ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞ്
ഇത് ഒരു കഥയല്ല. ചരിത്രവുമല്ല. ലോകത്തിനു മേല്‍ പാലായ്ക്കുള്ള മേല്‍ക്കോയ്മയുടെ, പാലാക്കാര്‍ ലോകത്തിലെ ഏറ്റവും കരുത്തന്‍മാരും മിടുക്കന്‍മാരും പ്രഗല്‍ഭന്‍മാരുമായി തുടരുന്നതിന്റെ, അജയ്യമായ ഒരു പാരമ്പര്യത്തിന്റെ കഥയാണ്. പാലാ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്നും ഹൂസ്റ്റണിലെ സ്കൂള്‍ ഓഫ് ഇമ്മാക്കുലേക്ക് തൊമ്മിയില്‍ നിന്നും ലഭിച്ചിട്ടുള്ള രേഖകളുടെയും കയ്യെഴുത്തുപ്രതികളുടെയും ഇതിനു പുറമേ അനേകം അനേകം തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചരിത്രവും സത്യവും കൂടിക്കലര്‍ന്ന കുറെയേറെ മിത്തുകളുടെ അന്തസത്ത ഇവിടെ അനാവരണം ചെയ്യുന്നത്.
അമേരിക്കയില്‍ പോര്‍ണോ ഫിലിം ഇന്‍ഡസ്ട്രിയുടെ ഇപ്പോഴത്തെ തലവനായ ഫ്രാങ്കോ തൊമ്മിക്കുഞ്ഞ് എന്ന ബ്രസീലിയന്‍ സായിപ്പില്‍ നിന്നാണ് ചരിത്രം പിറകോട്ടു നടക്കുന്നത്. ഗൂഗിളില്‍ തന്റെ അപ്പനപ്പൂപ്പന്‍മാരുടെ നാടായ കേരളത്തെപ്പറ്റി ഫ്രാങ്കോ സേര്‍ച്ച് ചെയ്യുന്നിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. തിരിച്ചും മറിച്ചും സേര്‍ച്ച് ചെയ്തിട്ടും ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം തെളിഞ്ഞില്ല. മാത്രവുമല്ല, ഗൂഗിള്‍ മാപ്പില്‍ ഇന്ത്യ എന്ന രാജ്യം തന്നെ കഷ്ടിച്ച് ഡല്‍ഹി എന്നു പറയുന്ന സ്ഥലം മാത്രമേയുള്ളൂ. ബാക്കി കംപ്ളീറ്റ് തര്‍ക്കത്തിലിരിക്കുന്ന സ്ഥലമാണ്. കേരളം ശ്രീലങ്കയുടെ ഭാഗമായാണ് കാണിക്കുന്നത്. ഫ്രാങ്കോ തൊമ്മിക്കുഞ്ഞ് വീണ്ടും സേര്‍ച്ച് ചെയ്തു. ഇത്തവണ ഗൂഗിള്‍ ഇന്ത്യയുടെ സൈറ്റ് ആണ് നോക്കിയത്. ഇപ്പോള്‍ കേരളം ശക്തമായി തെളിയുന്നുണ്ട് എന്നു മാത്രമല്ല ശ്രീലങ്കയും ബംഗാദേശും പാക്കിസ്ഥാനും ചൈനയുമെല്ലാം ഇന്ത്യയുടെ ഭാഗമാണ്. ഫ്രാങ്കോയ്ക്ക് കളി മനസ്സിലായി.
ഫ്രാങ്കോയുടെ ആര്‍ട്ട് ഓഫ് സ്പാങ്കിങ് എന്ന പുതിയ പോര്‍ണോ ഹാര്‍ഡ്കോര്‍ പടത്തിലെ നായികയായെത്തിയ ആന്‍ഡി മിച്ചല്‍ എന്ന 19കാരിയില്‍ നിന്നാണ് ചരിത്രം ആരംഭിക്കുന്നത്. ആന്‍ഡിയുടെ ആന്റി മലയാളിയായ വടക്കേടത്ത് ക്ളാര വാഗമണ്ണിലെ റിസോര്‍ട്ടുകളില്‍ നല്ല രീതിയില്‍ ജോലിയെടുത്തു ജീവിക്കുന്ന ഒരു ലൈംഗികത്തൊഴിലാളിയാണ്. ഭോറിന്‍ ക്ളയന്റുകളിലാണ് ക്ളാരയാന്റിയുടെ സ്പെഷലൈസേഷന്‍. ആന്‍ഡി മിച്ചലിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഫ്രാങ്കോയെ ക്ളാരയാന്റിക്ക് ടൂറിസമെന്നും പറഞ്ഞ് വിറ്റ് കാശാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആന്റിയുടെ കാര്യം ആന്‍ഡി ഫ്രാങ്കോയോടു പറഞ്ഞത്. ഫ്രാങ്കോയ്ക്ക് ആന്റിയില്‍ കമ്പമുണ്ടായി. വാഗമണ്‍, ടൂറിസം, മല്ലു ആന്റി, സെക്സ് തുടങ്ങിയ ആകര്‍ഷണീയമായ കീവേര്‍ഡുകള്‍ക്കപ്പുറത്ത് തന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ തങ്ങളൊക്കെ തൊമ്മിപ്പാപ്പന്‍ എന്നു വിളിക്കുന്ന ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞിന്റെ നാടായ പാലായിലെ ഏതോ ഒരു തറവാട്ടിന്റെ രഹസ്യ അറയില്‍ കെട്ടിക്കിടക്കുന്ന കോടാനുകോടികള്‍ വരുന്ന സ്വത്ത്. അതിലേക്കുള്ള രഹസ്യവഴികള്‍ അന്വേഷിച്ചുള്ള തന്റെ യാത്ര ക്ളാരയില്‍ നിന്നു തുടങ്ങാം എന്നു ഫ്രാങ്കോ കരുതി.
നാട്ടിലേക്കു പോകുന്ന കാര്യം ഫ്രാങ്കോ ആന്‍ഡിയോട് പറഞ്ഞു. ആന്‍ഡിക്ക് സന്തോഷമായി. ആന്റിയെ വിവരമറിയിച്ചു. ആന്‍ഡിയും ആന്റിയും കൂടി രഹസ്യമായി മറ്റൊരു പദ്ധതി ആലോചിച്ചിരുന്നു. നാട്ടിലെത്തുന്ന ഫ്രാങ്കോടെ സുഖിപ്പിച്ച് രസിപ്പിച്ച് അവിടെ സ്ഥലം വാങ്ങി ഒരു വേനല്‍ക്കാല വസതി പണിയിക്കുക. ഈ സമയത്ത് ഹൂസ്റ്റണില്‍ നിന്ന് ആന്‍ഡിയും വാഗമണ്ണിലേക്കെത്തും. അവിടെ വച്ച് ഒരു രാത്രി ഡിവൈഎഫ്ഐക്കാരുടെയും ചാനലുകാരുടെയും സഹായത്തോടെ ക്ളാരയാന്റിയുടെ കിടപ്പറയില്‍ നിന്ന് ഫ്രാങ്കോയെ കുടുക്കുക. നാറി പണ്ടാരമടങ്ങുന്ന ഫ്രാങ്കോയുടെ ഭാര്യയായി ജീവിക്കാന്‍ സമ്മതമാണെന്ന് ആന്‍ഡി അറിയിക്കുന്നു, തുടര്‍ന്ന് വാഗമണ്ണിലെ മുരുകന്റെ അമ്പലത്തില്‍ വച്ച് ഭാരതീയ ശൈലിയില്‍ ഓനെക്കൊണ്ട് മംഗലം കയ്പ്പിച്ച് ഓന്റെ ബീടരായി വാഗമണ്ണിലെ പുല്‍മേടുകളില്‍ അര്‍മാദിച്ചു നടക്കുക. ആന്‍ഡിയും ആന്റിയും സംയുക്തമായി ഫ്രാങ്കോയെ ഡീല്‍ ചെയ്യുന്നതിനുള്ള സൂത്രങ്ങള്‍ ആലോചിച്ചു തുടങ്ങി.
ഫ്രാങ്കോയ്ക്ക് ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. ആന്‍ഡിയല്ല അവളുടെ അമ്മൂമ്മ വന്നാലും പോട്ടെ പുല്ല് എന്നു വയ്ക്കാന്‍ മാത്രം പെണ്ണുങ്ങളെ പൂശിയതിന്റെ ബോറടി. തൊമ്മിപ്പാപ്പന്റെ 111 മക്കളും അവരുടെ പിന്‍തലമുറക്കാരുമായി തൊമ്മിപ്പണം എന്ന പേരില്‍ ശേഖരിച്ചുവച്ചിരിക്കുന്ന തുക എവിടെയാണ് എന്നന്വേഷിച്ചു കണ്ടെത്തുക എന്നതല്ലാതെ പാലായിലേക്കു വരാന്‍ തക്കവണ്ണം വടക്കേടത്ത് ക്ളാര ഒരു പ്രലോഭനം പോയിട്ട് പ്രചോദനം പോലുമായിരുന്നില്ല. അതേ സമയം, ഫ്രാങ്കോ ഹൂസ്റ്റണിലെ തുണ്ടുപടവ്യവസായത്തിന്റെ രാജാവാണെന്നൊന്നും അറിയാതെ ക്ളാര നാട്ടില്‍ വരാന്‍ പോകുന്ന ഫ്രാങ്കോയെ ഫ്രാന്തു പിടിപ്പിക്കുന്നതിനനുള്ള പുതിയ ഐറ്റംസ് പ്രാക്ടീസ് ചെയ്യാന്‍ വാടകയ്ക്കെടുത്തതോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രാങ്കോ നിര്‍മിച്ചു തള്ളിയ ബി ഗ്രേഡ് പോര്‍ണോ പടങ്ങള്‍.
നാട്ടിലേക്കു വരും മുമ്പ് ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞിനെപ്പറ്റി പറ്റുന്നത്ര വിവരങ്ങള്‍ ശേഖരിക്കണമെന്നു തീരുമാനിച്ച ഫ്രാങ്കോ തീര്‍ച്ചും അപ്രതീക്ഷിതമായാണ് ഒബാമയുടെ ഓഫിസിലെ ജീവനക്കാരിയും തന്റെ പുതിയ കാമുകിയുമായ മരിയാനയുടെ അടിവയറ്റില്‍ പച്ചkകുത്തിയിരിക്കുന്ന 18 എന്നെഴുതിയ ഫുള്‍ബോട്ടില്‍ കണ്ടത്. ഫ്രാങ്കോയെ അടിമുടി വിറച്ചു. ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞിന്റെ പിന്‍ഗാമിയായ ഒരു പെണ്‍കുട്ടി ഒബാമയുടെ ഓഫിസിലോ ? മരിയാനയുടെ 90 വയസ്സുള്ള അപ്പൂപ്പനില്‍ നിന്നാണ് ഫ്രാങ്കോ ബാക്കി കഥകളറിഞ്ഞത്.
ജോണ്‍സണ്‍ തൊമ്മിക്കുഞ്ഞ് എന്നയാള്‍ അഞ്ഞൂറു വര്‍ഷം മുമ്പ് പാലായില്‍ ജനിച്ച ഒന്നാംതരം റബര്‍ അച്ചായനായിരുന്നു. അന്ന് ലോകത്ത് ഒരിടത്തും റബര്‍ കൃഷി തുടങ്ങിയിട്ടില്ല. തന്റെ പുരയിടത്തില്‍ സ്വന്തം ബുദ്ധികൊണ്ട് ബുദ്ധിമാനായ തൊമ്മിക്കുഞ്ഞ് ബഡ് ചെയ്തുണ്ടാക്കിയ മരമായിരുന്നു റബര്‍. റബര്‍ ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും തന്റെ കയ്യിലുള്ള റബര്‍ ഷീറ്റ് കൊണ്ട് വിവിധ വസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സാധ്യതകളും ഗവേഷണങ്ങളുമായിരുന്നു തൊമ്മിക്കുഞ്ഞിന്റെ ജീവിതം എന്നു പറയാം. ഇന്ന് ലോകത്ത് റബര്‍ ഉള്ള എല്ലാ രാജ്യങ്ങളും 500 വര്‍ഷം മുമ്പ് തൊമ്മിക്കുഞ്ഞിന്റെ തോട്ടങ്ങളായിരുന്നു. ടാപ്പിങ്ങിനും അനുബന്ധജോലികള്‍ക്കുമായി തൊമ്മിക്കുഞ്ഞ് വിവിധനാടുകളില്‍ നിന്നും വിലയ്ക്കുവാങ്ങിയ അടിമകള്‍ തൊമ്മിക്കുഞ്ഞിന്റെ കാലശേഷം ആ സ്ഥലങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. അവരെ പിന്നീട് ബ്രിട്ടീഷുകാര്‍ അധീനതയിലാക്കി. ലോകത്തെ പന്ത്രണ്ടോളം രാജ്യങ്ങളും ആഫ്രിക്കന്‍ ഭൂഖണ്ഡവും കണ്ടെത്തിയ തൊമ്മിക്കുഞ്ഞ് മെല്ലെ ചരിത്രത്തില്‍ നിന്നു നീക്കം ചെയ്യപ്പെട്ടു. അവിടെയൊക്കെ ബ്രിട്ടീഷുകാര്‍ കണ്ട ഗാമയുടെയും കൂമയുടെയുമൊക്കെ പേര് എഴുതിച്ചേര്‍ത്തു. എങ്കിലും 78 ഭാര്യമാരിലായി ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 111 മക്കളുടെ പിന്‍മുറക്കാരിലൂടെ തൊമ്മിക്കുഞ്ഞിന്റെ പരമ്പര ഇന്നും നിലനില്‍ക്കുന്നു. അവരുടെ ദൈവവും മതവും തൊമ്മിക്കുഞ്ഞാണ്. അവര്‍ പ്രാര്‍ത്ഥനകളും ബലിയര്‍പ്പണങ്ങളും തൊമ്മിക്കുഞ്ഞിനാണ്.
പതിന്നാലാം ഷാപ്പുകാര്‍ എന്നാണ് തൊമ്മിക്കുഞ്ഞിന്റെ കുടുംബക്കാര്‍ അറിയപ്പെടുന്നത്. പാലായിലെ ആദ്യത്തെ കള്ളുഷാപ്പ് സ്ഥാപിച്ചത് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് തൊമ്മിക്കുഞ്ഞായിരുന്നു. പന എന്ന വൃക്ഷം ബഡ് ചെയ്ത് സൃഷ്ച്ചെടുത്ത തൊമ്മിക്കുഞ്ഞ് തന്നെയാണ് അതില്‍ നിന്നും കള്ള് എന്നൊരു സാധനം ഉണ്ടാക്കാമെന്നും കണ്ടെത്തിയത്. അതോടെ പാലായിലെങ്ങും തൊമ്മിക്കുഞ്ഞ് പന പ്രചരിപ്പിച്ചു തുടങ്ങി. അന്നത്തെ പാലാ ടൌണില്‍ തൊമ്മിക്കുഞ്ഞ് 14 ഷാപ്പുകള്‍ സ്ഥാപിച്ചു എന്നാണ് ചരിത്രം. ബാക്കി ഷാപ്പുകളെല്ലാം നാട്ടുകാര്‍ക്ക് കുടിക്കാനായി നല്‍കിയിട്ട് തൊമ്മിക്കുഞ്ഞിനും ഫാമിലിക്കും കുടിക്കാനായി പതിന്നാലാം നമ്പര്‍ ഷാപ്പു മാത്രം ബാക്കി വച്ചു. അന്‍പത്തിയൊന്നിലെ വെള്ളപ്പൊക്കത്തില്‍ പാലാ മുഴുവന്‍ മൂടിപ്പോയപ്പോള്‍ പാലാ കുരിശുപള്ളിയും പതിന്നാലാം നമ്പര്‍ ഷാപ്പും മാത്രം ബാക്കി നിന്നു. അതോടെയാണ് തൊമ്മിക്കുഞ്ഞിനു ദിവ്യശക്തിയുണ്ട് എന്നു ജനത്തിനു തോന്നിത്തുടങ്ങിയത്. അതോടെ തൊമ്മിക്കുഞ്ഞിന്റെ വംശപരമ്പര പതിന്നാലാം ഷാപ്പുകാര്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങി. ഇതിനെ സാധൂകരിക്കുന്ന താളിയോലകളും കല്ലില്‍ കൊത്തിയ കല്‍പനകളും ചരിത്രത്തിന്റെ ബാക്കിയായി ഇന്നുമുണ്ട്.
അക്കാലത്ത് ചങ്ങനാശ്ശേരി വടക്കു മുതല്‍ അങ്ങോട്ട് വാഗമണ്ണിന്റെ കിഴക്ക് പീരുമേടു വരെയും ശബരിമലയുടെ വടക്ക് പമ്പ മുതല്‍ അങ്ങ് തൃശൂരിനു സമീപം ഒല്ലൂര് വരെയും ഒരിഞ്ചുപോലും ഇളവില്ലാതെ തൊമ്മിക്കുഞ്ഞിന്റെ പുരയിടമായിരുന്നു. കുന്നംകുളം ഭാഗത്തുണ്ടായിരുന്ന കുരുമുളക് വ്യാപാരിയായിരുന്ന ഒരു ഫ്രാന്‍സിസ് ഇട്ടിക്കോരയായിരുന്നു തൊമ്മിക്കുഞ്ഞിന്റെ പറമ്പിലെ പ്രധാന പണിക്കാരന്‍. ഇട്ടിക്കോരയെ കുന്നംകുളത്തിനു പുറത്തൊരു ലോകമുണ്ടെന്നും അവിടെ മനുഷ്യരുണ്ടെന്നും കാണിച്ചുകൊടുത്തത് തൊമ്മിക്കുഞ്ഞാണ്. ഇന്നിപ്പോള്‍ ഇട്ടിക്കോരയുടെ പേരില്‍ ചരിത്രമായി, ഗണിതസാസ്ത്രമായി. കോരയെ ഇതെല്ലാം പഠിപ്പിച്ച തൊമ്മിക്കുഞ്ഞ് വെറും തൊമ്മിയായി.










