ദൃശ്യഭാഷയുടെ പടയോട്ടം
“വീരേതിഹാസങ്ങള്‍ രചിച്ച ഉത്തരകേരളത്തിലെ വീരനായകന്‍മാരുടെ ചങ്ങലയിലെ ഒരു കണ്ണി-ഉദയന്‍. കൌമാരം കടന്നപ്പോള്‍ അവന്‍ അങ്കമുറകളില്‍ അഗ്രഗണ്യനായി, കോലത്തിരി നാടിന്റെ പടനായകനായി. കളരിയിലെ അങ്കത്തട്ടിലും അങ്ങകലെ അതിര്‍ത്തിയിലെ പടക്കളത്തിലും കയ്യും മെയ്യും മറന്നവന്‍ അടരാടി. അപ്പോഴും ഉള്ളിന്റെയുള്ളില്‍, മനസ്സിന്റെ മൃദുലതകളില്‍ താലോലിക്കുവാനായി അയാള്‍ക്കൊരു സ്വപ്നമുണ്ടായിരുന്നു-പാര്‍വതിക്കുട്ടി.
ഹര്‍ഷോന്മാദത്തിന്റെ നാളുകളായിരുന്നു അത്. അവയുടെ അവിരാമപ്രവാഹത്തിനിടയില്‍ എപ്പോഴോ, ഏതോ ഒരഭിശപ്തനിമിഷത്തില്‍ അയാളുടെ സ്വപ്നങ്ങളുടെ വര്‍ണനൂലുകള്‍ പൊട്ടിപ്പോയി…. താഴെ അഗാധഗര്‍ത്തമായിരുന്നു. കൊടുംവേദനയുടെ നാളുകളായിരുന്നു അത്. അനന്തമായ അറബിക്കടലിന്റെ അപാരതകകളിലെവിടെയോ നഷ്ടസ്വപ്നങ്ങളുടെ മഞ്ഞുവീണു മരവിച്ച മനസ്സുമായി, ഉണ്ണാത്ത പകലുകളും ഉറങ്ങാത്ത രാവുകളും എണ്ണിയെണ്ണി അയാള്‍ കാത്തിരുന്നു… അപ്പോഴും അയാള്‍ക്കുറപ്പുണ്ടായിരുന്നു, എന്റെ പാര്‍വതിക്കുട്ടി എനിക്കായി കാത്തിരിക്കും.
ഒടുവില്‍, ഒരുനാള്‍… തകര്‍ന്ന ധമനികളിലൂടെ ചുടുരക്തം സിരകളില്‍ പടര്‍ന്നപ്പോള്‍, തളച്ചിട്ട ഒരായിരം മോഹങ്ങള്‍ ഒന്നിച്ചുണര്‍ന്നപ്പോള്‍, ഇരുമ്പു ചങ്ങലകള്‍ പൊട്ടിത്തെറിച്ചു. അങ്ങകലെ ചക്രവാളത്തില്‍ ഒരു പുതിയ പ്രഭാതത്തിന്റെ ആദ്യകിരണങ്ങള്‍ പൊട്ടിവിടര്‍ന്നു. അപ്പോഴേക്കും ഋതുക്കള്‍ ഏറെ കടന്നുപോയിരുന്നു. എണ്ണിത്തീര്‍ത്ത ഏഴായിരം രാവുകള്‍ക്കു ശേഷം അയാള്‍ തിരിച്ചെത്തി, പിറന്നു വീണ മണ്ണിലേക്ക്… രാജാവായി വാഴേണ്ട നാട്ടിലേക്ക്…
കാത്തിരിപ്പിന്റെ വ്യര്‍ത്ഥത അയാള്‍ ആദ്യമായറിഞ്ഞു. മരവിച്ച മനസ്സിലെ മഞ്ഞുരുകി. അടക്കിനിര്‍ത്തിയിരുന്ന രോഷത്തിന്റെ അശ്വങ്ങള്‍ പാഞ്ഞു. ക്രൂരമായ ഒരു പ്രതികാരത്തിന്റെ പടയോട്ടം ഇവിടെ ആരംഭിക്കുകയായി !!
-(നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ ഒപ്പം വിതരണം ചെയ്ത പാട്ടുപുസ്തകത്തിന്റെ അദ്യപേജില്‍ നിന്ന്)
പറഞ്ഞുവരുമ്പോള്‍ പഴശ്ശിരാജയുടെ അപ്പൂപ്പനായിട്ടു വരും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 70 എംഎം സിനിമ. ഇന്ത്യയില്‍ ആദ്യമായി 6 ട്രാക്കില്‍ ശബ്ദലേഖനം ചെയ്ത സിനിമ. പ്രേം നസീറിന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്ന് അനുഭവിച്ചറിയാവുന്ന സിനിമ.
മമ്മൂട്ടി വില്ലനാകുന്ന സിനിമ, മോഹന്‍ലാല്‍ മമ്മൂട്ടിയുടെ മകനാകുന്ന സിനിമ. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ സിനിമ. നവോദയ നിര്‍മിച്ച് ജിജോ സംവിധാനം ചെയ്ത സൂപ്പര്‍മെഗാഹിറ്റ് ചിത്രം പടയോട്ടം റിലീസ് ചെയ്തത് 1982ല്‍ ആണെങ്കിലും അത് എത്ര പേര്‍ കണ്ടിരിക്കും എന്നത് പറയാന്‍ പറ്റില്ല. അന്നു തിയറ്ററില്‍ നിന്നു കണ്ട ആയിരക്കണക്കിനാളുകളുടെ ഓര്‍മകളില്‍ ഇന്നുമുണ്ടാവും അതിലെ അഭൂതപൂര്‍മായ ഷോട്ടുകള്‍, പ്രേം നസീര്‍ എന്ന നടന്റെ അതുല്യമായ പ്രകടനത്തിന്റെ ഓര്‍മകള്‍.
പഴശ്ശിരാജയെ ലോകചിത്രമെന്നു വിശേഷിച്ച് നമ്മള്‍ ആഘോഷമാക്കുമ്പോള്‍ പടയോട്ടം എന്ന സിനിമ ഒന്നുകൂടി കാണാന്‍, കണ്ടിട്ടില്ലാത്തവര്‍ക്ക് ആദ്യമായി കാണാന്‍ ഒരവസരം കൂടി- നാളെ(ശനി) രാത്രി 11.30ന് സൂര്യ ടിവിയില്‍. പരസ്യങ്ങളില്ലാതെ, ചിത്രം വെട്ടിമാറ്റാതെ നാളെ സൂര്യ അതു സംപ്രേഷണം ചെയ്യും. ഇതിലെന്തോന്ന് ഇത്ര വിസ്മയിക്കാന്‍ ? മലയാളത്തിലെ മിക്കവാറും ചാനലുകളും ഇങ്ങനെ ഓരോ സിനിമകള്‍ സംപ്രേഷണം ചെയ്യാറുണ്ടല്ലോ, പിന്നെന്താണ് എന്നു ചോദിച്ചാല്‍, പടയോട്ടം എന്ന സിനിമയുടെ ഒരേയൊരു കോപ്പി ഇന്നു ഭൂമിയില്‍ സ്വന്തമായുള്ളത് സൂര്യ ടിവിയുടെ പക്കലാണ് എന്നതു കൊണ്ടു തന്നെ.
നവോദയ നിര്‍മിച്ച സിനിമകളില്‍ ഡിജിറ്റലൈസ് ചെയ്ത് ഹോം വിഡിയോ റൈറ്റ് നല്‍കാത്ത രണ്ടു ചിത്രങ്ങളില്‍ ഒന്നാണ് അപ്പച്ചന്റെ മകനായ ജിജോ ആദ്യമായി സംവിധാനം ചെയ്ത ‘പടയോട്ടം’. മറ്റൊന്ന് ഫാസില്‍ രണ്ടാമത് സംവിധാനം ചെയ്ത ധന്യ. എന്നാല്‍ അക്കാലത്ത് ഗള്‍ഫ് പ്രേക്ഷകര്‍ക്കായി സിനിമയുടെ ഏതാനും വിഎച്ച്എസ് കസെറ്റ് പ്രിന്റുകള്‍ പുറത്തിറക്കിയിരുന്നു. തീര്‍ന്നു.
ഇതിനപ്പുറം ഈ സിനിമ കുടുംബപ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തിയിട്ടില്ല. പിന്നീട് സിനിമയുടെ റൈറ്റ് വാങ്ങിയ സൂര്യ ടിവി സിനിമ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്കു മാറ്റി. നവോദയയുടെ സ്വന്തം പ്രിന്റ് ഉപയോഗശൂന്യമാവുകയും ചെയ്തതോടെ നിലവില്‍ പടയോട്ടം എന്ന സിനിമയുടെ ഒറിജിനല്‍ പ്രിന്റ് ഉള്ളത് സൂര്യ ടിവി ലൈബ്രറിയില്‍ മാത്രമാണെന്നു പറയാം.
പണ്ടിറങ്ങിയ വിഎച്ച്എസ് പ്രിന്റിന്റെ കോപ്പികള്‍ ഭൂമുഖത്തെവിടെയെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ ആരെങ്കിലും കണ്‍വേര്‍ട്ട് ചെയ്ത് എടുത്തിട്ടുണ്ടോ എന്നും അറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും ആ സിനിമ നിലവാരമുള്ള ഒരു കാഴ്ചയ്ക്ക് ഇനി ലഭ്യമാവുകയില്ല എന്നതുറപ്പാണ്.
നാളെ വൈകിട്ട് 11.30 ന് സൂര്യ ടിവി പടയോട്ടം സംപ്രേഷണം ചെയ്യുന്നതു പോലും അക്കാലത്ത് സിനിമ തിയറ്ററില്‍ ആസ്വദിച്ച പതിനഞ്ചും ഇരുപതും തവണ വരെ സിനിമ കണ്ട ഒരു സംഘം പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണെന്നത് ശ്രദ്ധേയമാണ്. ഒരു സിനിമ കാലാതിവര്‍ത്തിയാകുന്നത് ഇങ്ങനെയാണ് അല്ലെങ്കില്‍ ഇങ്ങനെയാവണം എന്നു തോന്നുന്നു. പടയോട്ടം എന്ന സിനിമ ഇന്റര്‍നെറ്റിലെവിടെയും ഡൌണ്‍ലോഡിങ്ങിനു ലഭ്യമല്ല. എന്നാല്‍ ഭാരത് മൂവീസില്‍ സിനിമ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന് ലഭ്യമാണ്. 70 എംഎം, സിക്സ് ട്രാക്ക് ഓഡിയോ സംവിധാനമികവുള്ള സിനിമ തിയറ്ററില്‍ ഇനി കാണാനൊക്കുമോ എന്നത് സംശയമാണ്. നവോദയയുടെ ഉപയോഗശൂന്യമാവാതിരിക്കട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.
കേരളത്തിലെ പ്രധാന സെന്ററുകളിലെല്ലാം അന്നു സിനിമ റിലീസ് ചെയ്തിരുന്നെങ്കിലും നാലു തിയറ്ററുകളില്‍ മാത്രമാണ് 6 ട്രാക്ക് സംവിധാനം ഉണ്ടായിരുന്നത്. തിരുവനന്തപുരം ശ്രീധര്‍, കോഴിക്കോട് അപ്സര, തൃശൂര്‍ ഗീത, എറണാകുളം ഷേണായീസ്. അന്നാദ്യമായി തങ്ങള്‍ക്കു ചുറ്റും ഓടിയെത്തുന്ന കുതിരക്കുളമ്പടി കേട്ട് പ്രേക്ഷകര്‍ അമ്പരന്നു. കാല്‍പനിക, ബുദ്ധീജീവി സിനിമകള്‍ ആശയങ്ങള്‍ കൊണ്ടു നമ്മെ വിസ്മയിപ്പിച്ചപ്പോള്‍ സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ കൊണ്ട് വലിയ ക്യാന്‍വാസില്‍ പറഞ്ഞ കഥകള്‍ കൊണ്ട് പുതിയ സങ്കേതങ്ങള്‍കൊണ്ട് ലോകസിനിമയ്ക്കൊപ്പം നില്‍ക്കുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജിജോ. സംവിധാനം ചെയ്തത് രണ്ടേ രണ്ടു സിനിമ. രണ്ടാമത്തേത് മൈഡിയര്‍ കുട്ടിച്ചാത്തന്‍. രണ്ടും ചരിത്രം സൃഷ്ടിച്ചു.
അലക്സാണ്ടര്‍ ഡുമാസിന്റെ ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റോ എന്ന നോവലിന്റെ ആധാരമാക്കി ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത സിനിമയാണ് പടയോട്ടം. ദി കൌണ്ട് ഓഫ് മോണ്ടെക്രിസ്റ്റോയുടെ വിവിധ വേര്‍ഷനുകള്‍ ഹോളിവുഡില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇവയില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ജിജോ സംവിധാനം ചെയ്ത പടയോട്ടം ആണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. സിനിമയിലെ താരനിരകൂടി ശ്രദ്ധിക്കൂ- പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മധു, ശങ്കര്‍, തിക്കുറിശ്ശി, കുതിരവട്ടം പപ്പു, ഗോവിന്ദന്‍കുട്ടി, അച്ചന്‍കുഞ്ഞ്, നെല്ലിക്കോട് ഭാസ്കരന്‍, ആലുംമൂടന്‍, ലക്ഷ്മി, പൂര്‍ണിമ ജയറാം, സുകുമാരി. തിരക്കഥയും സംഭാഷണവും രചിച്ചതും ഗോവിന്ദന്‍കുട്ടി തന്നെ. ഛായാഗ്രഹണം രാമചന്ദ്രബാബു, കലാസംവിധാനം കെ.ശേഖര്‍, എഡിറ്റിങ് ശേഖര്‍, ഗാനങ്ങള്‍ കാവാലം, സംഗീതം ഗുണസിങ്.










