പാലേരി മാണിക്യം: മമ്മൂട്ടി വിസ്മയിപ്പിക്കുന്നു
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമ സത്യത്തില് എഴുത്തുകാരന്റേയും സംവിധായകന്റെയും സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആദ്യ ഷോ കാണാന് തന്നെ തിയറ്ററിലെത്തിയത്. കോഴിക്കോട് കൈരളി തിയറ്ററില് തീരെ തിരക്കുണ്ടായിരുന്നില്ല. റിലീസിനോടനുബന്ധിച്ച് പബ്ളിസിറ്റി ഉണ്ടായിരുന്നില്ല എന്നുതാവണം കാരണം.
സിനിമ ആരംഭിക്കുന്നത് പാതിരാക്കൊലപാതകത്തിന്റെ പച്ചയായ അവതരണത്തോടെയാണ്. ക്ളോസപ്പ് ഷോട്ടുകളില് പിടഞ്ഞു മരിക്കുന്ന രണ്ടു ജീവനുകള്. പുഴയില് മുക്കിക്കൊല്ലുകയാണ് ഒരാളെ- ബ്രഹ്മദത്തന് നമ്പൂതിരി. കരുത്തനായ ഒരു പുരുഷന്റെ കീഴെ പിടഞ്ഞമരുകയാണ് വല്ലാതെ സുന്ദരിയായ ഒരു പെണ്കുട്ടി- പാലേരി മാണിക്യം ആവണം.
മരണം എല്ലാം നിശ്ചലമാക്കുന്നിടത്തു നിന്ന് നേരേ യുവാവായ ഹരിദാസന്റെ നേരിട്ടുള്ള കഥ പറച്ചിലിലേക്ക്. തന്റെ ജന്മനാടായ പാലേരിയിലെ മാണിക്യം എന്ന പെണ്കുട്ടിയുടെ കൊലപാതകത്തിന്റെ കഥ. ഹരിദാസ് ജനിച്ച രാത്രിയിലാണ് മാണിക്യത്തിന്റെ മരണം, ബ്രഹ്മദത്തന് നമ്പൂതിരിയുടേയും. ഇക്കാലമത്രയും തന്നെ വേട്ടയാടിയ ആ മരണങ്ങളുടെ ദുരൂഹതയിലേക്ക് അജ്ഞാതമായ കാരണങ്ങളാല് തന്നെ പിന്തുടരുന്ന മാണിക്യത്തിന്റെ നിലവിളിയുടെ രഹസ്യങ്ങളിലേക്ക് ഹരിദാസ് വരികയാണ്. ഭാര്യയുമായി അകന്നു കഴിയുന്ന ഹരിദാസ് ഒപ്പം കൊണ്ടുവരുന്നത് മറ്റൊരാളുടെ ഭാര്യയായ മയൂരിയെയാണ്. അവിഹിതബന്ധം എന്നതിനപ്പുറം സുഹൃത്തെന്ന നിലയിലും ക്രിമിനല് അനലിസ്റ്റ് എന്ന നിലയിലും മയൂരി, ഡിറ്റക്ടീവ് കൂടിയായ ഹരദാസിന്റെ ഉദ്യമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
പാലേരിയുടെ, മാണിക്യത്തിന്റെ, പാതിരാക്കൊലപാതകത്തെപ്പറ്റി താനിതുവരെ നടത്തിയ അന്വേഷണത്തിന്റെ കഥ ഹരിദാസിന്റെ വാക്കുകളില് പ്രേക്ഷകര്ക്കു മുന്നില് ചുരുളഴിയുന്നു. 1952 കാലഘട്ടം പുനസൃഷ്ടിക്കാനുളള സംവിധായകന്റെ ഉദ്യമങ്ങള് വിജയിച്ചിട്ടുണ്ട്. എന്നാല്, കഥാപാത്രങ്ങളുടെ ചിന്തയും തത്വശാസ്ത്രങ്ങളും പുതിയതാണ്. അക്കാലത്തെ വേഷവിധാനവും ഗതാഗതസംവിധാനവും പോലും ഒരുക്കി അന്പതുകളിലെ പാലേരിയെ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. കഥയുടെ കേന്ദ്രബിന്ദുവായ മാണിക്യം അത്ര സമൃദ്ധമായ ഒരു കഥാപാത്രമല്ല സിനിമയില്. തുരുന്ന ഹരിദാസിന്റെ അന്വേഷണം ചെന്നെത്തുന്നത് ഇരുളില് മാത്രം നില്ക്കുന്ന മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയിലാണ്. ഹാജിയുടെ ജാരസന്തതിയാണ് താനെന്ന വെളിപ്പെടുത്തലിനു പോലും ഹരിദാസ് തയ്യാറാവുമ്പോള് മുരിക്കുംകുന്നത്ത് തറവാടിന്റെ പശ്ചാത്തലത്തില് വെറുപ്പുകലര്ന്ന ഒരു നോട്ടവുമായി ഒറ്റത്തോര്ത്തുടുത്ത് സ്ക്രീനിലേക്കു വരികയാണ്, മമ്മൂട്ടിയുടെ എക്കാലവും ഓര്മിക്കപ്പെടുന്ന കഥാപാത്രം- മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി.
മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളോടൊപ്പം ഇനി മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന കണ്ണില്ച്ചോരയില്ലാത്ത വില്ലനുമുണ്ടാവും. അത്രമേല് പാകം വന്ന ചേരുവകള് ഹാജിയെ സമ്പൂര്ണമാക്കുന്നു. മമ്മൂട്ടി എന്ന നടന് വ്യത്യസ്തമായ ഒരു പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കുകയാണ് അഹമ്മദ് ഹാജിയിലൂടെ. സിനിമയില് മമ്മൂട്ടി മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും നായകനായ ഹരിദാസ് പോലും അഹമ്മദ് ഹാജിയുടെ പ്രഭാവത്തില് നിഷ്പ്രഭനാവുന്നു എന്നു പറയേണ്ടി വരും. ഹാജി അത്രമേല് പ്രേക്ഷകരുടെയുള്ളിലേക്ക് പ്രവേശിക്കുകയാണ്. സിനിമ കഴിഞ്ഞാലും ശക്തമായി വേട്ടയാടുന്ന കഥാപാത്രമായി ഹാജി പിന്തുടരും. ജോര്ജിന്റെ മേക്കപ്പിനും 100 മാര്ക്ക്.
മാണിക്യത്തിന്റെ അമ്മായിമ്മയായ ചീരുവിനെ(ശ്വേത മേനോന്) ഹാജി വശംവദയാക്കുന്ന സീന് ശ്രദ്ധേയമാണ്. കുളി കഴിഞ്ഞു പോകുന്ന ചീരുവിന്റെ നഗ്നമായ പുറം നോക്കി- ഉള്ള ചീത്തുപ്പേര് കൂട്ടാനായിട്ട് പെണ്ണുങ്ങളിങ്ങനെ ഇറങ്ങി നടന്നാല് എന്താ ചെയ്ക ? – എന്ന് ആത്മഗതം നടത്തുന്ന ഹാജി പിറ്റേന്ന് കശുമാവിന്തോപ്പില് വച്ച് കാല്വിരല്കൊണ്ട് ചീരുവിന്റെ പൊക്കിള്ച്ചുഴിയിലുഴിഞ്ഞ് അവളുടെ മടിക്കുത്തഴിക്കുന്നു. പിന്നെയും മുകളിലേക്കു കയറുന്ന ഹാജിയുടെ വലംകാല് സമൃദ്ധമായ മാറിടങ്ങളെ ഒതുക്കി നിര്ത്തിയിരിക്കുന്ന ചീരുവിന്റെ റവുക്കയുമഴിക്കുമ്പോള് വേട്ടക്കാരന്റെ ഹരം നിറയുന്ന അയാളുടെ കണ്ണുകള് പ്രേക്ഷകനെ വല്ലാതെ വെറുപ്പിക്കും. പാലേരിയിലെ സുന്ദരിമാരെയെല്ലാം ഭോഗിക്കുന്ന എതിര്ക്കുന്നവരെ നിസ്സാരമായി ചവുട്ടിക്കൊല്ലുന്ന പാലേരിയുടെ ഉടയോനായ ഹാജി തന്നില് നിന്നു കുതറിരക്ഷപെട്ട മാണിക്യത്തെ കീഴ്പെടുത്തുന്നതിനു പാലേരിയിലെ മുഴുവന് ആളുകളെയും നാടുകടത്തുകയാണ്. അതിനു വേണ്ടി, പണം ചെലവിട്ട് അയാള് കുറ്റ്യാടിയില് നാടകം കളിപ്പിക്കുന്നു. മാണിക്യം ഒഴികെ പാലേരി മുഴുവന് നാടകത്തിനു പോയ ആ രാത്രിയിലാണ് കൊലപാതകങ്ങള് അരങ്ങേറുന്നത്. ദുരൂഹത വര്ധിപ്പിച്ച് അതേ രാത്രിയില് നാടുവിട്ടുപോവുകയാണ് ചന്തമ്മന് പൂജാരി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്കു മുന്നില് പ്രേക്ഷകരെ വട്ടം കറക്കുകയാണ് സിനിമ.
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലുമായി സിനിമ എത്രത്തോളം നീതി പുലര്ത്തുന്നു എന്നൊരന്വേഷണത്തിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. സിനിമ തിയറ്ററില് വിജയമാകുമോ അല്ലയോ എന്നതും പ്രവചിക്കാനാവില്ല. പക്ഷെ, പാലേരി മാണിക്യം ഒരു നല്ല സിനിമയാണ്. കച്ചവട സിനിമയുടെ നിറക്കൂട്ടുകളോടു നീതിപുലര്ത്തുന്നില്ലെങ്കിലും മൂലകൃതിയുടെ ആറ്ജ്ജവം കൊണ്ടും മമ്മൂട്ടി എന്ന നടന്റെ അസാമാന്യമായ പ്രകടനം കൊണ്ടും സിനിമ എന്നും നിലനില്ക്കും. സിനിമയുടെ വിധി എന്തായാലും ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം മലയാള സാഹിത്യത്തിലെ ഏറ്റവും ശക്തമായ നോവല് എന്നു വിശേഷിപ്പിക്കപ്പെടുന്ന ടി.പി.രാജിവന്റെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിന്റെ ആയിരം കോപ്പികള് കൂടിയെങ്കിലും വിറ്റുപോകാന് സിനിമ ഒരു പ്രചോദനമാകും എന്നതില് സംശയമില്ല.










