ഹലാല്‍ സേര്‍ച്ച്

ഹലാല്‍ സേര്‍ച്ച്





അരുതാത്ത കാര്യങ്ങള്‍ക്ക് അറിയാതെ ഇരയാവുന്നതോളം മോശപ്പെട്ട കാര്യം വേറെയില്ല. നല്ലതു മാത്രം കാണാനും അറിയാനുമായി ഇന്റര്‍നെറ്റില്‍ വല്ലതും സേര്‍ച്ച് ചെയ്താല്‍ പോലും സമയദോഷം കൊണ്ടോ കീവേര്‍ഡിന്റെ അപൂര്‍ണത കൊണ്ടോ ചിലപ്പോള്‍ മുന്നില്‍ വരുന്നത് ബിക്കിനിയിട്ട ചേച്ചിമാരായിരിക്കും. വ്രതമാസത്തില്‍ ഹറാമായ റിസള്‍ട്ടുകള്‍ പേടിച്ച് ഇന്റര്‍നെറ്റു തന്നെ വേണ്ടെന്നു വച്ചിരിക്കുന്നവര്‍ക്കു വേണ്ടി ഹലാല്‍ ചിക്കന്‍ എന്നൊക്കെ പറയുന്നതു പോലെ ഒരു ഹലാല്‍ സേര്‍ച്ച് എന്‍ജിന്‍ രൂപകല്‍പന ചെയ്തിരിക്കുകകയാണ് പതിനേഴുകാരനായ നെതര്‍ലന്‍ഡ്സ് സ്വദേശി റെസ സര്‍ദേഹ.

ഐആം ഹലാല്‍ (imhalal.com) എന്ന സേര്‍ച്ച് എന്‍ജിന്‍ ഇസ്ലാം വിരുദ്ധ ഫലങ്ങളെയും ഹറാമായ ഫലങ്ങളെയും കുറിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കുമെന്നതാണ് പ്രത്യേകത. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഹലാല്‍ ആയ ഫലങ്ങളേ കാണൂ. ഇന്റര്‍നെറ്റിലെ അശ്ലീലത്തിലേക്ക് അബദ്ധത്തില്‍ എത്തിപ്പെടുന്നവര്‍ക്കാണ് ഈ സേര്‍ച്ച് എന്‍ജിന്‍ സഹായകമാവുന്നത്. നല്ലതും ചീത്തയും വേര്‍തിരിക്കേണ്ടത് അവനവന്‍ തന്നെയാണെന്നതിനാല്‍ തനിക്കു വേണ്ട ഫലം സേര്‍ച്ച് എന്‍ജിന്‍ വിലക്കുന്നതാണെങ്കിലും മുന്നോട്ടുപോകാനും അവസരമുണ്ട്.

ഇസ്ലാം മത വിശ്വാസത്തിനനുസൃതമായ ജീവിതരീതി തടസ്സപ്പെടുത്തുന്ന ഇന്റര്‍നെറ്റിലെ മാലിന്യങ്ങളെ സ്ത്രീകളും കുട്ടികളും വിശ്വാസികളുമടങ്ങുന്ന വലിയൊരു സമൂഹത്തില്‍ നിന്നകറ്റുക അല്ലെങ്കില്‍ അവയെപ്പറ്റി അവര്‍ക്കു മുന്നറിയിപ്പു നല്‍കുക എന്നതാണ് പ്രധാനമായും സേര്‍ച്ച് എന്‍ജിന്റെ ലക്ഷ്യം. മൂന്നു തരം ഹറാമുകളെപ്പറ്റി സേര്‍ച്ച് എന്‍ജിന്‍ മുന്നറിയിപ്പു നല്‍കും. അതു കഴിഞ്ഞും തുടരണമെന്നുള്ളവര്‍ക്ക് റിസള്‍ട്ടുകളിലേക്കു പോകാം. സെക്സ് എന്ന കീവേര്‍ഡ് സേര്‍ച്ചിന് ഐആംഹലാല്‍ നല്‍കുന്ന മുന്നറിയിപ്പ് ആണ് ചിത്രത്തില്‍. ഇവിടെ ആ വാക്കല്ല, ആ വാക്കിന്റെ പേരില്‍ വരാനിരിക്കുന്ന റിസള്‍ട്ടുകളെപ്പറ്റിയാണ് മുന്നറിയിപ്പ്.

എന്തായാലും പുതിയ സേര്‍ച്ച് എന്‍ജിന് വ്യാപകമായ സ്വീകരണം ലഭിക്കുന്നതായാണ് സൂചനകള്‍. പോര്‍ണോഗ്രഫിക്കു തടയിടാന്‍ വന്‍കിട കമ്പനികളും സേര്‍ച്ച് എന്‍ജിനുകളും പഠിച്ച പണി പതിനെട്ടും നോക്കുമ്പോള്‍ പുതിയ ഇസ്ലാമിക സേര്‍ച്ച് എന്‍ജിന്‍ ഇക്കാര്യത്തില്‍ വിജയിക്കുന്നുണ്ട് എന്നതു തന്നെയാണ് കാരണം. ദിവസം നാലു ലക്ഷം പേര്‍ വീതം സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്.

Related Posts with Thumbnails
  • റെസ സര്‍ദേഹ ആളു കൊള്ളാ‍ലോ........ :)
  • വേണമെങ്കില്‍ മുന്നോട്ട് പോകാം എന്നതിന് അവസരം നല്കിയത് എന്തായാലും കൊള്ളാം
blog comments powered by Disqus