ഒബാമയ്ക്ക് മലയാളം ബ്ലോഗറുടെ തുറന്ന കത്ത്

മിസ്റ്റര്‍ ഒബാമ,

നിങ്ങളെ സാര്‍ എന്നു വിളിക്കാത്തതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ അദ്ഭുതപ്പെടുന്നുണ്ടാവും. മിസ്റ്റര്‍ എന്നെങ്കിലും വിളിച്ചത് വലിയ ബഹുമതിയായി കരുതിക്കൊള്ളൂ. ഞങ്ങള്‍ മലയാളം ബ്ലോഗര്‍മാര്‍ എല്ലാവരെയും എടാ, പോടാ എന്നാണു വിളിക്കാറുള്ളത്. അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ നിങ്ങളെ അഭിനന്ദിക്കാനാണ് ഈ കത്തെഴുതുന്നത് എന്നു കരുതിയിട്ടുണ്ടെങ്കില്‍, ആ കരുതലുമായി ഈ കത്ത് തുടര്‍ന്നു വായിക്കണമെന്നില്ല, ഇത് നിങ്ങള്‍ക്കുള്ള ചില നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാനുദ്ദേശിച്ചുകൊണ്ടുള്ള കത്താണ്. ഞങ്ങള്‍ മലയാളം ബ്ലോഗര്‍മാര്‍ ഇതുപോലെ ബ്ലോഗിലൂടെ എല്ലാവര്‍ക്കും മുന്നറിയിപ്പു കൊടുക്കാറുണ്ട്.

ബുഷിനു ഞങ്ങള്‍ പല പല ഉപദേശങ്ങളും കൊടുത്തിട്ടുണ്ടെങ്കിലും അവന്‍ അതൊന്നും കേട്ടിട്ടില്ല. അന്നേ ഞങ്ങള്‍ അവനോടു പറഞ്ഞിരുന്നു അടുത്ത തിരഞ്ഞെടുപ്പു വരുമ്പോള്‍ ഞങ്ങള്‍ കളിക്കും അപ്പോള്‍ കാണിച്ചുകൊടുക്കാമെന്ന്. തിരഞ്ഞെടുപ്പു വന്നു, ഞങ്ങള്‍ കളിച്ചു. അവന് കാര്യങ്ങളൊക്കെ ഏകദേശം മനസ്സിലാവുകയും ചെയ്തു. പറഞ്ഞു വരുന്നത്, നിങ്ങള്‍ക്കു കിട്ടിയ ഈ ഭയങ്കരമായ വിജയം ഒരിക്കലും നിങ്ങളുടെ വിജയമല്ല. ഇത് ഞങ്ങളുടെ വിജയമാണ്. ഞങ്ങളുടെ എന്നു പറഞ്ഞാല്‍ ഞങ്ങള്‍ മലയാളം ബ്ലോഗര്‍മാരുടെ.

പെന്‍സില്‍വാനിയയിലെയും കലിഫോര്‍ണിയിലെയും ന്യൂ ജേഴ്സിയിലെയും (പഴയ ജേഴ്സികള്‍ നിങ്ങള്‍ എന്തു ചെയ്തു എന്നത് ഞങ്ങള്‍ക്കറിയണം) ഫിലാഡെല്‍ഫിയയിലെയും ഡക്കോട്ടയിലെയും സുന്ദരിമാരായ മലയാളി നഴ്സുമാര്‍ ഞങ്ങളുടെ ബ്ലോഗ് വായനക്കാരാണ്. അവര്‍ ജോലി ചെയ്യുന്ന ആശുപത്രികളിലെത്തുന്ന സായിപ്പുമാരെ ബ്രെയിന്‍വാഷ് ചെയ്തും അവരുടെ സിരകളില്‍ ബുഷ് വിരുദ്ധ വികാരം കുത്തിവച്ചുമാണ് ഞങ്ങള്‍ക്കു വേണ്ടി അവര്‍ നിങ്ങള്‍ക്കീ വിജയം വാങ്ങിത്തന്നത്. എന്നു കരുതി എല്ലാ ദിവസം ഞങ്ങളുടെ ബ്ലോഗുകള്‍ വായിക്കണമെന്നോ കമന്റുകള്‍ ഇടണമെന്നോ ഞങ്ങള്‍ പറയുന്നില്ല. എന്നു കരുതി അങ്ങനെയൊന്നും ചെയ്യേണ്ട എന്നും അര്‍ത്ഥമില്ല. എല്ലാം മനസ്സിലുണ്ടായാല്‍ മതി.

ഇപ്പോള്‍ വിജയിച്ചെന്നു കരുതി ഇനി അഞ്ചു വര്‍ഷത്തേക്ക് ആരേയും പേടിക്കാതെ എന്തും ചെയ്യാമെന്നു കരുതിക്കളയരുത്. ഞങ്ങള്‍ കൂടുതല്‍ നഴ്സുമാരെ ഇവിടെ നിന്ന് കയറ്റി അയക്കുന്നുണ്ട്. അവരെല്ലാം കൂടി അങ്ങോട്ട് വന്നാല്‍ ഞങ്ങളുടെ അവിടുത്തെ സ്വാധീനം വര്‍ധിക്കുകയേയുള്ളൂ. നിങ്ങള്‍ ശരിായാവുന്നില്ലെന്നു തോന്നിയാല്‍ നിങ്ങളെ മാറ്റാന്‍ ഞങ്ങള്‍ എല്ലാവരും കൂടി സംയുക്തമായി ഒരു പോസ്റ്റ് ഇടുകയേ വേണ്ടൂ.

പോരെങ്കില്‍ ഞങ്ങളുടെയെല്ലാം പ്രതിനിധിയായ ഞങ്ങളുടെ അമ്മ – ദേവി സങ്കല്‍പങ്ങളുടെ മൂര്‍ത്തീഭാവമായ, ഞങ്ങളുടെ ബ്ലോഗ് മാതാവ്, ന്റെ കുട്ട്യേ ! ഓപ്പോള്‍ടെ പോസ്റ്റ് വായിച്ചോ എന്നു വള്ളുവനാടന്‍ ഭാഷയില്‍ ചോദിക്കുന്ന തൊടുപുഴക്കാരി അച്ചായത്തി ബ്ലോഗറി അവിടെയുണ്ടല്ലോ. ഇക്കണ്ട ബ്ലോഗര്‍മാരെയെല്ലാം ഓരോ വേഷം കെട്ടിച്ച് ഓണ്‍ലൈന്‍ പെറ്റീഷനായിട്ടും കരിവാരമായിട്ടും ഒക്കെ മണ്ടന്‍കളിപ്പിക്കാമെങ്കില്‍ നിങ്ങളെ അണ്ടര്‍വെയറിടീച്ച് വൈറ്റ്ഹൌസ് പെന്റഗണ്‍ റോഡിലൂടെ നടത്തിക്കാനും പുള്ളിക്കാരിക്കു പറ്റും.

ഈ ലോകത്തെ പിടിച്ചു നിര്‍ത്തുന്നത്, അഹങ്കാരം കൊണ്ടു പറയുകയല്ല, ഞങ്ങള്‍ മലയാളം ബ്ലോഗര്‍മാര്‍ ഓരോ ദിവസവും എഴുതിവിടുന്ന നല്ല നല്ല പോസ്റ്റുകളാണ്. സകല ക്ളാസിക്കുകളും കലകളും ഒന്നും മലയാളം ബ്ലോഗിനോളം വരില്ല. എന്നു കരുതി കണ്ട അണ്ടനും അടകോടനും ഒക്കെ എഴുതുന്ന ബ്ലോഗുകളെ ഞങ്ങള്‍ ബുദ്ധിജീവികളുടെ ബ്ലോഗുകളുമായി തട്ടിച്ചു നോക്കരുത്. ബെര്‍ളിയെപ്പോലെയുള്ള ചില മൂന്നാംകിട അലവലാതികള്‍ എന്നും ഞങ്ങള്‍ക്കൊരു വെല്ലുവിളിയായിരുന്നു. അവനെയൊക്കെ ചവുട്ടിയൊതുക്കി ഞങ്ങള്‍ മുന്നേറുകയണ്. ഞങ്ങളില്‍ പലരും പുസ്കങ്ങള്‍ ഇറക്കുന്നു, പ്രകാശനച്ചടങ്ങുകള്‍ നടത്തുന്നു, അതിന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ കൊടുക്കുന്നു, അതോടെ ബ്ലോഗിങ് അവസാനിപ്പിക്കുന്നു. മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ച കണ്ടിട്ട് നിങ്ങള്‍ക്ക് പേടി തോന്നുന്നില്ലേ ?

ഒരുത്തനെയും ഞങ്ങള്‍ അംഗീകരിക്കില്ല. എഴുത്തച്ഛനും എംടിയും ബഷിറും ഒക്കെ ഞങ്ങള്‍ക്കു പുല്ലാണ്. വിശാലമനസ്കനാണ് ഞങ്ങളുടെ ബഷീര്‍. കുറുമാനാണ് ഞങ്ങളുടെ പൊറ്റക്കാട്. രാജ് നീട്ടിയത്താണ് ഞങ്ങളുടെ എഴുത്തച്ഛന്‍. അല്ലാതൊരുത്തനെയും ഞങ്ങള്‍ ജീവിക്കാന്‍ പോലുമനുവദിക്കില്ല. ബ്ലോഗേ ബ്ലോഗസ്യ ബ്ലോഗഹി എന്നാണല്ലോ..

ഇങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ വേണ്ടി കൂടിയാണീ കത്ത്. കേരളം വളരെ വൃത്തികെട്ട നാടാണ്. ഇവിടുത്തെ ജനങ്ങള്‍ക്കു പൊതുവേ നിലവാരം കുറവാണ്. ചെറ്റകളാണെന്നു പറയുന്നതാവും ശരി. അലവലാതികളും എമ്പോക്കികളും കുറവല്ല. എല്ലാവര്‍ക്കും ബ്ലോഗര്‍മാരാവാന്‍ പറ്റില്ല, ഞങ്ങള്‍ക്കറിയാം. ആവണമെന്നു ഞങ്ങള്‍ പറയുന്നുമില്ല. പക്ഷെ, ഈ അലവലാതികളെല്ലാം കൂടി ബ്ലോഗിലേക്കു വന്നാല്‍ ഞങ്ങള്‍ കാലങ്ങളായി തുടര്‍ന്നുവന്ന ബ്ലോഗിലെ പൈതൃകങ്ങള്‍ നഷ്ടമാവില്ലേ, ഞങ്ങളുടെ ബുദ്ധിജീവി പോസ്റ്റുകള്‍ ധാരണപ്രകാരം ബുദ്ധിജീവി വാരികകള്‍ വാരാവാരം അച്ചടിക്കുന്നുണ്ട്, ആളുകള്‍ വായിച്ചന്തം വിടുന്നുമുണ്ട്. ആളുകള്‍ക്ക് വായിച്ചിട്ട് – എന്തോ എനിക്കൊന്നും മനസ്സിലായില്ല, കടുകട്ടി- എന്നു പറയാന്‍ ഇന്നു ഞങ്ങള്‍ ബുദ്ധിജീവികളുടെ പോസ്റ്റേയുള്ളൂ എന്നതോര്‍ക്കണം. അതു വലിയ ബഹുമതിയായാണ് ഞങ്ങള്‍ കരുതുന്നത്.

മുഖ്യധാരസാഹിത്യത്തെയും, മുഖ്യധാരാസിനിമയെയും ഞങ്ങള്‍ വെറുക്കുന്നു. പൊതുജനം ഇഷ്ടപ്പെടുന്നതിനെ എതിര്‍ക്കുന്നതാണ് ഞങ്ങളുടെ രീതി. ജനം കയ്യടിക്കുന്ന സിനിമകളെ ഞങ്ങള്‍ പുച്ഛിക്കും. അവര്‍ വായിക്കുന്ന സാഹിത്യത്തെ ചവറ് എന്നു വിളിക്കും. എന്നു കരുതി ഞങ്ങള്‍ വെറും ബോറന്‍മാരാണെന്നു കരുതരുത്. ആരും കാണാതെ ഈ സിനിമയും സാഹിത്യവും ആസ്വദിച്ച് ഞങ്ങളും സന്തോഷിക്കും.

അതുകൊണ്ട്, മലയാളം ബ്ലോഗര്‍മാരെ ബഹുമാനിച്ച്, ഞങ്ങളുടെ പോസ്റ്റുകളില്‍ പറയുന്ന കാര്യങ്ങള്‍ മാനിച്ച് അമേരിക്കന്‍ പ്രസിഡന്റായി അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ നിങ്ങള്‍ക്കു കൊള്ളാം !

അഹങ്കാരപൂര്‍വം.
കൂതറമലയാളം ബ്ലോഗേഴ്സ്.

Related Posts with Thumbnails
blog comments powered by Disqus