സഖാവ് ബിഗ് ബാങ്
അഖിലലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തളര്‍ച്ചയെക്കുറിച്ച് കൂലങ്കഷമായി പഠിക്കുന്നതിനും കൂടുതല്‍ ശക്തമായ വിപ്ലവത്തിനു വഴിയൊരുക്കുന്നതിനുമായി കമ്മ്യൂണിസത്തിന്റെ തുടക്കത്തിനു തന്നെ കാരണമായ വിപ്ലവജ്വാല വീണ്ടും പുനഃസൃഷ്ടിച്ച് ഒരു നവലോകം തീര്‍ക്കുന്നതിനായി വിവിധ കമ്മ്യൂണിസ്റ്റ്- മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ്-ബോള്‍ഷെവിക് പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയുടെ (എത്രയെന്നു നിര്‍ണയിച്ചു വരുന്നതേയുള്ളൂ) അടിയില്‍ വച്ച് ബിഗ് ബാങ് പരീക്ഷണം നടത്താന്‍ തീരുമാനിച്ചു.
മൂന്നാറിലെ ടാറ്റ ഭൂമിയുടെ ഏകദേശം 100 കിലോമീറ്ററോളം ആഴത്തില്‍ പണി തീര്‍ത്തിരിക്കുന്ന കൊള്ളൈഡറിലെ ഭീമാകാരന്മാരായ രണ്ട് ബീമുകള്‍ ഉപയോഗിച്ചാണ് ഒടുക്കത്തെ പരീക്ഷണം നടത്തുന്നത്. ഏറെക്കുറെ മൂന്നാറിന്റെ അണ്ടര്‍വേള്‍ഡ് സോറി, അണ്ടര്‍ഗ്രൌണ്ട് മുഴുവനും വ്യാപിച്ചു കിടക്കുന്ന കൊള്ളൈഡര്‍ സഖാവിന്റെ പണി ഹര്‍ത്താല്‍ ദിനങ്ങളിലാണ് നടത്തിയതെന്നതിനാല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ നിര്‍മാണം നടത്തിയ ലോകത്തെ ആദ്യത്തെ മെഗാപ്രോജക്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന ഹര്‍ത്താല്‍ ദിവസങ്ങളില്‍ (ഏകദേശം 325 ദിവസം) മാത്രമാണ് ഇതിന്റെ ജോലി പൂര്‍ത്തിയാക്കിയത്. മൊത്തത്തില്‍ ഈ മൂന്നാല്‍ മേഖലയെ അതിസുരക്ഷാ മേഖലയായും സ്പെഷല്‍ കമ്മ്യൂണിസ്റ്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.
ബിങ് ബാങ് കൊള്ളൈഡര്‍ എന്നു വിശേഷിപ്പിക്കുന്ന ഈ പടുകൂറ്റന്‍ രാഷ്ട്രീയ പരീക്ഷണശാലയില്‍ പ്രധാനമായും ഉള്ളത് രണ്ട് കൂറ്റന്‍ ബീമുകളാണ്. സിപിഐ എന്നും സിപിഎം എന്നും പേരുള്ള ഈ ബീമുകളെ തമ്മില്‍ അതിവേഗം നീക്കി ഒടുവില്‍ മൂന്നാറിലെ വിവാദ പാര്‍ട്ടി ഓഫിസിനു കീഴെ വച്ച് അതിശക്തമായി കൂട്ടിയിടിപ്പിക്കാനാണ് പദ്ധതി.
ഈ കൂട്ടിയിടിയില്‍ എന്തും സംഭവിക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും വലിയ വിവരമൊന്നുമില്ല എങ്കിലും എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നു പലരും കരുതുന്നുണ്ട്. കൂട്ടിയിടിയിലൂടെ സൃഷ്ടിക്കപ്പെടുന്ന കണികകളില്‍ പരിശുദ്ധ കമ്മ്യൂണിസ്റ്റ് സഭയുടെ ഉദ്ഭവത്തിനു കാരണമായ വിപ്ലവജ്വാലകള്‍ ഉണ്ടോ എന്നു പരീക്ഷിക്കുകയാണ് ലക്ഷ്യം. ഈ ജ്വാലകളെ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പുതിയോ ലോകം സൃഷ്ടിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല.
എകെജി സെന്റര്‍ എന്ന ഇതിന്റെ പ്രധാന കണ്‍ട്രോള്‍ പാനലില്‍ കൊള്ളൈഡറിലെ അവസാന മിനുക്കുപണികള്‍ നടന്നുവരികയാണ്. വിജയേട്ടനും ബാലേട്ടനുമാണ് ഇതിന്റെ നിയന്ത്രണം. ഏട്ടന്‍മാര്‍ സ്വന്തം നിലയ്ക്ക് പാനലില്‍ ചില രഹസ്യ സ്വിച്ചുകള്‍ പിടിപ്പിച്ചിരിക്കുന്നത് ബിഗ് ബാങ് പരീക്ഷണം കുളമാക്കുമെന്നും പരീക്ഷണത്തിന്റെ മൊത്തം ഫലങ്ങളും അമേരിക്കയ്ക്ക് ചോര്‍ത്തിക്കൊടുക്കുമെന്നുമൊക്കെ സന്ധിയില്ലാവാദങ്ങളുണ്ട്.
അതേ സമയം, ഈ കൂട്ടിയിടിയെ അട്ടിമറിക്കുന്നതിനും ലോകം ഉറ്റുനോക്കിയിരിക്കുന്ന കമ്മ്യൂണിസ്റ്റ് കണികാപരീക്ഷണത്തില്‍ നിന്ന് ജനത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനുമായി പ്രമുഖ ഹാക്കര്‍മാരായ ഉമ്മന്‍, രമേശന്‍ എന്നീ പയ്യന്‍മാര്‍ കരു-മുരു കൊള്ളൈഡര്‍ എന്ന പേരില്‍ കേരളമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ഒരു ഫ്രോഡ് കൊള്ളൈഡര്‍ സൃഷ്ടിച്ച് അലമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. വളരെ പഴക്കമുള്ള കൊള്ളൈഡറാണെങ്കിലും ഇതിലെ ബീമുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ജ്വാലകള്‍ എന്നും വലിയ വാര്‍ത്തയാവാറുണ്ട് എന്നതാണിതിന്റെ കാര്യം.
പാലാ കുരിശുപള്ളിയുടെ അടിയില്‍ താല്‍ക്കാലികമായി പണി തീര്‍ത്തിരിക്കുന്ന മാണി-തോമാച്ചന്‍ കൊള്ളൈഡര്‍ പതിവുപോലെ പരീക്ഷണമൊന്നുമില്ലാതെ വിങ്ങിക്കരഞ്ഞ് പരീക്ഷണം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
എന്നാല്‍, കമ്മ്യൂണിസ്റ്റ് കൊള്ളൈഡറില്‍ കളി കാര്യം തന്നെയാണ്. കണികാപരീക്ഷണത്തിന്റെ മറുകര കണ്ട യുവ ശാസ്ത്രജ്ഞന്‍ ഡോ. അച്യുത് ആനന്ദ് നിയന്ത്രിക്കുന്ന ബീം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡോ.ഭാര്‍ഗവ് നയിക്കുന്ന ബീമിനെ നിഷ്കരുണം ഇടിക്കുന്നതു കാണാന്‍ ആയിരക്കണക്കിനു സഖാക്കളാണ് കൊള്ളൈഡര്‍ പരിസരത്ത് തടിച്ചു കൂടിയിരിക്കുന്നത്. എന്തായാലും സംഗതി ഏറ്റാലും ഇല്ലെങ്കിലും മറ്റെല്ലാ സഖാക്കന്‍മാരെയും പോലെ സഖാവ് ബിഗ് ബാങും ഒരു സംഭവമായി വിപ്ളവ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ബാക്കി കാത്തിരുന്നു കാണാം.










