ഇന്ത്യ പാക്കിസ്ഥാനോടു ചെയ്യുന്നത്
എന്തൊക്കെ പറഞ്ഞാലും ഇന്ത്യ പാക്കിസ്ഥാനോടു ചെയ്യുന്നത് കൊടും ക്രൂരതയാണ്. രാഷ്ട്രീയമല്ല, സിനിമയാണ് പറയുന്നത്. ബോളിവുഡ് സിനിമകളുടെ ‘ശല്യം”കാരണം കുത്തുപാളയെടുക്കുകയാണ് പാക്കിസ്ഥാന്‍ സിനിമ. ഇൌ വര്‍ഷം ഇതുവരെ പാക്കിസ്ഥാനില്‍ നിര്‍മിക്കപ്പെട്ട സിനിമകളുടെ എണ്ണം കേട്ടാല്‍ മനസ്സിലാവും- ഒന്‍പത്. വര്‍ഷം ഒന്നോ രണ്ടോ സിനിമ മാത്രം ഹിറ്റാവുന്ന മലയാളത്തില്‍ പോലും വര്‍ഷം അറുപതോളം സിനിമകള്‍ നിര്‍മിക്കപ്പെടുമ്പോഴാണ് പാവം പാക്കിസ്ഥാന് ഇൌ ദുര്‍ഗതി. മറ്റെല്ലാ സംഗതികളുടെയും പിന്നിലെന്ന പോലെ തങ്ങളുടെ ചലച്ചിത്രവ്യവസായം തകര്‍ന്നതിന്റെ പിന്നിലും ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അതില്‍ അല്‍പം കാര്യവുമുണ്ട്.
ബോളിവുഡ് സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് കാരണം. ചുരുക്കിപ്പറഞ്ഞാല്‍ പാക്കിസ്ഥാനിലെ ഭൂരിഭാഗം തിയറ്ററുകളിലും ബോളിവുഡ് സിനിമകള്‍ മാത്രമാണ് ഒാടുന്നത് എന്നതാണ് സത്യം. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ പ്രേക്ഷകര്‍ക്കു വേണ്ടത് അതാണ്. ഷാറൂഖും സല്‍മാനുമൊക്കെയാണ് അവരുടെ പ്രിയതാരങ്ങള്‍. ഇവരുടെ തല കണ്ടാല്‍ തിയറ്ററുകളിലേക്ക് ജനം ഇരച്ചു കയറുന്നു. സല്‍മാന്റെ വാണ്ടഡ് അഞ്ചുകോടി രൂപയും വേക്ക് അപ് സിദ് ഒന്നരക്കോടിയും ന്യൂയോര്‍ക്ക് മൂന്നു കോടിയും ലവ് ആജ് കല്‍ രണ്ടരക്കോടിയുമാണ് ഇതുവരെ കളക്ട് ചെയ്തത്.
മറ്റൊരു ഞെട്ടിക്കുന്ന വിവരം നിര്‍മാണം പൂര്‍ത്തിയായി വിതരണത്തിനെത്തിച്ചിരിക്കുന്ന പുതിയ നാല് പാക്ക് ചിത്രങ്ങള്‍ക്ക് തിയറ്റര്‍ കിട്ടാത്ത അവസ്ഥയാണെന്നതാണ്. ബോളിവുഡിന്റെ നിഷ്ഠുരമായ ഇൌ അധിനിവേശത്തെ പാക്കിസ്ഥാന്‍ ചലച്ചിത്ര വ്യവസായം എങ്ങനെ അതിജീവിക്കുമെന്നതാണ് പുതിയ ചോദ്യം.
എന്നാല്‍, ഇതിന് ബോളിവുഡിനെ പഴിച്ചിട്ടു കാര്യമില്ലെന്നാണ് പാക്കിസ്ഥാന്‍ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ വാദം. കഴിഞ്ഞ വര്‍ഷങ്ങളില്‍ 20 സിനിമകള്‍ വരെ നിര്‍മിച്ചിരുന്നിടത്താണ് ഇൌ വര്‍ഷം ആകെ സിനിമകളുടെ എണ്ണം ഒന്‍പതായി ചുരുങ്ങിയത്. ബോളിവുഡ് സിനിമകളുടെ വരവ് മാത്രമല്ല, നല്ല പാക്കിസ്ഥാന്‍ സിനിമകള്‍ ഉണ്ടാകാത്തതും സിനിമയ്ക്ക് സര്‍ക്കാര്‍ സഹായം ഇല്ലാത്തതുമാണ് പാക്കിസ്ഥാന്‍ സിനിമയെ തകര്‍ക്കുന്നതത്രെ.
അതേ സമയം, ഒന്നും പ്രതീക്ഷിക്കാനില്ലാതെ കിടന്ന പാക്കിസ്ഥാന്‍ സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയത് ബോളിവുഡാണെന്നും ഒരു വാദമുണ്ട്. ബോളിവുഡ് സിനിമകള്‍ റിലീസ് ചെയ്തു തുടങ്ങിയതോടെ ജനം തിയറ്ററുകളിലെത്തിത്തുടങ്ങി. ഇത് പ്രദര്‍ശനശാലകള്‍ക്കു പുതുജീവന്‍ നല്‍കി. ഇൌ ഉന്മേഷം പുതിയ സിനിമകള്‍ നിര്‍മിക്കാന്‍ പാക്കിസ്ഥാനിലെ നിര്‍മാതാക്കള്‍ക്കു പ്രചോദനമായിരിക്കുകയാണ്. കുറഞ്ഞ പക്ഷം, ഒരു സിനിമയിറങ്ങുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ഇല്ലാതെ പോകുന്ന സാഹചര്യത്തില്‍ നിന്നു രാജ്യത്തെ രക്ഷപ്പെടുത്തിയത് ബോളിവുഡാണെന്നും ചിലര്‍ വാദിക്കുന്നു. ഒരു സല്‍മാന്‍ ഖാന്‍ ചിത്രമോ ഷാറൂഖ് ഖാന്‍ ചിത്രമോ 70 ലക്ഷം മുതല്‍ ഒരു കോടി രൂപയ്ക്കു വരെ വിതരണത്തിനെടുത്ത് ലാഭം കൊയ്യാമെന്നിരിക്കെ എന്തിന് രണ്ടു കോടി മുടക്കി സ്വന്തം സിനിമയെടുത്ത് നഷ്ടമുണ്ടാക്കണം എന്ന ചിന്തയാണ് മിക്കവാറും നിര്‍മാതാക്കളും വിതരണക്കാരും പങ്കുവയ്ക്കുന്നത്.
പാക്ക് സിനിമയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ബോളിവുഡിനെ അനുവദിക്കരുതെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നവര്‍ ടിവി പരിപാടികളില്‍ നിന്ന് ബോളിവുഡ് സിനിമ നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പുതിയ നടപടികള്‍ അനുസരിച്ച് ഇൌ മാസം മുതല്‍ എല്ലാ ബോളിവുഡ് സിനിമകള്‍ക്കും ഇവിടെ റിലീസ് ചെയ്യാനുമാകില്ല. വിലക്ക് ഏര്‍പ്പെടുത്തിയില്ലെങ്കിലും നിബന്ധനകള്‍ക്കു വിധേയമായേ ഇനി പാക്കിസ്ഥാന്‍ തിയറ്ററുകളിലേക്ക് ബോളിവുഡ് സിനിമകളെത്തൂ എന്നു ചുരുക്കം.










