ഇവിടം സ്വര്‍ഗമാണ് (റിവ്യൂ)
തിരക്കഥാ വിദ്യാര്‍ഥികള്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട തിരക്കഥകളിലൊന്നാണ് ഇവിടം സ്വര്‍ഗമാണ്. മോഹന്‍ലാലിന്റെ ഈ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം. ഒരു നല്ല സിനിമ, നന്മയുള്ള സിനിമ. അനേകം സിനിമകളിലെ ഘടകങ്ങള്‍ കൂട്ടിയിണക്കി പുതിയതൊന്നു നിര്‍മിക്കുന്ന തിരക്കഥാബോധത്തിന് അപവാദമാണ് ഈ ചിത്രം. റിയല്‍ എസ്റ്റേറ്റ് മാഫിയയോട് ഒരു കര്‍ഷകന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ. മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് കനപ്പെട്ട കഥാപാത്രമല്ല ഇത്. എങ്കിലും നേര്‍ത്ത നര്‍മത്തില്‍ ചാലിച്ച ലാലിന്റേതുമാത്രമായ ചില പ്രകടനങ്ങള്‍ ചിത്രത്തിനു മാറ്റു കൂട്ടുന്നു. മിഥുനത്തിലെയും വെള്ളാനകളുടെ നാട്ടിലെയും കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന്. സിനിമയും ആത്യന്തികമായി അതേ നിലവാരത്തില്‍ വരുന്നതു തന്നെ. ക്ളാസ്മേറ്റ്സ്, സൈക്കിള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയിംസ് ആല്‍ബര്‍ട്ട് എഴുതി ഉദയനാണ് താരത്തിനും നോട്ട്ബുക്കിനും ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയ്ക്ക് വ്യത്യസ്തമായ സിനിമ എന്ന ലേബലാവും കൂടുതല്‍ യോജിച്ചത്.
കൊമേഴ്സ്യല്‍ ഹിറ്റ് സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങളൊന്നും ബോധപൂര്‍വം നടത്തിയിട്ടില്ല. സത്യസന്ധമായ ഒരു സിനിമ നീതിപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. അതിഭാവുകത്വമില്ലാത്ത ഷോട്ടുകള്‍. സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ഹീറോയുടെ സാന്നിധ്യമില്ല. ജൈവകൃഷിയിലും പശുവളര്‍ത്തലിലും തന്റെ ജീവിതം കണ്ടെത്തുന്ന മാത്യൂസ് എന്ന സാധാരണക്കാരനായ കര്‍ഷകനായി ലാല്‍ മനോഹരമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം ലാലു അലക്സിന്റേതാണ്. ഇന്റര്‍വെല്ലിനോടടുത്ത് മാത്രം സ്ക്രീനില്‍ വരുന്ന ആലുവാ ചാണ്ടി എന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി ലാലു അലക്സിന്റെ മികച്ച വില്ലന്‍വേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്.
മികച്ച സിനിമ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു എന്നതിനപ്പുറം റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ സിനിമയില്‍ എവിടെയും ഫീല്‍ ചെയ്യില്ല. വിശാലമായ ക്യാന്‍വാസില്‍ കഥ പറയുന്നില്ല എന്നതു തന്നെയാവണം കാരണം. ചിത്രത്തില്‍ ഗനങ്ങള്‍ ഒന്നുമില്ല. കോമഡിക്കുവേണ്ടിയുള്ള സീനുകളോ സംഭാഷണങ്ങളോ ഇല്ല. അനൂപ് ചന്ദ്രന്‍ അവതരിപ്പിക്കുന്ന മാത്യൂസിന്റെ പശു ഫാമിലെ ജോലിക്കാരന്‍ മാത്രമാണ് ഇടക്കിടെ ചില വിറ്റുകള്‍ പൊട്ടിക്കുന്നത്. മഴ സിനിമയില്‍ ശക്തമായ സാന്നിധ്യമാണ്. കര്‍ഷകനും മഴയുമായുള്ള ബന്ധം സിനിമയില്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു. മഴ ഒരു കഥാപാത്രമായി വന്ന സിനിമകള്‍ അടുത്ത കാലത്തൊന്നും നമുക്കുണ്ടായിട്ടില്ല. മഴയുടെ ദൃശ്യവല്‍ക്കരണവും ഡിടിഎസ് ശബ്ദസവിധാനവും പ്രേക്ഷകരെക്കൂടി നനയ്ക്കുന്നുണ്ട് ചില സീനുകളില്‍.
സാധാരണ സിനിമകളില്‍ ക്ളൈമാക്സിനോടടുക്കുമ്പോള്‍ പിരിമുറുക്കം വര്‍ധിക്കുമ്പോള്‍ ഈ ചിത്രത്തില്‍ നേരേ തിരിച്ചാണ്. തിരക്കഥാകൃത്തിന്റെ കഠിനാധ്വാനത്തിന്റെ മികവ് ഈ സീനുകളില്‍ വ്യക്തമാവും. തിയറ്റര്‍ ബുദ്ധിയില്‍ നോക്കുമ്പോള്‍ ചിത്രത്തിന്റെ ആദ്യപാതിയെക്കാള്‍ മികച്ചു നില്‍ക്കുന്നത് രണ്ടാം പാതി തന്നെയാണ്. ആദ്യഭാഗത്ത് നായകനെ അവതരിപ്പിക്കുന്നതുള്‍പ്പെടെയുള്ള സീനുകളിലെ ഇഴച്ചില്‍ പ്രേക്ഷകനെ ബോറടിപ്പിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പ്രവര്‍ത്തനശൈലി ആഴത്തില്‍ പഠിച്ച് അവതരിപ്പിച്ചിരിക്കുന്നു. ചെറിയൊരു ട്രിമ്മിങ് നടത്തിയാല്‍ സിനിമ രണ്ടര മണിക്കൂറില്‍ കുറച്ചു കൂടി ആകര്‍ഷകമായി അവതരിപ്പിക്കാം.
കോടനാട് എന്ന ഗ്രമത്തില്‍ മാത്യൂസ് എന്ന ജൈവകര്‍ഷകന്റെ പുഴയോരത്തുള്ള നാലേക്കര്‍ ഫാമിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. മാത്യൂസിന്റെ അപ്പച്ചന്‍ ജെറെമിയാസിന്റെ (തിലകന്‍) പേരിലുളളതാണ് ഫാം. പത്താം ക്ളാസ് കഴിഞ്ഞപ്പോള്‍ പഠനം നിര്‍ത്തി കൃഷിയിലേക്കു തിരിഞ്ഞ മാത്യൂസ് കോടനാട്ടിലെങ്ങും വിഷം കലരാത്ത പച്ചക്കറികളും പാലും ന്യായവിലയ്ക്ക് എത്തിക്കുന്നു. മാത്യൂസിന്റെ ഫാമിനെ ചുറ്റിപ്പറ്റിയാണ് ഗ്രാമത്തിന്റെ തുടിപ്പ്. മാത്യൂസിന്റെ അയല്‍ക്കാരനായ ആലുവാ ചാണ്ടിക്ക് മാത്യൂസിന്റെ ഫാമില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ ഉദിക്കുന്നതോടെ ഫാം വില്‍ക്കാന്‍ സമ്മര്‍ദ്ദമേറുന്നു. എന്നാല്‍, തന്റെ ജീവനായ ഫാം വില്‍ക്കാന്‍ മാത്യൂസ് ഒരുക്കമല്ല. മാത്യൂസിന്റെ ഫാം കൂടി ലഭിച്ചാല്‍ കോടനാട്ടില്‍ വലിയ ടൌണ്‍ഷിപ് കൂടി വരുമെന്ന ആലുവാചാണ്ടിയുടെ പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്യൂസിന്റെ അഭ്യുദയകാംക്ഷിയായ വികാരിയച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ഫാം വില്‍ക്കാന്‍ തയ്യാറാവാത്ത മാത്യൂസിന് എതിരാവുന്നു. തുടര്‍ന്നങ്ങോട്ട് മാത്യൂസിന് തന്റെ ഫാം സംരക്ഷിക്കാന്‍ ഒരു ഒറ്റയാള്‍ പോരാട്ടം നയിക്കേണ്ടി വരുന്നു. പോരാട്ടത്തിന്റെ അവസാനം അനിവാര്യമായ പരാജയത്തിലെത്തിച്ചേരുന്ന മാത്യൂസ് പുതിയൊരു ഗെയിം കണ്ടെത്തുന്നു. മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന ഈ കൌശലമാണ് സിനിമയുടെ രണ്ടാം പാതിയിലെ ത്രസിപ്പിക്കുന്ന പുതുമ.
കോഴിക്കോട് സ്വദേശിയായ യുവകര്‍ഷകന്‍ ഡാനിഷ് മജീദിന്റെ കഥയാവണം ഈ സിനിമയുടെ പ്രചോദനം. ഡാനിഷ് മജീദിന് സമൂഹത്തില്‍ നിന്നും പഞ്ചായത്ത് അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ ഏറെക്കുറെ സിനിമയിലും അതേപടി അവതരിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് അടച്ചുപൂട്ടിയ ഡാനിഷിന്റെ ഫാം തുറക്കാന്‍ ഇടപെട്ടത് മാധ്യമങ്ങളാണ്. മാത്യൂസിന്റെ ഫാമും പശുസംരക്ഷണവും ഡാനിഷിന്റെ ഫാമിലേതു തന്നെ. ഡാനിഷിന്റെ കഥ മാധ്യമങ്ങളില്‍ വന്നപ്പോള്‍ മോഹന്‍ലാല്‍ ഡാനിഷിനെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് ലാല്‍ ഡാനിഷിന്റെ ഫാം സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവത്രേ.
സ്ഥിരം ഫോര്‍മുലകള്‍ക്കോ സങ്കല്‍പങ്ങള്‍ക്കോ അതീതമായ സിനിമയുടെ വിധി പ്രേക്ഷകരുടെ കയ്യിലാണ്. 100 ദിവസം ഓടാന്‍ യോ•്യതയുള്ള സിനിമ. കുടുംബബന്ധങ്ങളുടെ എന്നതിനെക്കാള്‍ കര്‍ഷകന് അവന്റെ കൃഷിഭൂമിയോടുള്ള ബന്ധമാണ് കൂടുതല്‍ ആഴത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്യൂസിന് അപ്പച്ചനോടുള്ള ബന്ധവും പ്രേക്ഷകരെ ആകര്‍ഷിക്കും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ ഗാനങ്ങളുടെ അഭാവം പ്രകടമാണ്. മാത്യൂസിനെ അവിവാഹിതനായി അവതരിപ്പിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സിനിമ അവസാനിക്കുന്നിടത്തോളം മാത്യൂസിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരുന്നില്ല. ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവര്‍ ചിത്രത്തിലുണ്ടെങ്കിലും ചിത്രത്തില്‍ നായിക ഇല്ലെന്നു പറയാം. മാത്യൂസിന്റെ സുഹൃത്ത് സുധീര്‍ ആയി ശങ്കര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മാത്യൂസിന്റെ അമ്മയായി കവിയൂര്‍ പൊന്നമ്മയും വല്യമ്മയായി സുകുമാരിയും വേഷമിടുന്നു. ശ്രീനിവാസന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാദിഖ്, പ്രേം പ്രകാശ്, ശോഭ മോഹന്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങി വലിയൊരു താരനിരയെ കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും രണ്ടാംനിര നടന്മാരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. റോഷന്‍ ടച്ച് ഒന്നും ഇല്ലെങ്കിലും നല്ല സംവിധായകനാണ് താനെന്ന് റോഷന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.










