മാധ്യമങ്ങളുടെ സ്വന്തം മരുമകള്‍
ചെറിയ ചില കൊള്ളകളും കൊള്ളിവയ്‍പുകളും നമ്മെ ഉത്തേജിപ്പിക്കാതായിട്ട് കുറെക്കാലമായി. ബലാല്‍സംഗങ്ങളും പീഡന-വാണിഭങ്ങളും സിനിമാല ടീമിന്‍റെ മിമിക്രി പോലെ അറുബോറായി തുടരുന്നു. കൊലപാതകങ്ങള്‍ നമ്മുടെ ശ്രദ്ധ നേടുന്ന കാലവും കഴിഞ്ഞു. അഴിമതിയും അധോലോക കഥകളും ഒന്നുമേ അല്ലാതായി. വ്യത്യസ്തമായ സംഭവങ്ങളാണ് ഇനി വേണ്ടത്. അടുത്തകാലത്ത് അങ്ങനെയൊന്നു കിട്ടിയത് മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധമായിരുന്നു. ഓംപ്രകാശ് പുത്തന്‍പാലം രാജേഷ് എന്നിവരെ പോലീസ് പിടിച്ചതോടെ അതിന്‍റെ ഹരമങ്ങ് പോയി. ഇനിയെന്ത് എന്നാലോചിച്ചു ബോറടിച്ചിരിക്കുന്ന നമുക്ക് ദൈവമായിട്ടു തന്നതാണ് കാരണവര്‍ വധം. പ്രെയ്സ് ദി ലോര്‍ഡ് !
മാധ്യമങ്ങള്‍ നമുക്ക് വാര്‍ത്തകള്‍ തരുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ നമ്മുടെ മനസ്സ് ആഗ്രഹിക്കുന്നതുപോലെയാണെന്നേ പറയാന്‍ പറ്റൂ. ഓരോ ജനതയ്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമല്ല അവരര്‍ഹിക്കുന്ന മാധ്യമങ്ങളെക്കൂടി കിട്ടുന്നു എന്നു വേണം കരുതാന്‍. പോള്‍ എം. ജോര്‍ജ് വധം നമ്മള്‍ അങ്ങനെ ആഘോഷിച്ചതാണ്. കൊലപാതകത്തെക്കാള്‍ അതിനെത്തുടര്‍ന്നുണ്ടായ ഡ്രാമകളാണ് നമ്മെ അതിലേക്കാകര്‍ഷിച്ചത്. അല്ലാതെ നമുക്കെന്ത് പോള്‍ !
ഒരു പെണ്ണ് ! അതും സുന്ദരിയായ ഒരു യുവതി സ്വന്തം അമ്മായിയപ്പനെ തട്ടുന്നു. അത് വളരെ ആസൂത്രിതമായി, ഗുണ്ടകളുടെ സഹായത്തോടെ. വളരെ വളരെ താല്‍പര്യജനകമായ കൊലപാതകമായി കാരണവര്‍ വധം വല്ലാത്തൊരു സിനിമാറ്റിക് ഇഫക്‍ടോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. സാധാരണ കൊലപാതകത്തില്‍ നിന്നു വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങളുടെ പേരുകളും ശ്രദ്ധേയമാണ്. കാരണവര്‍, ഷെറിന്‍, ബാസിത് – ഷാജി കൈലാസും എസ്എന്‍സ്വാമിയും വരെ തോറ്റുപോവും. കേരളത്തിലെ വാര്‍ത്താമാധ്യമങ്ങള്‍ പുണ്യം ചെയ്തവരാണ്. സിനിമക്കാര്‍ക്കും സീരിയലുകാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് അവര്‍ക്ക്.
കാരണവര്‍ വധം പോള്‍ എം ജോര്‍ജ് വധവുമായി വേറിട്ടു നില്‍ക്കുന്നത് അതിലെ സെക്സ് അപ്പീല്‍ കൊണ്ടാണ്. കൊലക്കേസിനു സെക്സ് അപ്പീലുണ്ടോ എന്നൊക്കെ ചേദിച്ചാല്‍ ഉണ്ടെന്നു പറയുന്നത് ക്രൂരമാണെന്നറിയാം പക്ഷെ, വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി കൊണ്ട്, അതിനെ ജനം ആസ്വദിക്കുന്ന രീതി കൊണ്ട് ഇതൊക്കെ ഉള്ളതാണെന്നേ പറയാന്‍ പറ്റൂ.കൊല്ലപ്പെട്ട കാരണവരുടെ ജീവിതമല്ല കുറ്റവാളി എന്നു സംശയിക്കുന്ന ഷെറിന്‍റെ സൗന്ദര്യ-ശരീര വര്‍ണനകളും വായനക്കാരെ ഒരു തരത്തില്‍ ടീസ് ചെയ്യുന്ന ചില പ്രയോഗങ്ങളുമാണ് ഒരു പത്രത്തില്‍ അനുദിനം ഈ വാര്‍ത്തയുമായി ബന്ധപ്പെട്ടു വന്നിരിക്കുന്നത്. ഷെറിന്‍റെ സാമാന്യം നല്ല ചിത്രങ്ങളും നല്‍കാന്‍ മിക്കവാറും പത്രങ്ങളും ശ്രദ്ധിക്കുന്നുണ്ട്. പെണ്ണുങ്ങള്‍ എന്തു കുറ്റം ചെയ്താലും ആണുങ്ങളായ വായനക്കാരെ സംബന്ധിച്ചടത്തോളം അതിനു സെക്സ് അപ്പീലുണ്ട്.
”ആപ്പിള്‍ പോലിരിക്കുന്ന ഷെറിന്റെ ദേഹത്തു കൈവയ്‌ക്കാന്‍ മനസുവരുന്നില്ല”- ഒരു വനിതാ കോണ്‍സ്റ്റബിള്‍ പറഞ്ഞതായി പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്. എന്തിനാണ് ഇത്തരം റിപ്പോര്‍ട്ടിങ് എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. ആ വരി വായനക്കാരനെ എങ്ങനെയൊക്കെ ഉത്തേജിപ്പിക്കും എന്നറിയാവുന്നതുകൊണ്ട് തന്നെയാണ് ഇങ്ങനെയെഴുതാനും ആളുകള്‍ തയ്യാറാവുന്നത് എന്നൂഹിക്കാം. ഷെറിന്‍റെ വഴിവിട്ട ബന്ധങ്ങളും അവയുടെ കഥകളും ഒക്കെയായി സഭവം പിന്നെയും കൊഴുക്കുകയാണ്. പോള്‍ എം.ജോര്‍ജ് വധക്കേസില്‍ പോലീസിനെതിരെയായിരുന്നു മാധ്യമങ്ങള്‍ എങ്കില്‍ ഈ കേസില്‍ ഷെറിന്‍റെ വ്യക്തിജീവിതത്തിലേക്ക് എത്ര ആഴത്തിലിറങ്ങാന്‍ കഴിയും എന്നാണ് മാധ്യമങ്ങള്‍ നോക്കുന്നത്. ഷെറിന്‍റെ ജീവിതകഥ തന്നെ പലരും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു. ഷെറിന്‍റെ മദാലസചിത്രങ്ങളടങ്ങിയ ഫോട്ടോ ഗാലറി കൂടി പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ ആരഭിക്കും എന്നു പ്രതീക്ഷിക്കാം.
കേരളത്തിലെ നടുക്കിയ- എന്ന തലക്കുറിയോടെയാണ് ഈ വാര്‍ത്തകള്‍ അവതരിപ്പിക്കപ്പെടുന്നതെങ്കിലും ആത്മാര്‍ത്ഥമായി പരോശോധിച്ചാല്‍ വായനക്കാരെ പുളകം കൊള്ളിച്ച അല്ലെങ്കില്‍ റീഡര്‍ഷിപും വ്യവര്‍ഷിപും വല്ലാതെ കൂട്ടിയ ഇത്തരം വാര്‍ത്തകള്‍ മാത്രമാണ് മാധ്യമരംഗത്തെ മാന്ദ്യങ്ങളില്‍ നിന്നു രക്ഷിച്ചു നിര്‍ത്തുന്നത്. പ്രവീണ്‍ വധം, കണിച്ചുകുളങ്ങര കൊലപാതകം തുടങ്ങിയ ടൈറ്റിലുകളില്‍ നമ്മുടെ ഓര്‍മയിലേക്കു വരുന്ന സംഭവങ്ങളിലൊക്കെ മാധ്യമ ഇടപെടല്‍ ഇതേ വിധത്തിലായിരുന്നു എന്നത് വിസ്മരിക്കാനാവില്ല. മാധ്യമനിലപാടിനെ വിമര്‍ശിക്കുകയാണോ എന്‍റെ ലക്ഷ്യം എന്നു ചോദിച്ചാല്‍ അല്ല. ഒരിക്കലും ഒരു മാധ്യമത്തിനും അവരുടെ കച്ചവടതന്ത്രം ജനങ്ങളിലേക്കു നേരിട്ട് കുത്തിവയ്‍ക്കാനാവില്ല. ബീഭത്സമായ ദുരന്തചിത്രങ്ങള്‍ രാവിലെ ഒന്നാം പേജില്‍ വായനക്കാര്‍ക്കു മുന്നിലേക്കു നല്‍കുന്ന ഒരു സംസ്കാരമുണ്ടായിരുന്നു ഇവിടെ. ഇന്ന് അപകടങ്ങള്‍ മുമ്പത്തേതിനെക്കാള്‍ ബീഭല്‍സമായിരിക്കുന്നു എങ്കിലും അത്തരമൊൊരു ചിത്രം വായനക്കാരനു നല്‍കുന്ന ഒരു മാധ്യമവും ഇവിടെയില്ല. വായനക്കാരനാണ് ഈ മാറ്റം വരുത്തിയത്. എന്നാല്‍, കാരണവര്‍ വധവും പോള്‍ വധവും പോലെയുള്ള വാര്‍ത്തകള്‍ ഇങ്ങനെ വായിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഇവ ഇതുപോലെ നല്ല മസാലയില്‍ പൊതിഞ്ഞു തന്നെ നമുക്കു കിട്ടിക്കൊണ്ടിരിക്കും.










