മോട്ടിവേഷനല്‍ ടിപ്സ്
ജീവിതം എന്നു പറയുന്നത് അസംതൃപ്തരായ വീട്ടമ്മമാരുടെ മനസ്സ് പോലെയാണ്. നമ്മുടെ കൈവിട്ടുപോവുമെന്നു തോന്നുന്ന നിമിഷം അവസരോചിതവും ബുദ്ധിപൂര്‍വവുമായ ഇടപെടലുകളിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയും. ഇവിടെയാണ് വ്യക്തിത്വവികസനത്തിന്റെയും മോട്ടിവേഷനല്‍ ട്രെയിനിങ്ങിന്റെയും പ്രാധാന്യം. നിത്യജീവിതത്തില്‍ വിജയം നേടാന്‍ സഹായിക്കുന്ന തിരഞ്ഞെടുത്ത മോട്ടിവേഷനല്‍ ടിപ്പുകള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയം എന്നതാണു നമ്മുടെ മുദ്രാവാക്യം.
1. ഓരോ ദിവസവും ആരംഭിക്കുന്നത് ഒരു പ്രഭാതത്തോടെയാണ്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ഉണരുമ്പോഴേ അടുക്കളയില്‍ ചെന്ന് ജോലിയില്‍ മുഴുകിയിരിക്കുന്ന ഭാര്യയെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് ഇന്നു നീ വളരെ സുന്ദരിയായിരിക്കുന്നു എന്നു പറഞ്ഞശേഷം അവളുടെ കവിളില്‍ ഒരു ചുംബനം നല്‍കുക. മതി. അന്നത്തെ ദിവസത്തേക്ക് നിങ്ങളുടെ ഭാര്യയ്ക്കുള്ളതായി. ഒരു ഗ്ലാസ്സും രണ്ടു സ്പൂണുകളും കഴുകി അവള്‍ക്ക് നല്‍കുക. ഗ്ലാസ്സും സ്പൂണുമൊക്കെ അടുക്കളയില്‍ അവശ്യമുള്ളതിനാല്‍ വേണ്ട എന്നവള്‍ പറയില്ല. അടുക്കളയില്‍ ഭാര്യയെ ജോലികളില്‍ സഹായിക്കുന്നു എന്നതിന്റെ പ്രതീകമായാണ് ഇങ്ങനെ ചെയ്യാന്‍ പറയുന്നത്. തുടര്‍ന്ന് നിങ്ങള്‍ക്ക് പുറത്തു കടക്കാം.
2. അടുത്തതായി ഓഫിസിലെ നിങ്ങളുടെ ബോസിനെയാണ് സംതൃപ്തനാക്കേണ്ടത്. മൊബൈല്‍ ഫോണില്‍ നിങ്ങള്‍ നേരത്തെ സേവ് ചെയ്തു വച്ചിരിക്കുന്ന ഗുഡ് മോണിങ് സന്ദേശങ്ങളിലൊന്ന് എടുത്ത് എസ്എംഎസ് ആയി അയച്ചു കഴിഞ്ഞാല്‍ ആ ജോലിയും ഏറെക്കുറെ കഴിഞ്ഞു. ഒന്നിലേറെ ബോസുമാരോ ഒരേ പോലെ അധികാരമുള്ള വിവിധ കോക്കസുകളിലുള്ള ബോസുമാരോ ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും അയക്കണം. തലേന്നയച്ച മെസേജ് തന്നെ അയക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എ എന്ന ബോസിന് ഒന്നാം തീയതി അയച്ച മെസേജ് ബി എന്ന ബോസിന് 30-ാം തീയതിയേ അയക്കാവൂ. അവര്‍ പരസ്പരം ആ മെസേജ് അയക്കാനിടയായാല്‍ നിങ്ങള്‍ എല്ലാവര്‍ക്കും അയക്കുന്നുണ്ട് എന്ന് അവര്‍ അറിയാനിടയാവുകയും നിങ്ങളിലുള്ള മതിപ്പ് നഷ്ടപ്പെടാനിടയാവുകയും ചെ.യ്യുമെന്നതിനാലാണ് ഇത്.
3. ഓഫിസില്‍ എപ്പോഴും മാന്യമായി വസ്ത്രം ധരിച്ചു വേണം പോകാന്‍. കറുത്ത പാന്റ്സ്, വെള്ള സോക്സ്, ഇളംനീല ഫുള്‍ സ്ലീവ് ഷര്‍ട്ട് എന്നിവ വേണം ധരിക്കാന്‍. രാവിലെ ഓഫിസിലേക്കു പോകാനിറങ്ങുമ്പോള്‍ ഭാര്യയുടെ നെറ്റിയില്‍ ഒരു ചുംബനം നല്‍കാം. മക്കളുണ്ടെങ്കില്‍ അവര്‍ക്കും നല്‍കാം. ഗേറ്റിനടുത്ത് അല്ലെങ്കില്‍ വാഹനത്തിന്റെ അടുത്ത് ചെന്ന ശേഷം തിരിഞ്ഞു നോക്കി പുഞ്ചിരിയോടെ ടാറ്റ കൊടുക്കാം.
4. ഓഫിസില്‍ ചെന്നു കയറിയാല്‍ സെക്യൂരിറ്റി മുതല്‍ എല്ലാവര്‍ക്കും പുഞ്ചിരിക്കുന്ന മുഖത്തോടെ ഗുഡ്മോണിങ് പറയുക. സ്ത്രീകള്‍ എപ്പോഴും പ്രശംസ ആഗ്രഹിക്കുന്നവരാകയാല്‍ സഹപ്രവര്‍ത്തകരില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരുടെ വേഷം അവര്‍ക്ക് നന്നായി ഇണങ്ങുന്നു എന്ന് ഓരോരുത്തരോടുമായി പറയുക. ഒരാളോടു പറയുന്നത് മറ്റെയാള്‍ കേള്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് സ്ത്രീകള്‍ക്ക് നിങ്ങളെപ്പറ്റി നല്ല മതിപ്പുണ്ടാക്കാന്‍ സഹായിക്കും.
5. ഓഫിസില്‍ പുറത്തുനിന്നെത്തുന്ന ആളുകളുമായി നിങ്ങള്‍ക്ക് ഇടപെടേണ്ടതുണ്ടെങ്കില്‍ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ വേണം ഇരിക്കാന്‍. എന്നു കരുതി വരുന്നവനെയൊക്കെ സഹായിക്കണമെന്നൊന്നുമില്ല. അവരൊരാവശ്യം പറഞ്ഞാല്‍ ക്ഷമയോടെ കേട്ട ശേഷം നടക്കില്ല എന്നു പറഞ്ഞയക്കുക. അവര്‍ ക്ഷുഭിതരാവുകയോ തന്തയ്ക്കു വിളിക്കുകയോ ചെയ്താല്‍ മുഖത്തു നിന്ന് പുഞ്ചിരി മായ്ക്കാതെ തന്നെ അവന്റെയും തന്തയ്ക്കു വിളിക്കുക. അവന്‍ കയ്യോങ്ങി അടിക്കാനോ മറ്റോ തുടങ്ങുകയാണെങ്കില്‍ മാത്രം ഓടുക. അപ്പോഴും മുഖത്തെ പുഞ്ചിരി മായ്ക്കരുത്. പുഞ്ചിരി മായുന്നത് നമ്മുടെ പരാജയമാണ്.
6. എവിടെയെങ്കിലുമൊക്കെ ക്യൂവില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ നമ്മുടെ വ്യക്തിത്വവിതകസനം വെല്ലുവിളി നേരിടുന്നുണ്ട്. നീണ്ട ക്യൂവിന്റെ അറ്റത്ത് പോയി നിന്ന് ഒച്ചിഴയുന്നതുപോലെ അങ്ങേത്തയലയ്ക്കലെത്തുക എന്നു പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. അതിന് തികഞ്ഞ ആത്മവിശ്വാസത്തോടെ ക്യൂവിലുള്ളവരെ പുഞ്ചിരിയോടെ ഓവര്‍ടേക്ക് ചെയ്യുക എന്നതേ നിവൃത്തിയുള്ളൂ. ആരെയെന്നില്ലാതെ, നടക്കുന്നതിനിടെ ക്യൂവിലുള്ളവരെ കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തുകൊണ്ട് വേണം ക്യൂവിന്റെ ഏറ്റവും മുന്നിലെത്താന്‍. നിങ്ങളുടെ മുഖത്തെ ചിരിയും ആത്മവിശ്വാസവും മറ്റും കാണുമ്പോള്‍ നിങ്ങളൊരു വലിയ സംഭവമാണെന്ന് ക്യൂവിലുള്ള 98 ശതമാനം ആളുകള്‍ വിശ്വസിക്കും. ഇത് മുതലാക്കി ക്യൂവിന്റെ ഏറ്റവും മുന്നില്‍ കയറി കയ്യും കെട്ടി നില്‍ക്കുക എന്നതേ ചെയ്യാനുള്ളൂ. ബാക്കിയുള്ള രണ്ടു ശതമാനം ഇടപെട്ട് നിങ്ങളെ ക്യൂവില്‍ നിന്നു പുറത്താക്കുകയാണെങ്കില്‍ മുഖത്തെ പുഞ്ചിരി മായ്ക്കാതെ വന്നതുപോലെ തന്നെ ക്യൂവിലുള്ളവരെ അഭിവാദ്യം ചെയ്ത് ഏറ്റവും ബാക്കില്‍ പോയി നില്‍ക്കുക.
7. ആശുപത്രിയാണ് നമ്മുടെ വ്യക്തിത്വവികസനം പ്രകടമാക്കേണ്ട മറ്റൊരു സ്ഥലം. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേട് ഒരു വ്യക്തിത്വവികസനക്കാരന് ഉണ്ടാവരുത്. ക്യൂവില്‍ കാണിച്ച നമ്പര്‍ പക്ഷെ ഇവിടെ ചിലവാകില്ല. ആശുപത്രിയില്‍ ഡോക്ടറുടെ മുന്നിലിരിക്കുന്ന രോഗികളെ നിങ്ങളൊന്നു നോക്കിപ്പോയാല്‍ മതി, നുഴഞ്ഞുകയറാന്‍ വന്ന മെഡിക്കല്‍ റപ്രസന്റേറ്റീവാണെന്നു കരുതി അവര്‍ നിങ്ങളെ തടയും. കയറി വരുമ്പോള്‍ തന്നെ നെഞ്ചു വിരിച്ച് ആശുപത്രി മുതലാളിയുടെ മകനെപ്പോലെ നടക്കുക. മറ്റു രോഗികളെയോ നഴ്സുമാരെയോ ഒന്നും മൈന്‍ഡ് ചെയ്യരുത്. ഓരോ ചുവടിലും തികഞ്ഞ ആത്മവിശ്വാസം ഉണ്ടാവണം. ഡോക്ടറുടെ റൂമിനു മുന്നില്‍ സ്പീഡ് കുറയ്ക്കാനേ പോകരുത്. ചെല്ലുന്ന വേഗത്തില്‍ തന്നെ അകത്തേക്കു കയറുക. അത്ര തന്നെ. ചില ഡോക്ടര്‍മാരുണ്ട് അങ്ങനെ കയറുന്നവന്‍മാരെ ആട്ടിപ്പുറത്താക്കും. അങ്ങനെ സംഭവിച്ചാല്‍ എന്തോ തമാശ കേട്ടിട്ടെന്ന പോലെ പുറത്തിറങ്ങി ഉറക്കെ ചിരിച്ചുകൊണ്ട് സ്ഥലം വിടുക.
8. അവധിദിവസങ്ങളില്‍ കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രകളും മറ്റും നടത്തുന്നത് നല്ലതാണ്. എന്നാല്‍ ഇത് മുന്‍കൂട്ടി കുടുംബാംഗങ്ങളെ അറിയിക്കരുത്. അവധിദിവസം രാവിലെ ഭാര്യ ഭക്ഷണമൊക്കെ ഉണ്ടാക്കിയ ശേഷം നിങ്ങളെ പ്രാതല്‍ കഴിക്കാന്‍ ക്ഷണിക്കുമ്പോള്‍ മാത്രമേ പറയാവൂ, നമ്മള്‍ ഇന്ന് ഔട്ടിങ്ങിനു പോകുന്നു, എല്ലാ ഫുഡും പുറത്തു നിന്ന് കഴിക്കാം എന്ന്. സ്ത്രീകള്‍ സര്‍പ്രൈസ് ഇഷ്ടപ്പെടുന്നവരായതുകൊണ്ടാണ് ഈ രീതി അവലംബിക്കേണ്ടത്. വേഷം മാറി റെഡിയാവുന്ന ഭാര്യയെ അഭിനന്ദിക്കാന്‍ മടിക്കരുത്. പുറത്ത് പോയി അര മണിക്കൂര്‍ വരെ കടലോ കായലോ എന്താണെന്നു വച്ചാല്‍ കാണാം. അതിന്റെ തീരത്തുകൂടി ഭാര്യയുടെ കൈകോര്‍ത്തു പിടിച്ച് കുറഞ്ഞത് 20 മിനിട്ടെങ്കിലും നടക്കുന്നത് നല്ലതാണ്. തുടര്‍ന്ന് റസ്റ്റോറന്റില്‍ ഭക്ഷണം, കോമഡി സിനിമ തുടങ്ങിയവയും കഴിഞ്ഞ ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്താം.
9. ഭാര്യ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവളുടെ ജോലി സ്ഥലത്തെ വിശേഷങ്ങള്‍ താല്‍പര്യം ഭാവിച്ച് എന്നും ചോദിച്ചറിയണം. വല്ലവനുമൊക്കെയായി അടുപ്പം കൂടുന്നുണ്ടെങ്കില്‍ അറിയാന്‍ അതു നല്ലതാണ്. എന്നാല്‍, ഒരിക്കലും ഭാര്യയെ സംശയിക്കുന്നതായി ഭാവിക്കരുത്. എത്ര കടുത്ത സംശയം ഉണ്ടെങ്കിലും അവളെ പ്രോല്‍സാഹിപ്പിക്കണം. അപ്പോള്‍ ഏതെങ്കിലും സഹപ്രവര്‍ത്തകനെപ്പറ്റി അവള്‍ വല്ലതും എടുത്തു പറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. സ്ഥിരമായി അവന്റെ കാര്യം പറയുന്നുണ്ടെങ്കില്‍ അവനെ ഒരു ദിവസം വീട്ടിലേക്കു ക്ഷണിക്കുക. ഭയങ്കരമായ സൌഹൃദം കാണിച്ച് ഭാര്യയ്ക്ക് കംഫര്‍ട്ടബിള്‍ ഫീലിങ് നല്‍കുക. ഒപ്പം അവന്റെ സാന്നിധ്യത്തില്‍ അവളുടെ പെരുമാറ്റം പൂര്‍ണമായും നിരീക്ഷിക്കുകയും വേണം. വല്ല ചുറ്റിക്കളിയുടെയും സൂചന കിട്ടിയാലും പുറത്തു കാണിക്കാതെ വിലമതിക്കാനാവാത്ത ആ സുഹൃത്തിന്റെ പേരില്‍ ഭാര്യയെ അഭിനന്ദിക്കുകയേ ചെയ്യാവൂ. അതേ, സമയം കൂലിത്തല്ലുകാരെ ഏര്‍പ്പെടുത്തി അവന്റെ കയ്യും കാലും തല്ലിയൊടിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാനും പാടില്ല.
10. ഭാര്യയുടെ ബന്ധുക്കളാണ് ഒരു വ്യക്തിത്വവികസനക്കാരന്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഭാര്യയുടെ അച്ഛനും അമ്മയും സ്വന്തം അച്ഛനും അമ്മയും പോലെയാണെന്ന് ഒരിക്കലും ഒരു വ്യക്തിത്വവികസനക്കാരന്‍ പറയരുത്. എന്റെ അച്ഛനെയും അമ്മയെയുംകാള്‍ ഞാന്‍ സ്നേഹിക്കുന്നതും ആരാധിക്കുന്നതും നിന്റെ അച്ഛനെയും അമ്മയെയുമാണെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. നാശങ്ങളെ ഇടക്കിടെ സന്ദര്‍ശിക്കുന്നതും ഇടയ്ക്കു വീട്ടിലേക്കു വിളിച്ചു സല്‍ക്കരിക്കുന്നതും നല്ലതാണ്. അളിയനോ അളിയത്തിയോ മറ്റോ ഉണ്ടെങ്കില്‍ ഭാര്യയുടെ സാന്നിധ്യത്തില്‍ സ്വന്തം കൂടെപ്പിറപ്പുകളുടെ കാര്യത്തിലുള്ളതിനെക്കാള്‍ ആശങ്കയും ഉല്‍കണ്ഠയും പ്രകടമാക്കണം. അമ്മായിയമ്മയ്ക്ക് കുഴമ്പ്, അമ്മായിയപ്പന് കുപ്പി എന്നിവ രണ്ടു മാസത്തിലൊരിക്കലെങ്കിലും വാങ്ങിക്കൊടുത്താല്‍ വില്‍പത്രമുള്‍പ്പെടെയുള്ള ഫൈനല്‍ സെറ്റില്‍മെന്റ് സമയത്ത് ചെറുതല്ലാത്ത തുക തരപ്പെടുമെന്നത് മറക്കാതിരിക്കുക.
ആത്യന്തികമായി ഉള്ളിലുള്ള ഫ്രോഡുകള്‍ പുറത്തുവരാതെ നോക്കുക എന്നതാണ് ഒരു വ്യക്തിത്വവികസനക്കാരന്റെ വിജയം. ആ വിജയമോ അങ്ങനെ പിടിച്ചുനില്‍ക്കാനുള്ള മോട്ടിവേഷനും.

