ഒരു സെക്യുലര്‍ മകന്‍ മാണിഗ്രൂപ്പ് ഫാദറിനെഴുതിയ കത്ത്
സ്നേഹനിധിയായ അപ്പച്ചാ,
എന്തൊക്കെയുണ്ടപ്പച്ചാ വിശേഷങ്ങള്‍ ? സുഖം തന്നെയല്ലേ ? വീട്ടിലേക്ക് ഞാന്‍ വന്നിട്ട് അഞ്ചു വര്‍ഷമായെങ്കിലും എല്ലാ ദിവസവും ഞാന്‍ അപ്പച്ചനെക്കുറിച്ച് ഓര്‍ക്കാറുണ്ടായിരുന്നു. അപ്പച്ചന് ഷുഗര്‍ നോക്കുന്ന യന്ത്രം വാങ്ങാനെന്നു പറഞ്ഞ് അമ്മച്ചിയുടെ കയ്യില്‍ നിന്ന് അയ്യായിരം രൂപയും വാങ്ങി ഇറങ്ങിപ്പോന്ന പോക്കാണ്. ഇപ്പോള്‍ ഷുഗറൊക്കെ എങ്ങനെയുണ്ടപ്പച്ചാ ? സൂസമ്മയാന്റിക്കും ഷീലച്ചേച്ചിക്കും ഒക്കെ സുഖമല്ലേ ? കഴിഞ്ഞ കോളജ് ഇലക്ഷന്‍ കാലത്ത് ഷീലച്ചേച്ചിയുടെ കോളജില്‍ ഒരു സമരവുമായി പോയവഴി എന്റെ കൂടെയുണ്ടായിരുന്നവര്‍ ചേച്ചീടെ മാരുതി സെന്നിന്റെ ചില്ലുപൊട്ടിച്ച കേസില്‍ ചേച്ചി എന്നൊടു പിണക്കമായിരിക്കും. യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിലേക്ക് അളിയന്‍ മല്‍സരിച്ചപ്പോള്‍ അളിയനെ തോല്‍പിക്കാന്‍ ഞാന്‍ രാഷ്ട്രീയപരമായി കളിച്ചു എന്നു പറഞ്ഞ് അളിയനും എന്നോട് പിണക്കമാണ്. എനിക്കിപ്പോള്‍ എല്ലാം മനസ്സിലായി അപ്പച്ചാ, രാഷ്ട്രീയവും പാര്‍ട്ടിയുമൊന്നുമല്ല, വീടും കുടുംബവും ബന്ധങ്ങളും തന്നെയാണ് നമ്മുടെയൊക്കെ ജീവിതത്തില്‍ പ്രധാനം.
ഞാനിങ്ങനെയൊരു കത്തെഴുതുമ്പോള്‍ അപ്പച്ചന്‍ ഇതിന് അനാവശ്യമായൊരു രാഷ്ട്രീയപ്രാധാന്യം നല്‍കരുതേ എന്നൊരപേക്ഷയേ എനിക്കുള്ളൂ. ഇത് വിനീതനായ ഒരു മകന്‍ സ്നേഹസമ്പന്നനായ അവന്റെ പിതാവിന് അയയ്ക്കുന്ന കത്താണ്. അപ്പച്ചന് ഓര്‍മയുണ്ടോ എന്നെനിക്കറിയില്ല. അന്നു ഞാന്‍ നാലാം ക്ളാസില്‍ പഠിക്കുകയാണ്. അമ്മച്ചി പറഞ്ഞിട്ട് കള്ളപ്പമുണ്ടാക്കുന്നതിന് ചെത്തുകാരന്‍ വാസുവിന്റെ കയ്യില്‍ നിന്ന് അന്തിക്കള്ള് വാങ്ങാന്‍ അപ്പച്ചന്റെ കൂടെ ഞാനും റോഡരികില്‍ വന്നു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് റോഡിലൂടെ പൊടിപാറിച്ചുകൊണ്ട് ഒരു കാര്‍ പാഞ്ഞുപോയി. ഭയഭക്തി ബഹുമാനങ്ങളോടെ ആ കാറിനെ നോക്കി അപ്പച്ചന്‍ പറഞ്ഞു- മാണിസാറാ ആ പോയത് ! ആ കാറിന്റെ സ്പീഡുകൊണ്ടോ അതിലിരിക്കുന്നയാളോടുള്ള അസൂയ കൊണ്ടോ ഞാനറിയാതെ പറഞ്ഞുപോയത് ചെറ്റ എന്നായിരുന്നു. അന്നാണോ നമ്മള്‍ അകന്നു തുടങ്ങിയത് ? അതോ ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍, പാരമ്പര്യമായി എല്ലാവരും മാണിക്കാരായ നമ്മുടെ തറവാട്ടില്‍ നിന്ന് ആദ്യമായി ഞാന്‍ ജോസഫ് ഗ്രൂപ്പിന്റെ പാനലില്‍ മല്‍സരിച്ചപ്പോഴോ ? എനിക്കറിയില്ല. പിന്നെ അപ്പച്ചന്‍ എനിക്കു മാണിസാറിന്റെ പ്രതീകമായിരുന്നു. മനോരമ റിപ്പോര്‍ട്ടറെ കണ്ട സിപിഎംകാരെപ്പോലെ വെറുപ്പും ഭീതിയും കലര്‍ന്ന മുഖത്തോടെയേ അപ്പച്ചനെന്നെയും നോക്കിയിട്ടുള്ളൂ.
സത്യത്തില്‍ ഞാനാലോചിക്കുകയാണ് അപ്പച്ചാ. മാണിസാറിനോടുള്ള എതിര്‍പ്പാണോ എന്നെ ജോസഫ് ഗ്രൂപ്പിലെത്തിച്ചത് ? ഒരിക്കലുമല്ല അപ്പച്ചാ. പി.ജെ നല്ലൊരു ഗായകനല്ലേ ? അദ്ദേഹം പൊതുപരിപാടികളില്‍ അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം പാടുമ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്നു ലയിച്ചു നില്‍ക്കുമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അന്നും എന്റെയുള്ളിലെ വെളിച്ചം മാണിസാറായിരുന്നു എന്നു ഞാന്‍ തിരിച്ചറിയുന്നു. മാണിസാര്‍ മമ്മൂട്ടിയാണെങ്കില്‍ പി.ജെ മോഹന്‍ലാല്‍ ആയിരുന്നു. പക്ഷെ, പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് മാണിസാറിന്റെ ഉള്ളില്‍ ആരുമറിയാതെ മോഹന്‍ലാലും സുരേഷ്്ഗോപിയും ദിലീപും എല്ലാം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന്. പക്ഷെ, അപ്പോഴേക്കും ജോസഫ്ഗ്രൂപ്പ് പിന്നെയും പിളര്‍ന്നിരുന്നല്ലോ. പി.സി.ജോര്‍ജിനോടൊപ്പം പോകാന്‍ എനിക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടതുണ്ടായിരുന്നില്ലല്ലോ. പൂഞ്ഞാറിന്റെ വികസനത്തിന് എന്തതുകൊണ്ടും നല്ലത് ഒരു പൂഞ്ഞാറുകാരന്‍ തന്നെയാണന്നാണ് എന്റെ ബാലമനസ്സ് വിശ്വസിച്ചത്. അതൊരു തെറ്റാണോ അപ്പച്ചാ ? വികസനമല്ലേ എല്ലാറ്റിലും പ്രധാനം ? ഞാനും അത്രയേ ചിന്തിച്ചള്ളൂ. പി.സി.ജോര്‍ജ് മോശക്കാരനാണെന്നു ഞാന്‍ പറയില്ല. പക്ഷെ, മാണിസാര്‍ കുഴപ്പക്കാരനാണെന്നും പൂഞ്ഞാറിനുള്ള വികസനമെല്ലാം മാണിസാര്‍ പാലായില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നുമൊക്കെ പറഞ്ഞുകേട്ടപ്പോള്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല അപ്പച്ചാ, സഹിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ നിരന്തരം പോരാട്ടമായിരുന്നല്ലോ. ഞങ്ങള്‍ പാവം സെക്യുലര്‍കാരെ തോല്‍പിക്കാന്‍ ജോസഫുകാരും മാണിക്കാരുടെ കൂടെ കൂടിയതുപോലെയായി കാര്യങ്ങള്‍. മാണിസാറിന്റെ പാനലില്‍ അപ്പച്ചന്‍ പഞ്ചായത്ത് ഇലക്ഷനു മല്‍സരിച്ചതും കോളജ് തിരഞ്ഞെടുപ്പിന് ഞാന്‍ ജോര്‍ജ് ആശാന്റെ പാനലില്‍ മല്‍സരിച്ചതും ഒരേ സമയത്തായിരുന്നു. അപ്പച്ചനെ തോല്‍പിക്കാന്‍ ഞാന്‍ പോസ്റ്ററുകളെഴുതി, അപ്പച്ചന്റെ ബാനറുകറും പോസ്റ്ററുകളും നശിപ്പിച്ചു, മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അപ്പച്ചന്റെ മുഖത്ത് ചാണകമെറിഞ്ഞതു പോലും ഞാനാണ്. അതൊക്കെ രാഷ്ട്രീയമല്ലേ അപ്പച്ചാ. രാഷ്ട്രീയത്തില്‍ അപ്പനും മകനുമുണ്ടോ ? അധികാരത്തിലെത്താന്‍ വേണ്ടി പടപൊരുതുന്ന ധീരജവാന്‍മാരല്ലേ ഉള്ളത് ? ഒരു ശരിയായ രാഷ്ട്രീയപ്രവര്‍ത്തകന്‍ അങ്ങനെയല്ലേ വേണ്ടത് അപ്പച്ചാ ?
പക്ഷെ, ഇപ്പോള്‍ എനിക്കെല്ലാം വ്യക്തമാണ് അപ്പച്ചാ. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ജോസഫ് ആയിരുന്നു എന്നു പി.സി പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല. പക്ഷെ, മാണിസാര്‍ നമ്മുടെയെല്ലാം കണ്‍കണ്ട ദൈവമാണ്. സത്യത്തില്‍, ഇല്ലിക്കല്ലിന്റെ മുകളീന്നു തുടങ്ങുന്ന ഒരരുവി ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ചേരുന്നപോലത്തെ ഒരാശ്വാസമാണ് സെക്യുലര്‍ മാണി ഗ്രൂപ്പില്‍ ലയിച്ചപ്പോള്‍. എല്ലാം കഴിഞ്ഞു. ഇന്നലെ മാണിസാറും പി.സിയും കൂടി ഒന്നിച്ചിരുന്നു പത്രസമ്മേളനം നടത്തി, ചായ കുടിച്ചു കോമഡി പറഞ്ഞു ചേട്ടാനിയന്‍മാരെപ്പോലെ പിരിഞ്ഞു. അപ്പച്ചനറിയാമല്ലോ മാണിസാറിന് ഏറ്റവുമധികം ഉപദ്രവങ്ങള്‍ ചെയ്തിട്ടുള്ളത് ഞാനാണ് എന്നൊരഭിപ്രായം പൊതുവേയുണ്ട്. എന്തായാലും മാണിക്കാരും പഴയ സെക്യുലര്‍കാരും എന്നെ ഇപ്പോള്‍ അടുപ്പിക്കുന്നില്ല. എനിക്കിനി ഇരിക്കാനും കിടക്കാനും പാര്‍ട്ടി ഓഫിസുകളില്ല. മാണിസാറിന്റെ പാര്‍ട്ടി ഓഫിസ് പോലെ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ വീട്ടിലേക്ക് ഞാന്‍ തിരിച്ചു വന്നാല്‍ മാണിസാറ് പി.സിയെ കെട്ടിപ്പിടിച്ചു സ്വീകരിച്ചപോലെ അപ്പച്ചനെന്നെയും സ്വീകരിക്കുമോ ?
എന്റെ പഴയ മുറിയില്‍ ഇപ്പോള്‍ ഒട്ടുപാല്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച കണ്ടപ്പോള്‍ സതീശന്‍ പറഞ്ഞു. ജോര്‍ജ് മാണിയില്‍ ലയിച്ച നിലയ്ക്ക് ഞാന്‍ തെണ്ടിത്തിരിഞ്ഞു വന്നുകയറുമെന്നും എനിക്കു പച്ചവെള്ളം തരില്ലെന്നും അപ്പച്ചന്‍ പറഞ്ഞതായി സതീശന്‍ എന്നോടു കള്ളം പറഞ്ഞു. സത്യത്തില്‍ അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ കരുതിയത് എന്റെ ഓര്‍മയ്ക്കായി എന്റെ രാഷ്ട്രീയജീവിതത്തിലെ നാഴികക്കല്ലുകള്‍ എഴുതിച്ചേര്‍ത്ത ഡയറികളും കോളജ് ഇലക്ഷനു മല്‍സരിചച്ച കാലത്ത് അച്ചടിച്ച പോസ്റ്ററുകളും അഭ്യര്‍ഥനകളും ഒക്കെ അതേപടി സൂക്ഷിച്ചിട്ടുണ്ടാവുമെന്നും എല്ലാ ദിവസവും അതൊക്കെ പൊടിതട്ടി വച്ച് എന്റെ മടങ്ങിവരവിനായി അപ്പച്ചന്‍ കാത്തിരിക്കുകയായിരിക്കുമെന്നുമാണ്.
മാണിസാറിലുള്ള അടിയുറച്ച വിശ്വാസവും ഭക്തിയുമാണ് അപ്പച്ചാ എന്നെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ചത്. ഭക്തഹനുമാന്റെ കാര്യത്തിലെന്നപോലെ എന്റെയും ചങ്കുകീറി നോക്കിയാല്‍ കാണാം അപ്പച്ചാ പുഞ്ചിരിതൂകി രണ്ടിലയില്‍ വാഴുന്ന മാണിസാറിന്റെ രൂപം. എനിക്കുടനെ ഒരു കല്യാണം കഴിക്കണം. എല്ലാവരെയും പോലെ എനിക്കും ലണ്ടനില്‍ നിന്നുള്ള നഴ്സ് മതി. ഇനിയൊരു സത്യം കൂടി അപ്പച്ചനോടു തുറന്നു പറയാം. എന്റെ ആദ്യത്തെ കുഞ്ഞിനു ഞാനിടാന്‍ വച്ചിരിക്കുന്ന പേര് മാണി എന്നാണ്. പെണ്‍കുഞ്ഞാണെങ്കില്‍ മാണിക്യം എന്നിടും. പാലേരി മാണിക്യം എന്നതുപോലെ ഒരു പാലാ മാണിക്യം. എല്ലാം കലങ്ങിത്തെളിഞ്ഞതിനു ളാലം പള്ളീല്‍ 100 മെഴുകുതിരി കത്തിക്കാമെന്നു ഞാന്‍ നേര്‍ന്നിട്ടുണ്ട്.
അന്നു ഞാന്‍ നട്ട റബര്‍മരങ്ങള്‍ ഇപ്പോള്‍ ടാപ്പിങ്ങിനു പാകമായില്ലേ അപ്പച്ചാ ? എനിക്കറിയാം ഇപ്പോഴത്തെ ടാപ്പിങ്ങുകാരുടെ ജാഡകളും അവന്‍മാരുടെ കൂലിയും. പണ്ടത്തെപ്പോലെ പുകപ്പുരയില്‍ ഉണങ്ങാനിട്ടിരിക്കുന്ന ഷീറ്റുകള്‍ കടത്തിക്കൊണ്ടു പോയി വില്‍ക്കുന്ന സോജന്‍ ആയിട്ടല്ല, ടാപ്പിങ് നടത്തി റബര്‍ ഷീറ്റ് കൃത്യമായി പുകപ്പുരയില്‍ ഉണങ്ങാനിടുന്ന അനുസരണയുള്ള മകനായിട്ടാണ് ഞാന്‍ മടങ്ങി വരുന്നത്. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞായറാഴ്ച രാവിലെ ഞാന്‍ വന്നു കയറുമ്പോള്‍ ഇറങ്ങിപ്പോടാ തെണ്ടീ എന്നു മാത്രം അപ്പച്ചന്‍ പറയരുത്. പാര്‍ട്ടി ഓഫിസിലും എംഎല്‍എയുടെ വീട്ടിലും ഒന്നും എനിക്കിനി കിടക്കാന്‍ പറ്റില്ലെന്നറിയാമല്ലോ. പിന്നെയും പിന്നെയും പിളരുമെന്നു തിരുവെഴുത്തുകളില്‍ പറഞ്ഞിട്ടുള്ള കേരളാ കോണ്‍ഗ്രസ് ഇങ്ങനെ പ്രകൃതിവിരുദ്ധമായി കൂടിച്ചേരുമെന്നു നമ്മളാരും വിചാരിച്ചിരുന്നില്ലല്ലോ. എല്ലാം വിധി എന്നല്ലാതെ എന്തു പറയാന്‍. മാണിസാറിനെ ബഹുമാനിക്കുന്ന രണ്ടിലയെ അദരിക്കുന്ന ഒരു നല്ല കത്തോലിക്കനായി ഇനിയുള്ള കാലം ഞാന്‍ അപ്പച്ചന്റെ കാല്‍ക്കീഴില്‍ കഴിഞ്ഞുകൊള്ളാമെന്ന് ഉറപ്പു തരുന്നു.
സ്വന്തം,
പി.പി. സോജന്‍ പുത്തന്‍പുരയില്‍,
മുന്‍ മണ്ഡലം സെക്രട്ടറി,
മുന്‍ കേരളാ കോണ്‍ഗ്രസ്,
പൂഞ്ഞാര്‍ പി.ഒ, പാലാ.

