ആ ചിരി നിലയ്‍ക്കില്ലാസാനേ !
ഹഹഹഹഹഹഹഹഹഹഹഹഹഹ.. ! കൊച്ചിന്‍ ഹനീഫയെ അനുകരിക്കുമ്പോള്‍ ഒരു മിമിക്രിക്കാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ചിരിയാണ്. ബാക്കിയൊക്കെ ഓകെ. ആസാനേ.. എന്നൊരു നാലു തവണ വിളിച്ച് ടാ പന്നീ.. കുത്തിമലത്തിക്കളയും എന്നൊക്കെ പറഞ്ഞാല്‍ സംഗതി ക്ലീന്‍.
പ്രേക്ഷകരുടെ കൊച്ചിന്‍ ഹനീഫ എന്നും ഈ നിറചിരിയോടെ നമ്മെ കീഴടക്കിയിട്ടേയുള്ളൂ. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ സ്ഥിരം ഡയലോഗുകള്‍ കാച്ചി ആ ആത്മാവിനെ ബോറടിപ്പിക്കാന്‍ എനിക്കും ആഗ്രഹമില്ല. ഇതിനോടകം തന്നെ ആ ശരീരം ചില്ലുകൂട്ടില്‍ വച്ചുള്ള റിയാലിറ്റി ഷോയും തലയും വാലുമില്ലാത്ത വിവരണങ്ങള്‍ കൊണ്ട് നാണം കെടുത്തുന്ന ചാനല്‍ ലൈവുകളും കൊണ്ട് അദ്ദേഹത്തിനു മടുത്തിട്ടുണ്ടാവണം.
മാന്നാര്‍ മത്തായി സ്പീക്കിങ്, പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, കിരീടം തുടങ്ങി മലയാളിയുടെ പ്രിയപ്പെട്ട അനേകം സിനിമകളിലൂടെ അദ്ദേഹം ഇനിയും ജീവിക്കും, പ്രേക്ഷകരുള്ളിടത്തോളം കാലം. കലാകാരന് ഒരിക്കലും മരണമില്ല. ഞെട്ടല്‍ പ്രകടനങ്ങളുടെ നാട്യമില്ലാതെ ചിരിച്ചും ചിരിപ്പിച്ചും കൊണ്ടു കടന്നു പോകുന്ന കൊച്ചിന്‍ ഹനീഫയെ ചിരിയുടെ അനൗദ്യോഗികബഹുമതിയോടെ നമുക്കും യാത്രയാക്കാം.










