ത്രിബിള്‍ എക്സ് മാന്‍ ! (ആക്ഷന്‍ ത്രില്ലര്‍)
കരിങ്കടലിനു മീതെ ഏതാണ്ട് ഒന്നരലക്ഷത്തോളം അടി ഉയരത്തില്‍ അതിവേഗം പറക്കുകയായിരുന്ന രാജ് ഡിക്ടറ്റീവ് ഏജന്‍സിയുടെ ചെറുവിമാനം പെട്ടെന്ന് എതിരെ വന്ന പരുന്തിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചതും അതിന്റെ ചിറക് ഒരു കൂറ്റന്‍മേഘത്തിലിടിച്ച് വിമാനം ആകെ ഉലഞ്ഞു. സീറ്റ് ബെല്‍റ്റ് പോലും ഇടാതെ ഒരു ചെറുബീഡി കടിച്ചുപിടിച്ച് ത്രസിച്ചുനില്‍ക്കുന്ന ഞരമ്പുകള്‍ തെളിഞ്ഞ നെറ്റിയിലെ വിയര്‍പ്പുമണികള്‍ വലതു കൈ കൊണ്ട് തുടച്ച് അതിലെ ഏകയാത്രക്കാരനായ ഡിക്ടറ്റീവ് രാജപ്പദാസ് എന്ന രാജ് വിമാനം നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചു.
വിന്‍ഡോ ഗാസിലൂടെ അടിച്ചുകൊണ്ടിരുന്ന തണുത്ത കാറ്റ് രാജിന്റെ മുടിയിഴകളെ പാറിപ്പറത്തുന്നുണ്ടായിരുന്നു. മേഘവുമായുണ്ടായ കൂട്ടിയിടിയില്‍ വിമാനത്തിനെന്തു സംഭവിച്ചു എന്നറിയാന്‍ രാജ് റിയര്‍വ്യൂ മിററിലൂടെ നോക്കി. ചിറകിന്റെ ഒരു ഭാഗം ദൂരെ ആ മേഘത്തില്‍ കുടുങ്ങിയിരിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്നും പെട്രോള്‍ ചോര്‍ന്നൊലിച്ചുകൊണ്ടിരിക്കുന്നു.
രാജ് കര്‍മനിരതനായി. തന്റെ കളളി ഡിസൈനുള്ള തൂവാല ബാലചന്ദ്രമേനോനെപ്പോലെ തലയില്‍ മുറുകെ കെട്ടി കാലില്‍ കിടന്ന ബാറ്റയുടെ ലെതര്‍ ചെരുപ്പ് സ്റ്റിയറിങ്ങിനടിയില്‍ ഊരിയിട്ട് രാജ് ഗിയര്‍ ന്യൂട്രലിലേക്ക് മാറ്റിയിട്ട് അല്‍പം ന്യൂട്രമുല്‍ കഴിച്ചു. ചിറകൊടിഞ്ഞതിനാല്‍ ഒരു വശത്തേക്ക് ചെരിവുണ്ടെങ്കിലും വിമാനം ഇപ്പോള്‍ ഒരേ വേഗത്തില്‍ ഒഴുകുകയാണ്. ഹാന്‍ഡ് ബ്രേക്ക് പകുതി വലിച്ചു വച്ചതോടെ വേഗം അല്‍പം കുറഞ്ഞു. രാജ് ദൂരേയ്ക്കു നോക്കി. വഴി ക്ളിയറാണ്. മെല്ലെ സീറ്റില്‍ നിന്നെണീറ്റ രാജ് ഡോര്‍ തുറന്ന് വിമാനത്തിന്റെ പുറത്തേക്ക് കയറി.
രാജിന്റെ ഭാരം മുകളിലേക്കു ചെന്നപ്പോള്‍ വിമാനം ഒന്നുലഞ്ഞു. ചിറകൊടിഞ്ഞ വലതുവശത്തേക്ക് വിമാനം ചരിയാതിരിക്കാനായി മറുവശത്ത് ഭാരം നല്‍കി രാജ് തൂങ്ങിക്കിടന്നു. ചിറകൊടിഞ്ഞ ഭാഗത്തേക്ക് മെല്ലെയെത്തുമ്പോഴേക്കും ദൂരെ തീവ്രവാദികളുടെ പടുകൂറ്റന്‍ ജംബോ ഫൈറ്റര്‍ വിമാനം വളവു തിരിഞ്ഞു പ്രത്യക്ഷപ്പെട്ടു. രാജ് ഒറ്റ കൈ മാത്രം പിടിച്ച് മറ്റേ കൈ കൊണ്ട് ചെവിയുടെ പിന്നില്‍ തിരുകി വച്ചിരുന്ന നാനോ തോക്ക് പുറത്തെടുത്തു. അത് വിരലുകള്‍ക്കിടയില്‍ വച്ച് ലോഡ് ചെയ്തു അപ്പോഴേക്കും ഫൈറ്റര്‍ വിമാനത്തില്‍ നിന്നുള്ള ആദ്യത്തെ റോക്കറ്റ് രാജിന്റെ ചെറുവിമാനത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു കഴിഞ്ഞിരുന്നു.
റോക്കറ്റിന്റെ ഗതി മനസ്സിലാക്കിയ രാജ് പൊടുന്നനെ വിമാനത്തിന്റെ വാലില്‍ തൂങ്ങിക്കിടന്നു. വിമാനം രണ്ടു തവണ മലക്കം മറിഞ്ഞ് നേരേ നിന്നു. അപ്പോഴേക്കും റോക്കറ്റ് വിമാനത്തിലിടിക്കാതെ നേരേ കടന്നുപോയിരുന്നു. അടുത്ത നിമിഷം രാജ് തന്റെ നാനോ തോക്കില്‍ നിന്നുള്ള ആദ്യത്തെ വെടിയുതിര്‍ത്തു. നാനോ ബുള്ളറ്റ് അന്തരീക്ഷത്തിലൂടെ കുതിച്ചുപാഞ്ഞു ചെന്നു തറച്ചത് ഫൈറ്റര്‍ വിമാനത്തിന്റെ നെറുകയിലായിരുന്നു. ബുള്ളറ്റ് ഫൈറ്ററില്‍ തറച്ചു എന്നതിനു തെളിവായി തോക്കിന്റെ സെന്‍സറിലെ ചുവന്ന എല്‍ഇഡി മൂന്നു തവണ തെളിഞ്ഞു.
ഇനിയാണ് കളി. രാജ് നാനോ തോക്കിന്റെ കണ്‍ട്രോള്‍ പാനലടങ്ങിയ തന്റെ വലതുകൈയ്യിലെ ചൂണ്ടുവിരല്‍ നഖത്തില്‍ രണ്ടു തവണ അമര്‍ത്തി. ഭീരമായ ശബ്ദത്തോടെ ഫൈറ്റര്‍ വിമാനം പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന തീവ്രവാദികളുടെ ശരീരങ്ങള്‍ തൃശൂര്‍ പൂരത്തിന് മത്താപ്പ് ചിതറുന്നതു പോലെ ചിറിത്തെറിക്കുന്നത് വിമാനത്തിന്റെ ചിറകില്‍ തൂങ്ങിക്കിടക്കുമ്പോള്‍ രാജ് കണ്ടു.
അപ്പോഴേക്കും വിമാനത്തിനുള്ളിലെ പെട്രോള്‍ ഏറെക്കുറെ പൂര്‍ണമായും ഒഴുകിപ്പോയിരുന്നു. പെട്രോള്‍ തീര്‍ന്നിന്റെ സൂചനയായി വിമാനം ഓട്ടത്തില്‍ പമ്മി പമ്മി തുള്ളിക്കൊണ്ടിരുന്നു. ഏതു നിമിഷവും എന്‍ജിന്‍ ഓഫാവും എന്നു തോന്നിയ രാജ് വിമാനത്തിന്റെ മുകളിലേക്ക് കുതിച്ചു ചാടി അകത്തേക്ക് ഊര്‍ന്നിറങ്ങി ബാക് സീറ്റിന്റെ അടിയിലുള്ള ചെറിയ റിസര്‍വ് ബട്ടണില്‍ മെല്ലെ വിരലമര്‍ത്തി. അടുത്ത നിമിഷം തന്നെ ആക്സിലേറ്ററില്‍ കാലമര്‍ത്തി രാജ് വിമാനം റെയ്സ് ചെയ്തു നിര്‍ത്തി. റിസര്‍വായിരുന്ന പെട്രോള്‍ എന്‍ജിനിലേക്കു കയറിത്തുടങ്ങിയതിന്റെ സൂചനയായി വിമാനം പിന്നെയും ശാന്തമായി അന്തരീക്ഷത്തിലൂടെ നീങ്ങിത്തുടങ്ങി.
രാജ് ഡാഷ്ബോര്‍ഡില്‍ കിടന്നിരുന്ന പഴയ കാല്‍കുലേറ്റര്‍ കയ്യിലെടുത്തു. റിസര്‍വിലുള്ളത് 10 ലിറ്റര്‍ പെട്രോളാണ്. ഇനി ദ്വീപിലെത്തണമെങ്കില്‍ പോകേണ്ടത് 250 കിലോമീറ്റര്‍ കൂടി. മിനിട്ടില്‍ ചോര്‍ന്നുകൊണ്ടിരിക്കുന്നത് ഒരു ലിറ്റര്‍ പെട്രോള്‍ വീതവും. സംഖ്യകള്‍ കാല്‍കുലേറ്ററില്‍ പതിഞ്ഞു. കിട്ടിയ ഉത്തരം രാജിനെ ഞെട്ടിച്ചു. പരമാവധി വേഗത്തില്‍ പോയാല്‍ പോലും ദ്വീപിലെത്തുന്നതിന് 75 കിലോമീറ്റല്‍ ഇപ്പുറത്ത് വച്ച് വിമാനത്തിലെ പെട്രോള്‍ തീരും.
തന്റെ അന്ത്യം കരിങ്കടലിലാണെന്ന സത്യം ഭീതിയോടെ രാജ് തിരിച്ചറിഞ്ഞു. എങ്കിലും ഉള്ളിന്റെയുള്ളില്‍ ഏതോ ഒരു പ്രതീക്ഷ അണയാതെ നില്‍ക്കുന്നു. രാജ് പെട്ടെന്നു ഡ്രൈവര്‍ സീറ്റിലേക്കു ചാടിക്കയറി. ഹാന്‍ഡ് ബ്രേക്ക് മാറ്റി ഗിയര്‍ ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ്, ടോപ് എന്നിങ്ങനെ അതിവേഗം ചേഞ്ച് ചെയ്തു. വിമാനത്താവളത്തില്‍ കിടക്കുമ്പോള്‍ ടയറിന് ഊടു വയ്്കുന്ന വലിയ കല്ലെടുത്ത് ആക്സിലേറ്ററില്‍ വച്ചു. വിമാനം ഇപ്പോള്‍ മണിക്കൂറില്‍ 1250 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുകയാണ്. സ്പീഡോമീറ്റര്‍ സൂചി പേടിച്ചു ബോധം കെട്ടു കിടക്കുകയാണ്.
തുടര്‍ന്ന് രാജ് സീറ്റില്‍ നിന്നെഴുന്നേറ്റു. ഇനിയൊരു ജീവന്‍-മരണക്കളിയാണ്. അതിനു മുമ്പ് കൊച്ചിയിലുള്ള കണ്‍ട്രോള്‍ റൂമിലേക്ക് രാജ് തന്റെ അവസാന സന്ദേശം അയച്ചു. – ഐ ആം ദി ഡേഞ്ചര്‍ ഓഫ് ദി ബ്ലാക്ക് സീ.. ഗുഡ് ബൈ !!
അതിവേഗം പായുന്ന വിമാനത്തിന്റെ പുറത്തു കയറി പറന്നുപോവാതിരിക്കാന്‍ പൊട്ടിപ്പോയ സ്പീഡോമീറ്റര്‍ കേബിള്‍ തന്റെ അണ്ടര്‍വെയറുമായി ബന്ധിച്ച ശേഷം രാജ് പെട്രോള്‍ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്ന ദ്വാരത്തിലേക്ക് തന്റെ ഷര്‍ട്ട് അഴിച്ചു തിരുകി വച്ചു. പോകുന്ന പെട്രോളിന്റെ അളവ് കുറച്ചാല്‍, അത് അവസാനത്തെ 75 കിലോമീറ്റര്‍ പോകാന്‍ സഹായിച്ചാല്‍…
വിമാനം കുതിച്ചുകൊണ്ടിരുന്നു. മുക്കാല്‍ മണിക്കൂറോളം രാജ് ആ നില തുടര്‍ന്നു. ദൂരെ ദ്വീപ് ഒരു കുഞ്ഞുപൊട്ടുപോലെ പ്രത്യക്ഷപ്പെട്ടു. ഏറിയാല്‍ 500 കിലോമീറ്റര്‍. വിമാനം കുതിക്കുകയാണ്. ദൂരം കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരുന്നു. ഇനി ഒരന്‍പത് കിലോമീറ്റര്‍ കൂടി. 45, 40, 35, 30.. രാജിന്റെ നെഞ്ചിടിപ്പു വര്‍ധിച്ചു. താന്‍ രക്ഷപെടാന്‍ പോവുകയാണെന്ന് രാജിന്റെ മനസ് പറഞ്ഞു.
കഷ്ടിച്ച് 20 കിലോമീറ്റര്‍ കൂടി മാത്രം അവശേഷിക്കെ ബ്രേക്കിട്ട പോലെ എണ്ണ തീര്‍ന്ന് വിമാനം അവിടെ നിന്നു. രാജ് ഷര്‍ട്ട് വലിച്ചൂരി നോക്കി- ടാങ്ക് കാലിയാണ്. വിമാനം ചരിച്ചു നോക്കി. ഇല്ല, എന്‍ജിന്‍ ഓഫായിക്കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ റപ്പായിച്ചേട്ടന്റെ പറന്വിലെ വരിക്കപ്ളാവിന്റെ നെറുകയില്‍ നിന്ന് കുട്ടന്‍ ചേട്ടന്‍ ചെത്തിയിടാറുള്ള ചക്ക പോലെ വിമാനം താഴെ തന്റെ മരണം കാത്തു കിടക്കുന്ന കരിങ്കടലിലേക്ക് പതിക്കുകയാണ്..
രാജ് എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അവസാന ശ്വാസം ഉള്ളിലേക്കു വലിച്ച്, കണ്ണുകള്‍ ഇറുക്കിയടച്ച് ജീവിതാവസാനത്തിലേക്കുള്ള കൌണ്ട് ഡൌണ്‍ തുടങ്ങി. താഴെ കടലിന്റെ ഗര്‍ജനം അടുത്തടുത്തു വന്നുകൊണ്ടിരുന്നു. വെള്ളത്തിന്റെ ഇരമ്പം, തണുപ്പ്, നേര്‍ത്ത നനവ്..
ഭീകരമായ ശബ്ദത്തോടെ വിമാനം കടലില്‍ പതിച്ചു. അിനുള്ളിലേക്കു വെള്ളം ഇരച്ചു കയറുന്ന ശബ്ദം രാജ് വ്യക്തമായി കേട്ടു. അതെ വിമാനം മുങ്ങുകയാണ്. കരിങ്കടല്‍ തന്റെ ചെറുവിമാനത്തെ വിഴുങ്ങിക്കഴിഞ്ഞു. പക്ഷെ, താന്‍.. തനിക്കു ശ്വാസം മുട്ടുന്നില്ലല്ലോ, താനിനിയും മുങ്ങിയിട്ടില്ലെന്നോ..
അവിശ്വാസത്തോടെ രാജ് കണ്ണുതുറന്നു. മുന്നില്‍ കൈ കെട്ടി ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി നില്‍ക്കുയാണ് അതിസുന്ദരനും കരുത്തനും ധീരനും ആജാനുബാഹുവുമായ ബെര്‍ളി തോമസ്. ബെര്‍ളിച്ചായന്‍, ബെര്‍ളി സാര്‍. താന്‍ നില്‍ക്കുന്നത് ബെര്‍ളി സാറിന്റെ സ്വകാര്യ ജംബോ വിമാനത്തിലാണെന്ന് രാജ് തിരിച്ചറിഞ്ഞു.
സാര്‍.. എന്റെ ബെര്‍ളി സാര്‍..- രാജ് അദ്ദേഹത്തിന്റെ കാലുകളില്‍ വീണു..
വിമാനത്തിനുള്ളിലൂടെ അര്‍ധനഗ്നരായി നടക്കുന്ന ഹോളിവുഡ്, ബോളിവഡ് നടിമാരെ രാജ് കണ്ടില്ലെന്നു നടിച്ചു.
രാജിന്റെ ചേര്‍ത്തു പിടിച്ച് ബെര്‍ളിസാര്‍ പറഞ്ഞു- ഞാന്‍ ഫ്രണ്ട്സിനോടൊപ്പം മൌറീഷ്യസിനൊരു പ്ളഷര്‍ ട്രിപ്പിലായിരുന്നു.. ഇടയ്ക്ക് റേഡിയോ മാംഗോ ട്യൂണ്‍ ചെയ്തു നോക്കുമ്പോഴാണ് രാജിന്റെ സന്ദേശം കിട്ടിയത്.. നമ്മള്‍ തമ്മില്‍ ആദ്യം പരിചയപ്പെട്ടത് അപ്പോള്‍ ഞാനോര്‍ത്തു.. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ ഞാനൊരാളെ റേപ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ രാജ് കുറെ പൊലീസുകാരുമായി വന്ന് എന്നെ പിടികൂടി..
സര്‍.. പഴയ കഥ.. എല്ലാം മറന്ന് സാറെന്നെ രക്ഷിച്ചല്ലോ.. -രാജ് നമ്രശിരസ്കനായി.
ആരു പറഞ്ഞു മറന്നെന്ന്.. അന്നു ഞാന്‍ കുറിച്ചിട്ടതാണ് നിന്റെ പേര്.. ഇപ്പോള്‍ നീ കടലില്‍ വീണു ചാകാന്‍ പോകുന്നു എന്നു കേട്ടപ്പോള്‍ ഞാന്‍ പാഞ്ഞെത്തിയതും അതുകൊണ്ടാണ്.. അങ്ങനെ വീണു ചാകേണ്ടവനല്ല നീ..
രാജിനെ വിറയ്ക്കാന്‍ തുടങ്ങി- സാര്‍.. ബെര്‍ളി സാര്‍..
നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാവണം.. അല്ലെങ്കില്‍ വേണ്ട ഈ കാലുകൊണ്ടാവട്ടെ..- ഇതും പറഞ്ഞ് ബെര്‍ളി സാര്‍ വലതുകാലുയര്‍ത്തി രാജിന്റെ നെഞ്ചിനൊരു തൊഴി. ആതിര ബാറിന്റെ മൂലയില്‍ വച്ചിരിക്കുന്ന ക്യാരംസ് ബോര്‍ഡിലെ കറുത്ത കരുവെന്ന പോലെ ഡിക്ടറ്റീവ് രാജ് എന്ന രാജപ്പദാസ് അങ്ങു ദൂരേയ്ക്കു തെറിച്ചു പോയി.
കൂറ്റന്‍ തിമിംഗലങ്ങള്‍ പാട്ടും പാടി നടക്കുന്ന കടലിന്റെ അഗാധമാം കറുപ്പിലേക്ക് അവന്‍ അപ്രത്യക്ഷനാകുന്നത് കണ്ട് ചെറുചിരി വിടര്‍ന്ന ബെര്‍ളിസാറിന്റെ ചുണ്ടിലേക്ക് അപ്പോള്‍ ഏതോ ഒരു സുന്ദരി കത്തിച്ച ഒരു കഞ്ചാവു ബീഡി വച്ചുകൊടുത്തു.










