മലയാള സിനിമ 2009 (റിവ്യൂ)
രണ്ടേ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ തരക്കേടില്ലാതെ ഓടിയ പത്തു ചിത്രങ്ങളുടെ തിളക്കത്തില്‍ മലയാള സിനിമയ്ക്ക് 2009 പരുക്കില്ലാത്ത വര്‍ഷം. ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമെന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. പുതിയ പരീക്ഷണങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും പുതിയ ഒട്ടേറെ പ്രതിഭകളുടെ കടന്നുവരവും ഈ സിനിമാവര്‍ഷത്തെ അനുഗ്രഹീതമാക്കി എന്നു പറയാം. ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ആകെ റിലീസ് ചെയ്ത ചിത്രങ്ങള്‍ 70. 2008ല്‍ ആകെ പുറത്തിറങ്ങിയത് 61 സിനിമകളായിരുന്നു.
പഴശ്ശിരാജയും ടു ഹരിഹര്‍ നഗറും ആണ് 2009ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍. ഗുലുമാല്‍, ഇവര്‍ വിവാഹിതരായാല്‍, ഭാഗ്യദേവത, പാസ്സഞ്ചര്‍, മകന്റെ അച്ഛന്‍, പുതിയ മുഖം, ഭ്രമരം, ഡ്യൂപ്ളിക്കേറ്റ് തുടങ്ങിയ സിനിമകള്‍ തരക്കേടില്ലാത്ത കലക്ഷന്‍ നേടി. രഞ്ജിത് ഒരുക്കിയ കേരള കഫെ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു പരീക്ഷണമായി. 2008ല്‍ ട്വന്റി 20 ആയിരുന്നു തിരമലയാളത്തിന്റെ പരീക്ഷണ ചിത്രം. വര്‍ഷാവസാനം പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും എംടി- ലാല്‍ ജോസ് ടീമിന്റെ റീമേക്കായ നീലത്താമരയും പഴശ്ശിരാജയും കമ്പോളസിനിമയുടെ അളവുകോലുകള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന സിനിമയ്ക്ക് ഇനിയും പ്രേക്ഷകര്‍ നഷ്ടപ്പെട്ടിട്ടില്ല എന്നതിനുള്ള തെളിവായി.
ഇറങ്ങിയ സിനിമകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സാമ്പത്തികവിജയം നേടിയ ചിത്രങ്ങള്‍ ഈ വര്‍ഷവും കുറവു തന്നെ. എണ്‍പതു ശതമാനത്തിലേറെ ചിത്രങ്ങളും ബോക് ഓഫീസില്‍ കൂപ്പുകകുത്തി വീണു. കൊട്ടിഘോഷിച്ചിറക്കിയ സൂപ്പര്‍ താരചിത്രങ്ങള്‍ പലതും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. സൂപ്പര്‍ താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്‍ക്കും കനത്ത തിരിച്ചടി കിട്ടിയ വര്‍ഷമായിരുന്നു 2009. മമ്മൂട്ടിയുടെ പഴശ്ശിരാജ, മോഹന്‍ലാലിന്റെ ഭ്രമരം, ജയറാമിന്റെ ഭാഗ്യദേവത, ദിലീപിന്റെ പാസഞ്ചര്‍, പൃഥ്വിരാജിന്റെ പുതിയമുഖം ശ്രീനിവാസന്റെ മകന്റെ അച്ഛന്‍ എന്നിവയാണ് താരങ്ങള്‍ നിലനില്‍പുറപ്പിച്ച ചിത്രങ്ങള്‍.
ലവ് ഇന്‍ സിംഗപ്പൂര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, ലൌഡ് സ്പീക്കര്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടിയില്ല. അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിലൂടെ തന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ നിരയിലേക്ക് മറ്റൊന്നു കൂടി സമ്മാനിച്ച പാലേരി മാണിക്യവും ക്രിസ്മസ് റിലീസായ ചട്ടമ്പിനാടും തിയറ്ററില്‍ വിധി തേടുന്നതേയുള്ളൂ.
റെഡ് ചില്ലീസ്, സാഗര്‍ അലിയാസ് ജാക്കി റീലോഡഡ്, ഭഗവാന്‍, എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളും ബോക്സ് ഓഫിസില്‍ വിജയം കണ്ടില്ല. ക്രിസ്മസ് റിലീസായ റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് ആണ് പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം. ഹയ്ലെസ, ഐജി, ഭൂമിമലയാളം, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, വൈരം തുടങ്ങി സുരേഷ്ഗോപിയുടെ 2009ല്‍ ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫിസില്‍ പരാജയപ്പെട്ടു.
കളേഴ്സ്, മോസ് ആന്‍ഡ് ക്യാറ്റ്, സ്വലേ തുടങ്ങിയ ദിലീപ് ചിത്രങ്ങളും ഉദ്ദശിച്ച വിജയം നേടിയില്ല. കറന്‍സി, ഡോക്ടര്‍ പേഷ്യന്റ്, ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് കുടുംബം, ഉത്തരാസ്വയംവരം, പത്താംനിലയിലെ തീവണ്ടി തുടങ്ങി തുടങ്ങിയ ജയസൂര്യ നായകനായ സിനിമകള്‍ക്കും ദുര്‍ഗതിയായിരുന്നു. 2008ല്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ജയറാമിന് 2009ല്‍ പിടിച്ചുനില്‍ക്കാന്‍ വക നല്‍കിയത് സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത മാത്രം.
സമസ്തകേരളം പിഒ, വിന്റര്‍, രഹസ്യ പോലീസ്, കാണാകണ്‍മണി, സീതാകല്യാണം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ നിരാശപ്പെടുത്തി. നമ്മള്‍ തമ്മില്‍, കലണ്ടര്‍, റോബിന്‍ഹുഡ് എന്നീ പൃഥ്വിരാജ് ചിത്രങ്ങളും സാമ്പത്തികവിജയം നേടിയില്ല. ആയിരത്തില്‍ ഒരുവന്‍, മലയാളി, കഥ പറയും തെരുവോരം, ബ്ളാക് സ്റ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ കലാഭവന്‍ മണിയ്ക്കും നേട്ടമുണ്ടാക്കിയില്ല. പോയവര്‍ഷങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ വിനു മോഹനും മണിക്കുട്ടനും 2009ല്‍ ചലനം സൃഷ്ടിക്കാനായില്ല. പുതുമുഖനടന്‍മാരും ശ്രദ്ധ നേടിയില്ല.
നീലത്താമരയിലൂടെ എത്തിയ അര്‍ച്ചന കവി, ഋതുവിലൂടെ രംഗപ്രേവശം ചെയ്ത റീമ കല്ലിങ്കല്‍, ഡാഡി കൂളില്‍ മമ്മൂട്ടിയുടെ നായികയായ റിച്ചാ പാലോട്, ഡ്യൂപ്ളിക്കേറ്റിലൂടെ എത്തിയ രൂപശ്രീ, പാലേരി മാണിക്യത്തിലൂടെ എത്തിയ ഗൌരി തുടങ്ങിയവര്‍ 2009ലെ പുതുമുഖങ്ങളായി. ലക്ഷ്മി റായ്, ഭാവന, റോമ തുടങ്ങിയവര്‍ നായികാറോളുകള്‍ ഭദ്രമാക്കി. അഭിനയം മതിയാക്കി മടങ്ങിയ ഗോപിക സ്വലേയിലൂടെ തിരിച്ചെത്തിയപ്പോള്‍ കാവ്യ മാധവന് ഒരു മടങ്ങിവരവ് ഇനിയും സാധ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു സജീവമായി തിരിച്ചെത്തിയ സുഹാസിനിയാണ് 2009ലെ നായികാവിശേഷങ്ങളില്‍ മറ്റൊന്ന്.
ഒരുപക്ഷെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ അരങ്ങേറ്റം നടത്തിയ വര്‍ഷമായിരിക്കും 2009. ഇരുപതോളം പുതുമുഖ സംവിധായകരാണ് കടന്നുപോകുന്ന വര്‍ഷം മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. സോഹന്‍ലാല്‍ (ഓര്‍ക്കുക വല്ലപ്പോഴും), പ്രസാദ് വേളാച്ചേരി (പെരുമാള്‍), സ്വാതി ഭാസ്കര്‍ (കറന്‍സി), ബാബുരാജ് (ബ്ളാക് ഡാലിയ), പ്രശാന്ത് മമ്പിള്ളി (ഭഗവാന്‍), രഞ്ജിത് ശങ്കര്‍ (പാസഞ്ചര്‍), മഹേഷ് (കലണ്ടര്‍), സജി സുരേന്ദ്രന്‍ (ഇവര്‍ വിവാഹിതരായാല്‍), വിശ്വനാഥന്‍ (ഡോക്ടര്‍ പേഷ്യന്റ്), സി.എസ്.സുധീഷ് (മലയാളി), പ്രഭാകരന്‍ മുത്തന (ഫിഡില്‍), ബിനോയ് (അച്ഛനും അമ്മയും ചിരിക്കുമ്പോള്‍), മധു കൈതപ്രം (മധ്യവേനല്‍), അരുണ്‍ ഭാസ്കര്‍ (പറയാന്‍ മറന്നത്), ആഷിഖ് അബു (ഡാഡി കൂള്‍), ജയരാജ് വിജയ് (ശുദ്ധരില്‍ ശുദ്ധന്‍), ഷിബു പ്രഭാകര്‍ (ഡ്യൂപ്ളിക്കേറ്റ്), പി.സുകുമാര്‍ (സ്വലേ), രമാകാന്ത് സഞ്ജു (ഉത്തരാസ്വയംവരം), മഹേഷ് പി.ശ്രീനിവാസന്‍ (മൈ ബിഗ് ഫാദര്‍), ശങ്കര്‍ പണിക്കര്‍ (കേരളോല്‍സവം 2009) എന്നിവരാണ് ഈ പുതുമുഖ സംവിധായകര്‍.
സംവിധാന രംഗത്ത് പുതുമുഖങ്ങളാണെങ്കിലും ഇവരില്‍ ഒട്ടും പുതുമുഖങ്ങളല്ലാത്തവരാണ് ബാബുരാജ്, മഹേഷ്, പി.സുകുമാര്‍, ശങ്കര്‍ പണിക്കര്‍ എന്നിവര്‍. സിനിമയില്‍ വില്ലന്‍മാരായ ബാബുരാജും മഹേഷും പഴയ പ്രണയനായകന്‍ ശങ്കറും സംവിധായകരായപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഛായാഗ്രാഹകരില്‍ ഒരാളായ പി.സുകുമാറിനും തന്റെ കന്നിസംവിധായകസംരംഭത്തിന് അവസരം ലഭിച്ചു. സജി സുരേന്ദ്രന്റെ ഇവര്‍ വിവാഹിതരായാല്‍, രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ എന്നീ സിനിമകള്‍ മാത്രമാണ് ബോക്സ് ഓഫിസില്‍ പിടിച്ചു നിന്നത്.
ഹരിഹരന്റെ പഴശ്ശിരാജ ഒഴിച്ചാല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മുന്‍നിര സംവിധായകര്‍ക്കൊന്നും 2009ല്‍ അദ്ഭുതം സൃഷ്ടിക്കാനായില്ല. റാഫി മെക്കാര്‍ട്ടിന്റെ ലവ് ഇന്‍ സിംഗപ്പൂരും ജോണി ആന്റണിയുടെ ഈ പട്ടണത്തില്‍ ഭൂതവും ബോക്സ് ഓഫിസില്‍ തകര്‍ന്നു വീണു. രഞ്ജിത്തിന്റെ കേരള കഫെയും പാലേരി മാണിക്യവും ശ്രദ്ധ നേടിയെങ്കിലും സൂപ്പര്‍ ഹിറ്റുകളായില്ല. ഷാജി കൈലാസിന്റെ റെഡ് ചില്ലീസ്, സിബി മലയിലിന്റെ ആയിരത്തില്‍ ഒരുവന്‍, വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍, കെമിസ്ട്രി, വേണു നാഗവള്ളിയുടെ ഭാര്യ സ്വന്തം സുഹൃത്ത്, ഫാസിലിന്റെ മോസ് ആന്‍ഡ് ക്യാറ്റ്, രാജസേനന്റെ ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, കെ. മധുവിന്റെ രഹസ്യ പോലീസ്, ജോഷിയുടെ റോബിന്‍ഹുഡ്, രാജീവ് കുമാറിന്റെ സീതാകല്യാണം, ലാല്‍ ജോസിന്റെ നീലത്താമര തുടങ്ങിയവയൊന്നും ലാഭം കൊയ്തില്ല. ഷാഫിയുടെ ചട്ടമ്പിനാട്, റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് എന്നിവ ക്രിസ്മസ് റിലീസുകളാണ്.
2009ല്‍ പുറത്തിറങ്ങിയ സിനിമകള്‍:
ഓര്‍ക്കുക വല്ലപ്പോഴും
ലവ് ഇന്‍ സിംഗപ്പൂര്‍
അച്ഛനും അമ്മയും ചിരിക്കുമ്പോള്‍
കളേഴ്സ്
മകന്റെ അച്ഛന്‍
റെഡ് ചില്ലീസ്
ആയിരത്തില്‍ ഒരുവന്‍
കഥ സംവിധാനം കുഞ്ചാക്കോ
ഹയ്ലെസ
ഭാര്യ സ്വന്തം സുഹൃത്ത്
പെരുമാള്‍
നമ്മള്‍ തമ്മില്‍
സമസ്ത കേരളം പിഒ
സാഗര്‍ അലിയാസ് ജാക്കി റീലോഡഡ്
ടു ഹരിഹര്‍ നഗര്‍
ബനാറസ്
ഐജി
മോസ് ആന്‍ഡ് ക്യാറ്റ്
ഭാഗ്യദേവത
ഭൂമിമലയാളം
കറന്‍സി
ബ്ളാക് ഡാലിയ
സൂഫി പറഞ്ഞ കഥ
ഭഗവാന്‍
കാഞ്ചീപുരത്തെ കല്യാണം
പാസഞ്ചര്‍
വെള്ളത്തൂവല്‍
കലണ്ടര്‍
ഇവര്‍ വിവാഹിതരായാല്‍
ഡോക്ടര്‍ പേഷ്യന്റ്
മലയാളി
ഫിഡില്‍
വിലാപങ്ങള്‍ക്കപ്പുറം
ഭ്രമരം
മധ്യവേനല്‍
ഈ പട്ടണത്തത്തില്‍ ഭൂതം
വിന്റര്‍
പുതിയ മുഖം
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
രഹസ്യ പോലീസ്
പറയാന്‍ മറന്നത്
ഋതു
കഥ പറയും തെരുവോരം
ഒരു പെണ്ണും രണ്ടാണും
ദലമര്‍മരങ്ങള്‍
ഡാഡി കൂള്‍
കാണാകണ്‍മണി
ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് കുടുംബം
ശുദ്ധരില്‍ ശുദ്ധന്‍
ഡീസന്റ് പാര്‍ട്ടീസ്
ഡ്യൂപ്ളിക്കേറ്റ്
ലൌഡ് സ്പീക്കര്‍
വൈരം
റോബിന്‍ഹുഡ്
പഴശ്ശിരാജാ
സീതാകല്യാണം
എയ്ഞ്ചല്‍ ജോണ്‍
കേരള കഫെ
സ്വലേ
ഉത്തരാസ്വയംവരം
നീലത്താമര
പത്താം നിലയിലെ തീവണ്ടി
കെമിസ്ട്രി
കപ്പല് മുതലാളി
ഗുലുമാല്‍
മൈ ബിഗ് ഫാദര്‍
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
കേരളോല്‍സവം 2009
ബ്ളാക് സ്റ്റാലിയന്‍
ഇവിടം സ്വര്‍ഗമാണ് (ക്രിസ്മസ് റിലീസ്)
ചട്ടമ്പിനാട് (ക്രിസ്മസ് റിലീസ്)










