കുരയ്ക്കില്ല, കടിക്കില്ല !
പണ്ടായിരുന്നെങ്കില്‍ കടിക്കുന്ന ഒരു പട്ടി മതിയായിരുന്നു. ഇന്നിപ്പോള്‍ പട്ടിവളര്‍ത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. അഥവാ കഷ്ടപ്പെട്ടു വളര്‍ത്തിയാലും ആവശ്യസമയത്ത് കുരയ്ക്കുമെന്നോ കടിക്കുമെന്നോ ഉറപ്പില്ല. ചുരുക്കത്തില്‍ വീട് ഒരാളെ വിശ്വസിച്ച് ഏല്‍പിച്ചിട്ട് സമാധാനത്തോടെ രണ്ടു മൂന്നു ദിവസത്തേക്ക് എവിടെയെങ്കിലും പോവുക എന്നത് റിസ്കുള്ള പണിയാണ്.
വീട് പൂട്ടിപ്പോവുമ്പോള്‍ ടിവി ഓണ്‍ ചെയ്തു വയ്ക്കുക, മ്യൂസിക് സിസ്റ്റം പ്ളേ ചെയ്യുക, രാത്രിയിലാണു പോകുന്നതെങ്കില്‍ കൂര്‍ക്കം വലിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് പ്ളേ ചെയ്യുക തുടങ്ങിയ നമ്പരുകള്‍ പരീക്ഷിക്കുന്നവരുണ്ടെങ്കിലും കുരുട്ടുബുദ്ധി മാത്രം മുതല്‍മുടക്കുള്ള ഈ സുരക്ഷാസംവിധാനം എപ്പോഴും ഫലിക്കണമെന്നില്ല. അഥവാ വല്ലവനും ഭവനം ഭേദിച്ചാല്‍ അവനെ പിടികൂടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍ പിന്നെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും സെറ്റപ്പ് ചെയ്യുന്നതാണ് ബുദ്ധി.
ഗേറ്റില്‍ ക്യാമറ, സിറ്റൌട്ടില്‍ ക്യാമറ അങ്ങനെ വീടുമുഴുവന്‍ ക്യാമറ കൊണ്ടലങ്കരിച്ച് ഓരോ ചലനവും വീട്ടിനുള്ളിലിരുന്നു നിരീക്ഷിക്കുന്നവരും വീടുവിട്ടുപോവുമ്പോള്‍ വീട് അനാഥമാണ്. ക്യാമറ എല്ലാം റെക്കോര്‍ഡ് ചെയ്യുമെങ്കിലും തിരികെ വന്ന് ഈ വിഡിയോ എല്ലാം കണ്ട് അതില്‍ വല്ല സീനുകളോ സംഭാഷണമോ ഉണ്ടോ എന്നു പരിശോധിക്കുന്നത് തീരെ പ്രാക്ടിക്കലല്ല. 10 ദിവസത്തേക്ക് വീട് ക്യാമറയെ ഏല്‍പിച്ചു പോകുന്നവന്‍ തിരികെ വന്ന് 240 മണിക്കൂര്‍ വിഡിയോ കാണണം എല്ലാം ഭദ്രമാണോ എന്നറിയാല്‍. അഥവാ, അതിനു തയ്യാറാണെന്നു വച്ചാല്‍ ഇതിനൊക്കെ വരുന്ന മുതല്‍മുടക്കും സാങ്കേതികതയും കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ഇതൊക്കെ ആഗ്രഹിക്കുന്നവന്‍ മിനിമം കോടീശ്വരനെങ്കിലും ആയിരിക്കണം എന്നു തോന്നും.
ഈ രംഗത്ത് ഒരു വിപ്ളവം വരില്ല വരില്ല എന്നു വിശ്വസിച്ചിരുന്നവര്‍ പോലും സമ്മതിക്കുന്നു- ഇതൊരു വിപ്ളവം തന്നെയാണ്. യൂഗോലോഗ് (ugolog.com) എന്ന വെബ്സൈറ്റാണ് ഗൃഹസുരക്ഷയ്ക്കുള്ള ഈ നൂതന സംവിധാനം അവതരിപ്പിച്ചിരുന്നത്. അതും ഞെട്ടിപ്പിക്കുന്ന വിലക്കുറവിലും സൌജന്യമായും. സംഗതി സിംപിളാണ്. നിങ്ങളുടെ വീട്ടിലുള്ള സാധാരണ വെബ്ക്യാമറയെ അതിവിദഗ്ധനായ കാവല്‍നായ ആക്കി മാറ്റുകയാണ് യൂഗോലോഗ് ചെയ്യുന്നത്.
ചെയ്യേണ്ടതിത്ര മാത്രം. യൂഗോലോഗില്‍ റജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ വെബ്ക്യാം (സുരക്ഷാ ക്യാമറ അല്ലെങ്കില്‍ ക്യാമറകള്‍) യൂഗോലോഗുമായി ബന്ധിപ്പിക്കുക, എന്നിട്ട് എങ്ങോട്ടാണെന്നു വച്ചാല്‍ മനസമാധാനമായി പോവുക. അപ്പോഴും തിരികെ വന്ന് യൂഗോലോഗ് റെക്കോര്‍ഡ് ചെയ്ത വിഡിയോ മുഴുവന്‍ പരിശോധിക്കേണ്ടേ എന്നു ചോദിച്ചാല്‍ വേണ്ട. ഇതിലെ പ്രത്യേക മോഷന്‍ ഡിറ്റക്ടിങ് സംവിധാനം മൊത്തം വിഡിയോയുടെയും ഒരു മാപ് തയ്യാറാക്കി അതില്‍ എവിടെയെങ്കിലും ചലനമുണ്ടോ എന്നു പ്രത്യേകം കാണിക്കും, ചലനം സംഭവിച്ച തീയതിയും സമയവും ഉള്‍പ്പെടെ. അവിടെ മാത്രം ക്ളിക്ക് ചെയ്ത് എന്താണ് സംഭവിച്ചതെന്നു നോക്കുക. ചലനമൊന്നും കാണുന്നില്ലെങ്കില്‍ വിഡിയോ പരിശോധിക്കുക പോലും വേണ്ട.
അപ്പോഴും പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുന്നില്ല. കൊച്ചിയില്‍ വീടുള്ള നിങ്ങള്‍ വീടു പൂട്ടി കോയമ്പത്തൂര്‍ക്ക് പോയതാണ്. കോയമ്പത്തൂരുള്ള നിങ്ങളെ കൊച്ചിയിലെ അയല്‍ക്കാരന്‍ ഫോണില്‍ വിളിച്ച് പൂട്ടിയിട്ട വീട്ടില്‍ നിന്നെന്തോ ശബ്ദം കേള്‍ക്കുന്നു എന്നു പറയുന്നു. കോയമ്പത്തൂരിരുന്ന് നിങ്ങള്‍ എന്തു ചെയ്യാനാണ് ? നേരേ യൂഗോലോഗ് വെബ്സൈറ്റ് എടുക്കുക. നിങ്ങളുടെ അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യുക. നിങ്ങളുടെ വെബ്ക്യാമില്‍ നിന്നുള്ള തല്‍സമയദൃശ്യങ്ങള്‍ കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് കൊച്ചിയിലുള്ള അയല്‍ക്കാരനോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എവിടെയാണെന്നു വച്ചാല്‍ അറിയിക്കാം.
ഇതൊക്കെയാണെങ്കിലും ചിലര്‍ക്ക് ഒരു പട്ടിക്കുട്ടിയെ വളര്‍ത്തിയാലേ തൃപ്തിയാവൂ. അതു കുരയ്ക്കുകയും വേണ്ട കടിക്കുകയും വേണ്ട. എന്നാല്‍, നിങ്ങള്‍ പോകുന്നിടത്തൊക്കെ അതിനെ ചുമന്നുകൊണ്ടു പോകാന്‍ പറ്റുമോ ? ക്യാമറ പരിധിയില്‍ പട്ടിക്കുട്ടിയോ പൂച്ചക്കുട്ടിയോ എന്താണെന്നു വച്ചാല്‍ അതിനെ പുനരധിവസിപ്പിച്ച ശേഷം സമാധാനമായി പോവുക. ഡാര്‍ലിങ് ഉണ്ടോ ഉറങ്ങിയോ തുടങ്ങിയ കാര്യങ്ങള്‍ ലോകത്തെവിടെ നിന്നും ലൈവായി പരിശോധിക്കാം. ഇനിയിപ്പോള്‍ നിങ്ങള്‍ പരിശോധിക്കുന്നില്ലെങ്കിലും ക്യാമറ പരിധിയില്‍ ചലനം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇമെയില്‍ വഴി നിങ്ങളെ വിവരമറിയിച്ചിരിക്കും.
ഏതാനും മാസം മുമ്പ് ബീറ്റ വേര്‍ഷനായി ആരംഭിച്ച യൂഗോലോഗ് ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിനാളുകളുടെ പ്രിയപ്പെട്ട സുരക്ഷാസംവിധാനമായി മാറിയിരിക്കുകയാണ്. യൂഗോലോഗ് ഹോംപേജില്‍ തന്നെ പാക്കേജുകള്‍ വ്യക്തമാക്കുന്നു. അഞ്ചു പൈസ മുടക്കാതെ എല്ലാം സാധിക്കണമെന്നുള്ളവര്‍ക്ക് ബേസിക് പ്ളാന്‍ ഉപയോഗിക്കാം. ഒരു ക്യാമറയെ കണക്ട് ചെയ്യാനാവൂ. 50 എംബി മെമ്മറി ശേഷിയേ ഉണ്ടാവൂ. 14 ദിവസം വരെയുള്ള ഫുടേജ് സേവ് ചെയ്തു വയ്ക്കും. അതു പോരെന്നുള്ളവര്‍ക്ക് പ്ളസ്, പ്രോ എന്നീ രണ്ടു പ്ളാനുകളുണ്ട്. പ്ളസില്‍ ഒരു മാസം 9.95 ഡോളര്‍ ചെലവില്‍ മാസം 1 ജിബി വരെ മെമ്മറി ലഭിക്കും, രണ്ടു മാസം വരെയുള്ള ഫുടേജ് സേവ് ചെയ്തു വയ്ക്കും. പ്രോ പ്ളാനില്‍ 29.95 ഡോളറാണ് പ്രതിമാസം നല്‍കേണ്ടത്. പരമാവധി 10 ക്യാമറകള്‍ കണക്ട് ചെയ്യാം, ഒരു മാസത്തേക്ക് 5 ജിബി മെമ്മറിയും ലഭിക്കും. മറ്റെന്തെങ്കിലും സോഫ്റ്റ്വെയറോ ഹാര്‍ഡ്വെയറോ ഇതിനാവശ്യമില്ല.

