സിനിമയെ തനിച്ചാക്കി പോയവര്‍
ഉയര്‍ന്ന ചിന്തയും പ്രതിഭയുടെ കരുത്തുമുള്ള കലാകാരന്‍മാരാണ് ഏത് സൃഷ്ടിയുടെയും പിന്‍ബലം. സാമ്പത്തികമായും സര്‍ഗാത്മകമായും 2009 മലയാള സിനിമയ്ക്ക് നഷ്ടക്കണക്കുകള്‍ മാത്രം ബാക്കി വയ്ക്കുമ്പോള്‍ നഷ്ടങ്ങളുടെ ആ കണക്കു പുസ്തകത്തിലേക്ക് ഈ അഞ്ചു പേരുകള്‍ കൂടി എഴുത്തിച്ചേര്‍ക്കാതെ പറ്റില്ല.
എ.കെ.ലോഹിതദാസ്, രാജന്‍ പി.ദേവ്, മുരളി, ശോഭന പരമേശ്വരന്‍ നായര്‍, അടൂര്‍ ഭവാനി. ജീവിതം കൊണ്ട് മലയാള സിനിമ നമുക്കു വേണ്ടി ജീവിച്ചു തീര്‍ത്തവര്‍. നമ്മള്‍ കൂക്കിവിളിച്ച അഭ്രപാളികളെ ചോര തുടിക്കുന്ന വികാരങ്ങള്‍ കൊണ്ടും തൃഷ്ണകളുടെ പച്ചപ്പു കൊണ്ടും ത്രസിപ്പിച്ചു നിര്‍ത്തിയവര്‍. സിനിമയെ തനിച്ചാക്കി പോയ ഈ പ്രതിഭകളെ ഒരിക്കല്‍ക്കൂടി ഓര്‍ക്കാം, പ്രതീക്ഷകളുടെ പുത്തന്‍ താരോദയങ്ങളുടെ 2010 ലേക്കുള്ള വഴിയില്‍ ആ മഹാന്‍മാരുടെ അനുഗ്രഹം വെളിച്ചമാവട്ടെ എന്നു പ്രാര്‍ഥിക്കാം.
എ.കെ.ലോഹിതദാസ് (1955-2009)
1955 മേയ് 10ന് എറണാകുളം ജില്ലയിലെ പള്ളുരുത്തിയില്‍ ജനിച്ച അമ്പഴകത്തില്‍ കരുണാകരന്‍ ലോഹിതദാസ് ചെറുകഥകളും ലഘുനാടകങ്ങളുമെഴുതി സാഹിത്യരംഗത്തേക്ക്. ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു (1985). ഇതിന് മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.തനിയാവര്‍ത്തനം, എഴുതാപ്പുറങ്ങള്‍ (1987), കുടുംബപുരാണം, മുക്തി, (1988), കിരീടം, ജാതകം, മുദ്ര, മഹായാനം(1989), സസ്നേഹം, ഹിസ് ഹൈനസ് അബ്ദുള്ള (1990), ഭരതം, അമരം, ധനം (1991), കമലദളം, ആധാരം, കൌരവര്‍ (1992), വെങ്കലം, വാല്‍സല്യം, ചെങ്കോല്‍ (1993), തൂവല്‍ക്കൊട്ടാരം, സല്ലാപം (1996), ഭൂതക്കണ്ണാടി (1997), കന്മദം (1998), ജോക്കര്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999), നിവേദ്യം (2007) എന്നീ സിനിമകള്‍ക്കു തിരിക്കഥയെഴുതി.
ഭൂതക്കണ്ണാടി, കാരുണ്യം (1997), ഒാര്‍മച്ചെപ്പ്, കന്മദം (1998), ജോക്കര്‍ (1999), അരയന്നങ്ങളുടെ വീട് (2000), സൂത്രധാരന്‍ (2001), കസ്തൂരിമാന്‍, ചക്രം (2003), കസ്തൂരിമാന്‍ തമിഴ് (2005), ചക്കരമുത്ത് (2006), നിവേദ്യം (2007) എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്കാരം, മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം (ഭൂതക്കണ്ണാടി 1997), മികച്ച കഥയ്ക്കു സംസ്ഥാന പുരസ്കാരം (തനിയാവര്‍ത്തനം 1987), മികച്ച രണ്ടാമത്തെ ചിത്രത്തിനു തമിഴ്നാട് സംസ്ഥാന പുരസ്കാരം (കസ്തൂരിമാന്‍ 2005), മികച്ച തിരക്കഥയ്ക്കു 14 തവണ ഫിലിം ക്രിട്ടിക്സ് പുരസ്കാരം, മികച്ച സംവിധാനത്തിനു നാലു തവണ ഫിലിംക്രിട്ടിക്സ് പുരസ്കാരം എന്നിവ നേടി.
രാജന്‍ പി.ദേവ് (1953-2009)
1953 മെയ് 20ന് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പൌലോസ് ദേവ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 140 സിനിമകളില്‍ അഭിനയിച്ചു. എന്‍.എന്‍. പിള്ളയുടെ നാടകത്തിലൂടെയാണ് അരങ്ങിലെത്തിയതെങ്കിലും സൂര്യസോമയിലൂടെയാണു പ്രശസ്തനായത്. 1984, 86 വര്‍ഷങ്ങളില്‍ മികച്ച നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സഞ്ചാരിയാണ് ആദ്യ സിനിമ. ഇന്ദ്രജാലം സിനിമയിലെ കാര്‍ലോസ് എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയില്‍ കാലുറപ്പിച്ച രാജന്‍ പി. ദേവ് പിന്നീടു ജനപ്രിയ സിനിമകളുടെ ഒഴിവാക്കാനാവാത്ത ഘടകമായി. സിനിമയില്‍ സജീവമായ ശേഷവും അദ്ദേഹം സ്വന്തം സമിതിയായ ജൂബിലി തിയറ്റേഴ്സ് നടത്തിപ്പോന്നു.
ചേര്‍ത്തല മുട്ടം പള്ളിയിലെ മരിയന്‍ സൊഡാലിറ്റിയെന്ന ക്ളബ്ബിലൂടെയാണു അമച്വര്‍ നാടകങ്ങളില്‍ സജീവമായത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ പഠിക്കുമ്പോള്‍ ലളിതഗാനം, മിമിക്രി, സിനിമാഗാനം, മോണോ ആക്ട് എന്നിവയില്‍ കേരള സര്‍വകലാശാലാ താരമായിരുന്നു. ഒട്ടേറെ പുരസ്കാരവും സ്വന്തമാക്കി.എസ്എല്‍പുരം സദാനന്ദന്‍ രചിച്ച ‘കാട്ടുകുതിര’ എന്ന നാടകത്തിലെ കൊച്ചുവാവയാണു രാജന്‍ പി. ദേവിനെ അനശ്വരനാക്കിയത്. അഭ്രപാളികളിലെ അഭിനയത്തികവിന്റെ വഴികളിലൂടെയുള്ള യാത്രയില്‍ മൂന്നു മലയാള സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.
കാട്ടുകുതിരയിലെ വൃദ്ധനായ കൊച്ചുവാവയെ അവതരിപ്പിക്കുമ്പോള്‍ രാജനു പ്രായം 25. രാജന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു കൊച്ചുവാവ. 1984ല്‍ ‘മുല്ലപ്പൂക്കള്‍ ചുവന്നപ്പോള്‍’ എന്ന നാടകത്തിലെ ബുദ്ധിമാന്ദ്യമുള്ള ഉണ്ണിത്തമ്പുരാന്‍, സ്വന്തം നാടക ട്രൂപ്പായ ചേര്‍ത്തല ജൂബിലി തിയറ്റേഴ്സിന്റെ ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി’ എന്ന നാടകത്തിലെ വേതാളം പൈലി എന്നീ വേഷങ്ങള്‍ രാജനു മികച്ച നടനുള്ള സംസ്ഥാന ബഹുമതി നേടിക്കൊടുത്തു.ഡാഡികൂള്‍ ആണ് അവസാനം അഭിനയിച്ച സിനിമ.
മുരളി (1954-2009)
1954 മെയ് 25ന് കൊല്ലത്തെ കുടവട്ടൂരില്‍ ജനിച്ച മുരളി ശാസ്താംകോട്ട ഡിബി കോളജിലെ വിദ്യാഭ്യാസത്തിും നിയമപഠത്തിും ശേഷം കേരള സര്‍വകലാശാല ഉദ്യോഗസ്ഥനായ മുരളി 1979ല്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തില്‍ എത്തിയതോടെയാണു നാടകത്തില്‍ സജീവമായത്. ജി. ശങ്കരപ്പിള്ളയുടെ നാടകരംഗവുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.
മുരളിയിലെ നടന്‍ പരുവപ്പെട്ടു വന്ന ഈ നാടകങ്ങള്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ‘ഞാറ്റടി’യിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ചെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. പിന്നീടു വന്ന പഞ്ചാഗ്നിയിലെ വില്ലും മീമാസത്തിലെ സൂര്യനിലെ കയ്യൂര്‍ രക്തസാക്ഷിയും മുരളിയുടെ വരവറിയിച്ചു. അമരം എന്ന സിനിമയില്‍ സഹടനുള്ള അവാര്‍ഡ് നേടി. പിന്നീട് ആധാരത്തില്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ്. കാണാക്കിനാവ്, ഗര്‍ഷോം, താലോലം എന്നീ സിനിമകളിലും മുരളിയുടെ അഭിനയം അവാര്‍ഡ് ചൂടി.
നീയെത്ര ധന്യ, ചമ്പക്കുളം തച്ചന്‍, വെങ്കലം, വളയം, കാരുണ്യം, ധനം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മുരളി, പ്രിയനന്ദന്‍ സംവിധാനം ചെയ്ത യ്െത്തുകാരനില്‍ അനിതരസാധാരണമായ അഭിനയമാണു കാഴ്ചവച്ചത്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ഈ അഭിനയ മികവിനു മാറ്റുകൂട്ടി. പ്രിയനന്ദന്റെ പുലിജന്മത്തിലും മുരളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അപാരമായ ശബ്ദനിയന്ത്രണത്തിലൂടെയും മുരളി തന്റെ കഥാപാത്രങ്ങള്‍ക്കു മിഴിവു പകര്‍ന്നു. മികച്ച നടനുള്ള നാല് അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ‘നെയ്ത്തുകാരനിലെ അഭിയത്തിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിയ മുരളി അഭിനയത്തിന്റെ വ്യാകരണം മാറ്റിമറിച്ച അതുല്യ പ്രതിഭയാണ്. ഫിലിംഫെയര്‍ അവാര്‍ഡ്, മദ്രാസ് ഫിലിം ഫാന്‍സ് അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ശിവറാം അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച വ്യാഴപ്പൊരുള്‍ എന്ന പംക്തിക്ക് മികച്ച കോളത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
അടൂര്‍ ഭവാനി (1927-2009)
നാനൂറ്റി അന്‍പതോളം സിനിമകളില്‍ അഭിനയിച്ച അടൂര്‍ ഭവാനി മലയാളത്തിന്റെ അമ്മയായിരുന്നു. ചെമ്മീന്‍ എന്ന ഒറ്റ സിനിമയിലെ കഥാപാത്രം കൊണ്ട് എക്കാലവും ഓര്‍മിക്കപ്പെടുന്ന അഭിനേതാക്കളുടെ പട്ടികയിലേക്കുയര്‍ന്ന അടൂര്‍ ഭവാനിയെ പക്ഷെ മലയാള ചലച്ചിത്ര ലോകം അവഗണിക്കുകയായിരുന്നു. അടൂരിലെ അറിയപ്പെടുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാറപ്പുറത്ത് കുഞ്ഞിരാമന്‍ പിള്ളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകളായി പിറന്ന അടൂര്‍ ഭവാനി ചെറുപ്പകാലത്തു ദാരിദ്യവും കഷ്ടപ്പാടും ഏറെ അനുഭവിച്ചു.
സഹോദരിയായ നടി അടൂര്‍ പങ്കജത്തിന് അഭിനയിക്കാന്‍ തുണ പോയതാണ് അടൂര്‍ ഭവാനിയെ നാടകാഭിനയരംഗത്തും തുടര്‍ന്നു സിനിമാവേദിയിലും എത്തിച്ചത്. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ശരിയോ തെറ്റോ ആണ് ആദ്യചിത്രം. അതിനുമുന്‍പു കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദിയില്‍ അഭിനയിച്ചു. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച വേലുത്തമ്പി ദളവ നാടകത്തില്‍ ഭവാനിക്ക് അമ്മ വേഷമായിരുന്നു. തുടര്‍ന്നു കെപിഎസിയുടെ തുലാഭാരം, അശ്വമേധം, മുടിയനായ പുത്രന്‍ തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. അക്കാലത്ത് ഉമ്മര്‍, സുലോചന, ഗോവിന്ദന്‍കുട്ടി തുടങ്ങിയ പ്രഗത്ഭര്‍ സഹപ്രവര്‍ത്തകരായിരുന്നു.
മുടിയനായ പുത്രന്‍, ചെമ്മീന്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അടൂര്‍ ഭവാനിയെ തിരക്കുള്ള നടിയാക്കി. കടല്‍പ്പാലം, കള്ളിച്ചെല്ലമ്മ എന്നീ സിനിമകളിലെ അഭിനയത്തിനു ഭവാനിക്ക് 1969ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീട് നൂറുകണക്കിനു ചിത്രങ്ങള്‍. ശുണ്ഠിക്കാരിയും ഏഷണിക്കാരിയുമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഒട്ടും ചിരിക്കാതെ കാണികളെ ചിരിപ്പിക്കാന്‍ ഭവാനിക്കു പ്രത്യേക വിരുതായിരുന്നു.
ആദ്യകാലത്ത് അമ്മ വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ടിരുന്ന അടൂര്‍ ഭവാനിക്കു പില്‍ക്കാല ചിത്രങ്ങളിലാണു കൂടുതല്‍ തിളങ്ങാനായത്. സിബിഐ ഡയറിക്കുറിപ്പിലെ ചെവിക്കു കേള്‍വിക്കുറവുണ്ടെന്നു നടിക്കുന്ന വേലക്കാരി ജനം ഇന്നും ഓര്‍മിക്കുന്ന അടൂര്‍ ഭവാനിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിബിഐ ചിത്രത്തിന്റെ രണ്ടാം ഭാഗമായ സേതുരാമയ്യര്‍ സിബിഐ എടുത്തപ്പോള്‍ വളരെ അവശനിലയിലായിട്ടും ഭവാനിയെത്തന്നെ വീണ്ടും അഭിനയിപ്പിച്ചു.
1980ല്‍ അടൂര്‍ മാതാ തിയറ്റേഴ്സ് എന്ന പേരില്‍ സ്വന്തം നാടകസമിതിക്കു രൂപംനല്‍കിയെങ്കിലും അതു സാമ്പത്തിക നഷ്ടത്തിലാണു കലാശിച്ചത്. ആരോഗ്യം മോശമായതോടെ സിനിമകളും കുറഞ്ഞു. കട്ടിലില്‍നിന്നു വീണു നട്ടെല്ലിനു പരുക്കേറ്റതാണു തീര്‍ത്തും അവശയാക്കിയത്. അന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഡയറക്ടര്‍ ഡോ. വര്‍ഗീസ് പുളിക്കന്‍ മൂന്നുലക്ഷം രൂപ ചെലവില്‍ ഭവാനിക്കു സൌജന്യ ചികിത്സ നല്‍കി. സര്‍ക്കാരിന്റെ പെന്‍ഷനും താരസംഘടന അമ്മ നല്‍കുന്ന കൈനീട്ടവും ചങ്ങനാശേരി മൈത്രി എന്ന സംഘടന നല്‍കിവന്ന പ്രതിമാസ സഹായവുമായിരുന്നു അവസാനകാലത്ത് ആശ്രയം.
ശോഭന പരമേശ്വരന്‍ നായര്‍ (1926-2009)ചിറയിന്‍കീഴ് പാലവിള നാരായണപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി ചിറയിന്‍കീഴില്‍ 1926ല്‍ ആണു പരമേശ്വരന്‍ നായരുടെ ജനനം. സ്കൂള്‍ വാര്‍ഷികങ്ങളില്‍ ഒരുമിച്ചു നാടകം കളിച്ചിരുന്ന പരമേശ്വരനും ഖാദറിനും നാടകവും സിനിമാക്കമ്പവും രക്തത്തിലുണ്ടായിരുന്നു. പരമേശ്വരന്‍ നായര്‍ പിന്നീടു തിരുനെല്‍വേലി ഹിന്ദു കോളജിലും അബ്ദുല്‍ ഖാദര്‍ ചങ്ങനാശേരി എസ്ബിയിലും ചേര്‍ന്നു.
സിനിമയിലൂടെ അബ്ദുല്‍ ഖാദര്‍ മലയാളത്തിന്റെ നിത്യഹരിത നായകനായപ്പോള്‍ ഫൊട്ടോഗ്രഫിയിലേക്കാണു പരമേശ്വരന്‍ നായര്‍ തിരിഞ്ഞത്. സിനിമാ ഫൊട്ടോഗ്രഫി പഠിക്കാനുള്ള താല്‍പ്പര്യവുമായി മദ്രാസിലെത്തിയ പരമേശ്വരന്‍ നായര്‍ തിരുനെല്‍വേലിയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന മാരാരില്‍ നിന്നു ഫൊട്ടോഗ്രഫി പഠിച്ചു. മാരാരുടെ ഉപദേശപ്രകാരമാണു ശോഭനാ സ്റ്റുഡിയോ തുടങ്ങിയത്.
‘നീലക്കുയിലി’ല്‍ നിശ്ചല ഛായാഗ്രാഹകനായി സിനിമയില്‍ എത്തിയ പരമേശ്വരന്‍ നായര്‍ക്കു കൂട്ടായി രാമു കാര്യാട്ട്, പി. ഭാസ്കരന്‍, എ. വിന്‍സെന്റ്, കെ. രാഘവന്‍, ബാബുരാജ് തുടങ്ങി അതിപ്രഗത്ഭരുടെ നിര ഉണ്ടായിരുന്നു. പിന്നീട് ഈ കൂട്ടായ്മയാണു മലയാള സിനിമയ്ക്കു പ്രശസ്തമായ പല സിനിമകളും ഗാനങ്ങളും സമ്മാനിച്ചത്.
ബഷീറിന്റെ ‘നീലവെളിച്ച’മെന്ന കഥ വിന്‍സെന്റിന്റെ സംവിധാനത്തില്‍ ഭാര്‍ഗവീനിലയമെന്ന സിനിമയായതിനു പിറകില്‍ പ്രവര്‍ത്തിച്ചതു പരമേശ്വരന്‍ നായരാണ്.
രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാല്‍പാടുകള്‍’ ആണ് പരമേശ്വരന്‍നായര്‍ നിര്‍മിച്ച ആദ്യ ചിത്രം. മധു ആദ്യമായി അഭിനയിച്ച ഇൌ ചിത്രത്തിന് മികച്ച പ്രാദേശിക സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ ബഹുമതിയും ലഭിച്ചു.
എം.ടി ആദ്യമായി തിരക്കഥ എഴുതിയ മുറപ്പെണ്ണ് നിര്‍മിച്ച പരമേശ്വരന്‍നായര്‍ നഗരമേ നന്ദി, കൊച്ചുതെമ്മാടി തുടങ്ങിയ എം.ടിയുടെ രചനകള്‍ സിനിമയാക്കി. കള്ളിച്ചെല്ലമ്മ, അഭയം, നൃത്തശാല, അമ്മുവിന്റെ ആട്ടിന്‍കുട്ടി, തുലാവര്‍ഷം, പൂജയ്ക്കെടുക്കാത്ത പൂക്കള്‍ തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു.










