുമില്ല. പ്രതിസന്ധി രൂക്ഷമാണെങ്കില്‍ ഒരു പെര്‍ഫോമന്‍സ് അപ്രൈസല്‍ നടത്തി എന്നെ പിരിച്ചു വിട്ടോളൂ. കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോഴും എനിക്കൊരു വീടും അവിടെ എന്നെ കാത്തിരിക്കുന്ന ചാച്ചനും അമ്മച്ചിയും ഉണ്ട്.

എവിടെയാണ് മാറ്റങ്ങളുടെ തുടക്കം എന്നു കൃത്യമായി ഞാനോര്‍ക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച എനിക്കു ബേത്ഡേ ട്രീറ്റ് തരാമെന്നു പറഞ്ഞതുകൊണ്ടു മാത്രം വൈകുന്നേരം ആറു മണി വരെ ഓഫിസില്‍ നിങ്ങളെ മാത്രം കാത്തിരുന്ന എന്നെ അത്ര ക്രൂരമായി വേദനിപ്പിക്കാന്‍ പാടില്ലായിരുന്നു. എത്ര ക്രൂരമായാണ് നിങ്ങളാ എസി ഓഫ് ചെയ്തത്. ഞാനിവിടെ ജോലിക്കു വന്നിട്ട് ഇത്രയും കാലത്തിനുള്ളില്‍ അനാവശ്യമായി എസി ഉപയോഗിക്കുന്നു എന്നിതുവരെ ആരും പറഞ്ഞിട്ടില്ല. പ്രോജക്ടില്‍ വര്‍ക്ക് ചെയ്യാത്ത സമയത്ത് എസി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലെന്ന് കമ്പനി നിയമത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. നിങ്ങള്‍ എസി ഓഫ് ചെയ്തത് എന്നെ മനപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഞാന്‍ എസി കാണാത്തവളൊന്നുമല്ല. നിങ്ങളുടെ ഈ തണുപ്പില്ലാത്ത എസിയെക്കാള്‍ നല്ല കാലാവസ്ഥയാണ് എന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലുള്ളത്. ഇതുപോലത്തെ സ്പ്ലിറ്റ് എസി ഒന്നുമല്ലെങ്കിലും അത്യാവശ്യം കാറ്റും തണുപ്പുമൊക്കെയുള്ള ഒരു എസി എന്റെ വീട്ടിലും ഉണ്ട്.

എന്നാല്‍, അതു മാത്രമായിരുന്നില്ലല്ലോ. ഉച്ചയ്ക്ക് ഊണിനു മുമ്പ് എനിക്കു കാപ്പി കുടിക്കുന്ന ശീലം ഉണ്ടെന്നറിഞ്ഞിട്ടു തന്നെ കഴിഞ്ഞ വെള്ളിയാഴ്ച നിങ്ങള്‍ ഓഫിസിലെ കോഫി മേക്കര്‍ ഓഫ് ചെയ്തിട്ടു. കാപ്പി കുടിക്കാന്‍ ചെന്ന ഞാന്‍ ചമ്മലോടെ തിരികെ വരുന്നത് കണ്ട് മറ്റേ പ്രോജക്ടിലെ സരിത ഉറക്കെച്ചിരിക്കുമ്പോള്‍ നിങ്ങള്‍ ക്യാബിനിലിരുന്ന് അവളുടെ വായില്‍ നോക്കുകയായിരുന്നു. കാപ്പി കുടിച്ചില്ലെങ്കില്‍ എനിക്കു തലവേദന വരുമെന്ന് അന്നത്തെ കൂര്‍ഗ് ട്രിപ്പിനിടയില്‍ ഞാന്‍ പറഞ്ഞതും അന്ന് ജേണിക്കിടയില്‍ ട്രെയിനില്‍ നിന്നിറങ്ങി രണ്ടു കിലോമീറ്റര്‍ ടാക്സി പിടിച്ചു പോയി എനിക്കു കാപ്പി വാങ്ങി തന്നതും തിരികെ വന്നപ്പോള്‍ ട്രെയിന്‍ മിസ്സായതും ആ ടാക്സിയില്‍ തന്നെ നമ്മള്‍ കൂര്‍ഗ് വരെ പോയതും നിങ്ങള്‍ മറന്നു കാണുമെന്നെനിക്കറിയാം. എന്നാല്‍, അന്നത്തെ നിങ്ങളുടെ പ്രണയപ്രകടനങ്ങള്‍ എന്റെ ക്യാമറ ഫോണില്‍ എടുത്തത് എന്റെ പേഴ്സനല്‍ ലാപ്ടോപ്പില്‍ ഏതു ഫോള്‍ഡറിലാണ് കിടക്കുന്നത് എന്നു ഞാന്‍ മറന്നുപോയിട്ടില്ല. അല്ലെങ്കില്‍ എത്ര ക്രൂരമായാണ് തിങ്കളാഴ്ച ആയപ്പോഴേക്കും നിങ്ങള്‍ ആ കോഫിമേക്കര്‍ എടുത്തുമാറ്റിയത്. മനസാക്ഷിയില്ലാത്ത ദുഷ്ടനാണ് നിങ്ങള്‍. എനിക്കു ഉച്ചയ്ക്ക് കാപ്പി കുടിക്കാന്‍ കഴിയാത്തതില്‍ വിഷമമില്ല. മുണ്ടക്കയത്തും കുമളിയിലുമായി 200 ഏക്കര്‍ കാപ്പി എസ്റ്റേറ്റുള്ള തറവാട്ടിലെയാണു ഞാന്‍. വേണമെങ്കില്‍ ഓരോ നേരവും കുടിക്കാനുള്ള കാപ്പി ചാച്ചനെനിക്കു ചൂടോടെ കൊറിയര്‍ ചെയ്തു തരും. പക്ഷെ, നിങ്ങളാണല്ലോ എന്നോടീ ക്രൂരത കാണിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല.

നിങ്ങള്‍ക്കിതിനെല്ലാം ഒരു ന്യായമുണ്ടാവും. സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് വര്‍ക്ക് കുറഞ്ഞതിനാല്‍ നമ്മുടെ കമ്പനി ചെലവുചുരുക്കല്‍ നടപടികളിലേക്കു നീങ്ങുന്നു, സഹകരിക്കുക എന്ന സിഇഒയുടെ നോട്ടീസിന്റെ തണലിലാണ് നിങ്ങളിതൊക്കെ ചെയ്യുന്നത് എന്നെനിക്കറിയാം. എന്നാല്‍, നമ്മുടേതു പോലൊരു ആഗോള കമ്പനി ചെലവു ചുരുക്കാന്‍ വേണ്ടി എസിയും ലൈറ്റുകളും ഓഫ് ചെയ്തിടുമെന്നും കോഫി മേക്കര്‍ എടുത്തു മാറ്റുമെന്നും മൂന്നു മണിക്കുള്ള സാന്‍ഡ്വിച്ചും റോളും ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കുമെന്നും സ്റ്റാഫ് ബസ് സര്‍വീസ് ഒറ്റ ദിവസം കൊണ്ടവസാനിപ്പിക്കുമെന്നും വിശ്വസിക്കാന്‍ മാത്രം മണ്ടിയല്ല ഞാന്‍. നാളെ ഹാഫ് ആന്‍ അവര്‍ നോട്ടീസിന്റെ പുറത്ത് നിങ്ങളെന്നെ പിരിച്ചുവിട്ടിട്ട് അതും കമ്പനിയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ മടിക്കില്ല എന്നെനിക്കറിയാം.

എന്നെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിങ്ങളീ ക്രൂരതകളൊക്കെ കാണിക്കുന്നതെങ്കില്‍ നിര്‍ത്തിക്കോളൂ. മടുത്തു, ഇനി ശല്യം ചെയ്യരുത് എന്നൊരു വാക്ക് പറഞ്ഞാല്‍ മതി. നിങ്ങളുടെ കണ്‍മുന്നില്‍ വരാതെ നോക്കിക്കോളാം ഞാന്‍. നിങ്ങളുടെ പ്രോജക്ട് ഹെഡ് ആയതുകൊണ്ടോ അടുത്ത വര്‍ഷം ഓണ്‍സൈറ്റ് കിട്ടി ഓസ്ട്രേലിയക്കു പോകുമെന്നതുകൊണ്ടോ നിങ്ങളോട് എനിക്ക് പ്രത്യേകിച്ചൊരിഷ്ടവും ഇല്ല. എന്റെ രണ്ട് ആന്റിമാരും മൂന്നു കസിന്‍സും ഓസ്ട്രേലിയയിലുണ്ട്. പിന്നെ, നിങ്ങളുടെ സൌന്ദര്യത്തെക്കുറിച്ചും കഴിവിനെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്കുള്ള അതിരുകടന്ന ആത്മവിശ്വാസവും എനിക്കറിയാം. ബെര്‍ളിച്ചായന്റെ ബ്ലോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ നിങ്ങളുടേതാണെന്നും പറഞ്ഞ് എനിക്കു ഫോര്‍വേഡ് ചെയ്തുതന്നപ്പോള്‍ അതെല്ലാം വായിച്ചാണ് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടത്.

എന്നാല്‍ ഇനിയൊരു സത്യം പറയാം. നിങ്ങളൊക്കെ ആരാധിക്കുന്ന, മഹാപ്രതിഭയെന്ന് നിങ്ങളൊക്കെ വിശേഷിപ്പിക്കുന്ന സാക്ഷാല്‍ ബെര്‍ളിച്ചായന്‍ എന്റെ നാട്ടുകാരനാണ്. ഞങ്ങള്‍ ഒന്നിച്ചു പഠിച്ചവരാണ്. ഇതു കൂടി അറിഞ്ഞോളൂ, ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖനം എന്ന ബെര്‍ളിച്ചായന്റെ പോസ്റ്റിലെ സംഗീത തന്നെയാണ് ഞാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ചാര്‍ളി എനിക്കെഴുതിയ പ്രേമലേഖനമാണ് നിങ്ങളൊക്കെ വലിയ സംഭവമായി ആഘോഷിക്കുന്നത്. അത്രയും സ്നേഹിക്കുന്ന ഒരു ഹൃദയത്തെ മുറിവേല്‍പിച്ചിട്ടാണ് ഞാന്‍ കാശുണ്ടാക്കാന്‍ മാത്രമറിയാവുന്ന നിങ്ങളെ പ്രേമിച്ചതെന്നോര്‍ക്കുമ്പോള്‍ എനിക്കെന്നോടു തന്നെ പുച്ഛം തോന്നുന്നു.

ആദ്യമായി പ്രേമിച്ച പെണ്ണിനെ ഒരാള്‍ക്കും മറക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം. ചാര്‍ളിക്കും അങ്ങനെ തന്നെയായിരിക്കും. ഞാന്‍ തിരികെ കാഞ്ഞിരപ്പള്ളിയില്‍ ചെന്നാല്‍, ചാര്‍ളിയെ കണ്ടാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് എനിക്കു സങ്കല്‍പിക്കാന്‍ കൂടി കഴിയുന്നില്ല. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ബെര്‍ളിച്ചായന്റെ അടുത്ത പോസ്റ്റ് നിങ്ങളെക്കുറിച്ചായിരിക്കും. പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു വഞ്ചിച്ച ദുഷ്ടനായ ഒരു പ്രോജക്ട് ഹെഡിന്റെ കഥ ഐടി ലോകത്ത് ഇ മെയില്‍ ഫോര്‍വേഡായി കറങ്ങി നടക്കും. അത് എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യുമ്പോള്‍ അതിന്റെ അടിയില്‍ ഞാനെഴുതും അതിലെ വില്ലന്‍ നിങ്ങളാണെന്ന്. പക്ഷെ, ആദ്യമായി പ്രേമിച്ച ചെറുക്കനെ അങ്ങനെ മറക്കാനൊന്നുമുള്ള ചങ്കൂറ്റം എനിക്കുമില്ല. നിങ്ങള്‍ വൃത്തികെട്ടവനാണെന്നറിഞ്ഞിട്ടും എന്നോടിത്ര ക്രൂരമായി പെരുമാറിയിട്ടും വീണ്ടും നിങ്ങളിലേക്കടുക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് സ്ത്രീ എന്ന നിലയിലുള്ള ആ ദൌര്‍ബല്യം തന്നെയാണ്.

അതുകൊണ്ട് ഇനിയും നിങ്ങളെന്നെ പരീക്ഷിക്കരുത്. ഓരോ സ്ത്രീയുടെയും ഉള്ളില്‍ ഒരു നാഗവല്ലി ഉറങ്ങിക്കിടപ്പുണ്ട്. അതെപ്പോള്‍ ഉണരുമെന്നോ ഉണര്‍ന്നാല്‍ എന്തൊക്കെ ചെയ്യുമെന്നോ എനിക്കു പ്രവചിക്കാനാവില്ല. മന്ത്രവാദത്തിലും പൂജകളിലും വിശ്വാസമില്ലാത്ത ഒരു അച്ചായത്തി ആയതിനാല്‍ ഒരു പ്രതികാരത്തിന് അടുത്ത ദുര്‍ഗാഷ്ടമി വരെ ഞാന്‍ കാത്തിരിക്കുമോ എന്നും പറയാന്‍ കഴിയില്ല. വിശദീകരണങ്ങളുമായി എന്റെ ക്യുബിക്കിളിലേക്കു വരരുതെന്ന അഭ്യര്‍ത്ഥനയോടെ,

സ്വന്തം സംഗീത.

(എന്‍ബി: ചാറ്റില്‍ ഞാന്‍ നിങ്ങളെ ബ്ലോക്ക് ചെയ്തു കഴിഞ്ഞു. ഓര്‍കുട്ടില്‍ സ്ക്രാപിടാതിരിക്കാനുള്ളതും ചെയ്തിട്ടുണ്ട്. എന്നോടിനി സംസാരിക്കേണ്ട)

Related Posts with Thumbnails
blog comments powered by Disqus