ജയില്‍ ബ്രേക്കേഴ്സ്
ഇവന്‍മാര്‍ ഭയങ്കരന്‍മാരാണ്. എന്നു വച്ചാല്‍ വീസ തട്ടിപ്പും കൊള്ളയും കൊലപാതകങ്ങളും നടത്തിയിട്ടുള്ള ഭീകരന്‍മാര്‍. ഒന്നും രണ്ടുമല്ല, പതിനെട്ടു പേരാണ് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ജയിലഴികളില്‍ വര്‍ഷങ്ങളോളം ഈ അവസരത്തിനായി കാത്തിരുന്നത്. ഒടുവില്‍ എല്ലാവരും കണ്ടുമുട്ടി പ്രവര്‍ത്തനം ഒന്നിച്ചാക്കാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവമുള്ളതായിരിക്കുന്നു. ഞെട്ടിക്കുന്ന ഒരു സത്യം, ഇവരെല്ലാവരും ഇപ്പോള്‍ ജയിലിനു പുറത്താണ് എന്നതാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് ഇവര്‍ തങ്ങളുടെ സംഘടനയ്ക്ക് രൂപം നല്‍കി. രാജ്യത്തുടനീളം പുതിയ പദ്ധതിയുമായി പര്യടനം തുടങ്ങിയിരിക്കുകയാണ് ഈ സംഘം. ഇവരുടെ പദ്ധതിയില്‍ ആളെ കൂട്ടുന്നതിനു വേണ്ടി ഇവര്‍ ജയിലുകള്‍ കയറിയിറങ്ങുന്നു. അവരുടെ പദ്ധതിയെ പറ്റി പറയുന്നതിനു മുമ്പ് ഈ പതിനെട്ടു പേരും ആരൊക്കെയാണെന്ന് ഒന്നു പരിചയപ്പെടുത്താം.
1. ജോസ് വലപ്പാടം (50), വാടകഗുണ്ട, തട്ടിപ്പുകേസുകളില്‍ പ്രതി, അഞ്ചുവര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 2. ഉപചന്ദ്രന്‍ (48), വിളിപ്പേര് മുഹമ്മ ചന്ദ്രന്‍, വിഗ്രഹമോഷണം, 350 കേസുകള്‍, ശിക്ഷലഭിച്ചത് 40 വര്‍ഷം., വിവിധ ജയിലുകളില്‍ 12 വര്‍ഷം വാസം. 3. ജോസഫ് മാത്യു (43), രാഷ്ട്രീയക്കൊലപാതകം, നാലുവര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. 4. തോമസ് ജോര്‍ജ് (58), ടോമിച്ചന്‍ എന്നു വിളിപ്പേര്, കഞ്ചാവുകേസ്, മൂന്നരവര്‍ഷം ജയില്‍വാസം. 5. സദാ ശിവന്‍ (55), മുന്‍ ഏഎസ്ഐ, രാഷ്ട്രീയ കൊലപാതകം, വിവിധ ജയിലുകളില്‍ 12 വര്‍ഷം. 6. ബാബു (47), വിവിധ കേസുകള്‍, പൂജപ്പുര ജയിലില്‍ 16 മാസം. 7. രാധാകൃഷ്ണന്‍ (43), കൊലപാതകം, ജീവപര്യന്തം ശിക്ഷ, 16 വര്‍ഷം ജയില്‍വാസം. 8. സരസന്‍ (50), മോഷണക്കേസ്, നാലുവര്‍ഷം പൂജപ്പുര ജയിലില്‍. 9. കെ.ഡി. മത്തായി, കൊലപാതകം, പൂജപ്പുരജയിലില്‍ 10 വര്‍ഷം. 10. ജോസഫ് ആളൂര്‍ (46), കൊലപാതകം, ഒരുമാസത്തെ ശിക്ഷ, വെറുതെവിട്ടു. 11. ജോസ് മണീട് (52), കൊലപാതകം, വിവിധ ജയിലുകളില്‍ 14 വര്‍ഷം. 12. നെല്‍സന്‍ (55), വിവിധ കേസുകള്‍, 12വര്‍ഷം ജയില്‍വാസം. 13. ക്രിസ്റ്റല്‍ ഫെര്‍ണാണ്ടസ് (50), വിവിധ കേസുകള്‍, 12 വര്‍ഷം വിവിധ ജയിലുകളില്‍. 14. ജയകുമാര്‍ (48), മയക്കുമരുന്നുകേസ്, രണ്ടര വര്‍ഷം തടവ്. 15. ടി.യു. ബേബിച്ചന്‍(57), മുഖംമൂടി ആക്രമണം, (23 കേസ്), 11വര്‍ഷം ശിക്ഷിച്ചു. 16. ചങ്ങനാശേരി ടോമി 40), കൊലക്കേസ്, ജീവപര്യന്തം തടവ്, അഞ്ചുവര്‍ഷം ജയില്‍വാസം. 17. പി.ജെ. ജോര്‍ജ് (48), വിവിധ കേസുകള്‍, ജീവപര്യന്തം ശിക്ഷ, അഞ്ചുവര്‍ഷം ജയിലില്‍. 18. ആന്റണി (50), പാസ്പോര്‍ട്ടില്‍ ആള്‍മാറാട്ടം, വിസതട്ടിപ്പ്, ഗള്‍ഫിലെ ജയിലുകളില്‍ ശിക്ഷ.
ആധുനിത തമിഴ് സിനിമയിലെ നായകന്‍മാരെപ്പോലെ പതിനെട്ടു പേര്‍. പക്ഷെ, ഇവരാരും ജയിലില്‍ നിന്നിറങ്ങിയത് വീണ്ടും കാണാം എന്നു പറഞ്ഞിട്ടല്ല. ഇനി കാണില്ല എന്നുറപ്പിച്ചു പറഞ്ഞിട്ടാണ്. ജയിലിലേക്കു മടങ്ങില്ല എന്നുറച്ച തീരുമാനമെടുക്കാന്‍ മാത്രം അനുഭവങ്ങള്‍ അവരെ മാറ്റിയിരുന്നു. പക്ഷെ, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല. പതിനെട്ടു പേരും പിന്നെയും ജയിലുകളിലേക്കു മടങ്ങി. ഒരിക്കലല്ല, പലവട്ടം. അക്കഥയാണിനി പറയാന്‍ പോവുന്നത്.
ഒരു വെള്ളിയാഴ്ചയാണ് പൂജപ്പുര ജയിലില്‍ വച്ച് ഇവരുടെ സംഘടന രൂപം കൊള്ളുന്നത്. പ്രിസണ്‍ മിഷന്‍. ഒരു ഇവാഞ്ചലൈസേഷന്‍ മൂവ്മെന്റ്. ഇനി തെറ്റിന്റെ വഴിയിലേക്കില്ലെന്നു തീരുമാനിച്ച 27 പേര്‍. ഒരുമിച്ചിരുന്നു പ്രാര്‍ഥിച്ച് അവര്‍ ഒരു തീരുമാനമെടുത്തു. തെറ്റിലേക്കു നീങ്ങുന്ന കുറച്ചുപേരെ എങ്കിലും തിരുത്തണം. ദൈവികമായ പ്രചോദനം അവരെ പിന്നെയും ജയിലുകളിലേക്കു നയിച്ചു; കുറ്റവാളികളായിട്ടല്ല. മുന്നില്‍ വെറുപ്പുളവാക്കുന്ന ഇരുട്ടു മാത്രം കണ്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഇടയിലേക്ക് പ്രതീക്ഷയുടെ ദൈവദൂതന്‍മാരായി അവര്‍ ഇറങ്ങിച്ചെന്നപ്പോള്‍ ജയില്‍ എന്ന സങ്കല്‍പം പോലും മാറുകയായിരുന്നു. ഒരിക്കല്‍ നടയടി കൊടുത്ത് കയറ്റിയ കവാടങ്ങള്‍ അവരെ തൊഴുകൈയ്യോടെ സ്വീകരിച്ചു. വല്ലപ്പോഴുമെത്തുന്ന സ്പോണ്‍സേര്‍ഡ് കാരുണ്യത്തിന്റെ ഔചിത്യമില്ലാത്ത ആത്മാര്‍ത്ഥത കൊണ്ടു തന്നെയാണ് പ്രിസണ്‍ മിഷന്‍ ഓരോ തടവുകാരന്റെയും പ്രതീക്ഷയും വെളിച്ചവുമാകുന്നത്. നിരപരാധിയോ കുറ്റവാളിയോ ആകുന്നത് ചിലരെ സംബന്ധിച്ചെങ്കിലും സാങ്കേതികം മാത്രമാവുമ്പോള്‍ ജീവിതത്തിലേക്കൊരു തിരിച്ചുവരവ് അനുവദിക്കാത്ത വിധം വാതില്‍ കൊട്ടിയടക്കുന്ന സമൂഹത്തെ വിധിക്കാന്‍ നമ്മുടെ നിയമത്തിനു ശക്തിയില്ലല്ലോ.
ഇന്ത്യയിലെ എല്ലാ ജയിലുകളിലുമെത്തുക എന്നതാണ് പ്രിസണ്‍ മിഷന്റെ ലക്ഷ്യം. ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പുനരധിവാസകേന്ദ്രമൊരുക്കുക, എല്ലാ ജില്ലകളിലും സ്ഥിരം പ്രവര്‍ത്തകരെ സംഘടിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. ഇതിന്റെ പ്രചാരണത്തിനായി നടത്തുന്ന സംസ്ഥാനതല ബോധവല്‍ക്കരണ റാലി മധ്യകേരളം വരെയെത്തി. ഡിസംബര്‍ ഒന്‍പതിനു കാസര്‍കകോടു നിന്നാരംഭിച്ച റാലി ഏപ്രില്‍ ഒന്‍പതിനു പാറശാലയില്‍ സമാപിക്കും. കുറ്റമറ്റ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനുള്ള പരിശ്രമത്തില്‍ തീര്‍ച്ചയായും ഒരു ജയിലിനെക്കാള്‍ മികച്ച ഫലം നല്‍കാന്‍ കഴിയുന്നത് ഈ ജയില്‍ പ്രസ്ഥാനത്തിനായിരിക്കും.
തെരുവില്‍ മാത്രമല്ല ജയിലുകളിലും ഇവര്‍ എത്തുന്നു. ചെയ്തതു തെറ്റാണെന്നു മനസ്സിലാക്കാതെ കുറ്റബോധമില്ലാതെ കഴിയുന്നവരോട് സംസാരിക്കും. ചിലരെങ്കിലും പുറത്തിറങ്ങുമ്പോള്‍ ഇവരെ അന്വേഷിക്കും കൂട്ടുകൂടും. ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ സമൂഹത്തില്‍ എങ്ങനെ ജീവിക്കുന്നുവെന്ന് അന്വേഷിച്ച് സമൂഹം അവരെ ഒറ്റപ്പെടുത്തി അവര്‍ പട്ടിണിയിലും ദുരിതത്തിലുമാണെങ്കില്‍ അവരെ പ്രിസണ്‍ മിഷന്റെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റും. ചോറ്റാനിക്കര നാഗപ്പാടിയിലാണ് ചില്‍ഡ്രന്‍ ഹോം. സംഘടനയുടെ സാരഥികളിലൊരാളായ ജോസ് വലപ്പാടിന്റെ മക്കളും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്.
കരിക്കിന്‍വില്ല കേസിലെ പ്രതി റെനി ജോര്‍ജിന്റെ പിതാവിന്റെ അനുജന്‍ സി. സാമുവല്‍ ആണ് സംഘടനയുടെ ചെയര്‍മാന്‍. അംഗങ്ങളില്‍ പലരുടെയും നല്ലനടപ്പ് പിന്നീട് ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യവുമൊരുക്കി. വൈകിയെങ്കിലും ചെയ്ത നല്ല പ്രവൃത്തികള്‍ക്കു ദൈവം നല്‍കിയ സമ്മാനം. ജയിലില്‍ നിന്നിറങ്ങി ആത്മഹത്യ ചെയ്യണമെന്നു വിചാരിച്ചിരുന്നവര്‍പോലും ഇവര്‍ക്കൊപ്പമുണ്ടിപ്പോള്‍. ആര്‍ക്കും വേണ്ടാതെ പോകുമായിരുന്ന ജീവിതം കൊണ്ട് എന്തൊക്കെയോ ചെയ്യുന്നുവെന്ന സന്തോഷമാണ് ഇന്ന് ഇവരുടെ ജീവിതത്തെ പ്രകാശമയമാക്കുന്നത്. നാളെ ഈ വെളിച്ചം ജയിലുകളെ ജയിലുകളല്ലാതാക്കിയേക്കാം. ഇവരുടെ സ്നേഹവെളിച്ചം കൊണ്ട് ജയിലുകള്‍ ഇല്ലാതാവുന്ന നല്ല നാളെകളെ സ്വപ്നം കാണാനുള്ള സാധ്യത നല്‍കിയതിന്റെ പേരില്‍ മാത്രം സമൂഹവും ഇവരോടു കടപ്പെട്ടിരിക്കുന്നു. പ്രിസണ്‍ മിഷന്റെ നമ്പരുകള്‍: 98461 70759, 94478 29824.










