ആന്റി കമ്മ്യൂണിസ്റ്റ് (The Aunt is Communist)

സഖാവ് രാജ്കുമാര്‍ അറിയുന്നതിന്,

വിവാഹം എന്ന സൈദ്ധാന്തിക വ്യഭിചാരത്തിലേക്കുള്ള സഖാവിന്റെ അങ്ങേയറ്റം ഹീനമായ ക്ഷണത്തെ തമസ്കരിക്കാന്‍ മുതിരാത്തത് ഞാനൊരു വിപ്ലവകാരി അല്ലാത്തതുകൊണ്ടല്ല. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ബന്ധങ്ങള്‍, ജാതി, മതം തുടങ്ങിയ സാമൂഹിക അനാചാരങ്ങളോട് സമരസപ്പെടാതെ എന്നെപ്പോലൊരു പെണ്ണിന് ഇനിയും മുന്നോട്ടു പോവാനാവില്ല എന്ന കള്ളസത്യം തിരിച്ചറിഞ്ഞിട്ടുമല്ല.

എന്റെ വിപ്ലവപാതകളില്‍ ചോര പുരണ്ട യാഥാര്‍ഥ്യങ്ങളെ വാരിപ്പുണര്‍ന്നുണര്‍ന്നുറങ്ങുന്ന കരാളയാമങ്ങളില്‍ ചിലപ്പോള്‍ മുറിവുകളില്‍ എണ്ണ പുരട്ടാന്‍ എനിക്കൊരു സഹായിയുടെ ആവശ്യം വേണ്ടി വന്നേക്കും. അതിനു സഖാവ് തയ്യാറാണോ എന്നു മാത്രമാണ് എനിക്കറിയേണ്ടത്.

അല്ലാതെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാമെന്നൊന്നും സഖാവ് കരുതേണ്ട. ഞാനിങ്ങനെ സഖാവ് സഖാവ് എന്നു സംബോധന ചെയ്യുമ്പോള്‍ അത് സഖാവ് ഒരു സഖാവായിരിക്കുമെന്ന വിശ്വാസം കൊണ്ടാണ്. ഒരു സഖാവല്ലെങ്കില്‍ എന്നോടു വിവാഹാഭ്യര്‍ഥന നടത്താനുള്ള ധൈര്യം സഖാവ് കാണിക്കില്ലല്ലോ.

സഖാവിന്റെ ആലോചനയുമായി വീട്ടില്‍ നിന്നു വയസ്സായ അച്ഛന്‍ ഇന്നലെ വന്നിരുന്നു. ഈ വൈകിയ വേളയില്‍ ഞാന്‍ വിവാഹത്തെക്കുറിച്ചാലോചിക്കുന്നതിന് മുകളില്‍ പറഞ്ഞതല്ലാതെ മറ്റൊരു കാരണവും ഇല്ല. വരുന്ന റഷ്യന്‍ വിപ്ലത്തിന്റെ വാര്‍ഷികത്തിന് എനിക്കു 38 തികയും. ഹൈസ്കൂള്‍ കാലം മുതല്‍ ഞാനൊരു പൂര്‍ണ സഖാവാണ്. സ്നേഹം, പ്രണയം, വാല്‍സല്യം തുടങ്ങിയ ബൂര്‍ഷ്വാ വികാരങ്ങള്‍ ഇതുവരെ എന്റെ മനസ്സിലുണ്ടായിട്ടില്ല. ഇനിയൊട്ടുണ്ടാവുകയുമില്ല.

ഞാന്‍ ജനിച്ചതും ജീവിച്ചതും കേരളത്തിലായിരിക്കാം, പക്ഷേ, റഷ്യയിലെയും സൈബീരിയയിലെയും ചൈനയിലെയും ക്യൂബയിലെയും പതിനായിരക്കണക്കിനു സഹോദരിമാരുടെ പ്രതീകമാണ് ഞാന്‍. കേരളത്തില്‍ കണ്ടു വരുന്ന പൈങ്കിളി നോവല്‍ വായിക്കുകയും മെഗാ സീരിയല്‍ കാണുകയും ഒക്കെ ചെയ്യുന്ന പെണ്ണുങ്ങളുമായി എന്നെ താരതമ്യം ചെയ്യരുത്. എനിക്കതിഷ്ടമല്ല. ബൂര്‍ഷ്വാസിയുടെ മൂര്‍ത്തീമഭാവമായ മുതലാളിത്തത്തിന്റെ സന്തതികളായ കുത്തകമാധ്യമങ്ങള്‍ വഴി അമേരിക്ക കമ്മ്യൂണിസ്റ്റ് സമൂഹങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അരാജകത്വത്തിന്റെ അന്തകവിത്തുകളാണ് സീരിയലുകള്‍.

അഥവാ സഖാവിനെ ഞാന്‍ വിവാഹം ചെയ്യുകയാണെങ്കില്‍ നമ്മുടെ വീട്ടില്‍ ടിവി ഉണ്ടായിരിക്കയില്ല. അഥവാ ടിവി വാങ്ങുകയാണെങ്കില്‍ അതില്‍ കൈരളി ചാനല്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പത്രം പക്ഷെ നമ്മള്‍ മനോരമ കൂടി വരുത്തണം. കാരണം, നമ്മള്‍ വായിക്കേണ്ടത് മനോരമയാണ്. മനോരമ വായിച്ചെങ്കില്‍ മാത്രമേ നമുക്ക് ദേശാഭിമാനി ഇറക്കാന്‍ പറ്റൂ. നാടുനീളെ പ്രസംഗിച്ചുനടക്കാന്‍ പറ്റൂ.

സഖാവിനെ പേടിപ്പിക്കുകയാണെന്നു കരുതരുത്. അജിതേച്ചിയെ എനിക്കു നേരിട്ടറിയാം. നക്സല്‍ പ്രസ്ഥാനങ്ങളെ വിട്ട് സാമൂഹികപ്രവര്‍ത്തനം നടത്തുന്നതില്‍ എന്റെ വിയോജിപ്പ് ഞാന്‍ അജിതേച്ചിയെ അറിയിച്ചു കഴിഞ്ഞു. ഏതു നിമിഷവും അവര്‍ മടങ്ങിവന്നേക്കാം. അങ്ങനെ വീണ്ടും നക്സല്‍ പ്രസ്ഥാനം ശക്തി പ്രാപിച്ചാല്‍ എനിക്കു പെട്ടെന്നു വിവാഹമോചനം വേണ്ടി വരും.

പിന്നെ, കല്യാണത്തിന് സഖാവിന്റെ പ്ലാനുകളൊന്നും നടക്കാന്‍ പോകുന്നില്ല. എന്നു കരുതി പാര്‍ട്ടി ആപ്പീസില്‍വച്ച് മുദ്രാവാക്യം വിളിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല. നക്സല്‍ ആണെന്നതിനൊപ്പം ഞാനൊരു ഫെമിനിസ്റ്റ് കൂടിയാണ്. താലി ബന്ധനത്തിന്റെയും അധിനിവേശത്തിന്റെയും ചിഹ്നമാകയാല്‍ എന്റെ കഴുത്തില്‍ താലി കെട്ടാമെന്ന് സഖാവ് വ്യാമോഹിക്കരുത്. ഹാരമണിയിക്കലും ആവശ്യമില്ല. ഉഭയകക്ഷി സമ്മതപ്രകാരം എന്റെ ഭര്‍ത്താവായി ജീവിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന ധാരണാപത്രത്തില്‍ സഖാവ് ഒപ്പുവച്ചാല്‍ മാത്രം മതി. വായിച്ചു ബോധ്യപ്പെട്ട ശേഷം മേല്‍ഘടകവുമായി കൂടിയാലോചിച്ച ശേഷം ജില്ലാ കമ്മിറ്റി അംഗീകരിക്കുന്നതോടെ നമ്മള്‍ വിവാഹിതരാകും.

ബന്ധുക്കളെയും വിളിച്ചുള്ള സദ്യ ഒന്നും പറ്റില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരോ കിലോ അരിവിതരണം. അതേ പാടുള്ളൂ. ഫസ്റ്റ്നൈറ്റില്‍ എന്റെ ഒപ്പം കിടക്കാമെന്നൊന്നും കരുതേണ്ട. അത്തരം ബൂര്‍ഷ്വാ സങ്കല്‍പങ്ങള്‍ക്ക് ഞാനെതിരാണ്. ഫസ്റ്റ്നൈറ്റ് എന്ന സങ്കല്‍പം തന്നെ സ്ത്രീത്വത്തെ കീഴടക്കാനുള്ള ബലഹീനമായ പൌരുഷത്തിന്റെ ഹീനമായ പരിശ്രമമാണ്.

സഖാവിന് എന്നെ മാനസികമായി കീഴടക്കാന്‍ സാധിക്കുന്നു എന്നെനിക്കു തോന്നിയാല്‍ ലോക്കല്‍ സെക്രട്ടറിയുമായി ആലോചിച്ച് സംസ്ഥാന കമ്മിറ്റിയ്ക്കു മുമ്പായി നമുക്ക് ബന്ധപ്പെടാം. അത് പ്രജനനത്തിനു വേണ്ടി മാത്രമുള്ള ഒരു പ്രക്രിയ ആയിരിക്കും. അങ്ങനെയാണെങ്കില്‍ തന്നെ ആര് ഗര്‍ഭം ധരിക്കണം എന്ന കാര്യത്തിലും ഒരു സമവായം ഉണ്ടാക്കേണ്ടതുണ്ട്. എന്തായാലും ഞാന്‍ ആ ജോലി ഏറ്റെടുക്കില്ല എന്നത് ഇപ്പോഴേ വ്യക്തമാക്കിയേക്കാം.

അഥവാ കുട്ടികളുണ്ടാവുകയാണെങ്കില്‍ അവരെ പാര്‍ട്ടിക്കു സംഭാവന ചെയ്യും. ഭാര്യ എന്ന പദവി ഉണ്ടാകാമെങ്കിലും ഞാന്‍ വീട്ടിലുണ്ടാവണമെന്നില്ല. വിപ്ലവമെങ്ങാനും വരികയാണെങ്കില്‍ ചിലപ്പോള്‍ എനിക്കും സഖാവിനുമൊക്കെ രക്തസാക്ഷിയാകേണ്ടി വരും. അമേരിക്കന്‍ സൈന്യത്തിന്റെ ആര്‍പ്പുവിളികളുടെ ആരവം ഞാന്‍ കേള്‍ക്കുന്നു.

ഞാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതമാണെങ്കില്‍, എന്റെ ഭര്‍ത്താവായി ഞാന്‍ പറയുന്നത് കേട്ട് ജീവിക്കാമെന്ന് വിശ്വാസമുണ്ടെങ്കില്‍ നമുക്ക് ആലോചിക്കാം. ജില്ലാ സെക്രട്ടറി അറ്റസ്റ്റ് ചെയ്ത ഏരിയ കമ്മിറ്റി പാസ്സാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഏതെങ്കിലും സമയത്ത് പാര്‍ട്ടിക്കു വേണ്ടി എഴുതിയിട്ടുള്ള മുദ്രാവാക്യങ്ങളുമായി വരുന്ന ഞായറാഴ്ച ലോക്കല്‍ സെക്രട്ടറിയോടൊപ്പം 12-0ാം വാര്‍ഡിലെ കുടുംബയോഗത്തിനെത്തുക. ഞാനവിടെയുണ്ടാവും.

ലാല്‍സലാം,
സഖാവ് കുമാരി.

Related Posts with Thumbnails
  • chitraguptan
    This is the best, of all I can see in blogs.
blog comments powered by Disqus