ചാല’ക്കുടി’ !
സംസ്ഥാന സ്കൂള്‍ കായികമേളയുടെ കാര്യം പറഞ്ഞതുപോലെയാണ്. കോരുത്തോട്, കോതമംഗലം, കോരുത്തോട്, കോതമംഗലം. കോരുത്തോടിനെപ്പറ്റിയും തോമസ് മാഷിനെപ്പറ്റിയും ഇവിടെയുള്ള മുപ്പത്തുമുക്കോടി മാധ്യമങ്ങള്‍ എന്തുമാത്രം വാര്‍ത്തകളെഴുതി. എന്നിട്ടും ആരും പൊറുക്കാത്ത അവഗണനയാണ് ചാലക്കുടി ടൌണിലെ ബവ്റിജസ് കോര്‍പറേഷന്‍ മദ്യഷാപ്പിനോട് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഒന്നോ രണ്ടോ സീസണിലെ ലീഡ് ഒന്നുമല്ല. ഓണമായാലും വിഷു ആയാലും ക്രിസ്മസ് ആയാലും പുതുവര്‍ഷമായാലും എന്നും ഒരു കേസ് മുന്നിലാണ് ചാലക്കുടി. അപ്പോള്‍, കരുനാഗപ്പള്ളിയോ ? ഒട്ടും പിന്നിലല്ലാതെ ഇക്കാലമത്രയും കുടിച്ചു കുടിച്ചു പിന്‍തുടരുകയായിരുന്നു കരുനാഗപ്പള്ളി.
ഇതില്‍ തമാശയില്ല. ഈ ക്രിസ്മസിന്റെ കണക്കുകളും വന്നു: തോല്‍ക്കില്ല എന്നു പ്രഖ്യാപിച്ച് ചാലക്കുടി ശക്തമായി ലീഡ് ചെയ്യുന്നു. ചാലക്കുടിയിലെ ബവ്റിജസ് കോര്‍പറേഷന്‍ വില്‍പ്പനശാല ക്രിസ്മസിനു തലേന്ന് 20.75 ലക്ഷം രൂപയുടെ മദ്യം വിറ്റു. ക്രിസ്മസ് ദിവസം വിറ്റത് 11.93 ലക്ഷത്തിന്റേയും. കുഴപ്പം ക്രിസ്മസിന്റെയാണോ എന്നു തോന്നാം.
ഒരിക്കലുമല്ല; കാരണം, ഇക്കഴിഞ്ഞ ഓണക്കാലത്ത്, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 26 മുതല്‍ 31 വരെയുള്ള കാലയളവിലും കേരളത്തില്‍ ഏറ്റവുമധികം മദ്യം വിറ്റു പോയത് ഇവിടെ നിന്നാണ്. 22 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയിലെ ബവ്റിജസ് ഔട്ട്ലെറ്റുകള്‍ വിറ്റത്. 2009 പൊട്ടിവിരിഞ്ഞപ്പോള്‍ അതായത് പോയ പുതുവര്‍ഷത്തിനും ഏറ്റവുമധികം വാട്ടീസ് അടിച്ചത് ചാലക്കുടിയായിരുന്നു. അതു വെറും വില്‍പനയായിരുന്നില്ല. 13.99 ലക്ഷത്തിന്റെ മദ്യം വിറ്റു ചാലക്കുടി ഔട്ട്ലെറ്റ് റെക്കോര്‍ഡിട്ടു.
ഒറ്റ വര്‍ഷം കൊണ്ട് ചാലക്കുടി വല്ലാതെ പുരോഗമിച്ചു. ഈ പുതുവര്‍ഷത്തിന് 23 ലക്ഷത്തിന്റെ മദ്യമെങ്കിലും അവിടെ വിറ്റുപോവും, നോക്കിക്കോ. അങ്ങനെ വന്നാല്‍ ഒരു വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയുടെ മദ്യം കൂടുതല്‍ കുടിക്കാനുള്ള ശേഷി. ഇതൊരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ പഞ്ചായത്തിന്റെയോ ശേഷിയല്ലെന്നോര്‍ക്കമം. ചാലക്കുടി എന്ന കൊച്ചുപട്ടണത്തില്‍ വന്നു വിദേശമദ്യം വാങ്ങിപ്പോകുന്ന കുടിയന്‍മാരുടെ ശേഷിയാണ്. അതുകൊണ്ടു തന്നെ ഇതു ചില്ലറ കാര്യവുമല്ല.
എന്നാല്‍ കഴിഞ്ഞ ക്രിസ്മസിന് ചാലക്കുടിയില്‍ മാത്രം വിറ്റത്. 24നു 15.05 ലക്ഷത്തിന്റെയും 25ന് 8.47 ലക്ഷത്തിന്റെയും വി ല്‍പന നടന്നു. അതും സ്റ്റേറ്റ് ഫസ്റ്റായിരുന്നു എന്നത് എന്നെക്കൊണ്ട് പ്രത്യേകം പറയിപ്പിക്കരുത്. 2007ലെ ക്രിസ്മസിനും സംസ്ഥാനത്തേറ്റവുമധികം മദ്യം കുടിച്ചത് ചാലക്കുടിയായിരുന്നു. സംഗതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും കുടിയന്‍മാരൊക്കെ കരളുപഴുത്ത് ചത്തുപോകുമെന്നുമൊക്കെ പറയുന്നത് കള്ളമാണെന്നും ഇതോടെ മനസ്സിലാവുമല്ലോ. ഇത്ര കാലം ഇങ്ങനെയൊരു ലീഡ് നിലനിര്‍ത്താന്‍ ചാലക്കുടിക്കു സാധിക്കണമെങ്കില്‍ അവിടെയുള്ള കുടിയന്‍മാര്‍ക്ക് ആരോഗ്യവും ശേഷിയും വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല എന്നത് പകല്‍പോലെ വ്യക്തമാണല്ലോ.
ചാലക്കുടിയും കരുനാഗപ്പള്ളിയും ഈ കളി തുടങ്ങിയിട്ട് വര്‍ഷം പത്തായി. ആദ്യം കുറെക്കാലം കരുനാഗപ്പള്ളിയായിരുന്നു, പിന്നെ അത് ചാലക്കുടി പിടിച്ചു. ചരിത്രത്തെ വിശ്വസിക്കാമെങ്കില്‍ 2002ല്‍ മദ്യവില്‍പനയില്‍ സ്റ്റേറ്റ് ഫസ്റ്റ് കരുനാഗപ്പള്ളിയ്ക്കായിരുന്നു. പിന്നെയാണ് ചാലക്കുടി കയറിയങ്ങ് വീശിയത്. അതൊട്ടു താഴേയ്ക്കു പോയിട്ടില്ല താനും. എന്നുവച്ച് ഓള്‍കേരളാ മദ്യപാനീസ് പച്ചവെള്ളവും കുടിച്ചിരിക്കുകയാണെന്നൊന്നും കരുതരുത്. ചാലക്കുടിക്കുള്ളതുപോലെ പുരോഗതി മറ്റെല്ലാ സ്ഥലങ്ങള്‍ക്കുമുണ്ട്. ചാലക്കുടിയെ പിന്നിലാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നു മാത്രം.
ഈ ക്രിസ്മസിന്റെ മദ്യവില്‍പന റെക്കോര്‍ഡ് ആണെന്നോര്‍ക്കണം. കണക്കുകള്‍ പത്രങ്ങളിലുണ്ട്. ക്രിസ്മസ് പ്രമാണിച്ചു മലയാളികള്‍ കുടിച്ചത് 44.3 കോടി രൂപയുടെ മദ്യം. ക്രിസ്മസിനു തലേന്നു 28 കോടിയുടെയും ക്രിസ്മസിനു 16.3 കോടിയുടെയും മദ്യമാണു ബവ്റിജസ് കോര്‍പറേഷന്റെ വില്‍പ്പനശാലകള്‍വഴി വിറ്റഴിച്ചത്. ബാറുകളിലെ മദ്യവില്‍പ്പന കൂടി കണക്കാക്കിയാല്‍ ഇതു പിന്നെയും വര്‍ധിക്കും. വില്‍പനയില്‍ ഇതു റെക്കോര്‍ഡാണത്രേ.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 24നു ബവ്റിജസ് കോര്‍പറേഷന്‍ വിറ്റത് 22.05 കോടി രൂപയുടെ മദ്യമാണ്. 25നു 13.70 കോടി രൂപയുടെ മദ്യവും. ഈ വര്‍ഷത്തെ വില്‍പ്പനയിലുള്ള വര്‍ധന യഥാക്രമം 26.9%, 18.9% ആണ്. വില്‍പ്പന നടത്തിയതില്‍ 60% റം, 32% ബ്രാന്‍ഡി, 1-2% വിസ്കി. 6-7% ബാക്കിയുള്ള മദ്യങ്ങള്‍. മദ്യവില്‍പ്പന ഈ രീതിയില്‍ പുരോഗമിച്ചാല്‍ മാര്‍ച്ച് ആകുമ്പേഴേക്കും 2009-10ലെ ബവ്റിജസ് കോര്‍പറേഷന്റെ വിറ്റുവരവ് 5300 കോടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
കഴിഞ്ഞ ഓണത്തിനും വില്‍പന റെക്കോര്‍ഡിട്ടിരുന്നു. ഉത്രാടത്തലേന്ന് ഒറ്റ ദിവസം കേരളത്തില്‍ ബവ്റിജസ് കോര്‍പറേഷന്‍ ശാഖകള്‍ വഴിമാത്രം വിറ്റത് 34 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകള്‍. ഓഗസ്റ്റ് 26 മുതല്‍ 31 വരെ അഞ്ചു ദിവസം വിറ്റത് 132 കോടി രൂപയുടെ മദ്യവും. കഴിഞ്ഞ പുതുവര്‍ഷത്തിന് കോര്‍പറേഷന്‍ മുന്‍വര്‍ഷത്തെക്കാള്‍ 10 കോടി രൂപയുടെ മദ്യം അധികം വിറ്റു. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം എന്തായിരിക്കും കളി ?










