റോസി- ഒരു കുറ്റാന്വേഷണ കഥ (ഭാഗം-2)
നീലമേഘങ്ങളെ കീറിമുറിച്ചുകൊണ്ട് നാലു മണ്ികൂര്‍ ലേറ്റായി നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങിയ വിമാനത്തില്‍ അയാളുണ്ടായിരുന്നു- ഡിക്ടറ്റീവ് ചാര്‍ളി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വലിയൊരു സംഘം ചാര്‍ളിയെ സ്വീകരിക്കാന്‍ കാത്തുനില്‍പുണ്ടായിരുന്നു. സുന്ദരിയായ ജില്ലാ കലക്ടര്‍ മെറീന അലക്സാണ്ടര്‍ വരെ ഉണ്ടായിട്ടും അവരെയെല്ലാം നിരാരാക്കിക്കൊണ്ട് ചാര്‍ളി വിമാനത്താവളത്തിന്റെ പുറകിലത്തെ മുള്ളുവേലിക്കിടയിലൂടെ നൂഴ്ന്നിറങ്ങി പുറത്ത് പോയി ബസില്‍ കയറി സിറ്റി പൊലീസ് കമ്മിഷണറുടെ മുറിയില്‍ കാത്തിരുന്നു. ചാര്‍ളിയെ കാണാതെ നിരാശരായ കമ്മിഷണറും സംഘവും തിരികെ എത്തുമ്പോള്‍ ദാ ഇരിക്കുന്നു സാക്ഷാല്‍ ചാര്‍ളി ഓഫിസില്‍.
സര്‍..സാറെങ്ങനെ ഇവിടെ ?
അതൊക്കെ എത്തി.. നിങ്ങള്‍ എവിടെയായിരുന്നു ?
ഞങ്ങള്‍ സാറിനെ കാത്ത് നില്‍പുണ്ടായിരുന്നന്നു, മുന്നില്‍ തന്നെ..പക്ഷെ.
എന്തുകൊണ്ടാണ് പൊലീസുകാര്‍ കേസു പിടിക്കാത്തതെന്നും ഞങ്ങള്‍ ഡിക്ടറ്റീവുകള്‍ കേസു പിടിക്കുന്നതെന്നും മനസ്സിലായില്ലേ ?
അതത്ര സുഖിച്ചില്ലെങ്കിലും കമ്മിഷണര്‍ തലകുലുക്കി. കേസിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കേട്ട് ചാര്‍ളി കുലുങ്ങിച്ചിരിച്ചു. തീര്‍ത്തും നിര്‍ണ്ണായകമായ എന്തെങ്കിലും ചാര്‍ളി പറയുമെന്നു കരുതിയിരിക്കുമ്പോള്‍ അതിനായി വരുത്തിവച്ച നിശബ്ദതയുടെ അവസാനം അയാള്‍ പറഞ്ഞു- മെറീനയെ എനിക്കൊന്നു കാണണം.. ഇന്നു വൈകിട്ടു തന്നെ..തനിച്ച്..
ശരി.. ഞാന്‍ കൂട്ടിക്കൊണ്ടു വരാം.. – കമ്മിഷണര്‍ ഇടപെട്ടു.
ചാര്‍ളി ചിരിച്ചു- നിങ്ങള്‍ ഭയപ്പെടുന്നു അല്ലേ ? ഈ രാത്രി നിങ്ങളുടെ കാമുകി എന്റെ കൂടെ ഉറങ്ങുമോ എന്ന്..
കമ്മിഷണര്‍ വിളറി. സുഹൃത്താണെങ്കിലും ചാര്‍ളി അങ്ങനെ തന്നെയാണ്. മെറീനയുമായുള്ള തന്റെ ആര്‍ക്കുമറിയാത്ത പ്രണയം ചാര്‍ളി പെട്ടെന്നു വിളിച്ചു പറഞ്ഞതിന്റെ അമ്പരപ്പായിരുന്നു കമ്മിഷണര്‍ക്ക്. അതിന്റെ മുകളിലേക്ക് പിന്നെയും ഒരാക്ഷേപച്ചിരി കൂടി വലിച്ചെറിഞ്ഞ് ചാര്‍ളി ചാരിയിരുന്നു.
വൈകിട്ടത്തെ കൂടിക്കാഴ്ചക്ക് കമ്മിഷണര്‍ എത്തിയില്ല. സന്ധ്യ കഴിഞ്ഞ നേരത്താണ് കലക്ടറുടെ ബംഗാവില്‍ ചാര്‍ളി എത്തിയത്. കമ്മിഷണറുടെ നിര്‍ദേശമുണ്ടായിരുന്നത് കൊണ്ട് മെറീന സോഫയ്ില്‍ പതുങ്ങിയിരുന്നു. ഇടക്കിടെ, ചാര്‍ളിയുടെ കണ്ണുകള്‍ തന്റെ ശരീരത്തിലൂടെ ഇഴയുന്നുണ്ടോ എന്നറിയാന്‍ മാത്രം അവര്‍ മുഖമുയര്‍ത്തി നോക്കി. ഈ കഥകവി കുറെ നേരമായപ്പോള്‍ ചാര്‍ളി തന്നെ സംഭാഷണത്തിനു തുടക്കമിട്ടു-
സംസ്ഥാനത്തെ ഏറ്റവും അയോഗ്യയായ ജില്ലാ കലക്ടറാണ് മെറീന എന്നു ഞാന്‍ പറഞ്ഞാല്‍ പരിഭവിക്കുമോ ?
അവള്‍ വിസ്മയത്തോടെ ചാര്‍ളിയെ നോക്കി. അയാളുടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. – സത്യമാണ് ഞാന്‍ പറഞ്ഞത്.. യു ആര്‍ നോട്ട് ബോണ്‍ ഫോര്‍ ദിസ്.. ഒരു സിവില്‍ സേര്‍വന്റിന്റെ ഉത്തരവാദിത്വങ്ങള്‍ താങ്ങാനുള്ള കെല്‍പ് നിങ്ങള്‍ക്കില്ല.. ഭരണങ്ങാനം സ്കൂളിലെ ഒരു സാധാരണ ടീച്ചറായി ജീവിതം കൊണ്ടുപോകേണ്ട സ്ത്രീയായിരുന്നു നിങ്ങള്‍.. ജില്ലാ കലക്ടറായിട്ടും നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സിറ്റി പൊലീസ് കമ്മിഷണറുടെ അടുക്കള ഭരിക്കുന്നതാണ്.. കഷ്ടം !
അമ്പരന്നു പോയ മെറീന ഒന്നും നിഷേധിച്ചില്ല. പല ചോദ്യങ്ങളും മനസ്സില്‍ ഉയര്‍ന്നെങ്കിലും.
ശരി.. ഇനി മെറീന എന്റെ ചോദ്യങ്ങളോട് പ്രതികരിച്ചേ പറ്റൂ.. ജയില്‍ ചാടിയ ക്ളീറ്റസ് എന്തിനാണ് നിങ്ങളുടെ വീട്ടിനുള്ളില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്..
എനിക്കറിയില്ല..
കള്ളം ! ശരി.. അതുപോട്ടെ.. ക്ളീറ്റസ് ശരിക്കും ഒരു സൈക്കോപ്പാത്താണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?
എനിക്കറിയില്ല..
ചാര്‍ളി ചിരിച്ചു. ഒരു തരം വാശിയുള്ള ചിരി.
മെറീനയെ വീട്ടില്‍ വിളിച്ചിരുന്ന പേരെന്താണ് ?
എന്നെയോ.. മെറീന എന്നു തന്നെ..
അപ്പോള്‍ ആരാണ് റോസി ?
മെറീന വിളറി- അത് ചെറുപ്പത്തില്‍..
ചെറുപ്പത്തില്‍ എന്നു പറഞ്ഞാല്‍ സ്കൂള്‍, കോളജ് കാലങ്ങളില്‍.. അന്ന് മെറീന എന്നൊരു പേരില്‍ നിങ്ങളെ ആരും അറിയുമായിരുന്നില്ല, ആരും അങ്ങനെ വിളിച്ചിരുന്നുമില്ല.. നിങ്ങളുടെ അയല്‍പക്കത്ത് താമസിച്ചിരുന്ന ക്ളീറ്റസ് പോലും..
മെറീന ഞെട്ടി.
ഇനി പറയൂ.. ക്ളീറ്റസിനെ നിങ്ങള്‍ അറിയുമോ ?
അവള്‍ ഉവ്വെന്നു തലയാട്ടി.
ക്ളീറ്റസ് എന്തിനാണ് നിങ്ങളുടെ താമസ്ഥലത്തു കയറാന്‍ ശ്രമിച്ചത് ?
എന്നെ കാണാന്‍..
അതെ.. അപ്പോള്‍ ക്ളീറ്റസ് ഒരു സൈക്കോപ്പാത്തല്ല എന്നു നിങ്ങള്‍ സമ്മതിക്കുന്നോ ?
സമ്മതിക്കുന്നു..
ഗുഡ്.. അപ്പോള്‍ ക്ളീറ്റസ് ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഒരു ന്യായീകരണമുണ്ട്.. ഭരണങ്ങാനത്തെ ഹോസ്റ്റലിലും പാലാ അല്‍ഫോന്‍സാ കോളജിന്റെ ഹോസ്റ്റലിലും ചെന്നൈ സ്റ്റെല്ല മാരിസ് കോളജിന്റെ ഹോസ്റ്റലിലും ഐഎഎസ് അക്കാദമിുടെ ഹോസ്റ്റലിലും ക്ളീറ്റസ് കയറാന്‍ ശ്രമിച്ചത് ഒരേയൊരാളെ കാണാന്‍ വേണ്ടിയായിരുന്നു.. ഈ സ്ഥലങ്ങളിലെല്ലാം കോമണ്‍ ആയി ഉണ്ടായിരുന്നത് ഒരാള്‍ മാത്രം.. റോസി.. പക്ഷെ, ഡിഗ്രി വരെ റോസി എന്നറിയപ്പെട്ട നിങ്ങള്‍ പിന്നെ പേര് സാന്ദ്ര എന്നു മാറ്റി.. ഐഎസ് കഴിഞ്ഞപ്പോള്‍ പേര് മെറീന എന്നാക്കി..
അവള്‍ നിശബ്ദയായിരുന്നു.
ജയിലിന്റെ ഭിത്തിയില്‍ റോസി, റോസി എന്നെഴുതി വയ്ക്കുന്ന ഒരുവന്‍ ജയില്‍ ചാടിയിട്ടുണ്ടെങ്കില്‍ അത് ആ റോസിയെ കാണാനാവും എന്നതില്‍ നിങ്ങളുടെ ലോക്ക് പൊലീസിനു മാത്രമേ സംശയമുണ്ടാവൂ. ആ റോസി തന്നെയാണ് നിങ്ങളെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കി.. ഒപ്പം മറ്റൊരു സത്യവും.. കാമുകന്‍മാരെ മാറി മാറി പരീക്ഷിക്കുന്ന നിങ്ങളുടെ മാനസിരോഗമാണ് ക്ളീറ്റസിനെ ഇങ്ങനെയാക്കിയതെന്ന്.. നിങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന ഇത്ര തീവ്രതയോടെ പിന്‍തുടരുന്ന ക്ളീറ്റസിനെ ഇരുമ്പഴിക്കുള്ളില്‍ വിട്ടിട്ട് എങ്ങനെ സാധിക്കുന്നു ആ വങ്കന്‍ കമ്മിഷണറെ പ്രേമിക്കാന്‍..
എനിക്കയാളോട് പ്രേമമൊന്നുമില്ല..
നിങ്ങള്‍ പിന്നെയും കള്ളം പറയുന്നു.. അന്നു രാത്രി ക്ളീറ്റസ് ഇവിടെയെത്തുമ്പോള്‍ നിങ്ങളുടെ കിടക്കയില്‍ അയാളുണ്ടായിരുന്നു.. ആ കമ്മിഷണര്‍.. നിങ്ങള്‍ ജില്ലയിലെ ക്രമസമാധാനത്തെപ്പറ്റിയുള്ള ചര്‍ച്ചയിലായിരുന്നില്ല, ഉടുതുണിയില്ലാതെ നിങ്ങള്‍ അയാളുടെ മേല്‍..
സ്റ്റോപ്പിറ്റ് !.. സത്യമാണ്..ഞാന്‍ നിഷേധിക്കുന്നില്ല..
പിന്നെന്തിനെന്നോട് കള്ളം പറഞ്ഞു ? -ചാര്‍ളി അലറി.
ഞാന്‍ പറഞ്ഞത് സത്യമാണ്.. എനിക്കയാളോട് പ്രേമമില്ല..
പിന്നെ ? …..
എനിക്കു വേണ്ടത് സുരക്ഷിതത്വമാണ്.. കരുത്തനായ ഒരാണിന്റെ, ആയുധധാരിയായ ഒരു പോരാളിയുടെ സംരക്ഷണം..
എന്തിന് ? ആരില്‍ നിന്നാണ് നിങ്ങള്‍ക്കു രക്ഷ വേണ്ടത് ?
അയാളില്‍ നിന്ന് ? ക്ളീറ്റസ് ..
ദുര്‍ബലനായ ആ കാമുകനെപ്പോലും നിങ്ങള്‍ക്കു ഭയമാണെന്നോ ?
ദുര്‍ബലനായ കാമുകനല്ല അയാള്‍.. പ്രതികാരദാഹിയായ രാക്ഷസനാണ്.. ജയിലിലെ ഭിത്തിയില്‍ അയാളെന്റെ പേരെഴുതി വച്ചത് എന്നോടുള്ള പ്രേമം കൊണ്ടല്ല.. പ്രതികാരം കൊണ്ട്..എന്നെ ഇല്ലാതാക്കുന്നതിനുള്ള അയാളുടെ വാശി തണുത്തുറഞ്ഞു പോകാതിരിക്കാന്‍..
പക്ഷെ അയാള്‍ സഹതടവുകാരോട് പറഞ്ഞ കഥ ?
പച്ചക്കള്ളം..
ക്ളീറ്റസിനെന്തിനാണ് നിങ്ങളോട് ശത്രുത ?
പറയാം.. നിങ്ങള്‍ പറഞ്ഞുപോലെ. അയാള്‍ എന്റെ അയല്‍ക്കാരനായിരുന്നു. മിടുക്കനായ, കരുത്തനായ എന്റെ കളിക്കൂട്ടുകാരന്‍.. എനിക്കവനോട് ഭ്രാന്തായിരുന്നു.. അത് പലതവണ പ്രകടിപ്പിച്ചപ്പപ്പോഴൊക്കെ അവന്‍ ഒഴിഞ്ഞു മാറി.. പിന്നെയാണ് ഞാനറിഞ്ഞത് എന്റെ കൂട്ടുകാരിയുമായി അവന്‍ പ്രേമത്തിലാണെന്ന്.. ഭരണങ്ങാനം ഹോസ്റ്റലില്‍ ക്ളീറ്റസ് വന്നത് സത്യത്തില്‍ അവളെ കാണാന്‍ വേണ്ടിയായിരുന്നു. പിന്നെ ഉള്ള എല്ലാ സ്ഥലങ്ങളിലും എന്നെ കാണാനും
എന്തിന് ?
കൊല്ലാന്‍ ?
കൊല്ലാനോ ? എന്തിന് ?
അവനോടുള്ള ഇഷ്ടം കാരണം അവന്റെ കാമുകിയെ എനിക്കു കൊല്ലേണ്ടി വന്നു.. അതിനു പ്രതികാരം ചെയ്യാന്‍ ഞാനവളെ കൊന്നപോലെ ഉറക്കത്തിനിടയ്ി ശ്വാസം മുട്ടിച്ചു കൊല്ലാന്‍ വേണ്ടി എന്നെ പിന്‍തുടരുകയായിരുന്നു.. ഇതുവരെ.. ഇനി അയാള്‍ എന്റെ മുന്നില്‍ വരില്ല..
അതെന്താ ?
അയാളുടെ ഒളിത്താവളം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.. ഈ രാത്രി പുലരും മുമ്പ് എന്റെ ഗുണ്ടകള്‍ അയാളുടെ തലയറുക്കും..
പൊട്ടിച്ചിരിച്ചുകൊണ്ട് ചാര്‍ളി തന്റെ തൊപ്പി എടുത്തു മാറ്റി- ആ മുഖം അപ്പോള്‍ പരിചയമുള്ളതുപോലെ തോന്നി അവള്‍ക്ക്.
ഇല്ല മോളെ.. നിന്റെ ഗുണ്ടകള്‍ കൊല്ലും അവനെ.. ആ ഡിക്ടറ്റീവ് ചാര്‍ളിയെ.. നിന്നെ ഞനും..
ചാര്‍ളിയുടെ കുപ്പായത്തിനുള്ളിലെ ക്ളീറ്റസിന്റെ മുഖം കണ്ട് അവള്‍ വിളറി..
വിമാനത്താവളത്തില്‍ നിന്നു തന്നെ അവനെ ഞാന്‍ പൊക്കി. ഒരു സീരിയല്‍ നടിയെയും കൂട്ടി അവിടെയിട്ടു പൂട്ടി. അവന്റെ വേഷത്തിലിങ്ങോട്ടു പോന്നു. നിന്നോട് കണക്കു തീര്‍ക്കാന്‍ ഇതിനെക്കാള്‍ നല്ലൊരു മാര്‍ഗമില്ല..
രാത്രി വൈകി കലക്ടറുടെ ബംഗാവില്‍ നിന്ന് വെടിയൊച്ച കേട്ടു എന്നു ഗാര്‍ഡ് വിളിച്ചു പറഞ്ഞപ്പോള്‍ ഡിക്ടറ്റീവ് ചാര്‍ളിയുടെ പ്രധാന നേരമ്പോക്കിനെ ഗാര്‍ഡ് സിംബോളിക്കായി വിശേഷിപ്പിച്ചതാണെന്നു കരുതി തലവഴി പുതപ്പ് വലിച്ചിട്ട് പഴയൊരു രാത്രിയുടെ സ്മരണയില്‍ കമ്മിഷണര്‍ പിന്നെയും ഉറങ്ങാന്‍ ശ്രമിച്ചു.










