ട്വീറ്റപ്പ് പൊളിക്കാന്‍ ബ്ളോഗപ്പ്

ട്വീറ്റപ്പ് പൊളിക്കാന്‍ ബ്ളോഗപ്പ്

ബ്ളോഗ് എന്ന സങ്കല്‍പം മൈക്രോബ്ളോഗിനു വഴിമാറുമ്പോള്‍ അന്യം നില്‍ക്കാന്‍ പോകുന്നത് ബ്ളോഗര്‍മാര്‍ എന്നു പറയുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനുസ് ആണ്. അനേകം അനേകം പേജുകളില്‍ ചവറെഴുതി യൂണിവേഴ്സല്‍ വേസ്റ്റ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഞാനടക്കമുള്ള ഒരു വര്‍ഗം പഴഞ്ചനായി മാറും. മറ്റേതു മാധ്യമത്തെക്കാള്‍ അധികം വായനക്കാര്‍ക്കും ബ്ളോഗര്‍മാര്‍ക്കും വേഗം മടുത്തത് ബ്ളോഗ് എന്ന സങ്കേതമാണെന്നു തോന്നുന്നു. ഇന്നു കാണുന്ന ബ്ളോഗറെ നാളെ കാണുന്നില്ല. സമയമില്ല എന്ന കാരണം കൊണ്ട് ബ്ളോഗിങ് നിര്‍ത്തുന്നവര്‍ ഇരുപതോ മുപ്പതോ ശതമാനമേ ഉണ്ടാവൂ. എന്നാല്‍ ഈ പരിപാടി ബോറടിച്ചിട്ട് നിര്‍ത്തുന്നവരാണ് അന്‍പതു ശതമാനത്തിലധികവും.

ബോറടി കഠിനമായപ്പോഴൊക്കെ ഞാനും ഇതാ നിര്‍ത്തുന്നു എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അയ്യോ ചേട്ടാ, പോകല്ലേ അയ്യോ ചേട്ടാ പോകല്ലേ എന്നാരെങ്കിലുമൊക്കെ പറഞ്ഞതുകൊണ്ടും ഈ ബ്ളോഗില്‍ ഇത്രയും സമയവും അധ്വാനവും ചെലവഴിച്ചത് പാഴാക്കുന്നത് ശരിയല്ലല്ലോ എന്ന ചിന്ത കൊണ്ടും അക്രമം തുടരുകയാണ്. ട്വിറ്ററില്‍ ബെര്‍ളിത്തരങ്ങള്‍ ഉണ്ടെങ്കിലും ട്വീറ്റുകള്‍ കൃത്യമായി നല്‍കാറില്ല. ട്വിറ്റര്‍ രസകരവും ആവേശകരവുമാണ്. പക്ഷെ, ഐഫോണോ ബ്ളാക്ബെറിയോ ഇല്ല, ത്രീ ജിയോ വൈഫൈ കണക്ടിവിറ്റിയുള്ള പരിസരമോ ഇല്ല. ഇതൊന്നുമില്ലാത്തവന്‍ ട്വീറ്റ് ചെയ്യുക എന്നു പറയുന്നത് റോക്കറ്റ് എലിവാണത്തില്‍ വച്ചുകെട്ടി ബഹിരാകാശത്തേക്ക് അയക്കുന്നതു പോലെയാണ്.

ട്വീറ്റ് ചെയ്യുന്നതിന്റെ സുഖവും സ്വാതന്ത്യ്രവും അനുഭവിക്കണമെങ്കില്‍ അത് ഫോണില്‍ നിന്നു തന്നെ വേണം. അല്ലാതെ ട്വിറ്റര്‍ ഡോട് കോം തുറന്ന് അതില്‍ ലോഗിന്‍ ചെയ്ത് ഹോം പേജില്‍ പോയി ക്യാരക്ടര്‍ എണ്ണി ടൈപ്പ് ചെയ്ത് അപ്ഡേറ്റ് ചെയ്യുക എന്നത് അനാവശ്യമായ അധ്വാനമാണ്. പ്രൊഫഷനല്‍ ട്വീറ്റിങ്ങിന് ഇതൊന്നും ബാധകമല്ലായിരിക്കാം.

ബ്ളോഗിനെക്കാള്‍ പതിനായിരം മടങ്ങ് വേഗത്തിലും ശക്തിയിലുമാണ് മൈക്രോബ്ളോഗിന്റെ വളര്‍ച്ച. ബ്ളോഗ് എന്നാല്‍ ഇന്നു മൈക്രോബ്ളോഗ് ആണ്. മൈക്രോബ്ളോഗ് എന്നാല്‍ ട്വിറ്ററും. ട്വിറ്റര്‍ എന്നാല്‍ അത് ശശി തരൂര്‍ മാത്രമാണെന്ന സങ്കല്‍പം മാറ്റി വച്ചാല്‍ കരുത്തന്‍മാരായ അനേകം മൈക്രോ ബ്ളോഗര്‍മാരെ കണ്ടെത്താം. മണി കാര്‍ത്തികും അതീഥ് ഇബ്രാഹിമും ബിന്നിയും ബ്രിജേഷും കേരളാഫാര്‍മറും മലയാളി ട്വീറ്റര്‍മാരില്‍ പ്രമുഖരാണ്. ബ്ളോഗിലെപ്പോലെ പഴമ്പുരാണവും നുണക്കഥകള്‍ക്കും ബ്ളോഗ്-കമന്റ്-അക്കാദമി ഈണത്തിലും നീ പുലി, ഞാന്‍ പുപ്പുലി എന്ന താളത്തിലുമുള്ള പോസ്റ്റുകള്‍ക്കും അതിന്റെ പുറത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ട്വിറ്ററില്‍ സാധ്യതയില്ല. കാലികവും വളരെ പ്രസക്തവുമായ അപ്ഡേറ്റുകള്‍ക്കു മാത്രമാണ് പ്രസക്തി. പതിവു മലയാളി ശൈലിയില്‍ നിന്നു വേറിട്ട് അത്തരമൊരു സംസ്കാരവും നിലവാരവും പുലര്‍ത്തുന്നവരാണ് മിക്കവാറും ട്വീറ്റര്‍മാരും. എന്നെപ്പോലെ ബ്ളോഗില്‍ ഒരു പോസ്റ്റിടുമ്പോള്‍ വായിച്ചു പഠിക്കെടാ നാറികളേ എന്ന അഹങ്കാരത്തോടെ അതിന്റെ ലിങ്ക് മാത്രം ട്വീറ്റ് ചെയ്യുന്നവരുമുണ്ട്.

ബ്ളോഗ് സംഗമങ്ങളും അവയുടെ രാഷ്ട്രീയവും വിവാദങ്ങളും മലയാളം ബ്ളോഗര്‍മാരെ സംബന്ധിച്ച് ആഗോളപ്രശ്നമാണ്. ബ്ളോഗ് മീറ്റ് എന്ന ആശയത്തെ ആകെ അട്ടിമറിച്ചിരിക്കുകയാണ് ട്വീറ്റപ്പുകള്‍. ട്വീറ്റപ്പ് എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ സംഗമം എന്നേയുള്ളൂ. ഇത്തരം അനേകം ട്വീറ്റപ്പുകള്‍ ഇന്ത്യയില്‍ നടന്നു കഴിഞ്ഞു. മലയാളത്തിലെ ആദ്യത്തെ ട്വീറ്റപ്പ് നടന്നത് കൊച്ചിയില്‍ ആണെന്നാണ് കരുതുന്നത്. 2009 മാര്‍ച്ച് ഒന്‍പതിന് കൊച്ചിയില്‍ നടന്ന ആദ്യത്തെ ട്വീറ്റപ്പില്‍ പങ്കെടുത്തത് 14 പേര്‍. ലൈവ് അപ്ഡേറ്റുകള്‍ മൊബൈലില്‍ നിന്നു നല്‍കി അവര്‍ ആദ്യ ട്വീറ്റപ്പിനെ അവിസ്മരണീയമാക്കി. കേരളത്തിലെ ആദ്യ ട്വീറ്റപ്പ് നല്‍കിയ ആവേശം കേരളത്തിലുടനീളം ഇത്തരം സംഗമങ്ങള്‍ നടത്താന്‍ പ്രചോദനമായി. ഇതിനായി എന്ന വെബ്സൈറ്റ് നിര്‍മിച്ചു.

കൊച്ചിയില്‍ ട്വീറ്റര്‍മാര്‍ പിന്നെ അടങ്ങിയിരുന്നില്ല. അവര്‍ പലവട്ടം ഒത്തുകൂടി. വാര്‍ത്ത സൃഷ്ടിക്കലും വിവാദമുണ്ടാക്കലും ഗ്രൂപ്പും മറുഗ്രൂപ്പുണ്ടാക്കലുമില്ലാത്ത ട്വിറ്റര്‍ സംഗമങ്ങള്‍ ആവേശകരായി തുടര്‍ന്നു. നവംബര്‍ മാസം ശരിക്കും ട്വീറ്റപ്പുകളുടെ ഉല്‍സവകാലമായി. നവംബര്‍ ഒന്നിന് കൊച്ചിയില്‍ ഉബുണ്ടു ലോഞ്ച് ട്വീറ്റപ്പ് നടന്നു. കൊച്ചിന്‍ ട്വീറ്റപ്പ് 11 കൂടിയായി അത് മാറി. കാലിക്കറ്റ് ട്വീറ്റപ്പ് 1 നവംബര്‍ ഏഴിനു നടന്നു. കൊല്ലം ട്വീറ്റപ്പ് 1 പിറ്റേന്നും. ട്രിവാന്‍ഡ്രം ട്വീറ്റപ്പ് 2 നവംബര്‍ 17നും ട്വീറ്റപ്പ് 3 നവംബര്‍ 30നും നടന്നു.

ഏറ്റവും ഒടുവില്‍ ആദ്യവയനാട് ട്വീറ്റപ്പ് ഇന്നലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു. നീലഗിരിയുടെ ജൈവ വൈവിധ്യത്തെ സൈക്കിള്‍ യാത്രയിലൂടെ അനുഭവിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 15 ന് ബാംഗൂരില്‍ നിന്ന് പുറപ്പെട്ട ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈക്കിള്‍ റാലി ‘ ടൂര്‍ ഒാഫ് നീലഗിരി 2009 ‘ യാത്രികരും ജില്ലയിലെ പ്രകൃതി സ്നേഹികളായ സജീവ ട്വിറ്റര്‍ അംഗങ്ങളുമാണ് അവിടെ ഒത്തു ചേര്‍ന്നത്.
901 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര ചെയ്തെത്തുന്ന എഴുപതോളം പേരില്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ രാജേഷ് നായര്‍ മുതല്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് റോഡ് സേഫ്റ്റി കമ്മിഷണര്‍ ഭാസ്കര റാവു ഐപിഎസ് വരെ ഉള്‍പ്പെടും. മൈക്രോസോഫ്റ്റ് റിസേര്‍ച്ച് സംഘാംഗം ബാപിഷ് അഗര്‍വള്‍, യാഹൂ ഡിസൈന്‍ തലവന്‍ ആനന്ദ് അമല്‍, സാംസങ് ഒാഡിയോ വിഭാഗത്തിലെ പ്രജൂഷ്, ഗൂര്‍ഗാവില്‍ നിന്നുള്ള കോപ്പി റൈറ്ററ് മാളവിക ജെയിന്‍, ഫോട്ടോ ഗ്രാഫര്‍ അരവിന്ദ് ടെക്കി, സിംഗപ്പൂരിലെ പ്രോലെസ് ആക്സിസ്് കമ്പനി സ്ഥാപകന്‍ ശിവമണി, തുടങ്ങിയവര്‍ പ്രകൃതി സൌന്ദര്യം തേടി വയനാട്ടിലെത്തി.

കേരളത്തില്‍ ഇതുവരെ നടന്ന ട്വീറ്റപ്പുകളില്‍ വച്ച് ഏറ്റവും സജീവവും ആവേശകരവുമായിരുന്നു വയനാട് ട്വീറ്റപ്പ്. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപതോളം പേരാണ് പങ്കെടുത്തത്. വൈകിട്ട് ഏഴിന് ചേര്‍ന്ന സൌഹൃദ സംഗമത്തില്‍ ട്വിറ്റര്‍ അംഗങ്ങള്‍ തങ്ങളുടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. ഇനിയങ്ങോട്ട് ബ്ളോഗ് മീറ്റുകള്‍ക്കു പ്രസക്തിയില്ലാതാവുന്ന ബ്ളോഗപ്പ് എന്ന പേരില്‍ പുതിയ പരിപാടി സംഘടിപ്പിച്ച് ആളാവാനാണ് എന്റെ തീരുമാനം.

ഇത്തരുണത്തില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന കേരളത്തിലെ ആദ്യ ബ്ളോഗപ്പിലേക്ക് ബ്ളോഗര്‍മാരെയും ബ്ളോഗ് വായനക്കാരായ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു. മിനിമം 70 സ്ത്രീകളെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പായാല്‍ (40 പേരെങ്കിലും 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം) പരിപാടി സംഘടിപ്പിക്കുന്നതാണ്.

Related Posts with Thumbnails
  • gnuanu
    identi.ca എന്ന സങ്കതി കൂടി മൈക്രോബ്ലോഗിങ്ങില്‍ ട്വിറ്ററിനൊപ്പം നില്‍ക്കുന്നുണ്ടു്. പൊതുവെ ഐഡന്റിക്ക എന്ന നാമധേയത്തില്‍ അറിയപ്പെടുന്നു. ഐഡന്റിക്കയില്‍ ട്വിറ്റര്‍ അക്കൊണ്ടു് ചേര്‍ത്താല്‍ നമ്മള്‍ പോസ്റ്റ് ചെയ്യുന്ന ഡെന്റുകള്‍ (ട്വിറ്ററിലെ ട്വീറ്റുകള്‍ പോലെ) നേരെ ട്വിറ്ററിലും എത്തിക്കോളും. ട്വിറ്ററിനു് ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉള്ളതു പോലെ ഐഡന്റിക്കക്കും ഉണ്ട്. അതും പോരാഞ്ഞ് നമ്മുടെ ജി-ടോക്ക് അക്കൌണ്ടില്‍ update (at) identi,ca എന്ന ബഡ്ഡി ആഡ് ചെയ്താല്‍ ഡെന്റുകള്‍ എല്ലാം ചാറ്റ് ആയി ജി-ടോക്കില്‍ എത്തും. ജി-ടോക്ക് വഴി തന്നെ നമുക്ക് ഡെന്റും ചെയ്യാം.
  • ബ്ളോഗപ്പ് . സംഗതി കൊള്ളാം. പക്ഷെ ബ്ലോഗ്‌ എന്നാ വാക്ക് ഉള്ളതുകൊണ്ട് ഉലകത്ത്തിലുള്ള എല്ലാ ബ്ലോഗ്ഗര്മാരും പങ്കെടുക്കണ്ടേ? അവരുടെ സുരക്ഷ? വരുന്നവരിലാരെങ്കിലും തീവ്രവാദി ആണെങ്കില്‍? അത് നടത്തുന്ന സംഘടനയുടെ registration, affiliation മുതലായവ? പണ്ടാരോ ബ്ലോഗ്‌ മീറ്റ്‌ നടത്തിയപ്പോ ഉണ്ടാക്കിയ പുകിലൊക്കെ മറന്നോ ബെര്‍ലിച്ചോ?
  • KUTTY
    I prefer little old technically perfect bloginees. Oru U(P)nniithan line.

    Vayikkunna Sthreekal Thanne Venamenna Oru Vasiyum Enikkilla
  • the blogging will not going to end soon.

    Blogging is like an information service for individuals (of course products are also maintaining blogs). I was one of the early adopters of Twitter. In fact I could not understand how does it works and quit twitter after few tweets. now I am activate again as my friends are there in. Also many interesting websites and services came to twitter.

    For example, NYTimes and BBC has twitter account doesn't mean that they will stop their news services and start tweeting. the information services and connection services will always co-exist. the medium for that will always change.

    Most of the twitter users are owning smartphones (those who tweet from mobile). Previously twitter was mainly relies on SMS. Previously Google reader was the one I used to organize my updates from friends, website, and news services.

    Still twitter needs to be well organized as it's a kind of a noisy party. it's easy to miss informative tweets. Facebook-twitter-google-blogs these will be there at least for next few years to satisfy a great % of general internet users.



  • oru pennine vechu oru blog up sangadippichathinnanu raj mohan unnithane pidichakathittathu :p
  • ബ്ലോഗ് ഇല്ലാത്ത മലയാളി എന്ന കളിയാക്കൽ സഹിക്കാൻ വയ്യാനിട്ടാ ഞാൻ ബ്ലോഗാൻ തുടങ്ങിയെ,
    റബ്ബേ... ഇനി ഇപ്പൊ ട്വീറ്റിങ്ങും വേണ്ടിവരോ..??
  • ആഹാ...ഇങ്ങനേയും പരിപാടികൾ നടക്കുന്നുണ്ടോ....
    ആവോ... ആർക്കറിയാം .. :)
  • art
    "ഇതിനായി എന്ന വെബ്സൈറ്റ് നിര്‍മിച്ചു"
    മനസ്സിലായില്ല!
  • റോക്കറ്റ് എലിവാണത്തില്‍ വച്ചുകെട്ടി ബഹിരാകാശത്തേക്ക് അയക്കുന്നതു പോലെയാണ്.
    അതു കൊള്ളാം പക്ഷേ ആ ലാസ്റ്റാ പാരാ,

    ഇത്തരുണത്തില്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന കേരളത്തിലെ ആദ്യ ബ്ളോഗപ്പിലേക്ക് ബ്ളോഗര്‍മാരെയും ബ്ളോഗ് വായനക്കാരായ സ്ത്രീകളെയും സ്വാഗതം ചെയ്യുന്നു. മിനിമം 70 സ്ത്രീകളെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പായാല്‍ (40 പേരെങ്കിലും 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം) പരിപാടി സംഘടിപ്പിക്കുന്നതാണ്.

    അത് മനസ്സിലായില്ല എന്താണാവോ ലക്ഷ്യം?
blog comments powered by Disqus