ജയിക്കാനായി ജനിച്ചവന്‍
1980 നവംബര്‍ 16 ഞായറാഴ്ച: ‘ദീപം’ എന്ന സിനിമയുടെ ഫസ്റ്റ് ഷോ കാണാന്‍ തിയറ്ററില്‍ കയറിയവരാരും അന്നു സന്തോഷത്തോടെയല്ല മടങ്ങിയത്. സിനിമയുടെ കഥയോ ക്ളൈമാക്സോ ഒന്നും അവരെ സ്വാധീനിച്ചതേയില്ല. ഒരിക്കലും മറക്കാനാവാത്ത ഒന്നായി ആ ഷോ മാറ്റിയത് ഇടയ്ക്ക് പ്രദര്‍ശനം നിര്‍ത്തി പ്രദര്‍ശിപ്പിച്ച, തിയറ്ററില്‍ ഞെട്ടലും അമ്പരപ്പും നിലവിളിയു ഉയര്‍ത്തിയ ഒരു സ്ലൈഡ് ആയിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ഇൌ ചിത്രത്തിലെ നായകനായ ജയന്‍ മദ്രാസില്‍ അപകടത്തില്‍ മരിച്ചു”
കേരളം മുഴുവന്‍ സ്നേഹിക്കുന്ന, ആരാധിക്കുന്ന, ചെറുപ്പം പിന്‍തുടരാന്‍ കൊതിക്കുന്ന സാഹസികതയെ അങ്ങനെയൊന്നും മരണത്തിനു പിടിച്ചെടുക്കാനാവില്ല എന്ന വിശ്വാസം പൊലിഞ്ഞു. പക്ഷേ, അത് താല്‍ക്കാലികമായിരുന്നു. ജയന്റെ സിനിമകള്‍ പോലെ തന്നെ, അവസാനിച്ചു എന്ന് എഴുതിവച്ചിടത്തു നിന്ന് ആ നടന്‍ ഉയിര്‍ത്തെഴുന്നേറ്റു. ജീവിച്ച കാലഘട്ടത്തില്‍ സൃഷ്ടിച്ചതിനേക്കാള്‍ ആരാധകരെ സൃഷ്ടിച്ച് തലമുറകളുടെ സൂപ്പര്‍ ഹീറോ ആയി ജയന്‍ ഒാര്‍മകളുടെ സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു, 29 വര്‍ഷങ്ങള്‍ക്കു ശേഷവും. തന്റെ ചെയ്തികളെയോര്‍ത്ത് മരണം പശ്ചാത്തപിക്കുന്നുണ്ടാവണം.
എഴുപതുകളുടെ അവസാനം. മലയാള സിനിമ പ്രേം നസീറിന്റെ താരപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന കാലം. രവികുമാര്‍, വിന്‍സന്റ്, സുധീര്‍, രാഘവന്‍, ജോസ്, മോഹന്‍, മധു, സോമന്‍, കമലഹാസന്‍, സുകുമാരന്‍- ഇനിയൊരു താരത്തിനും ഇടമില്ലെന്നു തോന്നിപ്പിക്കും വിധം സമൃദ്ധമായ താരനിരയിലേക്കാണ് ഇന്ത്യന്‍ നേവിയിലെ സബ് ലെഫ്റ്റനന്റ് കേണലായിരുന്ന കൃഷ്ണന്‍ നായര്‍ കയറി വരുന്നത്. 1974ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ മലയാള സിനിമയിലെത്തിയത്.
തുടര്‍ന്ന് 1976ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘പഞ്ചമി’യിലെ വില്ലനായ ഫോറസ്റ്റ് റേഞ്ചറുടെ വേഷം. ചിത്രത്തില്‍ കെ.പി.ഉമ്മറിനു പകരം തന്റെ മുറച്ചെറുക്കനായ കൃഷ്ണന്‍ നായരെ നടി ജയഭാരതിയാണ് സംവിധായകന്‍ ഹരിഹരനു പരിചയപ്പെടുത്തിയത്. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഹരിഹരന് ഇഷ്ടമായി. പഞ്ചമിയിലാണ് കൃഷ്ണന്‍ നായര്‍ ജയന്‍ എന്ന പേര് സ്വീകരിക്കുന്നത്.
തുടര്‍ന്ന് ശശികുമാര്‍, ഹരിഹരന്‍, എ.ബി. രാജ് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അനേകം ചെറുവേഷങ്ങള്‍ ചെയ്തു. വേഷത്തിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ ജയനെന്ന നടനെ അലട്ടിയിരുന്നില്ല. ചെറിയ വേഷങ്ങളില്‍ നിന്ന് വില്ലന്‍ വേഷങ്ങളിലേക്ക് ജയന്‍ മാറിയത് വളരെ വേഗമായിരുന്നു. മുക്കുവനെ സ്നേഹിച്ച ഭൂതം, അടവുകള്‍ പതിനെട്ട്, ഇതാ ഒരു മനുഷ്യന്‍, ജയിക്കാനായി ജനിച്ചവന്‍, അമൃതവാഹിനി അങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍. ഇതിനിടയിലാണ് ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരത്തിന്റെ വരവ്. എല്ലാ അര്‍ഥത്തിലും ട്രെന്‍ഡ് സെറ്ററായി മാറിയ സിനിമയായിരുന്നു ശരപഞ്ജരം. നായകനും വില്ലനുമെല്ലാം ജയന്‍. ജയന്റെ ശരീരസൌന്ദര്യവും ഭാവപ്രകടനങ്ങളിലെ പൌരുഷവും ചിത്രത്തില്‍ പൂര്‍ണതയോടെ അവതരിപ്പിക്കപ്പെട്ടു. കഥാപാത്രത്തിന്റെ ആകാരത്തിനു യോജിക്കുന്ന മുഴങ്ങുന്ന ശബ്ദവും കൂടിയായപ്പോള്‍ ജയന്‍ എന്ന നടന്‍ മലയാളിയുടെ മനസ്സിലെ നിത്യവിസ്മയമായി മാറി. കളക്ഷനില്‍ വന്‍ റെക്കോര്‍ഡ് തന്നെയാണ് ശരപഞ്ജരം സൃഷ്ടിച്ചത്. ജയന്‍ എന്ന നടന്റെ താരത്തിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം അവിടെയായിരുന്നു. ശരപഞ്ജരം മലയാള സിനിമയ്ക്ക് പുതിയ വിജയഫോര്‍മുലകള്‍ സമ്മാനിച്ചു. ‘ശരപഞ്ജര’ത്തിലൂടെ ജയനും കുതിരയും എന്ന ഇമേജ് സിനിമയിലെ തുടര്‍ച്ചയായി.
ഒരു രാഗം പല താളം, ലൌ ഇന്‍ സിംഗപ്പൂര്‍, പാലാട്ട് കുഞ്ഞിക്കണ്ണന്‍, കടത്തനാട്ട് മാക്കം, അസ്തമയം, വേനലില്‍ ഒരു മഴ തുടങ്ങിയ സിനിമകളിലൂടെ ജയന്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി. തച്ചോളി അമ്പു എന്ന മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ് ചിത്രം ജയന്റെ അഭിനയ ശേഷിയുടെ മറ്റൊരു മുഖം കൂടി പ്രേക്ഷകര്‍ക്കു കാഴ്ചവച്ചു. ചിത്രത്തിലെ ജയന്റെ ഇരട്ടവേഷം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
അങ്കക്കുറിയിലെ നായക വേഷത്തിനു പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ അങ്ങാടിയിലെ ബാബു എന്ന തൊഴിലാളി നേതാവിന്റെ വേഷം ജയന്‍ എന്ന താരത്തിന് മലയാള സിനിമയുടെ താരസിംഹാസനം തന്നെ സമ്മാനിച്ചു. പ്രേംനസീറിനൊപ്പം അല്ലെങ്കില്‍ ഒരു പടി മുകളില്‍, ആരാധകര്‍ ജയനെ എന്നെന്നേക്കുമായി മനസ്സില്‍ പ്രതിഷ്ഠിച്ചു. ചിത്രം വന്‍ഹിറ്റായി മാറി. ‘വി ആര്‍ നോട്ട് ബെഗ്ഗേഴ്സ്’ എന്നു തുടങ്ങുന്ന ജയന്റെ ഇംഗിഷ് ഡയലോഗുകള്‍ പ്രേക്ഷകരുടെ കയ്യടി വാങ്ങി. പിന്നീട് മിമിക്രിക്കാര്‍ അനുകരിച്ചു തുടങ്ങിയ അല്‍പം നീട്ടി അവസാനിപ്പിക്കുന്ന സംഭാഷണശൈലി പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതും അങ്ങാടിയിലൂടെയാണ്.
താരം എന്നതിനപ്പുറത്തേക്കുള്ള അപകടകരമായ വളര്‍ച്ച പിന്നീടായിരുന്നു. സിനിമാ മാസികകള്‍ ജയനെ എഴുതി വലുതാക്കി. അതിസാഹസികതയുടെ ഭ്രമിപ്പിക്കുന്ന കഥകളുമായി ജയന്‍ സ്പെഷല്‍ പതിപ്പുകളിറങ്ങി. കഥാപാത്രമേതായാലും അതില്‍ സാഹസികത ഉണ്ടെന്നുറപ്പു വരുത്തുന്നതിലായി നിര്‍മാതാക്കളുടെ ശ്രദ്ധ. ജയന്‍ സിംഹവുമായി മല്‍പ്പിടുത്തം നടത്തുന്നു, ആനയുടെ കൊമ്പില്‍ തൂങ്ങുന്നു, പാമ്പിനെ തോളിലണിയുന്നു, നാലു നിലയുടെ മുകളില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടുന്നു, ഒാടുന്ന ട്രെയിനില്‍ ചാടിക്കയറുന്നു.. അങ്ങനെ പോയി വാര്‍ത്തകളും കഥകളും. അത് തുടര്‍ന്നുള്ള സിനിമകളെയും സ്വാധീനിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ സിനിമകള്‍ ജയന്‍ എന്ന നടനെ തന്റെ ശരീരത്തിന്റെയും സാഹസികതയുടെയും പരിധികള്‍ക്കപ്പുറത്തേക്ക് നയിച്ചു. ജയന്‍ ഒരു നല്ല നടന്‍ കൂടിയാണെന്ന് ഇൌ സിനിമകള്‍ തെളിയിച്ചു. ഏതോ ഒരു സ്വപ്നം, ഇടിമുഴക്കം, പുതിയ വെളിച്ചം, നായാട്ട്, ആക്രമണം, ഇവിടെ കാറ്റിനു സുഗന്ധം, നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങള്‍ തുടങ്ങിയ സിനിമകളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ജയനെ തേടിയെത്തി.
1980 നവംബര്‍ 16. അന്നൊരു ഞായറാഴ്ചയായിരുന്നു. തമിഴ്നാട്ടിലെ ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. കാലാവസ്ഥ നന്നല്ല എന്നു ജയന്‍ രാവിലെ തന്നെ പറഞ്ഞിരുന്നു. അന്നു ഷൂട്ടിങ് നടക്കാനിടയില്ല എന്നദ്ദേഹം കരുതി. എന്നാല്‍ ഷൂട്ടിങ്ങിനായി പ്രത്യേകം വരുത്തിയ ഹെലികോപ്ടര്‍ കാത്തുകിടക്കുന്നു. ജയന്‍ സമ്മതിച്ചു, ഷൂട്ടിങ് തുടങ്ങി. ഉച്ചകഴിഞ്ഞുള്ള ഷൂട്ടിങ്ങിനു യൂണിറ്റ് ഭക്ഷണം കരുതിയിരുന്നില്ല. ഉച്ചയൂണിനു നേരം കഴിഞ്ഞു. ഭക്ഷണം ഇല്ല എന്നറിഞ്ഞപ്പോള്‍ ചോദിച്ചു:”ഒരു ബിസ്കറ്റ്പോലും എടുക്കാനില്ലേ?” -ജയന്‍ അവസാനമായി സംസാരിച്ച വാക്കുകള്‍. ഷൂട്ടിങ് തുടരാന്‍ നേരമായി. ജയന്‍ തന്റെ അന്തകനായ ഹെലികോപ്റ്ററിനടുത്തേക്കു നടന്നു.
കോപ്റ്റര്‍ പറന്നുപൊങ്ങി. അകത്തു ബാലന്‍ കെ. നായര്‍. ഓടുന്ന മോട്ടോര്‍ ബൈക്കില്‍ മുന്നില്‍ സുകുമാരന്‍, പിറകില്‍ ജയന്‍. ബൈക്കിന്റെ സീറ്റില്‍ കയറിനിന്നു കോപ്റ്ററില്‍ ജയന്‍ ചാടിക്കയറാന്‍ കുതിക്കുന്നതാണു രംഗം. അകത്തുനിന്നു ബാലന്‍ കെയുടെ വില്ലന്‍ കഥാപാത്രം ജയനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതും. കോപ്റ്ററിന്റെ ലാന്‍ഡിങ് പാഡില്‍ ജയന്‍ പിടിക്കുന്നതിനിടെയാണ് ആ ആകാശപ്പക്ഷിയുടെ താളം തെറ്റിയത്. പത്തടിയോളം മാത്രം ഉയരത്തില്‍നിന്നു നിയന്ത്രണം വിട്ട കോപ്റ്റര്‍ താഴെ വന്നിടിച്ചു. ഒപ്പം ജയനും. വീണ്ടും ഉയര്‍ന്നുപൊങ്ങിയ കോപ്റ്റര്‍ ജയനെ കോരിയെടുത്തു. രണ്ടാമതും നിലത്തുവന്നിടിച്ചു. ആദ്യ വീഴ്ചയില്‍ ജയന്റെ നടുവിനു ക്ഷതമേറ്റു. രണ്ടാമത്തെ വീഴ്ചയില്‍ തലയാണ് ഇടിച്ചത്. മലയാള സിനിമയിലെ ജ്വലിച്ചുനിന്ന സൂര്യന്‍ ആ നട്ടുച്ചയ്ക്കു പൊലിഞ്ഞു.
അനേകം അനേകം വേഷങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നിന്ന ജയന്റെ രണ്ടാം വരവ് മിമിക്രിക്കാരിലൂടെയായിരുന്നു. വിമര്‍ശകര്‍ ഏറെയുണ്ടായെങ്കിലും പിഴവുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും ആയിരക്കണക്കിനു മിമിക്രി താരങ്ങള്‍ ബെല്‍ബോട്ടവും വിചിത്രമായ കുപ്പായങ്ങളും ധരിച്ച് ഒരു ഇത് കിട്ടിയിരുന്നെങ്കില്‍ അത് ആക്കാമായിരുന്നു എന്ന മട്ടിലുള്ള ഡയലോഗുകളുമായി പുനഃപ്രതിഷ്ഠിച്ച ഇമേജ് മറ്റൊന്നായിരുന്നു എങ്കിലും ജയനെ അറിയില്ലാത്ത ഒരു തലമുറയെ ആ കാലഘട്ടത്തിലേക്ക് എത്തിക്കാന്‍ അതു കാരണമായി. ജയന്‍ തരംഗം കേരളത്തില്‍ സജീവമായി. തിയറ്ററുകളില്‍ പിന്നെയും ജയന്‍ സിനിമകള്‍ നിറഞ്ഞ സദസ്സില്‍ ഒാടി. ചാനലുകള്‍ ജയന്‍ മൂവി ഫെസ്റ്റിവലുകള്‍ നടത്തി. ഇന്നും മലയാളത്തിലെ ഏറ്റവും ജ്വലിക്കുന്ന താരമായി മരണത്തിന്റെ ഇരുപത്തൊന്‍പതാം വാര്‍ഷികത്തിലും ജയന്‍ ജീവിച്ചിരിക്കുന്നു, കരുത്തിന് ഒട്ടും കുറവില്ലാതെ.










