സെമ്മീന്‍ (തമിഴ്)
മലയാളത്തിലെ സര്‍വകാലഹിറ്റായ ചെമ്മീന്‍ എന്ന സിനിമ അതിന്റെ വിജയത്തിന്റെ വലിപ്പം കണ്ട് തമിഴില്‍ നിര്‍മിക്കാന്‍ തമിഴിലെ മുന്‍നിര ചലച്ചിത്രപ്രവര്‍ത്തകര്‍ തീരുമാനിച്ചു. സ്റ്റാര്‍ ലെജന്‍ഡ് രജനീകാന്തിനാണ് അതിലെ കഥയില്‍ താല്‍പര്യം തോന്നിയത്. ഇതെത്തുടര്‍ന്ന് മറ്റ് പ്രോജക്ടുകളെല്ലാം മാറ്റി വച്ച് ചെമ്മീന്‍ എന്ന സിനിമ സെമ്മീന്‍ എന്ന പേരില്‍ തമിഴില്‍ ചിത്രീകരിക്കാനാണ് നീക്കം. പ്രശസ്ത സംവിധായകന്‍ പി.വാസു തന്നെ സംവിധാനം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
കാസ്റ്റിങ് ഇപ്രകാരമാണ്-
പരീക്കുട്ടി – രജനീകാന്ത്
പളനി- പശുപതി
കറുത്തമ്മ- മീന
ചെമ്പന്‍കുഞ്ഞ്- വടിവേലു
കൂടാതെ വിവിധ റോളുകളിലായി നയന്‍താര, അസിന്‍, റീമ സെന്‍, മംമ്ത മോഹന്‍ദാസ് തുടങ്ങി തമിഴിലെ ഒട്ടേറെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എഴുത്തുകാരനായ ബെര്‍ളി തോമസാണ്. തമിഴിന് അനുയോജ്യമായ മാറ്റങ്ങളോടെയാവും സെമ്മീന്‍ പുറത്തിറങ്ങുക എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
തമിഴിനു പുറമേ, ഇംഗ്ളീഷ്, തെലുങ്ക്, കന്നഡ, തുളു, ഉറുദു, ബംഗാളി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. ഷാറൂഖ് ഖാനെ നായകനാക്കി മഛ്‍ലി എന്ന പേരില്‍ പ്രിയദര്‍ശന്‍ ഇത് ഹിന്ദിയില്‍ ഇറക്കുമെന്നറിയിച്ചതിനെ തുടര്‍ന്നാണ് നീക്കം വേണ്ടെന്നു വച്ചത്. അതിന്റെയും രചന ബെര്‍ളി സാര്‍ തന്നെ ആയിരിക്കും.
സെമ്മീനില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും പുതിയ കഥയുടെ ത്രെഡും ഏറെക്കുറെ ഇപ്രകാരമാണ്.-
വിശാലമായ നാഗപട്ടണം കടപ്പുറത്താണ് കഥ നടക്കുന്നത്. മീന (കറുത്തമ്മ) കടപ്പുറത്തെ ഏറ്റവും സുന്ദരിയായ യുവതിയാണ്. മനോരമ(മീനയുടെ അമ്മ) മീനയുടെ സൗന്ദര്യത്തിലും യൗവ്വനത്തിലും ആശങ്കാകുലയാണ്. അങ്ങനെയിരിക്കെ ഇടിത്തീ പോലെ കടപ്പുറത്ത് ആ വാര്‍ത്ത പരക്കുന്നു- വേളാങ്കണ്ണി പുറംകടലില്‍ മുടിഞ്ഞ ചാകര! കടലിളകുന്നു, കടല്‍ത്തീരം ഇളകുന്നു. അവിടെ ഒരു സോങ്. ഈ സോങ്ങില്‍ മുക്കുവന്‍മാരായി വേഷമിടാന്‍ തമിഴിലെയും മലയാളത്തിലെയും ഹിന്ദിയിലെയും ഒട്ടുമിക്ക താരങ്ങളെയും രജനീകാന്ത് ക്ഷണിച്ചിട്ടുണ്ട്. ഓം ശാന്തി ഓമിലെ എല്ലാ താരങ്ങളും പങ്കെടുക്കുന്ന ആ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം ചാകര, ചാകര, ചാകര, ചാകര… എന്നു തുടങ്ങുന്ന ഒരു ഗാനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഈ ഗാനത്തിനിടെ നായകനായ രജനീകാന്തിന്റെ (പരീക്കുട്ടി) എന്‍ട്രി. കറുത്തൊരു ബെന്‍സ് കാറില്‍ കടപ്പുറത്തു വന്നിറങ്ങുന്ന കൊച്ചുമുതലാളിയെ പൂക്കളെറിഞ്ഞും പൂജ ചെയ്തും സ്വീകരിക്കുന്ന കടല്‍ത്തീരത്തെ ജനം. തന്റെ ചെറ്റക്കുടിലില്‍ കനത്ത മേക്കപ്പില്‍ കാമുകനായ രജനീകാന്തിനെ വലിഞ്ഞു മുറുകിയ വികാരങ്ങളോടെ നോക്കി നില്‍ക്കുന്ന കറുത്തമ്മ എന്ന മീന.
പിന്നെ രജനീകാന്തും മീനയും വരുന്ന പ്രണയരംഗമാണ്. കരയ്‍ക്കു കയറ്റി ഇട്ടിരിക്കുന്ന തന്റെ ഒരു ചെറു കപ്പലിന്റെ അകത്തെ എസി മുറിയില്‍ കെട്ടിപ്പുണരുന്ന രജനിയും മീനയും. ദൂരെ നിന്ന് മനോരമയുടെ വിളി കേട്ട്- അമ്മാ കൂപ്പിട്ടിരിക്കാങ്കേ.. കൊഞ്ചം വിടുങ്കോ ! എന്നു പറഞ്ഞ് പോകുന്ന മീനയെ തടഞ്ഞു നിര്‍ത്തി രജനിയുടെ ഡയലോഗ്- അമ്മാ.. നാന്‍ ഉന്നൈ കാതലിക്കറുത്..!
വികാരവിക്ഷോഭം സഹിക്കാനാവാതെ ഓടി രക്ഷപെടുന്നന മീന.
മുഖ്യകഥയില്‍ നിന്നു വ്യത്യസ്തമായി ഈ സിനിമയില്‍ പുതിയൊരു കഥാപാത്രമുണ്ടാവും- തങ്കമ്മ. രജനിയെ അങ്ങോട്ട് പ്രണയിക്കുന്ന, രജനിയെ വശീകരിക്കാന്‍ പലവേലകളും കാണിക്കുന്ന മറ്റൊരു മത്തിമുതലാളിയുടെ മകള്‍. നയന്‍താരയാണ് ഈ റോളില്‍ വരുന്നത്.രാത്രി,ചെമ്മീന്‍ ഫാക്ടറിയുടെ മുന്നില്‍ നിന്ന് മീനയെ വളച്ച് പുറത്തുചാടിക്കാന്‍ മാനസമൈനേ വരൂ…എന്നതിന്റെ തമിഴ് വേര്‍ഷന്‍ പാടുന്ന രജനി. രജനിയെ വളയ്‍ക്കാന്‍ അതേ സോങ്ങിന്റെ പശ്ചാത്തലത്തില്‍ കടപ്പുറത്ത് ഐറ്റം ഡാന്‍സ് കളിക്കുന്ന നയന്‍താര.
ഇതിനിടെ ബോട്ട് വാങ്ങാനായി രജനിയെ കണ്ട് പണം ചോദിക്കുന്ന വടിവേലു. മീനയെ ഓര്‍ത്ത് പണം കൊടുക്കുന്ന രജനി. ബോട്ട് വാങ്ങി കരയ്‍ക്ക് മീന്‍ വാരി വരുമ്പോള്‍ മീനെല്ലാം രജനിക്കാണെന്ന് മീനയോട് പറഞ്ഞ ഉറപ്പ് വടിവേലു ലംഘിക്കുന്നു. മലയാളത്തില്‍ നിന്നു വ്യത്യസ്തമായി അവിടെ സ്റ്റണ്ടാണ്. ബോട്ട് മീനടക്കം രജനി കടലിലേക്ക് വലിച്ചെറിയുന്നു. ഞെട്ടി നില്‍ക്കുന്ന മീനയും നയന്‍താരയും.
അങ്ങനെയിരിക്കെ കടലിലൂടെ തിരമാലകളെ കീറിമുറിച്ച് വരുന്ന പശുപതി.അനാഥനായ പശുപതിയെ കൂടെനിര്‍ത്തിയാല്‍ കടല്‍ കീഴടക്കാമെന്നു മനസ്സിലായ വടിവേലു മകളെ പശുപതിക്ക് കെട്ടിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നു. മീനയുടെ എതിര്‍പ്പ് വക വയ്‍ക്കാതെ വടിവേലു ആ കല്യാണം നടത്താനൊരുങ്ങുന്നു. രജനി എതിര്‍ക്കുന്നില്ല, കല്യാണം നടക്കുന്നു. ഫസ്റ്റ് നൈറ്റില്‍ മണിയറയിലേക്ക് ബോട്ട് ഇടിച്ചുകയറ്റുന്ന രജനി മീന തന്റെ പെണ്ണാണെന്നും അവളെ തൊട്ടാല്‍ തട്ടിക്കളയുമെന്നും പശുപതിയെ ഭീഷണിപ്പെടുത്തുന്നു. താന്‍ കടലില്‍ പോകുന്ന ആളായതിനാല്‍ രജനി കടലിലിട്ട് തട്ടുമോ എന്നു ഭയന്ന് പശുപതി മീനയെ തൊടുന്നില്ല.
അങ്ങനെയിരിക്കെ മനോരമയുടെ മരണവാര്‍ത്ത അറിയിക്കാന്‍ നാട്ടില്‍ നിന്ന് മീനയുടെ അനുജത്തി മംമ്ത എത്തുന്നു. രജനിയെ കാണുന്ന മംമ്തയ്‍ക്ക് പെട്ടെന്നയാളോട് പ്രണയം തോന്നുന്നു. അവള്‍ അവിടെ താമസമാക്കുന്നു. രജനിയെ സ്വന്തമാക്കാന്‍ വേണ്ടി നയന്‍സും മംമ്തയും കൂടി മല്‍സരിച്ചുള്ള ഐറ്റം ഡാന്‍സാണ് അടുത്ത സീന്‍.
തുടര്‍ന്ന് വടിവേലുവിന് ഭ്രാന്തു പിടിക്കുന്നു. എന്നാല്‍, മീനയെ തനിക്ക് തൊടാനാവാതെ ഇങ്ങനെ ജീവിക്കുന്നതിനെക്കാള്‍ നല്ലത് അവളെ കൊല്ലുന്നതാണ് എന്നു തീരുമാനിക്കുന്ന പശുപതി കടലില്‍ കൊണ്ടുപോയി അവളെ കൊല്ലാന്‍ തീരുമാനിക്കുന്നു. ഒരുദിവസം രാത്രി മീന്‍പിടിക്കാന്‍ പോകുമ്പോള്‍ പശുപതി മീനയെയും കൂട്ടുന്നു. കുറെ ദൂരം ചെല്ലുമ്പോള്‍ വിവരമറിഞ്ഞ് രജനി ബോട്ടില്‍ ചെയ്സ് ചെയ്യുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രണ്ട് തിമിംഗലങ്ങള്‍ പശുപതിയുടെ ബോട്ടിനെ ആക്രമിക്കുന്നു. മീന അതിലുള്ളത് കൊണ്ട് കടലിലേക്ക് എടുത്തു ചാടി തിമിംഗലങ്ങളുമായി മല്‍പിടിത്തം നടത്തുന്ന രജനി. മല്‍പിടിത്തത്തിനൊടുവില്‍ തിമിംഗലങ്ങളെ രജനി തല്ലിക്കൊല്ലുന്നു. മീനയെയും കൊണ്ട് പിന്നെ കുതിക്കുന്ന പശുപതിയുടെ ബോട്ടിനു പിന്നാലെ അസാധ്യവേഗത്തില്‍ രജനി നീന്തി ചെയ്സ് ചെയ്യുന്നു. പൊടുന്നനെ മുന്നില്‍ കണ്ട ഒരു ചുഴിയിലേക്ക് പശുതിയും മീനയും ഉള്ള ബോട്ട് അപ്രത്യക്ഷമാകുന്നു. ഒന്നും ആലോചിക്കാതെ ചുഴിയിലേക്ക് ഊളിയിടുന്ന രജനി.
ഏതാനും നിമിഷം തിരയടിക്കുന്ന വെള്ളം, നുര, എങ്ങും നുര. പിന്നെ മുടിഞ്ഞ ശാന്തത.ആ ശാന്തതയെ ഭേദിച്ചുകൊണ്ട് മീനയെയും കയ്യിലേന്തി വെള്ളത്തിനു മുകളില്‍ പൊങ്ങുന്ന രജനി. എങ്ങും കര കാണാനില്ല. ഒടുക്കത്തെ ഇരുട്ട്. വെള്ളം കുടിച്ച് ചാകാറായ മീനയെ പുറത്തു കിടത്തി രജനി നീന്തിത്തുടങ്ങുന്നു. രണ്ടു രാവും രണ്ടു പകലും തുടര്‍ച്ചയായ നീന്ടല്‍. നീന്തി നീന്തി ഒടുവില്‍ കരയിലെത്തുമ്പോള്‍ അവര്‍ മരിച്ചു എന്നു കരുതി കടപ്പുറത്ത് ഹര്‍ത്താലാചരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഉല്‍സവം. അതേ സമയം അപ്പുറത്ത് തീരത്ത് മരിച്ചു കരയ്‍ക്കടിഞ്ഞ പശുപതിയും രമ്ട് തിമിംഗലങ്ങളും.
രജനിയെയും മീനയെയും തോളിലേറ്റി എല്ലാ താരങ്ങളും പങ്കെടുക്കുന്ന ആ ഗാനം വീണ്ടും. (ശുഭം)










