ക്രിസ്മസ് ബംപര്‍
വെളുപ്പിനു മൂന്നരയായപ്പോള്‍ മാത്തുക്കുട്ടി പതിവുപോലെ ടാപ്പിങ് കത്തിയും ഹെഡ്‍ലൈറ്റുമായി തോട്ടത്തിലേക്കു പോയി. കിടക്കയില്‍ തിരിഞ്ഞു കിടക്കുമ്പോള്‍ ലില്ലിക്കുട്ടി വാതിലില്‍ മുട്ടുകേട്ടു. എത്ര പണം കയ്യിലുണ്ടായാലും ഒന്നും അത്ര പെട്ടെന്നു മാറില്ല. ക്രൂശിതരൂപത്തിനു പിന്നലിരിക്കുന്ന ലോട്ടറി ടിക്കറ്റ് തന്റെ വിധി മാറ്റിയെഴുതിയ വിവരം അത്രപെട്ടെന്നു് ആരും വിശ്വസിക്കില്ല. ഇന്നു താന്‍ ലക്ഷപ്രഭുവാണ്. എന്നിട്ടും കെട്ടിയവന്‍ വീട്ടില്‍ നിന്നിറങ്ങുന്ന നേരം നോക്കി എത്തുന്ന മുതലാളിയുടെ മുട്ടു കേള്‍ക്കുമ്പോള്‍ അറിയാതെ ഉള്ളില്‍ ആരോ വാതില്‍ തുറന്നു കൊടുക്കുന്നു. റോസമ്മ
കൊച്ചമ്മയ്ക്ക് പ്രാര്‍ത്ഥനയിലും പ്രേഷിതപ്രവര്‍ത്തനത്തിലുമാണ് താല്‍പര്യം. കൊച്ചമ്മ തന്റെ കൂടെക്കിടന്നിട്ട് മൂന്നു കൊല്ലമായെന്നാണ് മുതലാളി പറയുന്നത്. മുല്ലക്കര സാറിന്റെയും വട്ടായിലച്ചന്റെയും ധ്യാനം കൂടും, ഷാലോം ടിവി കാണും, പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുമായി നാടുചുറ്റി സഞ്ചരിക്കും. സുന്ദരിയായ കെട്ടിയോള് കന്യാസ്ത്രീയെപ്പോലെ ജീവിക്കുമ്പോള്‍ എസ്റേറ്റിലെ ടാപ്പിങ്ങുകാരന്റെ കെട്ടിയോളോടു പ്രേമം തോന്നിയാല്‍ മുതലാളിയെ തെറ്റു പറയാനൊക്കത്തില്ല.
കെട്ടിയവനു ജോലിയും താമസിക്കാന്‍ വീടും നഴ്സിങ് പഠിക്കുന്ന ഒരേയൊരു മകളുടെ ചിലവുകളും നോക്കുന്ന മുതലാളിയോടുള്ള കടപ്പാട് മാത്രമാണോ കോടീശ്വരനായ ജാരന് വാതില്‍ തുറന്നു കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത് ? ലില്ലിക്കുട്ടി ആലോചിച്ചു. മുതലാളി തനിക്കു വെറും ജാരനല്ല.പ്രാരാബ്ധങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട അഭിനിവേശങ്ങളുടെ കൌമാരം ഈ മുപ്പത്തിയെട്ടാം വയസ്സില്‍ റീപ്ളാന്റ് ചെയ്തു തന്നത് മുതലാളിയാണ്. ഒരു വേശ്യയോടെന്ന പോലെ മുതലാളി ഒരിക്കലും ഇടപെട്ടിട്ടില്ല.ആ നെഞ്ചില്‍ ചേര്‍ന്നു കിടന്ന് തനിക്കെന്തും ആവശ്യപ്പെടാം. ഭ്രാന്തെടുപ്പിക്കുന്ന ആ സുഗന്ധം ! ബ്രൂട്ട് എന്നാണ് മുതലാളി പറയുന്നത്. ആ സുഗന്ധത്തിലേ തനിക്കദ്ദേഹത്തെ സങ്കല്‍പിക്കാനാകൂ. 19 വയസ്സുള്ള ഒരു പെണ്ണിന്റെ അമ്മയാണെന്നതു മറന്ന് ആദ്യപ്രണയത്തിലെന്ന പോലെ കെഞ്ചാനും വഴക്കടിക്കാനും ആ മീശ പിരിച്ചു കയറ്റി വയ്ക്കാനുമൊക്കെ തനിക്ക് അവകാശമുണ്ട്. പുലര്‍ച്ചെ മൂന്നരയാകുമ്പോള്‍ കട്ടന്‍കാപ്പിയും കുടിച്ച് ടാപ്പിങ്ങിനുള്ള കത്തിയും ഹെഡ്ലൈറ്റുമായി മാത്തുക്കുട്ടി തോട്ടത്തിലേക്കു പോയാല്‍ വരുന്നത് രാവിലെ ഏഴുമണിയോടെയാവും. ഈ മൂന്നര മണിക്കൂര്‍ നേരം സുരക്ഷിതമാണ്. തങ്ങളുടേതു മാത്രമായ ലോകം. കണ്ണാടിയില്‍ നോക്കി ഉടവില്ലാത്ത ശരീരത്തെ സ്വയം പ്രശംസിച്ചുകൊണ്ട് ലില്ലിക്കുട്ടി വാതില്‍ തുറന്നു.
എന്നതാടി തൊറക്കാനൊരു താമസം ? അവനും ഇന്നു താമസിച്ചാണല്ലോ പോയത് ? രത്രി രണ്ടു പേരും കൂടി എന്നാ പണിയായിരുന്നു, ങ്ഹേ ?
അതെന്നാ ഞങ്ങള്‍ക്കൊന്നും പണിയത്തില്ലേ ? കെട്ടിയവനുള്ള അവകാശം കഴിഞ്ഞേയുള്ളൂ..
കോപ്പാ ! നിന്റെ മേലുള്ള എല്ലാ അവകാശവും എനിക്കാണ്.. നീ എന്റെ പെണ്ണാണ്.. അത് കഴിഞ്ഞേയുളളൂ കെട്ടിയോന്‍
അതെവിടുത്തെ നിയമവാ ? – ലില്ലിക്കുട്ടി മുടി ഉയര്‍ത്തിക്കെട്ടി നെഞ്ചു വിരിച്ചു നിന്നു. മുതലാളി അവളെ അടിമുടി നോക്കി.
നെനക്കെന്നതാടീ ഇന്നൊരു തെളക്കം ?
ഞങ്ങളിനിയങ്ങു തെളങ്ങാന്‍ പോവ്വാ, അച്ചായന്‍ നോക്കിക്കോ !
ഉം, കോപ്പാ ! അല്ലെങ്കിലും വെളുപ്പാന്‍കാലത്ത് നെനക്കൊരു തെളക്കം ഒള്ളതല്ലേ ?
മുതലാളി അവളുടെ അരക്കെട്ടിനു ചുറ്റിപ്പിടിച്ചു. വലിയ എന്തോ രഹസ്യം വെളിപ്പെടുത്തുന്നതുപോലെ ക്രൂശിതരൂപത്തിനു പിന്നില്‍ നിന്ന് അവള്‍ ആ ലോട്ടറി ടിക്കറ്റ് എടുത്തുകൊണ്ടുവന്ന് മുതലാളിക്കു നീട്ടി.
കര്‍ത്താവേ, നീയും തുടങ്ങിയോ ഇത്… സര്‍ക്കാരാപ്പിസിലും സ്കൂളിലുമൊക്കെ കാലുകുത്തിപ്പോയാല്‍ ലോട്ടറി എടുക്കണം.. ലില്ലിക്കുട്ടീ നമ്മുടെ
സ്നേഹത്തെ നീ കച്ചവടവല്‍ക്കരിക്കരുത്…
ശ്ശൊ ! ഞാന്‍ ലോട്ടറി വില്‍ക്കാനല്ല.. പത്രത്തിലെ ഈ ലോട്ടറി ഫലമൊന്നു നോക്കിക്കേ, ആ ടിക്കറ്റും..
അപ്പോ അതാണ് കാര്യം ! എത്രയാ നൂറോ ആയിരമോ ?
നോക്കിക്കേ, അപ്പം അറിയാം – അവള്‍ കുസൃതിയോടെ കുണുങ്ങി നിന്നു. മുതലാളി അവളുടെ കയ്യില്‍ പിടിച്ച് മടിയിലേക്ക് വലിച്ചു വീഴ്ത്തി.
ആകെ ഇച്ചിരെ നേരമേ ഉള്ളൂ, അതിനിടയിലാ അവളുടെ ഒരു ലോട്ടറി.. എന്തായാലും ഒന്നാം ഒന്നാം സമ്മാനമൊന്നുമല്ലല്ലോ ?
ആണെങ്കില്‍ ?
പോടീ ഒന്ന്..
സത്യം.. രാവിലെ ബാങ്കിപ്പോയി ഒന്നൂടെ നോക്കണം, ഇപ്പോഴും അങ്ങു വിശ്വാസം വരുന്നില്ല.. മാത്തുക്കുട്ടി എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനവാ.. 20 ലക്ഷം രൂപാ
മുതലാളി അമ്പരന്നു. പത്രെടുത്തു നോക്കി. കേരള സംസ്ഥാനഭാഗ്യക്കുറി ക്രിസ്മസ് ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം നേടിയ 20 ലക്ഷം രൂപ വിലയുള്ള ലോട്ടറി ടിക്കറ്റ് മുതലാളിയുടെ കയ്യിലിരുന്ന് വിറകൊണ്ടു.
ഞങ്ങള്‍ മിക്കവാറും ഇവിടുന്നു പോകും.. നാട്ടിപ്പോയി സ്ഥലം വാങ്ങിച്ചു വീടു വയ്ക്കും.. ചെലപ്പോ വീടടക്കം വാങ്ങിക്കും.. പഠിത്തം തീരുമ്പഴത്തേക്കും മോള്‍ടെ കല്യാണം കൂടി നടത്തണം…അവളെ അമേരിക്കേല്‍ വിട്ട് കടമൊക്കെ വീട്ടണമെന്നു വിചാരിച്ചതാ.. ഇതിപ്പോ കര്‍ത്താവു വേറെ വഴി കാണിച്ചു തന്നു. ഇനി പഠിത്തം കഴിയുമ്പളേ അവളെ കെട്ടിച്ചിട്ടേ അമേരിക്കക്കു വിടുന്നൊള്ളൂ.. അവള്‍ക്കൊരുത്തനെ ഇഷ്ടമാണെന്നാ പറഞ്ഞത്. കൊള്ളാവെങ്കില്‍ അതു തന്നെയങ്ങു നടത്തും.
അപ്പോള്‍, മകളുടെ കാമുകന്‍ തന്റെ ഒരേയൊരു മകന്‍ ടോണി ആണെന്നത് അവള്‍ പറഞ്ഞിട്ടില്ല. മുതലാളിക്ക് ആശ്വാസമായി. എങ്കില്‍ ഈ രാത്രി ഇരുവരും കൂടി ഒളിച്ചോടാന്‍ തീരുമാനിച്ചതും ടോണിയെ വീട്ടില്‍ പൂട്ടിയിട്ട് അവളെ എത്തേണ്ടിടത്തെത്തിക്കാന്‍ താന്‍ പകരം ആളെ വിട്ടതും ലില്ലിക്കുട്ടി അറിയാന്‍ പോകുന്നില്ല. അമ്മയ്ക്കും മകള്‍ക്കും ഒരേ ദിവസം ലോട്ടറി. രണ്ടിടത്തും ഒരു പ്രവാചകനെപ്പോലെ തന്റെ ഇടപെടല്ഡ. കര്‍ത്താവേ നിന്റെയോരോ അഭ്യാസങ്ങള്‍.
ലോട്ടറിയും പത്രവും തിരികെ ക്രൂശിതരൂപത്തിനു പിന്നില്‍ വച്ച് അവള്‍ അടുത്തേക്കു വന്നു. ആലോചനയോടിരിക്കുന്ന മുതലാളിയുടെ അടുക്കല്‍ മുട്ടുകുത്തിയിരുന്നു. മുതലാളിയുടെ വൈന്‍ ഗന്ധമുള്ള ശ്വാസം നുകര്‍ന്നുകൊണ്ട് ചോദിച്ചു. എന്റെ മുതലാളി എന്നെ മറക്കുവോ ?
ലില്ല്ലിക്കുട്ടീ, നിനക്കിവിടം വിട്ടു പോകാന്‍ പറ്റുവോ ?
ഞാനല്ലല്ലോ, മാത്തുക്കുട്ടിയല്ലേ തീരുമാനിക്കുന്നത്…
നിനക്കു പറഞ്ഞുകൂടേ ?
ഞാനെന്നതാ മുതലാളി പറയുന്നത്, എനിക്കു മുതലാളിയെ വിട്ടു വരാന്‍ പറ്റുകേലന്നോ ?
അല്ല.. എന്നാലും, ലോട്ടറിയടിച്ച കാശ് ബാങ്കിലോ മറ്റോ ഇട്ടിട്ട് ഇവിടെ തന്നെ, അല്ലെങ്കില്‍ മാത്തുക്കുട്ടി പൊക്കോട്ടെ, ഞാന്‍ നിനക്കെന്റെ ഫാക്ടറീലൊരു ജോലി തരാം
മുതലാളി എന്നാ ഒക്കെയാ ഈ പറയുന്നത് ?
അല്ല ലില്ലിക്കുട്ടീ, നിന്നെ ഞാന്‍ വിടുകേല.. നിനക്കങ്ങനെ പോകാന്‍ പറ്റുവോ ?
പിന്നെ എന്നാ ചെയ്യും എന്റെ പൊന്നേ.. – ലില്ലിക്കുട്ടി മുതലാളിയുടെ മടിയില്‍ കയറിയിരുന്നു. പിന്നെയൊരു ചോദ്യമോ ഉത്തരമോ മുതലാളിയില്‍ നിന്നുണ്ടായില്ല. അവളുടെ ബ്ളൌസിന്റെ കുടുക്കുകളില്‍ കുറെനേരം അയാളുടെ അധരങ്ങള്‍ കുടുങ്ങിക്കിടന്നു. പതിവുപോലെ ഭ്രാന്തമായ അഭിനിവേശത്തിന്റെ ഇക്കിളികളില്‍ ലില്ലിക്കുട്ടിയും നിശബ്ദയായി. ഇടയ്ക്കിടെ പിടിവിട്ടുപോയ ചില നിശ്വാസങ്ങള്‍ മാത്രം അവരുടെ പിടച്ചിലുകളുടെ താളം തെറ്റിച്ചു.
പുലരാറായപ്പോള്‍ കട്ടന്‍കാപ്പിയുടെ ചൂടുള്ള കൈവള്ള മുതലാളിയുടെ നെറ്റിയില്‍ വച്ച് ലില്ലിക്കുട്ടി അയാളെ ഉണര്‍ത്തി. മുടി ഉയര്‍ത്തിക്കെട്ടി നഗ്നമായ കഴുത്തില്‍ വിരലോടിച്ചിരിക്കുന്ന അവളെ കണ്ടപ്പോള്‍ മുതലാളിക്കു പിന്നെയും ആവേശമുണര്‍ന്നു. അയാളുടെ നീക്കം പരാജയപ്പെടുത്തി ലില്ലിക്കുട്ടി എണീറ്റുമാറി.
ദേ, മാത്തുക്കുട്ടി ഇപ്പോ വരും… നേരമെത്രയായെന്നാ ?
ഞാനുറങ്ങിപ്പോയെടീ.. ഇനിയെന്നാ മോളേ ഇങ്ങനെ ? നിങ്ങളിവിടം വിട്ടു പോകുവല്ലേ ?
താന്‍ പോകുന്നതില്‍ മുതലാളിക്ക് ആദ്യത്തെ സങ്കടമൊന്നും കാണാത്തതില്‍ ലില്ലിക്കുട്ടിക്ക് വിസ്മയം തോന്നി.
ഞാന്‍ പോയാല്‍ മുതലാളി വിഷമിക്കുമോ ?
നീയെവിടെപ്പോയാലും ഞാന്‍ നിന്റെ പിന്നാലെ വരും.. നീയില്ലാതെ എനിക്കൊരു ജീവിതമില്ല ലില്ലിക്കുട്ടീ..
അവള്‍ക്കു സന്തോഷമായി. ദൂരെ നിന്നും മാത്തുക്കുട്ടിയുടെ ചുമ കേട്ടു, കരിയിലകള്‍ക്കു മുകളിലെ കാല്‍പ്പെരുമാറ്റവും.
ശ്ശൊ ! വരുന്നുണ്ട്..ഇന്നു നേരത്തെയാണല്ലോ..
കട്ടന്‍കാപ്പി ഒറ്റവലിക്കു കുടിച്ച് ഊര്‍ജം സംഭരിച്ച് ഉടുമുണ്ട് വാരിയെടുത്ത് പിന്‍വാതിലൂടെ മുതലാളി പുറത്തേക്കിറങ്ങി. ജാരന്റെ വഴിലിയൂടെ മെല്ലെ നടന്നുനീങ്ങി.
ഒരുനിമിഷം അതു നോക്കി നിന്ന ലില്ലിക്കുട്ടിക്ക് നിരാശ തോന്നി. പിന്നെ, വാതിലടച്ച് മുടിയഴിച്ചിട്ട് ഗ്ളാസ്സുമായി അടുക്കളയിലേക്കു നീങ്ങി.
ഇടവഴിയിലൂടെയുള്ള നടപ്പ് വേഗത്തിലാക്കിയ മുതലാളി ഷര്‍ട്ടിന്റെ കൈമടക്കിനിടയില്‍ തിരുകിവച്ച ലില്ലിക്കുട്ടിയുടെ 20 ലക്ഷം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് എടുത്തു പരിശോധിച്ചു.ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പഴഞ്ചൊല്ലിനോട് അന്നാദ്യമായി മുതലാളിക്ക് ബഹുമാനം തോന്നി.
മുതലാളിയുടെ റബര്‍ മരങ്ങളില്‍ കുത്തിയും വെട്ടിയും തൊഴിലാളി എന്ന നിലയില്‍ തന്റെ അവസാനദിവസത്തെ ടാപ്പിങ്ങിലൂടെ എല്ലാ പ്രതികാരവും തീര്‍ത്ത് ടാപ്പിങ് കത്തി പൊട്ടക്കിണറ്റിലുപേക്ഷിച്ച് മടങ്ങിയെത്തിയ മാത്തുക്കുട്ടി ക്രൂശിതരൂപത്തിനു പിന്നില്‍ വിരലോടിച്ചു. മടങ്ങും മുമ്പ് മുതലാളി തിരുകിവച്ച പഴയൊരു ലോട്ടറി ടിക്കറ്റ് കയ്യില്‍ തടഞ്ഞ മാത്തുക്കുട്ടി ഭയഭക്തിബഹുമാനങ്ങളോടെ അത് ചുണ്ടോടു ചേര്‍ത്തു. ടിക്കറ്റ് മടിക്കുത്തില്‍
തിരുകി ലില്ലിക്കുട്ടിയെ ആദ്യമായി കാണുന്നതുപോലെ അയാള്‍ നോക്കി.










