സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ‘പിണറായിയിലെ വീട്’
സഖാവ് പിണറായി വിജയന് ക്രിക്കറ്റുമായുള്ള ബന്ധം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോളിറ്റ് ബ്യൂറോയുമായി ഉള്ളതുപോലെയേ ഉള്ളൂ. നല്ല മനുഷ്യരോടു ദുഷ്ടന്‍മാര്‍ക്കുള്ള വിരോധമല്ലാതെ ഇരുവര്‍ക്കും പൊതുശത്രുക്കളുണ്ടാവാന്‍ സാധ്യത തീരെയില്ല. എന്നിട്ടും പിണറായി വിജയനോടു ചെയ്തത് തന്നെ സച്ചിനോടും ചെയ്തു ഇ മെയില്‍ ഫോര്‍വേഡ്കാര്‍. പിണറായി വിജയന്‍ പരാതിപ്പെട്ടു. സച്ചിന് എന്തായാലും അതിന്റെ രാഷ്ട്രീയം മനസ്സിലായിട്ടില്ല. തന്നെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും തകര്‍ക്കാനുള്ള കുപ്രചരണത്തിന്റെ ഭാഗമാണെന്ന് സച്ചിന്‍ പറഞ്ഞിരുന്നെങ്കില്‍, ഒരു പരാതി കൊടുത്തിരുന്നെങ്കില്‍ പത്തോ പതിനഞ്ചോ ലക്ഷം ആളുകളെ പ്രതിയാക്കി ഒരു കേസെടുക്കാമായിരുന്നു. സച്ചിന്റേതെന്ന പേരില്‍ ഒരു കുബേരഭവനത്തിന്റെ ചിത്രം പ്രചരിപ്പിച്ച ‘തെമ്മാടി’ ആരാണെന്നു കണ്ടെത്താമായിരുന്നു.
മുംബൈയിലെ ബാന്ദ്രയില്‍ ഏതാനും മാസം മുമ്പ് 35 കോടി രൂപയുടെ കൊച്ചുവീട് സച്ചിന്‍ വാങ്ങിയതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അധികം താമസിയാതെ തന്നെ സച്ചിന്റെ ബാന്ദ്രയിലെ ‘ഷെല്‍ വീടി’ന്റെ മനംമയക്കുന്ന ചിത്രങ്ങളടങ്ങിയ ഇ മെയില്‍ പ്രചരിച്ചു തുടങ്ങി. അതില്‍ അവിശ്വസിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. സച്ചിന്റെ വീടിന്റെ കൌതുകകരമായ ഇന്റീരിയറും പുറംകാഴ്ചകളും ജനം ആസ്വദിച്ചു. കൂടുതല്‍ ആളുകള്‍ കാണട്ടെ എന്നു കരുതി ഫോര്‍വേഡ് ചെയ്തു. ഇപ്പോഴും ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നു. നൂറുകണക്കിനു വെബ്സൈറ്റുകളും ബ്ളോഗുകളും സച്ചിന്റെ വീടിന്റെ ചിത്രങ്ങള്‍ ഭയങ്കര എക്സ്ക്ളൂസീവ് ആയി പ്രസിദ്ധീകരിച്ചു. സച്ചിന്‍ വീടു വാങ്ങിയ വാര്‍ത്ത നല്‍കിയ സൈറ്റുകള്‍ പോലും ആ വാര്‍ത്തയോടൊപ്പം ചേര്‍ത്തത് ഈ ചിത്രങ്ങളാണ്.
ആരും കണ്ടാല്‍ കൊതിക്കുന്ന ആ വിസ്മയഭവനം കാണാന്‍ ബാന്ദ്രയിലെത്തിയാലോ, കാണുന്നത് മറ്റൊരു ഭവനം. അപ്പോള്‍ ഇ മെയിലില്‍ കണ്ട വീടോ ? അതു കാണണമെങ്കില്‍ മെക്സിക്കോ വരെ പോകണം. അപ്പോള്‍, സച്ചിനു മെക്സിക്കോയിലും വീടുണ്ടോ ? മെക്സിക്കോയിലെ നോകാള്‍പയിലുള്ള ഈ വീട് മഗള്ളി മയോര്‍ഗ എന്ന ചേച്ചിയുടേതാണ്. ഭര്‍ത്താവ് ഫെര്‍ണാന്‍ഡോ, മക്കളായ അലന്‍, ജോഷ്വ എന്നിവരാണ് വീട്ടിലുള്ളത്. ആ വീടുമായയോ വീട്ടിലുള്ളവരുമായോ സച്ചിന് ഒരു ബന്ധവുമില്ല. സച്ചിന്‍ ബാന്ദ്രയില്‍ വീട് വാങ്ങിയെന്ന വാര്‍ത്തയും ഗാര്‍ഡിയനില്‍ വന്ന കൌതുകഭവനത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും സങ്കലനം ചെയ്ത് ആരോ സൃഷ്ടിച്ച തമാശ ലക്ഷക്കണക്കിനാളുകളെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുന്നു.
മെക്സിക്കന്‍ വാസ്തുശില്‍പിയായ ജാവിയന്‍ സെനോസിയെന്‍ രൂപകല്‍പന ചെയ്ത വീട് ഒച്ചിന്റെ പുറംതോടിന്റെ മാതൃകയിലുള്ളതാണ്. നോട്ടിലസ് എന്നു പേരിട്ടിരിക്കുന്ന വീടിനെപ്പറ്റിയുള്ള വാര്‍ത്തയും ചിത്രങ്ങളും ഗാര്‍ഡിയന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതേ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സച്ചിന്റെ വീടെന്ന പ്രചാരണത്തിന് ഇമെയില്‍ സൃഷ്ടിച്ചിരിക്കുന്നത്. വാസ്തുശില്‍പിയുടെ പേരും മറ്റു വിവരങ്ങളും എല്ലാം കൃത്യം. ഉടമയുടെ പേരും സ്ഥലവും മാത്രം മാറ്റിയാണ് തട്ടിപ്പ് മെയില്‍ കറങ്ങുന്നത്. വാസ്തുശില്‍പി ജാവിയന്‍ സെനോസിയന്റെ വെബ്സൈറ്റിലും വീടിനെ സംബന്ധിച്ച വിശദാംശങ്ങളും ചിത്രങ്ങളുമുണ്ട്. ഒന്നും ഫോര്‍വേഡ് ചെയ്യാത്തവര്‍ എത്ര ഭാഗ്യവാന്‍മാര്‍ !










