റിയല്‍ എസ്റ്റേറ്റ് മാഫിയ ചന്ദ്രനിലും

റിയല്‍ എസ്റ്റേറ്റ് മാഫിയ ചന്ദ്രനിലും

പണ്ട് നമ്മള്‍ അമ്പിളിമാമനെന്ന് ആരാധനാപൂര്‍വം വിളിച്ചിരുന്ന ചന്ദ്രന്റെ അണ്ഡകടാഹത്തില്‍ ചുമ്മാ കൂളായി പടക്കം പൊട്ടിച്ചു വെള്ളമുണ്ടോന്നു നോക്കിയതുപോലെ, പുറംചട്ട കീറിയ ഡയറി കക്ഷത്തില്‍ വച്ച് പഴയ ഹെര്‍ക്കുലീസ് സൈക്കിളില്‍ സഞ്ചരിച്ച അനേകം ബ്രോക്കര്‍ ചന്ദ്രന്‍മാരെ സ്കോഡയിലും ഇന്നോവയിലും നടക്കുന്ന ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മന്നന്‍മാര്‍ തോല്‍പിച്ചു. ഓരോ ഇടപാടിനും കോടികള്‍ മറിയുന്ന ബിസിനസായി റിയല്‍ എസ്റ്റേറ്റ് മേഖല മാറിയപ്പോള്‍ വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനിടയില്‍ ഇത്രയും വരുമാനം ഉണ്ടാകുന്നതെങ്ങനെ എന്നറിയാത്ത പാവങ്ങള്‍ അവരെ റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നു വിളിച്ചു.

മിമിക്രിക്കാര്‍ പേരിനു മുന്നില്‍ കലാഭവന്‍ എന്നൊക്കെ ചേര്‍ക്കുന്നതു പോലെ മാഫിയ എന്നത് ഇന്നൊരു സ്ഥാനപ്പേരാണ്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കു കിട്ടിയിട്ടുള്ളിടത്തോളം സാര്‍വലൌകിക കുപ്രസിദ്ധി വേറെയാര്‍ക്കും കിട്ടിയിട്ടില്ല. ഉള്ളതില്‍ മുക്കാലും കടലായിട്ടുള്ള ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റുകാരുടെ കളി ഇതാണെങ്കില്‍ തുള്ളി വെള്ളം പോലുമില്ലാത്ത ചന്ദ്രനിലും ചൊവ്വയിലും കൊണ്ടുപോയി വിട്ടാല്‍ സ്ഥിതി എന്തായിരിക്കും ?

ഈ വിദേശഗ്രഹങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സജീവമായിട്ട് കാലം കുറെയായി. ലോകത്ത് ഏറ്റവും സജീവമായി നടക്കുന്ന ഒരു ബിസിനസാണിത്- ചന്ദ്രനിലെ ഭൂമിയിടപാട് അഥവാ എക്ട്രാടെരസ്ട്രിയല്‍ റിയല്‍ എസ്റ്റേറ്റ്. ചന്ദ്രനിലേക്കുള്ള അടുത്ത റോക്കറ്റിന്റെ സമയം അന്വേഷിക്കും മുമ്പ് റിയല്‍ എസ്റ്റേറ്റുകാര്‍ ഇതു കൂടി കേള്‍ക്കുക. കളി, തുടങ്ങിയിട്ടേയുള്ളൂ. എന്നു വച്ചാല്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ.

കഴിഞ്ഞ ദിവസം 44-ാം പിറന്നാള്‍ ആഘോഷിച്ച സാക്ഷാല്‍ ഷാറൂഖ് ഖാന് ലഭിച്ച പിറന്നാള്‍ സമ്മാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്ട്രേലിയയില്‍ നിന്നൊരു ആരാധിക നല്‍കിയതാണ്- ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം. ആരാധിക ഈ പണി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കിങ് ഖാന്റെ എല്ലാ പിറന്നാളിനും ഇതുപോലെ ചന്ദ്രനില്‍ ഏക്കര്‍ കണക്കിനു സ്ഥലം വാങ്ങി നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍ ഷാറൂഖ് ഖാന്‍ ചന്ദ്രനിലെ അറിയപ്പെടുന്ന എസ്റ്റേറ്റ് മുതലാളിയാണ്. അതെങ്ങനെ സാധിക്കും ? ഷാറൂഖോ ആരാധികയോ ചന്ദ്രനില്‍ പോകാതെ സ്ഥലം ആരില്‍ നിന്ന് എങ്ങനെ വാങ്ങിച്ചു ? ഏതാണ് സ്ഥലത്തിന്റെ അതിരുകള്‍ ? എന്താണ് രേഖ ?

രേഖ എന്നു പറയുമ്പോള്‍ ചന്ദ്രനില്‍ സബ് റജിസ്ട്രാര്‍ ഓഫിസുകളും റവന്യൂ സ്റ്റാംപുകളും ഇല്ലാത്തതുകൊണ്ട് കംപ്ളീറ്റും ഇഷ്യു ചെയ്യുന്നത് ഭൂമിയില്‍ നിന്നാണ്. ഷാറൂഖ് ഖാന് ലഭിക്കുന്നത് ലൂണാര്‍ റിപബ്ളിക് സൊസൈറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളാണ്. ലൂണാര്‍ റജിസ്ട്രി ഡോട് കോം, ലൂണാര്‍ എസ്റ്റേറ്റ് ഡോട് കോം, ലൂണാര്‍ ലാന്‍ഡ് ഡോട് കോം തുടങ്ങി ലൂണാര്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സികള്‍ വിരലില്‍ എണ്ണിയാല്‍ തീരുന്നവയല്ല. ലൂണാര്‍ റജിസ്ട്രിയുടെ കണക്ക് അനുസരിച്ച് ചന്ദ്രനില്‍ ഒരേക്കര്‍ ഭൂമി വാങ്ങാന്‍ 1758 രൂപയേ ചിലവുള്ളൂ. സ്ഥലം വാങ്ങുന്നയാള്‍ക്ക് ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ക്കു പുറമേ ചന്ദ്രനിലെ ‘ഭൂമി’യുടെ ഉപഗ്രഹചിത്രം, വിശദമായ മാപ്പ്, അറ്റ്ലസ് തുടങ്ങിയവയും ലഭിക്കും. പക്ഷെ, ഒരാള്‍ക്ക് പരമാവധി 40 ഏക്കര്‍ സ്ഥലമേ വാങ്ങാന്‍ അനുമതിയുള്ളൂ. ചാന്ദ്രപര്യവേഷണത്തിനും ചന്ദ്രന്റെ വികസനത്തിനും വേണ്ടി ചന്ദ്രന്റെ സ്വകാര്യവല്‍ക്കരണത്തിനു ചുക്കാന്‍ പിടിക്കുന്ന ലൂണാര്‍ റിപബ്ളിക് സൊസൈറ്റിയാണ് ഈ റിയല്‍ എസ്റ്റേറ്റുകാരുടെ സബ് റജിസ്ട്രാര്‍.

ഇങ്ങനെ രേഖാമൂലം ചന്ദ്രനില്‍ സ്വന്തമാക്കുന്ന സ്ഥലത്ത് നാസയിലെ ശാസ്ത്രജ്ഞരോ നമ്മുടെ ചന്ദ്രയാന്‍കാരോ അതിക്രമിച്ചു കയറിയാല്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കാമെന്നു വല്ല മോഹവുമുണ്ടെങ്കില്‍ ആ വെള്ളം ഇപ്പോഴേ വാങ്ങിവയ്ക്കാം. ലൂണാര്‍ റിപബ്ളിക് സൊസൈറ്റി അവരുടെ വാര്‍ഷിക പ്രസിദ്ധീകരണത്തില്‍ സ്ഥലം അതിര്‍ത്തി ഉള്‍പ്പെടെ രേഖപ്പെടുത്തുമെങ്കിലും രാജ്യാന്തരസമൂഹം ഈ ഉടമസ്ഥാവകാശം ചുമ്മാ തലകുലുക്കി സമ്മതിക്കുമെങ്കിലും ചന്ദ്രനില്‍ ചായക്കട നടത്താമെന്ന മോഹവുമായി ഒരേക്കര്‍ പോയിട്ട് ഒരു സെന്റ് ഭൂമി പോലും ആരും വാങ്ങണമെന്നില്ല.

ചന്ദ്രനില്‍ സ്ഥലം വില്‍പന തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞെങ്കിലും യുഎന്‍ 1967ല്‍ പ്രസിദ്ധീകരിച്ച ഔട്ടര്‍ സ്പേസ് ട്രീറ്റിയിലാണ് ഇതെ സംബന്ധിച്ച നയം വ്യക്തമാക്കിയത്. ചന്ദ്രനും ചൊവ്വയുമൊക്കെ അടങ്ങുന്ന ബഹിരാകാശം മനുഷ്യവംശത്തിന്റെ മൊത്തം സമ്പത്താണെന്നും ഏതെങ്കിലും തരത്തിലുള്ള പരമാധികാരങ്ങള്‍ യാതൊരു ബഹിരാകാശ വസ്തുക്കളിലും അവകാശപ്പെടാന്‍ ആര്‍ക്കുമാവില്ലെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. ചന്ദ്രനിലും മറ്റു ഗ്രഹങ്ങളിലുമുള്ള ഭൂമിയിലെ രാജ്യങ്ങളുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിനായി 1979ല്‍ ഒപ്പുവച്ച കരാറില്‍ ഇങ്ങനെ പറയുന്നു- ‘ചന്ദ്രന്റെ ഉപരിതലമോ അന്തരീക്ഷമോ പ്രകൃതിവിഭവങ്ങളോ അവയുടെ ഭാഗങ്ങളോ ഏതെങ്കിലപം രാജ്യത്തിന്റെയോ രാജ്യാന്തര ഏജന്‍സികളുടെയോ സംഘടനകളുടെയോ വ്യക്തികളുടെയോ സ്വന്തമായിരിക്കുന്നതല്ല’. അപ്പോള്‍ ചന്ദ്രനില്‍ ഇക്കണ്ട സ്ഥലമെല്ലാം വാങ്ങിക്കൂട്ടിയ, എണ്ണമറ്റ ആധാരങ്ങള്‍ അലമാരകളില്‍ അടക്കിവച്ചിരിക്കുന്ന ലൂണാര്‍ ജന്മിമാര്‍ ആരായി ?

സാങ്കേതികമായി പറഞ്ഞാല്‍ ഫൂള്‍സ്, വെറും ഫൂള്‍സ് ! കാല്‍പനികമായി അവര്‍ക്ക് ഇനിയും ചന്ദ്രനില്‍ ഏക്കറുകള്‍ വാങ്ങിക്കൂട്ടാം. അതിന്റെ മാപ്പും അതിര്‍ത്തിയും വരച്ചു കളിക്കാം. അതിന്റെ പേരില്‍ വല്ല അവകാശവാദവുമായി (അങ്ങനെ അവകാശവാദമുയര്‍ത്തക്ക വിധത്തില്‍ ചന്ദ്രന്‍ വികസിച്ചുപോയാല്‍) ചെന്നാല്‍ വിവരമറിയുമെന്നു ചുരുക്കം. അറബിക്കടലിന്റെ മധ്യഭാഗത്തായി നൂറേക്കര്‍ സ്വന്തമായുണ്ടെന്ന് പറയുന്നതുപോലെയേയുള്ളൂ ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരുടെ അവകാശവാദവും. ഒക്കെ ഒരു തമാശയായി കണ്ടാല്‍ മതി. ടേക്ക് ഇറ്റ് ഈസി.

Related Posts with Thumbnails
  • ചന്ദ്രനില്‍ സ്ഥലം വാങ്ങിയ മലയാളി .............

    http://gulfvartha.blogspot.com/2008/08/blog-post_25.html
  • എന്റെ ബെർളീ, ഇതൊക്കെ പത്ക്കെപ്പറ....
    ആ അച്ചുമാമാ കേട്ടാൽ ഇതൊക്കെ മേടിച്ചു പാവം ആദിവാസികൾക്കു കൊടുത്തുകളയും....
  • Dhikkari
    ഒരു പതിനഞ്ച് സെന്റ് മേടിച്ചിട്ടേയുള്ളു മറ്റെന്തും.
  • ചന്ദ്രനില്‍ വെള്ളമുണ്ട് - White dhoties on moon
  • ചന്ദ്രനിലെ ഒരു പടുകുഴിക്ക് ഷാരൂഖിന്റെ പേരിട്ടെന്നു കേട്ടു... "ഷാരൂഖ്‌ പൊട്ടക്കുഴി"?
    http://www.lunarrepublic.com/srkhan/index.shtml
  • ചന്ദ്രനില്‍ സ്ഥലം തരാം എന്ന് പറഞ്ഞു ബെര്‍ലി സാറിനെ ആരേലും പറ്റിച്ചോ ആവൊ ;)
  • ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നവര്‍ ചന്ദ്രഗ്രഹണത്തിന്റന്ന് എവിടെപ്പോകും?
  • ഉള്ളതില്‍ മുക്കാലും കടലായിട്ടുള്ള ഭൂമിയില്‍ റിയല്‍ എസ്റ്റേറ്റുകാരുടെ കളി ഇതാണെങ്കില്‍ തുള്ളി വെള്ളം പോലുമില്ലാത്ത ചന്ദ്രനിലും ചൊവ്വയിലും കൊണ്ടുപോയി വിട്ടാല്‍ സ്ഥിതി എന്തായിരിക്കും
  • ഒക്കെ ഒരു തമാശയായി കണ്ടാല്‍ മതി. ടേക്ക് ഇറ്റ് ഈസി.
blog comments powered by Disqus