കേരളത്തില്‍ ഇടതു മുന്നേറ്റം
കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും യുഡിഎഫ് വര്‍ഗീയ ശക്തികള്‍ക്കും വന്‍ തിരിച്ചടിയായി. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാര്‍ഥികള്‍ തോറ്റെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് യുഡിഎഫിനെ ജനം വെറുക്കുന്നു എന്നതിന്റെ തെളിവാണ്. യുഡിഎഫ് സീറ്റുകളിലാണ് ഇടതു സ്ഥാനാര്‍ഥികള്‍ ഈ നേട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നോര്‍ക്കണം. വെറും സാങ്കേതികവിജയം മാത്രം നേടിയ യുഡിഎഫ് മൂല്യാധിഷ്ഠിതപരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. സിപിഎമ്മിന്റെ പ്രാധാന്യം കുറഞ്ഞെന്ന മട്ടില്‍ നടന്ന പ്രചാരണങ്ങള്‍ക്കു വന്‍ തിരിച്ചടിയായിരിക്കുകയാണ് കണ്ണൂര്‍, എറണാകുളം, ആഴപ്പുഴ തിരഞ്ഞെടുപ്പു ഫലങ്ങള്‍.
ജനാധിപത്യ പ്രക്രിയയില്‍ ജയവും തോല്‍വിയുമല്ല ജനങ്ങളുടെ പ്രതികരണമാണ് പ്രധാനം എന്നിരിക്കെ, എല്‍ഡിഎഫിനനുകൂലമായി പ്രതികരിച്ച മണ്ഡലത്തിലെ വോട്ടര്‍മാരോട് വ്യക്തിപരമായി നന്ദി പറയാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഞാനാഗ്രഹിക്കുന്നു. യുഡിഎഫിനേറ്റ തിരിച്ചടി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളിലും ആസിയാന്‍ കരാറില്‍ ഒപ്പു വച്ചതിലും പ്രതിഷേധിച്ച് കേരളത്തിലെ ജനങ്ങളുടെ മറുപടിയായി നമ്മള്‍ കാണേണ്ടതുണ്ട്. തിരഞ്ഞെടുപ്പു ഫലം എന്ന അര്‍ഥശൂന്യമായ കണക്കുകളുടെ പിന്‍ബലത്തില്‍ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള കോണ്‍ഗ്രസിന്റെ നീക്കം ബാലിശമാണ്. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മണ്ഡലങ്ങളിലാണ് യുഡിഎഫിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായിട്ടുള്ളത്. മുമ്പ് വീരവാദം മുഴക്കി നടന്ന കോണ്‍ഗ്രസുകാരൊന്നും ഇതെപ്പറ്റി ഒന്നും മിണ്ടുന്നില്ല. സിപിഎമ്മിനനുകൂലമായി ജനം വിധിയെഴുതിയിരിക്കുകയാണെന്നും പുറത്തു വന്നഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ജനവിധിയെ വിലയിരുത്തുന്നത് ബാലിശമാണെന്നും ഓര്‍മിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.
ബംഗാളില്‍ സത്യത്തില്‍ പാര്‍ട്ടി ഒരു എനിമ എടുക്കുകയാണ്. വോട്ടിങ് മാലിന്യം എല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു വോട്ടര്‍സമൂഹത്തെ ഉള്‍ക്കൊണ്ട് നാളെയുടെ രാഷ്ട്രീയം നിര്‍വചിക്കുന്ന ഉത്തരവാദിത്വമുള്ള ജോലി ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഒന്നും കിട്ടിയില്ല എന്നത് ബംഗാളിലെ പരീക്ഷണം വിജയിച്ചു എന്നതിന്റെ സൂചനയാണ്. ഈ പരീക്ഷണം വിജയിച്ചു എന്നത് അടുത്ത പരീക്ഷണം വിജയിക്കും എന്നതിന്റെ സൂചനയാണ്. ചുരുക്കത്തില്‍ സൂചനകളെല്ലാം പാര്‍ട്ടിക്ക് അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ ആസിയാന്‍ കരാര്‍ റദ്ദ് ചെയ്ത് പാര്‍ട്ടിയുടെ ചൊല്‍പടിയിലേക്ക് കോണ്‍ഗ്രസ് വരേണ്ടതാണ്. മല്‍സരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ എല്ലാം ജയിക്കുന്ന കോണ്‍ഗ്രസ് സത്യത്തില്‍ ഒരു മൂഢസ്വര്‍ഗത്തിലാണ്. സീറ്റുകള്‍ വാരിക്കൂട്ടി ഭരണത്തിലേറാന്‍ കുതിക്കുമ്പോഴും അടിസ്ഥാനവര്‍ഗത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷം നഷ്ടപ്പെട്ട യുഡിഎഫ് രാഷ്ട്രീയപരമായി അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു. കേവലം സാങ്കേതികവിജയങ്ങളുടെ പിന്‍ബലത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് കാലഹരണപ്പെടുകയും സിപിഎം ഒരിക്കലും തളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണെന്നും എക്കാലത്തും ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനു ഭൂരിപക്ഷമൊക്കെയുണ്ടെങ്കിലും ജനപിന്തുണ നഷ്ടമായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ കക്ഷി എന്ന പദവിയും കൈപ്പത്തി ചിഹ്നവും പിന്‍വലിക്കണമെന്നും നമ്മള്‍ ശുപാര്‍ശ ചെയ്യേണ്ടതാണ്.
മറ്റൊരു പ്രധാനപ്പെട്ട സംഗതി വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കയ്യിലിരിക്കുന്ന മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയം ആഘോഷിക്കുന്നത്. പുന്നപ്ര-വയലാര്‍ തുടങ്ങിയ സ്ഥലങ്ങളടങ്ങിയ ആലപ്പുഴയും കൂത്തുപറമ്പും കരിവള്ളൂരും പയ്യാമ്പലവും ഒക്കെയടങ്ങിയ കണ്ണൂരും അല്ലെങ്കിലും എന്നും കോണ്‍്ഗസ് തട്ടകങ്ങളായിരുന്നല്ലോ. അവിടെ പാര്‍ട്ടി അനുഭവവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം. അങ്ങനെയുള്ള സ്ഥിരം കോണ്‍ഗ്രസ് കോട്ടകളില്‍ പോലും ലക്ഷക്കണക്കിനു വോട്ടുകളുടെ ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിനായില്ല എന്നു നമ്മളോര്‍ക്കണം.
ഈ സാഹചര്യത്തില്‍, പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യതയും കോണ്‍ഗ്രസിനെതിരെയും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും ജനങ്ങള്‍ സ്വീകരിച്ചിക്കുന്ന നിലപാടും നമ്മള്‍ മുതലെടുക്കണമെന്നാണ് എന്റെ അഭിപ്രായം. തിരഞ്ഞെടുപ്പില്‍ സിപിഎം തോറ്റു എന്ന വാദം ഞങ്ങള്‍ അംഗീകരിക്കുന്നില്ല. സാങ്കേതികമായി ചിലപ്പോള്‍ ങ്ങനെ സംഭവിച്ചിരിക്കാം. എന്നാല്‍ ആത്യന്തികമായി തോറ്റത് കോണ്‍ഗ്രസാണ്, കേന്ദ്രസര്‍ക്കാരാണ്.










