സ്പെഷല്‍ പൊളിറ്റിക്കല്‍ സോണ്‍
സംസ്ഥാനത്ത് പ്രാദേശിക വാര്‍ഡ് തല കക്ഷികളെ വരെ ഉള്‍പ്പെടുത്തി പ്രത്യേക രാഷ്ട്രീയമേഖല രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൊത്തം രാജ്യത്തിന്റെയും രാഷ്ട്രീയഘടനയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന രാഷ്ട്രീയന്തരീക്ഷം സംസ്ഥാനത്ത് സംജാതമാക്കുന്നതിനു വേണ്ടിയാണ് സ്പെഷല്‍ പൊളിറ്റിക്കല്‍ സോണുകള്‍ രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിലവിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഇത്തരം പ്രശ്നങ്ങള്‍ റഷ്യ, ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ എങ്ങനെ പരിഹരിച്ചു എന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി പതിനഞ്ചംഗം വിദഗ്ധസമിതിയെ വിദേശത്തേയക്കാന്‍ മന്ത്രിസഭാസമിതി തീരുമാനിച്ചു.
സ്പെഷല്‍ പൊളിറ്റിക്കല്‍ സോണ്‍ നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഇവയൊക്കെയായിരിക്കും.
1.വിപ്ളവ പാര്‍ട്ടി എന്നൊന്നു മാത്രമേ പിന്നെ സംസ്ഥാനത്ത് നിലവിലുണ്ടാവൂ. ഖദര്‍പാര്‍ട്ടികള്‍ക്ക് കള്ളും പെണ്ണും കാശും കൊടുത്ത് ഒതുക്കും. പിന്നെയും വീര്യമുള്ളവരെ വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്‍പിലിട്ട് വെട്ടിക്കൊല്ലും. ഈ ഏകപാര്‍ട്ടിയിലെ പുരോഗമനക്കാരും വിപ്ളവകാരികളും തമ്മിലാവും മല്‍സരം. ഇലക്ഷന് കൂടുതല്‍ ബൂത്ത് പിടിക്കുന്ന കക്ഷി വിജയിക്കും.
2.ആളുകളെ മടിയന്‍മാരും അലസന്‍മാരുമാക്കുന്ന അവധി ദിവസങ്ങള്‍ പുരോഗമനപരമായ ഒരു സംവിധാനത്തില്‍ അനുവദിക്കില്ല. ശനി ഞായര്‍ ദിവസങ്ങള്‍ അവധി ദിവസങ്ങളായിരിക്കില്ല. പകരം, ആഴ്ചയില്‍ മൂന്നു ദിവസം സംസ്ഥാനതലത്തില്‍ ഹര്‍ത്താലാചരിക്കും. ബാക്കിയുള്ള നാല് ദിവസങ്ങളില്‍ മാത്രമേ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഹര്‍ത്താലാചരിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഹര്‍ത്താല്‍ ദിവസം വീടിനു പുറത്തിറങ്ങുന്ന ജനങ്ങളെ ഗുണ്ടാനിയമം അനുസരിച്ച് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് ചോര തുപ്പിച്ച ശേഷം വീട്ടില്‍ കൊണ്ടുപോയി വിടും.
അത്തരം ആളുകളെ എവിടെ വച്ചും വെട്ടാനും അന്നു തുറക്കുന്ന സ്ഥാപനങ്ങള്‍ ഏതായാലും അത് അടിച്ചുതകര്‍ക്കാനും വിപ്ളവപാര്‍ട്ടിയുടെ യുവജനസംഘടനകള്‍ക്ക് അനുമതിയുണ്ട്. ഇവരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കും.
3. ഹര്‍ത്താല്‍ ദിവസം പാര്‍ട്ടി അംഗത്വമുള്ള ജീവനക്കാര്‍ക്കും നേതാക്കള്‍ക്കും ജോലി ചെയ്യുന്നതിന് പൊലീസ് അകമ്പടി ലഭ്യമാക്കും. അല്ലാത്തവന്‍ ജോലി ചെയ്യാനിറങ്ങിയാല്‍ ലാത്തിചാര്‍ജ്ജ്, കണ്ണീര്‍വാതകപ്രയോഗം എന്നിവ നടക്കും. ഹര്‍ത്താലിനെതിരെ ഏത് നാറി സംസാരിച്ചാലും അവനെ സിഐഎ ചാരനായി മുദ്രകുത്തി നാടുകടത്തും. ഹര്‍ത്താല്‍ എന്ന കേരളീയരുടെ ഏറ്റവും ആവേശജനകമായ ആചാരം തകര്‍ക്കുന്നതിനെതിരെ അമേരിക്കയും ചില മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനകളെപ്പറ്റി പാര്‍ട്ടി കേന്ദ്ര നേതൃത്വം അറിഞ്ഞു കഴിഞ്ഞു.
4. ഹര്‍ത്താല്‍ ദിവസം ചികില്‍സ കിട്ടാതെയും വണ്ടി കിട്ടാതെയും അടി കിട്ടിയും ഒക്കെ വല്ലവനുമൊക്കെ ചത്താല്‍ അതിനൊന്നും വിപ്ളവ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.. അഥവാ അങ്ങനെ കുറെയെണ്ണം കേരളത്തില്‍ ചാകുന്നത് കൊണ്ട് വിപ്ളവ പാര്‍ട്ടിക്ക് ഒരു പുല്ലുമില്ല. ചാകുന്നത് ഏത് തെണ്ടിയായാലും അതാത് ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മൃതദേഹം പിടിച്ചെടുത്ത് ചെങ്കൊടി പുതപ്പിച്ച് പാര്‍ട്ടി ഓഫിസിന്റെ മുറ്റത്ത് കൊണ്ടു വന്ന് കുഴിച്ചിടേണ്ടതാകുന്നു. ബന്ധുക്കള്‍ എതിര്‍ക്കുകയാണെങ്കില്‍ മറ്റേ അമേരിക്കന്‍ ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്താവുന്നതാണ്. എന്നിട്ടും സമ്മതിക്കുന്നില്ലെങ്കില്‍ യുവജനസംഘടനക്കാരെ വിട്ട് വെട്ടിക്കാം.
5. ഈ ചാകുന്ന ജന്തുക്കളുടെയൊക്കെ ചരമത്തീതയതി ഓര്‍ത്തുവച്ച് അടുത്ത വര്‍ഷം മുതല്‍ അവരുടെ പേരില്‍ പാര്‍ട്ടി രക്തസാക്ഷിദിനം ആചരിച്ച് ജനപ്രീതി സമ്പാദിക്കേണ്ടത് അത്യാവശ്യമാണ്. പുരോഗമനപ്രസ്ഥാനമെന്ന നിലയില്‍ വിപ്ളവപാര്‍ട്ടിക്കെതിരെ നീക്കം നടത്തുന്നവരെ പാര്‍ട്ടി പാര്‍ട്ടിയുടേതായ രീതിയില്‍ കൈകാര്യം ചെയ്യും. കോടതി ഇനി ഒരക്ഷരം കൂടി ഹര്‍ത്താലിനെതിരെ സംസാരിച്ചാല്‍ കോടതി ഇരിക്കുന്നിടം ഞങ്ങള്‍ പാര്‍ട്ടി ആപ്പീസാക്കി മാറ്റും. ഇവിടെ കോടതിയും സര്‍ക്കാരും ജനങ്ങളും പൊലീസും ഗുണ്ടകളും കൊള്ളക്കാരും കൊലപാതകികളും എല്ലാം പാര്‍ട്ടിക്കാരാണെന്ന് കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം.
ഇത്രയധികം സംവിധാനങ്ങളോടെ നിലവില്‍ വരുന്ന സെപ്ഷല്‍ പൊളിറ്റിക്കല്‍ സോണിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് മുറുമുറുപ്പുയരുന്നതിനെതിരെ നാളെയും ഹര്‍ത്താല്‍ ദിവസം പാര്‍ട്ടിക്കാര്‍ തല്ലിക്കൊല്ലുന്ന ആളുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് പുരോഗമപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് അമേരിക്കന്‍ താല്‍പര്യം നടപ്പാക്കാന്‍ ശ്രമിക്കുന്ന മാധ്യമഭീകരതയ്ക്കെതിരെ നാളെ കഴിഞ്ഞും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ട് ലോഡ് സ്പിരിറ്റ് തമിഴ്നാട്ടില്‍ നിന്ന് അതിവേഗം ഇങ്ങോട്ടെത്തിക്കുന്നതിന് ട്രാഫിക് ക്ളിയര്‍ ചെയ്യുന്നതിനായി അതിനടുത്ത ദിവസവും ഹര്‍ത്താല്‍ ആയിരിക്കുമെന്ന വിവരം ഇതോടൊപ്പം അറിയിക്കുന്നു.
അറിയിപ്പ്:- പാര്‍ട്ടി പുതുതായി തുടങ്ങുന്ന ഹര്‍ത്താല്‍ ടിവിയിലേക്ക് വിവിധ യോഗ്യതകളുള്ളവരെ ക്ഷണിക്കുന്നു. ഹര്‍ത്താല്‍ ദിവസം പുറത്തിറങ്ങുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനായി ഹര്‍ത്താലാഭിമാനി എന്നൊരു പുതിയ പത്രവും പാര്‍ട്ടി തുടങ്ങുന്നു. ഇതില്‍ പടം വരുന്നവരെ 24 മണിക്കൂറിനകം വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന വിവരവും വിനയപൂര്‍വം അറിയിക്കട്ടെ.
സ്പെഷല്‍ പൊളിറ്റിക്കല്‍ സോണ്‍,
കേരള സ്റ്റേറ്റ്, ഇന്ത്യ










