ഡിപ്രഷന്‍ കാലത്തെ പ്രൊപ്പോസല്‍
പ്രിയപ്പെട്ട സ്റ്റെല്ലയ്ക്ക്,
ആഗോളസാമ്പത്തിക പ്രതിസന്ധി നമ്മളെ വലയം ചെയ്തു തുടങ്ങിയിരിക്കുന്നു. ഓഹരിവിപണിയെ കരടികള്‍ കയ്യടക്കിക്കഴിഞ്ഞു. ഇത്രയും നാള്‍ ആവേശം കൊണ്ട് മുക്രയിട്ടു നടന്നിരുന്ന കാളകള്‍ അപ്പച്ചന്റെ ഇറച്ചിക്കടയില്‍ കശാപ്പു ചെയ്യപ്പെട്ടു കഴിഞ്ഞു. അമേരിക്കയില്‍ ബുഷിനു പോലും ഇപ്പോള്‍ കട്ടന്‍കാപ്പിയാണ് കൊടുക്കുന്നതെന്നു കേള്‍ക്കുന്നു. ബാങ്കുകളെല്ലാം തകര്‍ന്നു കഴിഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികള്‍ പാപ്പരാകുന്നു. അതിവിടെയും തുടങ്ങിക്കഴിഞ്ഞു. ഇനിയെങ്കിലും ഒരു പുനര്‍വിചിന്തനത്തിനു സമയമായില്ലേ സ്റ്റെല്ലാ ?
കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാര്‍ച്ച് 23നാണ് എന്റെ വിവാഹാലോചനയുമായി ബ്രോക്കര്‍ കുഞ്ഞൂഞ്ഞ് നിന്റെ വീട്ടുമുറ്റത്ത് കയറി വരുന്നത്. അപ്പോള്‍ നീ വെള്ളയില്‍ നീലപ്പൂക്കളുള്ള ടൈറ്റ് ചുരിദാറിന്റെ ടോപ്പ് മാത്രമിട്ട് മുറ്റത്ത് ഒരു കോഴിയുടെ പിന്നാലെ ഓടുകയായിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞൂഞ്ഞ് വന്ന കാറില്‍ ഞാനുണ്ടായിരുന്നെന്നും അതിനുള്ളില്‍ ഒളിച്ചിരുന്ന് ഞാന്‍ നിന്നെ നിരീക്ഷിച്ചതാണെന്നും തോന്നും. സത്യത്തില്‍ ഇതൊക്കെ കുഞ്ഞൂഞ്ഞ് എന്നോടു പറഞ്ഞിട്ടാണ് ഞാനറിഞ്ഞത്.
എയര്‍ ഹോസ്റ്റസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുടിഞ്ഞ ഫീസും കൊടുത്ത് പഠിത്തം കഴിഞ്ഞ് നീയൊരു പീസായി വിലസുന്ന കാലം. ഒരു പലചരക്കു കടയും രണ്ട് ചായക്കടയും മൂന്നു പെട്ടിക്കടയും ഒരേയൊരു റേഷന്‍കടയും നാലു പേര്‍ മുങ്ങിമരിച്ചിട്ടുള്ള പഞ്ചായത്തുകിണറും മാത്രമുള്ള നാട്ടില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി എയര്‍ ഹോസ്റ്റസ് ട്രെയിനിങ്ങിനു പോയ നീ ഒരു സിനിമാനടിയെപ്പോലെ ഫെയ്മസായിരുന്നു. നിന്റെ വീടിനു മുന്നിലെ ഇടവഴിയില്‍ എപ്പോഴും ആള്‍സഞ്ചാരമുണ്ടായിരുന്നു.
ഇറുകിയ ചുവന്ന ഉടുപ്പും, മുട്ടുവരെ കഷ്ടിച്ചെത്തുന്ന ചുവന്ന പാവാട പോലത്തെ സാധനവും ഷാംപൂ ഇട്ട് മിനുക്കിയ മുടി ഡെക്കഷേറന്‍ ചെയ്ത് മേക്കപ്പിട്ട ഫേസും ഒക്കെയായി നീയൊരു സംഭവമായി രാവിലെ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ പോകുന്നത് കാണാന്‍ ജംക്ഷനില്‍ വന്നു നിരന്നിരുന്ന വായില്‍ നോക്കികളോടൊപ്പം ഒരിക്കലും ഞാന്‍ വന്നു നിന്നിട്ടില്ല. കല്യാണം കഴിക്കുന്നെങ്കില്‍ അതൊരു എയര്‍ ഹോസ്റ്റസിനെയായിരിക്കണം എന്ന എന്റെ തീരുമാനത്തിന്‍ നിന്ന് ഞാന്‍ നിന്നെ കണ്ടെത്തുകയായിരുന്നു. എന്റെ ആ തീരുമാനത്തിനു പിന്നില്‍ ഒരു കദനകഥയുമുണ്ടായിരുന്നല്ലോ.
നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയതിന്റെ രണ്ടാം മാസം അയല്‍പക്കത്തെ ജോര്‍ജേട്ടന്റെ ഫോറിനിലുള്ള ഭാര്യ ഡെയ്സി അവധിക്കു വന്നപ്പോള്‍ കൊണ്ടുവരാന്‍ ഞാനും പോയിരുന്നു. വിമാനത്താവളത്തില്‍ വച്ച് ചുവന്നു തുടുത്ത ഒരു എയര്‍ഹോസ്റ്റസിനെ കണ്ട് അറിയാതെ ഞാന്‍ നോക്കി നിന്നു പോയി. അവള്‍ എന്റെ അടുത്തുകൂടി പോയപ്പോള്‍ അറിയാതെ എന്റെ കൈ അവളുടെ എവിടെയോ തട്ടി. അതിനവള്‍ അവിടെയുണ്ടാക്കിയ ബഹളം. ജോര്‍ജേട്ടനും ഡെയ്സിചേച്ചിയും എന്നെ പിന്നെ അവരുടെ വീട്ടില്‍ കയറ്റിയിട്ടില്ല. അന്നു ഞാന്‍ തീരുമാനിച്ചതാണ് – വിവാഹം കഴിക്കുന്നെങ്കില്‍ അതൊരു ചുവന്നു തുടുത്ത എയര്‍ ഹോസ്റ്റസിനെ ആയിരിക്കണം എന്ന്.
നീ അത്ര ചുവന്നു തുടുത്തിട്ടൊന്നുമല്ല. എന്നിട്ടും ഞാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായി. ആലോചനയുമായി കുഞ്ഞൂഞ്ഞിനെ വിടുമ്പോള്‍ സ്ത്രീധനക്കാര്യമോ സ്വര്‍ണത്തിന്റെ കണക്കോ ഞാന്‍ പറഞ്ഞിരുന്നില്ല. ഒരേയൊരു കാര്യമേ പറഞ്ഞിരുന്നുള്ളൂ. ആ എയര്‍ഹോസ്റ്റസിനെപ്പോലെ അഹങ്കാരിയായിരിക്കരുത്.
കുഞ്ഞൂഞ്ഞ് വന്ന് എന്റെ ആലോചന പറഞ്ഞപ്പോള്‍ നീയെന്തൊക്കെയാണ് ചോദിച്ചത് ? റബറും വെട്ടി നടക്കുന്ന മരങ്ങോടനായ എനിക്ക് നിന്നെ കല്യാണമാലോചിക്കാന്‍ എങ്ങനെ ധൈര്യം വന്നു എന്ന്. ഷെയര്‍ മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്മെന്റ് ഇല്ലാത്ത, മൂച്വല്‍ ഫണ്ട് സര്‍ട്ടിഫിക്കറ്റുകളില്ലാത്ത ഇന്‍ഷുറന്‍സ് പോളിസികളില്ലാത്ത എന്തിന് ഒരു ന്യൂ ജനറേഷന്‍ ബാങ്കില്‍ അക്കൌണ്ട് പോലുമില്ലാത്ത എന്നെ ലോകത്തെ ഏറ്റവും കണ്‍ട്രിയായ പെണ്ണുപോലും വേണമെന്നു പറയില്ല എന്ന്.
സ്റ്റെല്ലേ, എയര്‍ഹോസ്റ്റസുമാരെ പിരിച്ചുവിടുന്ന വാര്‍ത്ത രാവിലത്തെ പത്രത്തില്‍ കണ്ടപ്പോള്‍ ഞാന്‍ നിന്റെ വീട്ടില്‍ വിളിച്ചിരുന്നു. നീ പോളിസിയെടുത്തിരുന്ന ഇന്‍ഷുറന്‍സ് കമ്പനികളും ഉള്ള സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചിരുന്ന ന്യൂ ജനറേഷന്‍ ബാങ്കുകളും പൊളിഞ്ഞ കാര്യം നിന്റെ ചാച്ചന്‍ പറഞ്ഞു. മേക്കപ്പ് വാങ്ങാന്‍ പോലും കാശില്ലാതെ നീ ദുരിതത്തിലാണെന്ന് പറഞ്ഞു കേട്ടപ്പോള്‍ സങ്കടം തോന്നി. അവരെ കൂടുതല്‍ വിഷമിപ്പിക്കേണ്ട എന്നു കരുതി എയര്‍ഹോസ്റ്റസുമാരുടെ പ്രതിസന്ധിയെപ്പറ്റി ഞാനവരോട് പറഞ്ഞില്ല.
എനിക്കിവിടെ സുഖം തന്നെയാണ്. അടുത്തടുത്തായി പത്തുപതിനഞ്ചേക്കര്‍ തോട്ടം കൂടി വാങ്ങിയിരുന്നത് കൊണ്ട് ദിവസം അത്യാവശ്യം പത്തിനുന്നൂറ് ഷീറ്റ് കിട്ടാന്‍ വകുപ്പുണ്ട്. പണ്ടു മുതലേ എന്റെ അക്കൌണ്ട് കിടന്നിരുന്ന സഹകരണ ബാങ്കിന്റെ പ്രസിഡന്റു കൂടിയാണ് ഇന്നു ഞാന്‍. സ്വര്‍ണവില കുറഞ്ഞു നിന്ന സമയത്ത് വാങ്ങി വച്ചിരുന്നതെല്ലാം കൂടി പത്തെഴുപത് പവന്‍ ലോക്കറിലുണ്ട്. എല്‍ഐസിയില്‍ ഒരു പോളിസിയുള്ളത് അടവു തീര്‍ന്നു കിടക്കുകയാണ്.
നിന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെ എന്നോടൊപ്പം പോരാന്‍ നിന്റെ ചാച്ചനും അമ്മച്ചിയും സമ്മതിച്ചതുകൊണ്ട് തല്‍ക്കാലം അവരെ ഞാന്‍ എന്നോടൊപ്പം കൊണ്ടുപോരുന്നു. അമ്മച്ചി ഇവിടെ എന്റമ്മച്ചിക്ക് ഒരു കൂട്ടാവട്ടെ. നിന്റെപ്പച്ചനെ തല്‍ക്കാലം എന്റെ റബര്‍ കടയിലിരുത്തിയേക്കാം. മാസം പതിനായിരം രൂപ തികച്ച് കയ്യില്‍ കൊടുക്കും. നിന്റെ തീരുമാനമാണ് എനിക്കറിയേണ്ടത്. എയര്‍ ഹോസ്റ്റസായി അവിടെ പട്ടിണി കിടന്നു മരിക്കാനാണ് താല്‍പര്യമെങ്കില്‍ അങ്ങനെ. മറിച്ചൊരാലോചനയ്ക്കു താല്‍പര്യമുണ്ടെങ്കില്‍ അടുത്ത വണ്ടിക്കു കയറിയിങ്ങുപോരുക.
എന്റെ കൂടെ ഈ റബര്‍തോട്ടത്തിലും കുരുമുളക്, കാപ്പിത്തോട്ടങ്ങളിലും വെറുതെ നടക്കാം. സൌകര്യപ്പെട്ടാന്‍ നല്ല മിടുക്കന്മാരായ പിള്ളാരെ പ്രസവിച്ച് ജനസംഖ്യ വര്‍ധിക്കുന്നത് ചുമ്മാ കണ്ടുനില്‍ക്കാം. ശകലമെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ പത്തരമാറ്റുള്ള പൊന്നില്‍ തീര്‍ത്ത അഞ്ചു പവന്റെ ഒരു താലിമാലയും കെട്ടിയേക്കാം. നിന്റെ പഴയ ഡിമാന്‍ഡുകളൊന്നും പാലിക്കാന്‍ എനിക്കുദ്ദേശമില്ലെങ്കിലും ഒറ്റ ഉറപ്പു മാത്രം തരാം- ഒരിക്കലും നിന്നെ ഞാന്‍ പിരിച്ചുവിടില്ല.
മലമൂട്ടില്‍ സിജിമോന്‍.

