നൂറില്‍ നൂറ് (ട്വന്റി 20 – റിവ്യൂ)

ഒരു നല്ല സിനിമ,ഏറിയാല്‍ ഗംഭീര സിനിമ, അങ്ങേയറ്റം പോയാല്‍ ഒരു കിടിലന്‍ സിനിമ.അതിനപ്പുറം മലയാളത്തിലൊരു സിനിമയുണ്ടാവില്ല എന്ന മുന്‍വിധിയുടെയും ഇത്രയും താരങ്ങളെ വച്ച് എത്ര അധ്വാനിച്ചാലും ചില പഴുതുകള്‍ അവശേഷിപ്പിച്ചുകൊണ്ടേ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്ന വിശ്വാസത്തിന്റെയും തലമണ്ടയ്ക്കേറ്റ പ്രഹരമായിരുന്നു ഏതാനും മണിക്കൂര്‍ മുമ്പ് കണ്ട്തീര്‍ത്ത ട്വന്റി 20 എന്ന മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സ്മരിക്കപ്പെടുന്ന സിനിമ.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സ്റ്റാര്‍ട്ട് ടൈറ്റില്‍സ് മുതല്‍ എന്‍ഡ് ടൈറ്റില്‍സ് വരെ പ്രേക്ഷകനെ ത്രസിപ്പിച്ചു നിര്‍ത്തുന്ന ഉദാത്ത കൊമേഴ്സ്യല്‍ സിനിമ. മമ്മൂട്ടിയുടെ ന്യൂഡല്‍ഹിയോ, മോഹന്‍ലാലിന്റെ ദേവാസുരമോ ഒക്കെ നല്‍കുന്ന ചലച്ചിത്രാനുഭവം. സിനിമ കഴിഞ്ഞിറങ്ങി മണിക്കൂര്‍ മൂന്നു കഴിഞ്ഞിട്ടും ഹാങ് ഓവര്‍ മാറാത്ത ഒരു ചിത്രം ഇതിനു മുമ്പ് അടുത്തകാലത്തെങ്ങും കണ്ടിട്ടില്ലെന്നതുറപ്പ്.

ട്വന്റി 20 എന്ന അമ്മ- ദിലീപ് സിനിമ ഇനി ജനങ്ങളുടെ സിനിമയാണ്. മലയാളികള്‍ക്ക് തമിഴന്റെയും തെലുങ്കന്റെയും മുഖത്തു നോക്കി കണ്ടോടാ പുല്ലേ !- എന്നാവേശപൂര്‍വം ചോദിക്കാവുന്ന സിനിമ. ആരും കാണാത്ത സിനിമകളെ താങ്ങി നടക്കുന്ന കപടബുദ്ധിജീവികളെ പ്രേക്ഷകര്‍ എന്ന വിഭാഗത്തില്‍ നിന്നൊഴിച്ചു നിര്‍ത്തിയാല്‍ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുന്ന വിസ്മയകരമായ സിനിമ !

ഇത്രയൊക്കെ പുകഴ്ത്താന്‍ മാത്രം ഒരു കുറവുമില്ലാത്ത സിനിമയാണോ ട്വന്റി 20 ?

ഒരിക്കലുമല്ല. എടുത്തുപറയേണ്ട രണ്ടു കുറവുകളാണ് സിനിമയിലുള്ളത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇതില്‍ പുല്ലുവിലയാണ്. താരമൂല്യമുള്ള കാവ്യ മാധവന്‍ രണ്ടു സീനില്‍ മാത്രം വരുന്ന വെറും ഫ്രോഡാണെങ്കില്‍ പിന്നെ പ്രാധാന്യമുള്ള ഭാവന കഥാപാത്രമെന്നതിനപ്പുറം ഒരു സാന്നിധ്യം മാത്രമാണ്. നയന്‍താരയുടെ ശരീരമാണ് മറ്റൊരാകര്‍ഷണം. അറുബോറായ ഇതിലെ ഗാനങ്ങള്‍ ആരും ശ്രദ്ധിക്കുന്നേയില്ല. പിന്നെയും കേള്‍ക്കാനിമ്പമുള്ളത് ടൈറ്റില്‍ സോങ് മാത്രം.

സിനിമ റിലീസോടെ അവസാനിച്ച ഫാന്‍സ് അസോസിയേഷന്‍ വിവാദങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ എന്തിനായിരുന്നു ഇത് എന്ന ഒറ്റച്ചോദ്യം മാത്രം ബാക്കിയാവുന്നു. അതിനുത്തരമെന്നോണം, കേരളത്തിലുടനീളം സിനിമ ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കി മോഹന്‍ലാലിന്റെ ഫ്ലെക്സുകളും ഹോര്‍ഡിങ്ങുകളും പിന്‍വലിച്ച് മാറി നിന്ന ലാലേട്ടന്റെ ആരാധകര്‍ ആദ്യഷോ കഴിഞ്ഞതേ ആര്‍പ്പുവിളികളുമായി തെരുവിലിറങ്ങിയത് ആനന്ദനൃത്തം ചവിട്ടാനാണ്. സിനിമ കഴിഞ്ഞ ഉടനേ തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നടന്ന മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രകടനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തതായാണ് വിവരം. കേരളത്തിലുടനീളം ലാലേട്ടന്റെ ഫ്ലെക്സും ഹോര്‍ഡിങ്ങും തിരികെ സ്ഥാപിച്ച് മമ്മൂട്ടി ഫാന്‍സിന്റെ തോളില്‍ കയ്യിട്ട് അവര്‍ പറയുന്നു- ഇത് ഞങ്ങളുടെ സിനിമയാണ്.

സിനിമയിലെ നായകന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ? സുരേഷ് ഗോപിയോ ? മൂന്നു പേരും എന്നു പറഞ്ഞാല്‍ അതൊരു അഴകൊഴമ്പന്‍ മറുപടിയാവും. സാങ്കേതികമായി പറഞ്ഞാല്‍ ആദ്യപകുതിയില്‍ മമ്മൂട്ടിയും രണ്ടാം പകുതിയില്‍ മോഹന്‍ലാലും അസുലഭപ്രകടനം കാഴ്ച വയ്ക്കുന്നു. സിനിമയിലുടനീളം അസാധാരണമായ മികവോടെ സുരേഷ് ഗോപി തിളങ്ങുന്നു.

ഒരു മെഗാ സ്റ്റാറിനെ അവതരിപ്പിക്കാവുന്നതിന്റെ പരമാവാധി പകിട്ടോടെ ഒട്ടും അവിശ്വസനീയത ഇല്ലാതെ മമ്മൂട്ടി എന്ന മഹാനടനെ ആദ്യഭാഗത്തു തന്നെ അവതരിപ്പിച്ച രീതിയും ശൈലിയും അവിസ്മരണീയമാണെങ്കില്‍ ആദ്യപകുതിയുടെ അവസാനത്തില്‍ പാവം മലഞ്ചരക്കുവ്യാപാരിയായി വന്ന് മമ്മൂട്ടിയുടെ മുന്‍പില്‍ കൈകൂപ്പി നില്‍ക്കുന്ന മോഹന്‍ലാല്‍ പരമ്പരാഗതമായ നായകവല്‍ക്കരണസങ്കേതങ്ങളെ അട്ടിമറിച്ചുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരട്ടിമറിയിലൂടെ ആകാശത്തോളം വളരുമ്പോള്‍ പ്രേക്ഷകന് കയ്യടിക്കാതിരിക്കാവില്ല. ദിലീപ് ഫാന്‍സിന് കാര്യമായി ആവേശം കൊള്ളാന്‍ ഒന്നുമില്ലെങ്കിലും മഹത്തായ ഒരു ചലച്ചിത്രസംരംഭത്തിന്റെ നിര്‍മാതാവെന്ന നിലയില്‍ ദിലീപിനെ വാനോളം ഉയര്‍ത്തിയാലും തെറ്റില്ല.

അപ്പോള്‍ ഇതു താരങ്ങളുടെ സിനിമയാണോ ? ഒരിക്കലുമല്ല. ജോഷി എന്ന സംവിധായകന്റെയും ദിലീപ് എന്ന നിര്‍മാതാവിന്റെയും ആത്യന്തികമായി ഉദയ്കൃഷ്ണ-സിബി കെ. തോമസ് ജോഡികളുടെയും ചരിത്രനേട്ടത്തിന്റെ സാക്ഷ്യമാണ് ഈ സിനിമ. പഴുതുകളില്ലാത്ത, കൂര്‍മബുദ്ധിയില്‍ ചാലിച്ചെടുത്ത സങ്കീര്‍ണ്ണതകളിലൂടെ പരിപൂര്‍ണമാവുന്ന തിരക്കഥ എല്ലാ ചലച്ചിത്രവിദ്യാര്‍ത്ഥികളും പഠിച്ചിരിക്കേണ്ടത് അത് ഇത്രയധികം താരങ്ങളെയും അവരുടെ ആരാധകരെയും നല്ല സിനിമ കാത്തിരിക്കുന്ന സാധാരണ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മലയാളത്തിലെ അപൂവങ്ങളില്‍ അപൂര്‍വമായ സിനിമയുടെ തിരക്കഥ ആയതുകൊണ്ടു മാത്രമല്ല, ഇത്രമേല്‍ ശക്തമായ ദൃശ്യഭാഷയുടെ സങ്കേതം അത്രമേല്‍ ലളിതമായതുകൊണ്ടു കൂടിയാണ്.

ഏറെ പണവും അധ്വാനവും പ്രതിസന്ധികളും കഴിഞ്ഞെത്തിയ ഈ സിനിമ ഇന്നു മുതല്‍ മലയാളസിനിമയുടെ ആഘോഷമായി കേരളത്തിലെ തിയറ്ററുകളില്‍ നൂറും ഇരുനൂറും കഴിഞ്ഞ് 365 ദിവസം ഓടുന്ന ആദ്യത്തെ സിനിമയാവട്ടെ എന്ന ആശംസകള്‍ നേരുമ്പോള്‍ ചരിത്രത്തിലിടം നേടിയ സിനിമയുടെ ആദ്യഷോ കാണാന്‍ കഴിഞ്ഞതിന്റെ ആവേശം ഇനിയും ബാക്കിനില്‍ക്കുന്നു.

Related Posts with Thumbnails
blog comments powered by Disqus