ഉണ്ണീഷ്ണന് ഒരു പാര്‍ട്ടി ലഘുലേഖ
ഡോ ഉണ്ണീഷ്ണാ,
തന്നെ മിസ്റ്റര്‍ ഉണ്ണീഷ്ണാന്നാണോ സഖാവ് ഉണ്ണീഷ്ണാന്നാണോ വിളിക്കേണ്ടതെന്നറിയാത്തതുകൊണ്ടാണ് ഞങ്ങള്‍ സാധാരണയായി സിന്‍ഡിക്കറ്റ് മൂരാച്ചികളെ വിളിക്കാറുള്ളതുപോലെ സംബോധന ചെയ്തത്. കുറെ നാറികളായ പത്രക്കാരുടെ മുന്നില്‍ വച്ച് ഞങ്ങളുടെ വീരസഖാവിനെ വീട്ടില്‍ നിന്നിറക്കിവിടാന്‍ മാത്രം ധൈര്യം തനിക്കെവിടെ നിന്നു കിട്ടിയെടോ ? ഞങ്ങടെ സഖാവല്ലാതെ ഏതെങ്കിലും പട്ടി ഇങ്ങനെ ക്ഷണിക്കാത്തിടത്ത് പിന്‍വാതിലില്‍ കൂടി ഒളിച്ചു കയറിവരുമോടോ ? ഞങ്ങള്‍ക്ക് ഒട്ടേറെ ഒളിസമരങ്ങളിലും നക്സല്‍, ഗറില്ല അക്രമങ്ങളിലും പങ്കെടുത്തവരുമായി പരിചയമുള്ളതുകൊണ്ട് ഏതു വീട്ടിലും ഏതു സമയത്തും കയറാന്‍ പറ്റും. എന്നു കരുതി ഞങ്ങളെ ആക്ഷേപിക്കാനും മാത്രം താന്‍ വളര്‍ന്നോടോ ?
തന്റെ വീട് അങ്ങു കര്‍ണാടകത്തിലായിപ്പോയത് ഭാഗ്യമെന്നു കൂട്ടിക്കോ. കേരളത്തിന്റെ മണ്ണിലെങ്ങാനുമായിരുന്നെങ്കില്‍ തന്റെ വീടും കക്കൂസും വരെ ഞങ്ങള്‍ ഇലക്ഷനു ബൂത്തുപിടിക്കുന്നതു പോലെ പിടിച്ചെടുത്ത് അവിടെ ഞങ്ങളുടെ യുവജനവിഭാഗം കയറി കൊടികുത്തി നിരങ്ങിയേനെ. അല്ലെങ്കില്‍ തന്നെ ഇതിനുമാത്രം താനങ്ങു ചൂടാവാന്‍ മാത്രമൊന്നും ഇവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല.
ഈ പറയുന്ന കമാന്‍ഡോ ഏതെങ്കിലും കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ ഏതെങ്കിലും സംഘടനകളില്‍ സജീവമായോ ഒളിപ്പോരാളിയായോ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണോ ? ഏതെങ്കിലും കാലത്ത് സെക്രട്ടറിയേറ്റ്, കലക്ടറേറ്റ്, പോട്ടെ, ഡിവൈഎസ്പി, സര്‍ക്കിള്‍ ഓഫിസ് ആക്രമണത്തിനോ, പോട്ടെ പിക്കറ്റിങ്ങിനോ എങ്കിലും നോതൃത്വം നല്‍കിയിട്ടുണ്ടോ ? ഒരു പൊലീസുകാരനെയെങ്കിലും ആക്രമിച്ചിട്ടുണ്ടോ ? റോഡില്‍ വലിച്ചിഴക്കപ്പെടുന്ന ഫോട്ടോ പത്രങ്ങളില്‍ അടിച്ചുവന്നിട്ടുണ്ടോ ?
ഇത്തരം യോഗ്യതകളൊന്നും ഇല്ലെന്നതു പോട്ടെ, എകെജി ഭവനിലും എംഎല്‍എ ഹോസ്റ്റലിലും എത്രയോ തവണ ഓരോ നാറികള്‍ കയറി ഒളിച്ചിരുന്നപ്പോള്‍ അവരെ തുരത്താന്‍ ഈ ചെറുപ്പക്കാരന്‍ വന്നിട്ടുണ്ടോ ? താജ് എന്നത് പാര്‍ലമെന്റ് പോലെ, റെഡ് ഫോര്‍ട്ട് പോലെ ഒരു സ്ഥാപനമൊന്നുമല്ലല്ലോ. ടാറ്റ എന്ന ബഹുരാഷ്ട്ര കുത്തകയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരു തൊഴിലാളിവിരുദ്ധ സ്ഥാപനമല്ലേടോ അത് ? അതിനുള്ളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് വീര്‍പ്പുമുട്ടി കഴിയുന്ന അടിസ്ഥാനവര്‍ഗത്തിന്റെ നിലവിളി കേള്‍ക്കുന്നുണ്ടോടോ താന്‍ ?
അവിടെ ജീവനക്കാര്‍ക്ക് വന്‍ശമ്പളവും പിഎഫും പെന്‍ഷനും ഒക്കെ കണ്ടേക്കാം, പക്ഷെ ഒരു യൂണിയന്‍ രൂപീകരിക്കാനോ റൂമുകളില്‍ വിപ്ലവത്തിനു വേണ്ടി ബക്കറ്റുപിരിവു നടത്താനോ പെട്ടെന്നൊരു മിന്നല്‍പ്പണിമുടക്കു നടത്താനോ ഉള്ള അടിസ്ഥാനപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മര്‍ദ്ദിതരുടെ ഒരു സമൂഹമല്ലേടോ അത് ? താജ് ഹോട്ടലിനു മുന്നില്‍ ഒരു സമരപ്പന്തല്‍ കെട്ടി അവിടെ മുദ്രാവാക്യം വിളിച്ചു കുത്തിയിരിക്കാനുള്ള അവകാശം അവിടെ ഏതെങ്കിലും ജീവനക്കാരനു മിസ്റ്റര്‍ ടാറ്റ അനുവദിച്ചിട്ടുണ്ടോ ?
ടാറ്റയോട് ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ. കൊക്കക്കോളയെക്കാവ് വലുതല്ല ടാറ്റയും താജുമൊന്നും. കൊക്കക്കോളയെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ ഞങ്ങള്‍ക്കു പറ്റുമെങ്കില്‍ ടാറ്റയെയും താജിനെയും ഇന്ത്യയില്‍ നിന്നു കെട്ടുകെട്ടിക്കാനും ഞങ്ങള്‍ക്കു പറ്റും.
ഇത്തരം ബൂര്‍ഷ്വകളെ എക്കാലത്തും പാര്‍ട്ടി കാര്‍ക്കശ്യത്തോടെ തന്നെ നേരിട്ടിട്ടുണ്ട്. ഇത്തരം ബൂര്‍ഷ്വാസ്ഥാപനങ്ങളില്‍ ഇടതുപക്ഷവിപ്ലവകാരികള്‍ കടന്നകയറുകയും അവ തകര്‍ക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ സിന്‍ഡിക്കറ്റ് മാധ്യമങ്ങള്‍ തീവ്രവാദികള്‍ എന്നു വിളിക്കുന്ന ചെറുപ്പക്കാര്‍ ആശയപരമായി തീവ്രവാദികളാണെങ്കിലും താത്വികമായി വിപ്ലവകാരികള്‍ തന്നെയല്ലേ ?
വൈരുദ്ധ്യാമ്കഭൌതികവാദത്തിന്റെ ഒരു കളി വച്ചുനോക്കിയാല്‍ അവര്‍ ഒരേ സമയം വിപ്ളവകാരികളും അതേസമയം തീവ്രവാദികളുമായി നിലനിന്നേക്കാം. അതുപോലെ തന്നെ കമാന്‍ഡോ ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികര്‍ ആത്യന്തികമായി രാജ്യത്തിന്റെ വീരപോരാളികളാണെങ്കിലും താത്വികമായി അവര്‍ വിപ്ലവത്തെ അട്ടിമറിച്ചവര്‍കൂടിയല്ലേ ? എന്നിട്ടും അഭിവാദ്യമര്‍പ്പിക്കാനെത്തിയ ഞങ്ങളുടെ വീരസഖാക്കളെ നിഷ്കരുണം ആട്ടിപ്പുറത്താക്കിയ നിങ്ങളുടെ വലതുപക്ഷ ധാര്‍ഷ്ട്യം ഞങ്ങള്‍ വെറുതെ വിടുമെന്നൊന്നും കരുതേണ്ട. ഇതൊരു മുന്നറിയിപ്പായി കണ്ടോളൂ.
താജ് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ മുതലാളിത്ത സ്ഥാപനമായിട്ടും ഞങ്ങളുടെ ഒരു എംപി അവിടെ തമ്പടിച്ചിരുന്നതിനെ നിങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്യുന്നത് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്. കമാന്‍ഡോകളല്ല, സത്യത്തില്‍ ഞങ്ങളുടെ എംപിയുടെ സമയോചിതമായ ഇടപെടലാണ് അവിടെ ദുരന്തത്തിന്റെ ആക്കം കുറച്ചത്. ഞങ്ങളുടെ എംപി അവിടുത്തെ ആഡംബരങ്ങള്‍ ആസ്വദിക്കുകയായിരുന്നു എന്നത് തെറ്റാണ്. സത്യത്തില്‍ അദ്ദേഹം അതൊക്കെ ആസ്വദിക്കുന്നതായി അഭിനയിക്കുകയായിരുന്നു. ഹോട്ടലില്‍ ഒരു തൊഴിലാളിസംഘടന രൂപീകരിക്കുന്നതിനായുള്ള പ്രാഥമികചര്‍ച്ചകളിലായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സുരക്ഷ എന്നു പറയുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ഘടകമല്ല. ചൈനയുടെയോ ക്യൂബയുടെയോ സുരക്ഷ ഞങ്ങള്‍ക്കു പ്രധാനമാണ്. പത്തു മുപ്പത് സംസ്ഥാനങ്ങളുള്ള ഈ രാജ്യത്ത് രണ്ടേ രണ്ടു സംസ്ഥാനത്തു മാത്രമാണ് ഞങ്ങള്‍ക്കു ഭരണമുള്ളത്. ബംഗാള്‍ ഇനി തിരിച്ചു കൊടുക്കുന്ന പ്രശ്നമില്ല. കേരളത്തിലെയും കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികളെ ഒരുവിധത്തില്‍ ഒതുക്കി വരുമ്പോള്‍ തന്നെപ്പോലെയുള്ളവര്‍ ഭരണനേതൃത്വത്തെയും ഞങ്ങള്‍ രാഷ്ട്രീയക്കാരെയും വെല്ലുവിളിക്കാന്‍ തുടങ്ങിയാല്‍ ഡോ ഉണ്ണീഷ്ണാ, നാളെ കേരളത്തിലെ സാധാരണജനങ്ങള്‍ ഞങ്ങളെ ചോദ്യം ചെയ്യില്ലേ. ഇത്രയും കാലം ഈ കഴുവേറികളുടെ വായില്‍ മണ്ണിട്ടതിന്റെയെല്ലാം കണക്ക് ഇവന്മാര് ഞങ്ങളോട് ചോദിച്ചാല്‍ ഞങ്ങളെന്തു മറുപടി പറയും ?
അങ്ങനൊരു ഘട്ടത്തില്‍ ഇടതു, വലതു ചേരികള്‍ക്കിടയിലെ നേര്‍ത്ത അതിര്‍വരമ്പ് ഇല്ലാതാവുമെന്നും രാഷ്ട്രീയക്കാര്‍ എന്ന ഒറ്റ ചേരിയില്‍ നിന്നു കൊണ്ട് ജനങ്ങളെന്ന വിരുദ്ധശക്തിയെ തുടച്ചുനീക്കാനുള്ള ദൌത്യത്തിലേക്ക് ഞങ്ങള്‍ക്കു നീങ്ങേണ്ടി വരുമെന്നും അറിയിക്കട്ടെ. അല്ലെങ്കില്‍ തന്നെ വല്ല വോട്ടു ചെയ്യുകയോ ജയ് വിളിക്കുകയോ അല്ലാതെ ഈ ചെറ്റകള്‍ക്കൊക്കെ രാഷ്ട്രീയത്തിലപെടേണ്ട കാര്യമെന്താണ് ? തെണ്ടികള്‍. ഓരോ ഇലക്ഷന്‍ കഴിയുമ്പോഴും ഇവറ്റകളെ വെടിവച്ചുകൊല്ലാന്‍ സംവിധാനമുണ്ടാവണം. പിന്നെ അടുത്ത തെരഞ്ഞെടുപ്പാവുമ്പോഴേക്കും വോട്ടവകാശം കിട്ടിവരുന്ന ആളുകള്‍ മതി. മാത്രവുമല്ല ചത്തവന്മാരുടെ പേരില്‍ ഞങ്ങടെ ആളുകള്‍ക്ക് വോട്ടു ചെയ്യാന്‍ തടസ്സവുമുണ്ടാവില്ല. അത്തരമൊരു രാഷ്ട്രീയസംവിധാനത്തിന് വേണ്ടി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ പരിശ്രമിക്കേണ്ട സമയമായിരിക്കുന്നു.
കാറു വാങ്ങുന്ന കാര്യത്തിലും കയ്യിട്ടു വാരുന്ന കാര്യത്തിലുമെന്നപോലെ രാഷ്ട്രീയക്കാരെ ചോദ്യം ചെയ്യുന്ന ജനങ്ങളെ വകവരുത്തുന്നതിനുള്ള അധികാരം ലോക്കര്‍ തലം മുതല്‍ നേതാക്കള്‍ക്കു നല്‍കുന്ന കാര്യത്തിലും പാര്‍ട്ടിഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും താത്വികാചാര്യന്മാരെ ചോദ്യം ചെയ്യാനുള്ള അവകാശം അടിസ്ഥാനപരമായ അച്ചടക്കലംഘനമായി വായിക്കപ്പെടും. ജനങ്ങളാണ് നമ്മുടെ ശത്രു. അവരെ തളയ്ക്കാനായി ഒന്നിച്ചു നില്‍ക്കുക,
വിപ്ലവാഭിവാദ്യങ്ങളോടെ,
സഖാവ് മില്ല്യനെയര്‍.










