ഫാന്‍സ് അസോസിയേഷന്‍ തീവ്രവാദം

ഫാന്‍സ് അസോസിയേഷന്‍ തീവ്രവാദം

മലയാള സിനിമയിലെ പ്രതിസന്ധികളെപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും പിന്നെയയും കറങ്ങിത്തിരിഞ്ഞ് ഫാന്‍സ് അസോസിയേഷനുകളില്‍ എത്തി നില്‍ക്കുന്നു. എല്ലാറ്റിനും പിന്നില്‍ ഫാന്‍സുകാരാണെന്ന് തിലകന്‍ പറഞ്ഞു. ഇപ്പോള്‍ ജഗതിയും പറയുന്നു- എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ ഫാന്‍സ് അസോസിയേഷനുകളാണെന്ന്. ഫാന്‍സുകാരെക്കൊണ്ട് എന്തു പ്രയോജനം എന്ന കാര്യത്തില്‍ ചര്‍ച്ച കുറെ നടന്നു കഴിഞ്ഞതാണ്. പക്ഷെ, ഒരു സംഘടിതസമൂഹം എന്ന നിലയില്‍ ഫാന്‍സിനെ പിണക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല.

രാഷ്ട്രീയ-മത-തീവ്രവാദ സംഘടനകള്‍ക്കു പോലും ഒരു ലക്ഷ്യമുണ്ട്. ഫാന്‍സ് അസോസിയേഷനുകള്‍ക്ക് എന്താണ് ലക്ഷ്യം ? താരത്തെ ആരാധിക്കാന്‍ വേണ്ടി ഒരു സംഘടന എന്നാണോ ? അങ്ങനെയെങ്കില്‍ സംഘടനയില്‍ ഇല്ലാത്ത ആര്‍ക്കും താരത്തെ ആരാധിക്കാന്‍ അവകാശമില്ലേ ? അല്ലെങ്കില്‍ സംഘടനയിലുള്ളവരെല്ലാം താരത്തെ ആരാധിക്കുന്നവരാണോ ?

ഒരുത്തരം പറയാന്‍ ഇക്കണ്ട ഫാന്‍സുകാരെയെല്ലാം തീറ്റിപ്പോറ്റിക്കൊണ്ടിരിക്കുന്ന സൂപ്പര്‍-മെഗാ താരങ്ങള്‍ക്കു പോലും പറയാന്‍ കഴിയില്ല. ഫാന്‍സുകാര്‍ എന്ന ആള്‍ക്കൂട്ടം നടത്തുന്ന അക്രമങ്ങള്‍ക്ക് ആരാണ് ഉത്തരവാദി. ഒരു താരത്തിന്റെ ഫാന്‍സുകാര്‍ മറ്റേ താരത്തെ കൈവയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു കഴിഞ്ഞാല്‍ ഈ ഭ്രാന്തന്‍മാരെ അമിതാവേശമുള്ള കലാസ്വാദകരായ ജനക്കൂട്ടം എന്ന മട്ടില്‍ പുറത്തു തട്ടി വിട്ടയക്കുമോ അതോ സ്പോണ്‍സേര്‍ഡ് ക്രിമിനലുകളെന്ന പേരില്‍ തൊഴിച്ച് അകത്തു കയറ്റുമോ ? ഒരുത്തരം പറഞ്ഞില്ലെങ്കിലും ആലോചിച്ച് മനസ്സില്‍ സൂക്ഷിക്കേണ്ട സമയമായിരിക്കുന്നു സര്‍ക്കാരേ.

ഫാന്‍സുകാര്‍ സിനിമയുടെ നാശത്തിനു കളമൊരുക്കി തുടങ്ങിയിട്ട് കാലം കുറെയായി. മാനം മര്യാദക്ക് സിനിമ ഇറങ്ങി, ആവശ്യക്കാര്‍ കാണുകയും ആവശ്യമില്ലാത്തവര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളത്തിന്. ഫാന്‍സുകാര്‍ വന്നതോടെ അതു മാറി. സൂപ്പര്‍ താരത്തിന്റെ പടമാണെങ്കില്‍ അത് സൂപ്പര്‍ ഹിറ്റായേ പറ്റൂ. ദിലീപ്, പൃഥ്വിരാജ് തുടങ്ങിയവരും ഫാന്‍സ് കൃഷിയില്‍ മോശമല്ല. നിങ്ങള്‍ ഒരു പൃഥ്വിരാജ് ഫാനാണോ ആണെങ്കില്‍ ഇപ്പോള്‍ തന്നെ അങ്ങേരുടെ ഫാന്‍സ് അസോസിയേഷനില്‍ അംഗമാകൂ എന്നു പറഞ്ഞ് എസ്എംഎസ് വഴിയാണ് യുവതാരത്തിന്റെ ഫാന്‍സിന്റെ ക്യാംപയിന്‍. കേരളത്തിലെ തൊഴിലില്ലായ്മയെ ചൂഷണം ചെയ്താണ് ഇത്തരം ഫാന്‍സ് അസോസിയേഷനുകള്‍ വളരുന്നത്.

യുവാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്കും തീവ്രവാദസംഘടനകളിലേക്കും പോകുന്നതുപോലെ തന്നെ അപകടമാണ് ഫാന്‍സ് അസോസിയേഷനുകളിലേക്കും പോകുന്നത്. ലഷ്കര്‍ ഇ ത്വയ്ബയില്‍ പ്രവര്‍ത്തിച്ചവന് പിന്നെ വേണമെങ്കില്‍ അല്‍ ക്വയ്ദയില്‍ പ്രവര്‍ത്തിക്കാം, കൊച്ചിയില്‍ കാലു വെട്ടാന്‍ പോയിട്ടുള്ളവന് മുംബൈ അധോലോകത്തില്‍ പോയി തലവെട്ടാം. പക്ഷെ, ഒരു ഫാന്‍സുകാരന് എന്തു സാധ്യതയാണുള്ളത് ? 10 വര്‍ഷമായി ഞാന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് എന്നെ താങ്കളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാക്കണം എന്ന് ഷാറൂഖ് ഖാനോടു പറയാനൊക്കുമോ ?

സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്കു യൂസര്‍ മാനുവല്‍ വരെ ഇറക്കിയിട്ടുള്ള മാടമ്പി സംഘടനകള്‍ക്കു പോലും താരങ്ങളുടെ ഫാന്‍സുകാരെ പേടിയാണ്. സത്യം പറഞ്ഞാല്‍ സൂപ്പര്‍ താരങ്ങള്‍ക്കു പോലും അവരുടെ ഫാന്‍സുകാരെ പേടിയാണ്. തിലകനു മാനസികരോഗമാണെന്നും ചികില്‍സിക്കാനുള്ള പണം കൊടുക്കാമെന്നും മമ്മൂട്ടി ഫാന്‍സ് ആക്ഷേപിക്കുന്നു. വേറൊരിടത്ത് അവര്‍ തിലകന്റെ കോലം കത്തിക്കുന്നു. കലാകാരന്‍മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കലാപരമായി തന്നെ പരിഹരിക്കപ്പെടും. അതിനിടയില്‍ ഇവന്‍മാര്‍ക്കെന്തു കാര്യം ?

സൈക്കിളില്‍ പോകുന്ന മലയാള സിനിമ കാരവാനിലേക്കു വന്നത് സോ കോള്‍ഡ് സൂപ്പര്‍താരങ്ങളുടെ കാലത്താണ് എന്നത് എല്ലാവര്‍ക്കും അറിയാം. പിന്നെ, ഫാന്‍സ് അസോസിയേഷനുകളുണ്ടായി. അവര്‍ക്ക് താരങ്ങളുമായി ബന്ധമുണ്ടായി. ഫാന്‍സ് അസോസിയേഷനുകളെ താളത്തിനു തുള്ളിച്ച് കാര്യം നടത്താമെന്നു കരുതി സൂപ്പര്‍ താരങ്ങള്‍ കുറെക്കാലം അവയെ തീറ്റിപ്പോറ്റി. പിന്നെ കളി മാറി. ഇന്നു താരങ്ങള്‍ ഫാന്‍സുകാരുടെ തടവിലാണ്. ഫാന്‍സുകാരെ പിണക്കിയാല്‍ പച്ചാളം ഭാസി പറയുന്നതുപോലെ താരത്തിന്റെ ‘കൃഷി അവര്‍ നശിപ്പിക്കും’.

സൂപ്പര്‍ താരങ്ങള്‍ ഒന്നരക്കോടി പ്രതിഫലം വാങ്ങുന്നു എന്നു പറയുമ്പോള്‍ അതിന്റെ പത്തു ശതമാനമെങ്കിലും ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പോകുമെന്നു പറയുന്നു. കുറെയൊക്കെ ജീവകാരുണ്യനാടകങ്ങള്‍ക്കു ചെലവാകും. പിന്നെ, കൂവല്‍പ്പടയ്ക്കും പോസ്റ്റര്‍ കീറല്‍മാഫിയയ്ക്കുമായി കുറെ പണം ചെലവാകും. ബാക്കിയുള്ള തുക ബാങ്കിലോ റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിച്ചതിനു ശേഷമേ സിനിമയെപ്പറ്റി താരം ആലോചിക്കുന്നുള്ളൂ. സിനിമ പൊളിഞ്ഞാല്‍ സൂപ്പര്‍ താരത്തിനെ ബാധിക്കാത്തതിനു കാരണവും അതു തന്നെയാണ്. പത്തു സിനിമ പൊളിഞ്ഞാല്‍ സധാരണ താരം ഔട്ടാകും. സൂപ്പര്‍ താരം നൂറ് സിനിമ പൊളിഞ്ഞാലും ഔട്ടാകില്ല. അതുകൊണ്ട് സൂപ്പര്‍താരം എന്തൊക്കെ പറഞ്ഞാലും ഇന്‍ഡസ്ട്രിയുടെ കച്ചവടരഹസ്യമാണ്.

മാക്ട എന്ന സംഘടനയെ സിനിമ ഉപേക്ഷിച്ചത്, പ്രേക്ഷകര്‍ വെറുത്തത്, കലാകാരന്റെ സ്വാതന്ത്യ്രത്തിനു മേല്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട് ചങ്ങലയിടാനും ഇത്തിരിപ്പോന്ന അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ കലാകാരന്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചപ്പോഴാണ്. മാക്ടയുടെ തകര്‍ച്ച മാധ്യമങ്ങളും ഒപ്പം പ്രേക്ഷകരും ആഘോഷിച്ചത് അത് സിനിമയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം എന്ന നിലയ്ക്കാണ്. എന്നാല്‍, മലയാള സിനിമ കണ്ട ഏറ്റവും അര്‍ഥശൂന്യവും ബാലിശവുമായ വിലക്കുകളും പ്രതിഭാസങ്ങളുമുണ്ടായത് അതിനു ശേഷമാണെന്നതാണ് വിരോധാഭാസം.

സിനിമയുടെ ബഡ്ജറ്റ് എത്ര വരെ ആവാം എന്നതും എത്ര അടി ഫിലിം ഉപയോഗിക്കണം എന്നതും സംഘടന തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. സിനിമ റിലീസ് ചെയ്യുമ്പോള്‍ പരസ്യം നല്‍കുന്നത് എത്ര വലിപ്പത്തില്‍ വേണമെന്നതൊക്കെ കുറെക്കാലമായി സംഘടനയാണ് തീരുമാനിക്കുന്നത്. അതായത് പണം മുടക്കി വലിയ സിനിമയെടുക്കാനായി ആരും ഇവിടേക്കു വരേണ്ട. മലയാള സിനിമയെ മലയാളത്തില്‍ നിന്നു കെട്ടു കെട്ടിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യമെന്നു തോന്നുന്നു.

Related Posts with Thumbnails
  • ഫാന്‍സുകാരേ കൊണ്ടുള്ള പ്രയോജനങ്ങള്‍..

    കൂകിവിളിക്കാം.
    ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ് ലാഭമുണ്ടാക്കാം.
    ആളുകള്‍ കുറയുന്ന സിനിമകളില്‍ ബാല്‍ക്കണി നിറയ്ക്കാം.
    വെറുതെ സമയം കളയാം.
    തിയറ്ററുകളില്‍ സംഘര്‍ഷം സൃഷ്ടിക്കാം.
    ആരുടെ ഫാനാണോ അവരുടെ മൂട് താങ്ങാം.

    ഇവനൊക്കെ നാല്‌ കാശ് കിട്ടുന്ന പ്ണിക്ക് പൊക്കൂടെയെന്ന് ചോദിച്ചാല്‍..
    പിന്നെ ഈ പ്ടച്ച് വിടുന്ന സിനിമകള്‍ ഒക്കെ ആര്‍ കാണൂം..?

    ഏതായാലും ആ നടന്‍ കാണാന്‍ സാദ്ധ്യതയില്ല.
  • ലഷ്കര്‍ ഇ ത്വയ്ബയില്‍ പ്രവര്‍ത്തിച്ചവന് പിന്നെ വേണമെങ്കില്‍ അല്‍ ക്വയ്ദയില്‍ പ്രവര്‍ത്തിക്കാം, കൊച്ചിയില്‍ കാലു വെട്ടാന്‍ പോയിട്ടുള്ളവന് മുംബൈ അധോലോകത്തില്‍ പോയി തലവെട്ടാം. പക്ഷെ, ഒരു ഫാന്‍സുകാരന് എന്തു സാധ്യതയാണുള്ളത് ........

    :P
  • aadi666
    10 വര്‍ഷമായി ഞാന്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് എന്നെ താങ്കളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റാക്കണം എന്ന് ഷാറൂഖ് ഖാനോടു പറയാനൊക്കുമോ ?
  • ഫാന്‍സിന്‍റെ ഫാനായി കറങ്ങുകയാണ് സൂപ്പര്‍ താരങ്ങള്‍!
  • johnykutty
    പണ്ടു സക്കറ്യ ചോദിച്ചു.. ബുദ്ധിജീവികളേക്കൊണ്ടെന്തു പ്രയോജനം എന്ന്. ബുദ്ധിജീവി, ഫാൻസ് അസോസിയേഷൻ. ഈ രണ്ടു കൂട്ടരേം കൊണ്ടെന്തെല്ലാം ഉപദ്രവങ്ങൾ എന്നു ചോദിക്ക്. കേരള സമൂഹം ഉത്തരം പറയും..
blog comments powered by Disqus