ബാര്‍കോഡ്
ബാര്‍കോഡ് എന്ന സാധനം എന്താണെന്നു മനസ്സിലാക്കാന്‍ ബാര്‍കോഡ് റീഡര്‍ക്കു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അല്ലാത്തവരെ സംബന്ധിച്ചിടത്തോളം ചുമ്മാ തലതിരിഞ്ഞ ഏതോ നാലാം ക്ളാസുകാരന്‍ ആദ്യമായി കിട്ടിയ സ്കെയില്‍ വച്ചു വരച്ച മാതിരി കുറെ വരകള്‍. ഒന്നിനും ഒരര്‍ഥവുമില്ല. എന്നാല്‍, ബാര്‍കോഡ് എന്ന വിവരകൈമാറ്റ സങ്കേതത്തിന് 57 വയസ് പൂര്‍ത്തിയാവുമ്പോള്‍ ബാര്‍കോഡ് എന്ന വിചിത്രാക്ഷരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം എന്തായേനെ എന്നു കൂടി ആലോചിക്കണം.
ബാര്‍കോഡിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ അവരുടെ ചരിത്രത്തിലെ മികച്ച ഡൂഡിലുകളിലൊന്നാണ് കാഴ്ചവച്ചത്. ഗൂഗിള്‍ എന്ന് ബാര്‍കോഡില്‍ എഴുതിയ ഡൂഡില്‍ കണ്ടപ്പോള്‍ ആര്‍ക്കും ഒന്നും മനസ്സിലായില്ല. എന്ന ബാര്‍കോഡ് റീഡര്‍ ഉപയോഗിച്ചവര്‍ ആ പേര് ഭംഗിയായി വായിച്ചു. ഗൂഗിളിന്റെ സ്വന്തം ആന്‍ഡ്രോയ്ഡ് ഫോണുകളിലെ ബാര്‍കോഡിങ് സംവിധാനവും പുതുതായി ആവിഷ്കരിക്കാന്‍ പോകുന്ന സീബ്ര ക്രോസിങ് പദ്ധതിയും ബാര്‍കോഡ് എന്ന സാങ്കേതികഭാഷയെ എത്രയോ ജനകീയമാക്കും എന്നത് വ്യക്തമാക്കുകയായിരുന്നു ഗൂഗിള്‍. നിഗൂഢതകളുടെ ചുരുളഴിക്കുക എന്ന പ്രഖ്യാപിതലക്ഷ്യങ്ങളിലൊന്നാണ് ബാര്‍കോഡ് രഹസ്യങ്ങളുടെ ചുരുളഴിക്കുക വഴി ഗൂഗിള്‍ സാധ്യമാക്കിയത്.
നോര്‍മന്‍ വുഡ്ലാന്‍ഡും ബെര്‍ണാര്‍ഡ് സില്‍വറും ചേര്‍ന്ന് 1952 ഒക്ടോബര്‍ ഏഴിനാണ് ബാര്‍കോഡിന് പേറ്റന്റ് കരസ്ഥമാക്കിയത്. നിശ്ചിതവിവരങ്ങളെ ബുള്‍സ് ഐ മാതൃകയിലേക്കു ഡീകോഡ് ചെയ്യുന്നതായിരുന്നു ആദ്യ ബാര്‍കോഡ്. എന്നാല്‍ ഇന്നത്തെ രൂപത്തില്‍ ബാര്‍കോഡ് പ്രായോഗികമായി ഉപയോഗിച്ചു തുടങ്ങിയത് 1974 മുതലാണ്. ഒഹൈയോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു പായ്ക്കറ്റ് ച്യൂയിങ് ഗമ്മിന്റെ മുകളിലാണ് ആദ്യമായി ബാര്‍കോഡ് പതിച്ചത്.
ഇന്ന് ആര്‍ക്കും എവിടെയും ബാര്‍കോഡ് പതിക്കാം. ബാര്‍കോഡ് സ്വന്തമായി സൃഷ്ടിക്കുന്നതിന് ശാസ്ത്രീയമായി വിവരങ്ങളെ ബാര്‍കോഡിലേക്കു ഡീകോഡ് ചെയ്യുന്നതിനും ഇന്നു സൌജന്യസംവിധാനങ്ങളുണ്ട്. ഇതില്‍ ആര്‍ക്കും സൌജന്യമായി ഇമെയില്‍ വിലാസമോ, മൊബൈല്‍ നമ്പറോ ഒക്കെ ബാര്‍കോഡ് ആക്കാം. Barcodesinc.com എന്ന വെബ്സൈറ്റില്‍ ഇൌ സേവനം ലഭ്യമാണ്.

