ചട്ടമ്പിനാട് (റിവ്യൂ)
കലാമൂല്യമില്ല; ഉള്ളത് കമ്പോളമൂല്യം മാത്രം. വാതോരാതെ വിവരിക്കാനുള്ള മേന്മകളൊന്നുമില്ല. തിയറ്ററില്‍ ചിരിയുണര്‍ത്താനും ഫാന്‍സിന്റെ കയ്യടി നേടാനും പറ്റിയ ഒരു തട്ടുപൊളിപ്പന്‍ മമ്മൂട്ടി ചിത്രം. ഷാഫി-ബെന്നി പി.നായരമ്പലം കൂട്ടുകെട്ടിന്റെ ചട്ടമ്പിനാട് എന്ന ക്രിസ്മസ് ചിത്രം ഒരു ഷുവര്‍ ഹിറ്റ് ആണെന്നതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.
ചിത്രത്തെ സംബന്ധിച്ച് എടുത്തു പറയാനുള്ളത് മമ്മൂട്ടി അവതരിപ്പിക്കുന്ന വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമാണ്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ഇറങ്ങിയ സിനിമകള്‍ പോയ വര്‍ഷം കനത്ത തിരിച്ചടി നേടിയപ്പോള്‍ പഴശ്ശിരാജയും പാലേരി മാണിക്യവുമൊക്കെ ശ്രദ്ധ നേടിയത് അതില്‍ മമ്മൂട്ടി കുറയുകയും കഥാപാത്രം ഏറുകയും ചെയ്തതുകൊണ്ടാണ്.
രാജമാണിക്യത്തിലെ മാണിക്യത്തെപ്പോലെ ചട്ടമ്പിനാടിലെ മല്ലയ്യയും വ്യത്യസ്തനാകുന്നു. കന്നഡ സ്ലാങ്ങുള്ള മലയാളമാണ് മല്ലയ്യയുടെ കയ്യൊപ്പ്. മണിക്യം ഒറ്റക്കണ്ണനാണെങ്കിലും മലയാളിയായിരുന്നു. മല്ലയ്യ പക്ഷെ മലയാളി പോലുമല്ല. തനി കന്നഡക്കാരന്‍.
ചട്ടമ്പിനാട് എന്ന് ഇരട്ടപ്പേരു വീണ ചെമ്പട്ട്നാട്ടിലെ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് ചട്ടമ്പിനാട്. ചിട്ടിക്കമ്പനി നടത്തി ശത്രുതയിലായ കുടുംബങ്ങള്‍ തമ്മിലുള്ള മല്‍സരം പുറത്തു നിന്നു ചട്ടമ്പികളെ കൊണ്ടുവന്നു തുടങ്ങിയതോടെ ഗുരുതരമായി. നാട്ടില്‍ ചട്ടമ്പികള്‍ വന്നു ചേര്‍ന്നതോടെ നാട് ചട്ടമ്പിനാടായി. നാട്ടിലെ നിലവിലുള്ള ദുഷ്ടനായ കോട്ടപ്പള്ളി നാഗേന്ദ്രനെ (സിദ്ദിഖ്) ഒതുക്കുന്നതിനു വേണ്ടി എതിരാളി (മനോജ് കെ.ജയന്‍) ചെമ്പട്ട്നാട്ടിലേക്ക് കൊണ്ടുവരുന്ന കോടീശ്വരനായ കന്നഡവില്ലനാണ് മല്ലയ്യ. നാടിനെ വിറപ്പിക്കുന്ന നാഗേന്ദ്രന്റെ ഉപദ്രവങ്ങളില്‍ നിന്നു നാടിനെ രക്ഷിക്കാനാണ് മല്ലയ്യ വരുന്നതെന്നു തോന്നുമെങ്കിലും ചെമ്പട്ട്നാടുമായി മല്ലയ്യയ്ക്ക് പൂര്‍വ ബന്ധങ്ങളുണ്ട്. അക്കഥയാകട്ടെ ബെന്നി പി.നായരമ്പലത്തിന്റെ സ്ഥിരം ഫോര്‍മുലയില്‍ രാജമാണിക്യം ചാലിച്ചെടുത്തതും.
ചെമ്പട്ട്നാടിന്റെ കണ്ണില്‍ കരടായി മാറിയ ഒരു ചരിത്രമുണ്ട് മല്ലയ്യയ്ക്ക് ചെയ്യാത്ത തെറ്റിന്റെ പേരില്‍ തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദനയുമായി മല്ലയ്യ എന്ന പുതിയ പേരിലെത്തുന്ന അയാള്‍ക്ക് സത്യം തെളിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഒപ്പമുള്ളത് തനിമലയാളിയായ മുരുകനാണ് (വിനു മോഹന്‍). മല്ലയ്യയ്ക്ക് സ്വന്തം അനിയനെപ്പോലെയാണ് മുരുകന്‍.
ചെമ്പട്ട്നാട്ടില്‍ മല്ലയ്യയ്ക്കും മുരുകനും ആദ്യത്തെ ജോലി നാഗേന്ദ്രനെ തളയ്ക്കലാണ്. പിന്നെ, നേരിടേണ്ടി വരുന്നത് പഴയൊരു ചട്ടമ്പിയായ ആശാന്റെ (ജനാര്‍ദ്ദനന്‍) മകള്‍ ഗൌരിയെയാണ് (ലക്ഷ്മി റായ്). ഗൌരിയുടെ അനുജത്തി മീനാക്ഷിയായി മൈഥിലിയും (പാലേരി മാണിക്യത്തിലെ മാണിക്യം) കൂടിയാവുമ്പോള്‍ ചെമ്പട്ട്നാട്ടിലെത്തുന്ന മല്ലയ്യയ്ക്കും മുരുകനും പ്രേമിക്കാന്‍ ഓരോ പെണ്ണുങ്ങളുമായി. പതിവു പോലെ ക്ളൈമാക്സിനോടടുക്കുമ്പോള്‍ പഴങ്കഥയുടെ ചുരുളുകള്‍ അഴിയുന്നു, എല്ലാം ശുഭകരമായി അവസാനിക്കുന്നു.
പുതുമയുള്ള കഥയോ പ്രമേയമോ ഒന്നും സിനിമയിലില്ല. അത്തരത്തിലുള്ള എന്തെങ്കിലും ആവശ്യപ്പെടുന്നതോ നല്‍കാനുദ്ദേശിച്ചുള്ളതോ ആയ സിനിമയല്ല ചട്ടമ്പിനാട്. ആക്ഷനും കോമഡിയും വേണ്ട ചേരുവകളില്‍ ചേര്‍ത്തുള്ള ഫെസ്റ്റിവല്‍ എന്റര്‍ടെയ്നര്‍. ബോറടിപ്പിക്കില്ല, ആദ്യാവസാനം രസിച്ചു കാണാം, കുറെ ചിരിക്കാം. സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം എന്ന കഥാപാത്രം അല്‍പം വ്യത്യസ്തമായി. പതിവു നമ്പരുകള്‍ക്കു പുറമേ ചിരിയുടെ പുതിയ പരീക്ഷണങ്ങള്‍ സിനിമയിലുടനീളമുണ്ട്. ക്ളൈമാക്സിലെ സുരാജിന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. സലിം കുമാറും മികച്ച പ്രകടനം തന്നെ. സിദ്ധിഖ് പതിവുപോലെ കരുത്തനായ വില്ലനായി. മറ്റുള്ളവര്‍ പൊതുവേ കാര്യമയൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ്. മുകേഷിനു വേണ്ടി എഴുതി പിന്നെ വിനു മോഹനു വേണ്ടി മാറ്റിയെഴുതിയ മുരുകന്‍ എന്ന കഥാപാത്രം വിനു ഭംഗിയായി ചെയ്തു.
മമ്മൂട്ടിയുടെ ഇന്‍ട്രോ പുതുമയുള്ളതായി. പുതപ്പിട്ടുമൂടി ആവി പിടിക്കുന്ന രംഗത്തില്‍ നിന്ന് തുടങ്ങുന്ന അവതരണം ആരാധകരെ ആവേശഭരിതരാക്കുകയാണ്. ആക്ഷന്‍ രംഗങ്ങളിലും മമ്മൂട്ടി തിളങ്ങി. ഗാനങ്ങള്‍ അത്ര ശ്രദ്ധ നേടുന്നില്ല. ലക്ഷ്മി റായി പതിവുപോലെ. വിജയരാഘവന്‍, കലാശാല ബാബു, സായ്കുമാര്‍, ടി.പി.മാധവന്‍, ശോഭ മോഹന്‍, സാജു കൊടിയന്‍, സ്ഫടികം ജോര്‍ജ്, ബോബന്‍ ആലുംമൂടന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചട്ടമ്പിനാട് എന്ന ബോര്‍ഡില്‍ നിന്നു തുടങ്ങുന്ന സിനിമ അവസാനിക്കുമ്പോള്‍ വീണ്ടും തിളക്കമുള്ള ചെമ്പട്ട്നാട് ആയി മാറുമ്പോള്‍ കൊടുത്ത കാശ് മുതലായതിന്റെ സംതൃപ്തിയോടെ പ്രേക്ഷകര്‍ക്കു തിയറ്റര്‍ വിടാം.










