മറക്കില്ല നവംബര്‍, നിന്റെ 26നെ
60 മണിക്കൂര്‍ നീണ്ട പോരാട്ടം, 166 മരണങ്ങള്‍. ഒരു രാജ്യം അതിന്റെ ഏറ്റവും നിര്‍ണായകമായ സുരക്ഷാവീഴ്ചയിലൂടെ കടന്നുപോയിട്ട് ഇന്ന് ഒരു വര്‍ഷം. ആസൂത്രിതമായ കൂട്ടക്കൊലയ്ക്കു പിന്നില്‍ ആരായിരുന്നു എന്നും അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നും എല്ലാവര്‍ക്കും അറിയാം. പിടിക്കപ്പെട്ട ഒരേയൊരു തീവ്രവാദി മുഹമ്മദ് അബ്ുദല്‍ അമര്‍ കസബ് അന്വേഷകരുടെ കൈകളില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരകളായവരുടെ ശത്രുവായല്ല, ഈ രാജ്യത്തിന്റെ മുഴുവന്‍ ശത്രുവായി മരണശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കാത്ത ആ കൊലയാളി കൂട്ടക്കൊലയുടെ ഒന്നാം വാര്‍ഷികത്തിലും ജീവനോടിരിക്കുന്നു, നല്ല ഭക്ഷണം, താമസം മികച്ച ആരോഗ്യം. കസബ് ഇന്നൊരു താരമാണ്.
കസബിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയുടെയോ സമവായത്തിന്റെയോ ഒന്നും സാധ്യത നിലവിലില്ല. കസബിനെ താരമാക്കിയത് ഇന്ത്യയിലെ മാധ്യമങ്ങളാണ്. കസബ് ചിരിക്കുന്നു, മൂത്രമൊഴിക്കുന്നു, ഭക്ഷണം കഴിക്കുന്നു, കോമഡി പറയുന്നു.. അങ്ങനെ അങ്ങനെ വിചാരണയുടെ ഒരു വര്‍ഷക്കാലം മാധ്യമങ്ങളില്‍ പ്രതിഫലിച്ചത് രാജ്യത്തിന്റെ വികാരമല്ല മറിച്ച് പെറ്റ തള്ളയെ റേപ് ചെയ്താല്‍ അതിനും അല്‍പം പശ്ചാത്തലസംഗീതവും മേമ്പൊടിക്കു കുറച്ചു സീല്‍ക്കാരവും ചേര്‍ത്ത് പ്രൈംടൈമില്‍ സംപ്രേഷണം ചെയ്യാനുള്ള കച്ചവടബുദ്ധിയാണ്. മുംബൈ ഭീകരാക്രമണസമയത്ത് ക്യാമറയും മൈക്കുമായി താജിനു മുമ്പില്‍ വീണു കിടന്നും ചെരിഞ്ഞു കിടന്നും റോഡിലൂടെ ഇഴഞ്ഞുമൊക്കെയായി റിപ്പോര്‍ട്ടിങ് നടത്തിയ, കുണ്ടിക്കു വെടിയേറ്റിട്ടും സധൈര്യം തീവ്രവാദികള്‍ക്കെതിരെ റിപ്പോര്‍ട്ടിങ് നടത്തിയ മാധ്യമപ്രവര്‍ത്തകരെ അവരുടെ സ്ഥാപനങ്ങള്‍ പുറത്തു തട്ടി അഭിനന്ദിച്ചു. – നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ രാജ്യം അവന്‍മാര്‍ കത്തിച്ചു ചാമ്പലാക്കിയേനെ. അതു കേട്ടു വിശ്വസിച്ചവര്‍ ന്യൂസ് ചാനലുകള്‍ക്കു മുമ്പിലിരുന്ന് കണ്ണീര്‍ തുടച്ചു- ഈശ്വരാ ! ചാനല്‍ രക്ഷിച്ചു !
മുംബൈ ഭീകരാക്രമണസമയത്ത് ചാനല്‍ ആരെയെങ്കിലും രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് പാക്കിസ്ഥാനിലിരുന്ന് തീവ്രവാദികളെ നിയന്ത്രിച്ചുകൊണ്ടിരുന്ന ലഷ്കര്‍ നേതാക്കളെയാണ്. പൂര്‍ണമായും ചാനല്‍ ലൈവ് അധിഷ്ഠിത ആക്രമണമായിരുന്നു അത്. എല്ലാവരെയും രക്ഷിച്ചത് ചാനലാണ് എന്നു വിശ്വസിച്ച ലോകത്തിനു മുന്നിലേക്ക് സത്യം വിളമ്പിയത് ഡാന്‍ റീഡിന്റെ വിവാദമായ ഡോക്യുമെന്ററിയാണ്. അതാകട്ടെ ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. സത്യം ഇനിയും വളരെ അകലെയാണ്. എപ്പോള്‍ എവിടെ വെടിയുതിര്‍ക്കണം എന്നു തുടങ്ങി കമാന്‍ഡോകള്‍ എവിടെ വരെയെത്തി എനന്നു വരെ ചാനല്‍ ലൈവ് നോക്കി നിര്‍ദേശിച്ചിരുന്ന ലഷ്കര്‍ നേതാക്കള്‍ക്ക് തീര്‍ച്ചയായും ആ ആക്രമണം ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് സമര്‍പ്പിക്കാം. അരയും തലയും മുറുക്കി ചാനലുകാര്‍ രംഗത്തില്ലായിരുന്നെങ്കില്‍ അന്ന് ഒരു കോപ്പും നടക്കില്ലായിരുന്നു.
ആക്രമണം കഴിഞ്ഞു, ചാനലുകാരെ വകഞ്ഞുമാറ്റി കമാന്‍ഡോകള്‍ ഒരുവിധം ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അടുത്ത പരിപാടി തുടങ്ങി. ഈ നാട്ടില്‍ സുരക്ഷ പോര, സര്‍ക്കാര്‍ പോര, തുടങ്ങിയ ടോക് ഷോകളും രാഷ്ട്രീയക്കാരെ ചീത്തവിളിക്കുന്ന ലൈവ് ഷോകളും. കേരളത്തിലെ മാധ്യമങ്ങളും പിന്നിലായില്ല. കാത്തുകാത്തിരുന്നു കിട്ടിയ രക്തസാക്ഷി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്കു പിടിച്ചു. അവിടെ ആരൊക്കെ വന്നു, എന്തൊക്കെ വാഗ്ദാനം നല്‍കി തുടങ്ങിയ അന്വേഷണങ്ങള്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ‘പട്ടി’ പ്രയോഗ വിവാദത്തില്‍ കലാശിച്ചു. എന്നിട്ടെന്തുണ്ടായി ? മുംബൈ ബാകരാക്രമണം വിട്ട് മാധ്യമങ്ങള്‍ വിവാദത്തിലേക്കു വന്നു. പാവം ജനം, ഇതാണ് ഇപ്പോഴത്തെ പ്രശ്നം എന്നു കരുതി അതിന്റെ പിന്നാലെ പാഞ്ഞു. ചര്‍ച്ചകളില്‍ പങ്കെടുത്തു.
എല്ലാം കഴിഞ്ഞപ്പോള്‍ അവശേഷിക്കുന്ന കസബിലേക്കായി പിന്നീടുള്ള ശ്രദ്ധ. പാവം കസബ് ! അവനെന്തു മാത്രം കഷ്ടപ്പെടുന്നു. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആ പാവത്തെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ച് ഭീകരവാദത്തിലേക്കെത്തിച്ചു. പട്ടിണി കൊണ്ട് ആളുകള്‍ ഇങ്ങനെയൊക്കെ ചെയ്തു പോകുന്നതില്‍ തെറ്റു പറയാനൊക്കുമോ എന്നും ഇനി ഈ മാധ്യമങ്ങള്‍ പറയും. ഒടുവില്‍ വിചാരണ കഴിഞ്ഞ് കസബിനെ ശിക്ഷാവിധിക്കു വിധേയനാക്കുമ്പോള്‍ നിഷ്ഠുരനായ ആ കൊലയാളിക്ക് എത്ര ചെറിയ ശിക്ഷ നല്‍കിയാലും അതില്‍ പ്രതിഷേധിക്കാനും അവനെ വെറുതെ വിടണമെന്ന് ആക്രോശിക്കാനും ഇവിടെ ആളുകളുണ്ടാവും. മരിച്ചവരില്‍ എത്ര ഹിന്ദു, എത്ര മുസ്ലിം എത്ര ക്രിസ്ത്യാനി എത്ര ജൂതന്‍ എന്നതു കണക്കെടുത്ത് ദുരന്തത്തെ വ്യാഖ്യാനിക്കുന്ന മാനസികരോഗികളോടും തീവ്രവാദികള്‍ എത്ര ശതമാനം മുസ്ലിംകളാണ് എന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ പക്ഷം പിടിക്കുന്ന രാഷ്ട്രീയവും തീവ്രവാദത്തിന്റെ മറ്റു മുഖങ്ങളാണ്.
തീവ്രവാദം അതിനാല്‍ തന്നെ ഒരു മതമാണ്. ലോകത്തെ ചില രാജ്യങ്ങള്‍ക്കു മാത്രമല്ല, മാനവികതയ്ക്കും ലോകസമാധാനത്തിനും ഭീഷണിയാകുന്ന ഏറ്റവും നിഷിദ്ധമായ പ്രകൃതിവിരുദ്ധമതമാണ് തീവ്രവാദം. അതൊരാഘോഷമാകാതിരിക്കാന്‍ തീവ്രവാദഭീഷണികള്‍ അംഗീകൃതഘോഷയാത്രകളാകാതിരിക്കാന്‍ നമുക്കും ഉണര്‍ന്നിരിക്കാം. ഈ രാജ്യത്തിനു വേണ്ടി, ഈ ലോകത്തിനു വേണ്ടി, പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ…

