കടലിന്റെ പശ്ചാത്തലത്തില്‍ ആദ്യത്തെ ക്യാംപസ് സിനിമ
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കടലിന്റെ പശ്ചാത്തലത്തിലുള്ള ആദ്യത്തെ ക്യാംപസ് സിനിമ. അതാണ് ബോട്ട്മേറ്റ്സ്. സുന്ദരമായ ഒരു ക്യാംപസ് പ്രണയത്തിന്റെ കഥ പറയുന്നതോടൊപ്പം മല്‍സ്യബന്ധനത്തില്‍ ട്രോളിങ് ബോട്ടുകള്‍ വരുന്നതിനു മുമ്പുള്ള ഒരു സുവര്‍ണകാലഘട്ടത്തിന്റെയും ആ കാലഘട്ടത്തിലെ സ്നേഹബന്ധങ്ങളുടെയും കൂടി കഥയാണ് ബോട്ട്മേറ്റ്സ്.
കഥ, തിരക്കഥ, സംഭാഷണം – ബെര്‍ളി തോമസ്.
സംവിധാനം – രാമു കാര്യായിട്ട് (ന്നു വച്ചാല്‍ വളരെ കാര്യായിട്ട്)
ക്യാമറ- കൊഡാക് കെബി 100
വസ്ത്രാലങ്കാരം – ജെമിനി ഡെക്കറേന്‍സ്, ചാവക്കാട്
മേക്കപ്പ് – ഷിജീഷ് ഹെയര്‍ ഇന്‍ സ്റ്റൈല്‍ (ചൊവ്വ അവധി)
കടല്‍ത്തീരത്ത് നടക്കുന്ന ഒരു സമ്മേളനത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. മല്‍സ്യബന്ധനത്തില്‍ നിന്നും വിരമിക്കുന്ന സ്രാങ്കിനുള്ള യാത്രയയപ്പാണ്. യന്ത്രബോട്ടുകള്‍ വന്നതിനു ശേഷമുള്ള ട്രോളിങ് കാഘട്ടത്തെക്കാള്‍ തുഴയെറിഞ്ഞു തോണികളില്‍ പുറംകടലില്‍ പോയിരുന്ന പഴയ കാലമാണ് തനിക്കിഷ്ടം എന്നു പറയുന്ന സ്രാങ്ക്, ഏതാണ്ട് 15 വര്‍ഷം മുമ്പ് ആ തീരത്ത് തോണികളില്‍ മീന്‍പിടിച്ചിരുന്ന സുഹൃത്തുക്കളെല്ലാം കൂടി അടുത്ത ദിവസം തീരത്ത് ഒത്തുകൂടുന്നുണ്ടെന്നും അത് കുട്ടിസ്രാങ്കിന്റെ മകനും അവരുടെ മറ്റൊരു സുഹൃത്തുമായ ചത്തുപോയ ആന്റപ്പന്റെ സ്മാരകമായി അവരെല്ലാം ചേര്‍ന്ന് പണിതു നല്‍കിയ മീന്‍ചാപ്പയുടെ ഉദ്ഘാടനത്തിനാണെന്നും സ്രാങ്ക് പറയുന്നു.
അടുത്ത ദിവസം തിരയടങ്ങിയ തീരത്ത് പണി തീര്‍ന്നു കിടക്കുന്ന മീന്‍ചാപ്പയുടെ മുറ്റത്ത് വരുന്ന അതിഥികളെ സ്വീകരിക്കുന്ന കുട്ടിസ്രാങ്കും ഭാര്യയും. പണ്ട് പുറംകടലില്‍ മീന്‍പിടിക്കാന്‍ പോയിരുന്ന തോണികളിലെ മുക്കുവന്‍മാര്‍ ഓരോരുത്തരായി ഹൌസ് ബോട്ടുകളില്‍ എത്തുന്നു. അന്നത്തെ മല്‍സ്യത്തൊഴിലാളി യൂണിയന്‍ നേതാവും ഇന്നത്തെ മല്‍സ്യബന്ധനവകുപ്പ് മന്ത്രിയുമായ ഹൈദ്രോസ്, അന്ന് ഹൈദ്രോസിന്റെ എതിര്‍ യൂണിയന്‍ നേതാവായിരുന്ന ഇപ്പോള്‍ മുംബൈയില്‍ മത്തി എക്സ്പോര്‍ട്ടിങ് നടത്തുന്ന വേലായുധന്‍, അന്ന് ഇവര്‍ക്കിടയില്‍ വലിയ വലിയ സംഭവങ്ങളുണ്ടാക്കിയിട്ടുള്ള ഇപ്പോള്‍ ചാവക്കാട് അതിപ്രശസ്തയായ ചാപ്പമുക്ക് ബീന എന്നിവര്‍ വന്നിറങ്ങുമ്പോള്‍ പരസ്പരമിടയുന്ന കണ്ണുകള്‍.
ചത്തുപോയ ആന്റപ്പന്റെ ഫോട്ടോയും അതിന്നരികില്‍ അവന്റെ ചൂണ്ടയും വച്ചിരിക്കുന്ന മീന്‍ചാപ്പ തീരത്തിന് സമര്‍പ്പിച്ച് ഓര്‍മപുതുക്കുന്ന അവര്‍ക്കിടയിലേക്ക് അവള്‍ വരുന്നു- ഉമ്മുക്കുല്‍സു. കുല്‍സുവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ആരും ഒന്നും ചോദിക്കരുതെന്ന് പറയുന്ന കുട്ടിസ്രാങ്ക് പണ്ട് തോണികളില്‍ പുറംകടലിലേക്കു പോകുമ്പോള്‍ പാടാറുണ്ടായിരുന്ന ആ ഗാനം എല്ലാവരും കൂടി ഒരിക്കല്‍ക്കൂടി പാടാന്‍ ആവശ്യപ്പെടുന്നു. അവിടെ സോങ് -
കാറ്റാടിത്തുഴയും തുഴയാത്തൊരു ബോട്ടും
ബോട്ടുകളില്‍ തൂക്കുന്നൊരു പെട്രോമാക്സും..
അന്നു വൈകുന്നേരം മീന്‍ചാപ്പയില്‍ മരണത്തോടു മല്ലിട്ടു കിടക്കുന്ന വേലായുധനെ കൂട്ടുകാരനായ കൂതറ പൈലി ആശുപത്രിയിലാക്കുന്നു. എല്ലാവര്‍ക്കും സംഘര്‍ഷം. വേലായുധന്‍ ചൂണ്ട കഴുത്തില്‍ കുരുക്കി ആത്മഹത്യക്കു ശ്രമിച്ചതാണെന്നും അല്ല ആരോ കൊല്ലാന്‍ ശ്രമിച്ചതാണെന്നും അഭ്യൂഹം. വേലായുധനെ കൊല്ലാന്‍ ശ്രമിച്ചത് ആയുധനോട് ശത്രുതയുള്ള ചാപ്പമുക്ക് ബീനയാണെന്ന് കൂട്ടുകാരന്‍ കൂതറ പൈലി ആരോപിക്കുന്നെങ്കിലും മന്ത്രി ഹൈദ്രോസ് ഇടപെട്ട് ബീനയെ ആരോപണത്തില്‍ നിന്നും രക്ഷപെടുത്തുന്നു.
ബീച്ച് ആശുപത്രിയിലെ പേവാര്‍ഡില്‍ മരണവുമായി ഇന്റര്‍വ്യൂ നടത്തിക്കൊണ്ടിരിക്കുന്ന വേലായുധനെ സാക്ഷി നിര്‍ത്തി കൂതറ പൈലി കുട്ടിസാങ്ക്രിനോട് പഴയ കഥകള്‍ പറയുന്നു.
(ഫ്ളാഷ് ബാക്ക്)
യൂണിയന്‍ പ്രശ്നത്തിന്റെ പേരില്‍ കടല്‍ത്തീരത്ത് കെട്ടിമറിഞ്ഞ് അടികൂടുന്ന വേലായുധനും ഹൈദ്രോസും. കണ്ടു നില്‍ക്കുന്ന തുറക്കാര്‍. എങ്ങുനിന്നോ എത്തുന്ന ആന്റപ്പന്‍ ഒരുവിധത്തില്‍ ഇരുവരെയും പിടിച്ചു മാറ്റുന്നു. മറ്റുള്ളവര്‍ തോണിയില്‍ വലവീശുമ്പോള്‍ തോണിയുടെ അമരത്തിരുന്ന് ഒരു മൂളിപ്പാട്ടും പാടി ചൂണ്ടയിടുന്നതാണ് ആന്റപ്പന്റെ സ്റ്റൈല്‍. ആന്റു എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. എന്നാല്‍ ചെമ്മീന്‍ചാപ്പ മുതലാളിയുടെ മകളായ ബീന മഹാ അഹങ്കാരിയാണ്. ആ ചെമ്മീന്‍ ചാപ്പ സ്വപ്നം കണ്ട് എല്ലാ പിന്തുണയും നല്‍കുന്നത് ഹൈദ്രോസാണ്. ബീനയുടെ നമ്പര്‍ വണ്‍ ശത്രുവാണ് വേലായുധന്‍.
അങ്ങനെ ഒരു ദിവസം വേലായുധന്റെ യൂണിയന്‍കാര്‍ സിഐ ഓഫിസിലേക്കു നടത്തുന്ന മാര്‍ച്ച് കുളമാക്കാന്‍ വേണ്ടി ഹൈദ്രോസിന്റെ യൂണിയന്‍കാര്‍ പൊലീസിനെ കല്ലെറിയുന്നു. തിരിച്ച് ബീച്ചിലേക്കോടുന്ന വേലായുധനെയും സംഘത്തെയും പിന്‍തുടര്‍ന്നെത്തുന്ന പൊലീസ് ബീച്ചിലാകെ ലാത്തിചാര്‍ജ് നടത്തുന്നു. അതിനിടയില്‍ ബീനയെ പൊലീസ് അടിക്കുന്നത് കണ്ട വേലായുധന്‍ പൊലീസിനെ അടിച്ചുവീഴ്ത്തി ബീനയെ രക്ഷിച്ചുകൊണ്ട് മീന്‍ചാപ്പയില്‍ ഒളിക്കുന്നു.
ചാപ്പയ്ക്കുള്ളില്‍ രാത്രി കഴിയുന്ന വേലായുധനും ബീനയ്ക്കുമിടയില്‍ പണി പതിനെട്ടും നടക്കുന്നു. സലീമിന്റെ കടയില്‍ ഒരാഴ്ച മുമ്പ് വാങ്ങിയ മൂവായിരം രൂപയുടെ ചൈനീസ് ക്യാമറാ ഫോണില്‍ വേലായുധന്‍ ബീനയുടെ പെര്‍ഫോമന്‍സ് ഷൂട്ട് ചെയ്യുന്നു (ചുമ്മാ ഒറ്റക്കിരിക്കുമ്പോ കാണാന്‍). ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും അവര്‍ സരസമ്മയെയും രാജപ്പനെയും പോലെ കോണ്‍ഡം ബിനുവിനെയും പില്‍സ് ട്രീസയെയും പോലെ വിശ്വവിഖ്യാതരായ കാമുകീകാമുകന്‍മാരായിത്തീര്‍ന്നു.
എന്നാല്‍ യൂണിയന്‍ പ്രശ്നവും രാഷ്ട്രീയവും ചക്കപോലെ കുഴയുമ്പോള്‍ പ്രണയം നിലനില്‍ക്കെ തന്നെ വേലായുധനും ബീനയും രണ്ട് ചേരിയിലാവുന്നു. യൂണിയന്‍ തിരഞ്ഞെടുപ്പിലും വേലായുധനും ബീനയും പരസ്പരം മല്‍സരിക്കുന്നു. ബീനയില്‍ പണ്ടേ നോട്ടമുള്ള ഹൈദ്രോസ് അവരെ തമ്മില്‍ തെറ്റിക്കാന്‍ അവളുടെ പ്രൈവറ്റ് ബസിലെ എസ്റ്റി കാര്‍ഡിലെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ കയറ്റി അത് വേലായുധന്റെ തലയില്‍ കെട്ടി വയ്ക്കുകയും മറ്റും ചെയ്തിരുന്നു.
ഇതിനിടയില്‍ വേലായുധന്റെയും ബീനയുടെയും ലൌസീന്‍ വേലായുധന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ബ്ളൂടൂത്ത് വഴി സ്രാങ്കിന്റെ മൊബൈലിലേക്കയക്കുന്നു. വിവരമറിഞ്ഞ വേലായുധന്‍ രാവിലെ മീന്‍ചാപ്പയില്‍ വന്ന് സ്രാങ്ക് ഫോണെടുക്കുമ്പോള്‍ ആ ക്ളിപ്പ് കാണാതിരിക്കാന്‍ വേണ്ടി രാത്രിയില്‍ മീന്‍ചാപ്പയില്‍ കയറി ഫോണെടുക്കാന്‍ പോകുന്നെങ്കിലും പരാജയപ്പെട്ടു മടങ്ങുന്നു.
പിറ്റേന്ന് വേലായുധന്‍ അതിന്റെ പേരില്‍ ഹൈദ്രോസിനെ ബീച്ചിലിട്ടു തച്ചുമ്പോള്‍ ബീച്ചിലെ ഓടാത്ത ഫൈബര്‍ബോട്ടിന്റെ കീഴില്‍ ആന്റപ്പന്‍ മരിച്ചു കിടക്കുന്ന വിവരം പറയുന്നു. എല്ലാവരും തകര്‍ന്നു പോകുന്നു.
(ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു)
വേലായുധന്‍ അപകടത്തിലായ രാത്രിയില്‍ അന്ന് ആന്റപ്പന്‍ മരിച്ചുകിടവന്ന ഫൈബര്‍ ബോട്ടിനരികില്‍ ആള്‍പെരുമാറ്റം കേട്ടതായി അറിയുന്ന കുട്ടിസ്രാങ്ക് അന്വേഷണം നടത്തുന്നു. അന്വേഷണത്തില്‍ സത്യങ്ങള്‍ പുറത്താവുന്നു. ശത്രുക്കളായിരുന്ന ചാപ്പമുക്ക് ബീനയും വേലായുധനും പരസ്പരം എല്ലാം ഏറ്റുപറഞ്ഞ് ഒന്നാവാനെത്തിയ ഫൈബര്‍ബോട്ടിനരികില്‍ എത്തിയ ഉമ്മുക്കുല്‍സു ആന്റപ്പന്റെ കാമുകിയായിരുന്നു എന്ന സത്യവും ആന്റപ്പന്‍ മരിച്ചത് അബദ്ധത്തില്‍ വേലായുധന്റെ കയ്യബദ്ധം കൊണ്ടായിരുന്നു എന്നുമുള്ള സത്യം.
ഇത് കേട്ട കുല്‍സു ആന്റപ്പന്റെ ചൂണ്ടയുടെ വള്ളി ഉപയോഗിച്ച് വേലായുധനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു എന്നും അറിയുന്നു. എന്നാല്‍ എല്ലാവരും പരസ്പരം ക്ഷമിക്കാന്‍ തയ്യാറാവുന്നതോടെ കാര്യങ്ങള്‍ ശുഭപര്യവസായി മാറുന്നു. ചാപ്പമുക്ക് ബീന വേലായുധനോടൊപ്പം മുംബൈയ്ക്കും ഉമ്മുകുല്‍സു ആന്റപ്പന്റെ അപ്പന്‍ കുട്ടിസ്രാങ്കിന്റെയും ഭാര്യയുടെയും കൂടെയും പോകുന്നു.

